Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-4-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 28 December, 2012
 തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-4-ജോസഫ് നമ്പിമഠം
ലീലയില്‍ ജ്ജീവിതഗീതികള്‍ പാടുംദി-
ക്കാലാതിവര്‍ത്തിമാഹാത്മ്യശാലിതന്‍!
ആരാലുമജ്ഞാതമാമോതോമണ്ണില്‍ വീ-
ണാരാല്‍ നശിക്കുവാന്‍ തീര്‍ന്നോരെന്നെ
നിന്‍ദയാവൈഭവം ജംഗമാജംഗമ-
നന്ദനമാമൊരു വേണു വാക്കി.
(ഓടക്കുഴല്‍, ജി. ശങ്കരക്കുറുപ്പ്)

തെറ്റിപ്പുതുക്കാടു പൂത്തപോലംബരം
മുറ്റുമാരക്തമായ് മിന്നുന്നൊരന്തിയില്‍
പെറ്റമ്മ തന്മനം തുള്ളിച്ചു തുള്ളിച്ചു
മുറ്റത്തു കൊച്ചുകാല്‍വെച്ചുലാത്തീടവേ
(നാദപിയൂഷം, വെണ്ണിക്കുളം)

വഴിപാടുകഴിക്കുന്നു- വരും വാസരമൊക്കെയും
താരകാഭരണം ചാര്‍ത്തി- ത്തൊഴാനെത്തുന്നുരാത്രികള്‍
സ്വര്‍ണ്ണക്കസവിണങ്ങുന്നോ-രംബരം ചാര്‍ത്തി
ശുദ്ധയായ് കിഴക്കേനടയില്‍ക്കൂടി- വന്നുകുമ്പിട്ടുമെല്ലവേ
മാണിക്യമണിയമുണ്ണി-സൂര്യനായുസ്സുനീളുവാന്‍
സ്വര്‍ണ്ണം കൊണ്ടു തുലാഭാരം-തൂക്കുന്നു പുലര്‍വേളകള്‍
സന്ധ്യയാകിയ തങ്കത്തിന്‍- ബാലാരിഷ്ടകള്‍ തീരുവാന്‍
വെണ്ണകൊണ്ടു തുലാഭാരം- കഴിച്ചുചൈത്രപൗര്‍ണ്ണമി
(പി. കുഞ്ഞിരാമന്‍ നായര്‍ )

ആനന്ദാമൃതജലധി കടഞ്ഞിട്ടഴകിലുമഴകായ്
വന്നു പിറന്നോ-
രഭിനവപുണ്യപ്പൊരുളേ, നിന്നുടെ
കലകളിലൊന്നൊരണ്ടോ കാണ്‍കേ,
തൊഴുകൈയായിരമായിരമുദധിയിലുയരുന്നതിനൊ
ത്തുജ്ജ്വലഗീതിക-
ളൊഴുകുകയാണതി ശീതളമാരുതതരളിതമുരളി
നാളിയിലൂടെ
(പാലാഴി, പാലാ നാരായണന്‍നായര്‍ )

കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാ-
ലത്താഴമൂണിനിന്നെന്തു ചെയ്യും?
ഉല്ലോലകല്ലോലം തല്ലിനിന്നോരാ
നേത്രത്തില്‍നിന്നുടനെ
വൈഡൂര്യബിന്ദുക്കള്‍ മൂന്നുനാലാ
വാര്‍മൃദുതാളിലര്‍ടന്നുവീണു
(ലീലാസൗധം, എം.പി. അപ്പന്‍ )

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം,
വരുന്നു ഞാന്‍,
അനുനയിക്കുവാനെത്തുമെന്‍
കൂട്ടരോളരുളിടട്ടെയെന്നന്ത്യയാത്രാമൊഴി
മറവിതന്നില്‍ മറഞ്ഞുമനസ്സാലെന്‍ മരണഭേരിയടിക്കും
സഖാക്കളെ!
വരികയാണിതാ ഞാനൊരധഃകൃതകരയുവാനാ
യ്പ്പിറന്നൊരു കാമുകന്‍!
(മണിനാദം, ഇടപ്പള്ളി രാഘവന്‍ പിള്ള)

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്ദമോടിങ്ങനെ ചെയ്യുമ്പോള്‍ ,
വിലസീ, വിമലേ ചെറിയൊരു പനിനീ
രലര്‍ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ.
തുടുതുടെയൊരു ചെറുകവിത വിടര്‍ന്നൂ
തുഷ്ടിതുടിക്കും മമ ഹൃത്തില്‍ !
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോരതുളുമ്പിയ മമഹൃത്തില്‍ !
മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറീ കല്‍പന ദിവ്യമൊ
രഴകിനെ, എന്നെ മറന്നു ഞാന്‍!
(മാനസ്വിനി, ചങ്ങമ്പുഴ കൃഷ്ണപിള്ള)

മര്‍ത്ത്യചരിത്രം മിന്നലിലെഴുതീ-
യിത്തുടുനാരാചാന്തങ്ങള്‍…
ഹൃദയനിണത്താല്‍ ത്തൈലം നല്‍കി,
പ്രാണമരുത്താന്‍ തെളിവേകി!
മാനികള്‍ ഞങ്ങളെടുത്തുനടന്നു
വാനിനെ മുകരും പന്തങ്ങള്‍.
(പന്തങ്ങള്‍ , വൈലോപ്പിള്ളി)

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം;
നിശ്ശബ്ദത പോലുമന്നുനിശ്ശബ്ദമായ്!
വന്നവര്‍വന്നവര്‍ ഞാന്ന നിഴലുകള്‍ മാതിരി.
കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളി-
ലെത്തിപ്പിടിക്കാന്‍ നിലവിളക്കിന് തിരി.
ഇത്തിരിച്ചാണകം തേച്ച വെറും നില-
ത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ?
(ആത്മാവില്‍ ഒരു ചിത, വയലാര്‍ )

വില്ലാളിയാണു ഞാന്‍ ജീവിതസൗന്ദര്യ-
വല്ലകിമീട്ടലല്ലെന്റെ ലക്ഷ്യം.
(വയലാര്‍ ഗര്‍ജ്ജിക്കുന്നു, പി. ഭാസ്‌ക്കരന്‍ )

നിസ്വന്റെ കുഞ്ഞാടിനെക്കൊന്നു
ധ്വനികനതിഥിക്കായൊരുക്കുമ
മത്താഴത്തിനിതു സാക്ഷി-
വെണ്ണമയമില്ലാത്ത റൊട്ടിക്കു
ചൂടുകണ്ണുനീരനുപാന മാവുന്നതി-
ന്നിതു സാക്ഷി-
മിഴിനീരുരുകിവാര്‍ന്നെരിയും
ഈ മെഴുകുതിരിയെന്റെ
ചങ്ങാതിയല്ല, ഞാന്‍ തന്നെയെ
ന്നറിയുമ്പോളേക്കു മെരിഞ്ഞു-
തീരുന്നു ഞാന്‍ …
(വിളക്കുകള്‍ , ഒ.എന്‍.വി. കുറുപ്പ്)
(തുടരും..)
 തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-4-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക