Image

ജര്‍മനി ബയോമെട്രിക്‌ റെസിഡന്‍സ്‌ പെര്‍മിറ്റ്‌ കാര്‍ഡ്‌ പ്രാബല്യത്തിലാക്കി

ജോസ്‌ കുമ്പിളുവേലില്‍ Published on 05 September, 2011
ജര്‍മനി ബയോമെട്രിക്‌ റെസിഡന്‍സ്‌ പെര്‍മിറ്റ്‌ കാര്‍ഡ്‌ പ്രാബല്യത്തിലാക്കി
ബര്‍ലിന്‍: ജര്‍മനിയില്‍ ഈ മാസം ഒന്നു മുതല്‍ ബയോമെട്രിക്‌ റെസിഡന്‍സ്‌ പെര്‍മിറ്റ്‌ കാര്‍ഡ്‌ പ്രാബല്യത്തിലാക്കി. യൂറോപ്പിനു പുറത്തു നിന്നുള്ളവര്‍ക്കാണ്‌(നോണ്‍ നോണ്‍ റസിഡന്റ്‌, ഇയു) ഇതു നല്‍കുന്നത്‌. വ്യാജമായി നിര്‍മിക്കാന്‍ കഴിയാത്ത രീതിയിലാണ്‌ കാര്‍ഡിന്റെ രൂപകല്‍പ്പന.

കാര്‍ഡില്‍ ബയോമെട്രിക്‌ ഫോട്ടോയും രണ്‌ട്‌ വിരലടയാളങ്ങളും (തംബ്‌ ഇംപ്രഷന്‍) പതിച്ചിട്ടുള്ളതു കൂടാതെ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഒരു പിന്‍കോഡും(ഐഡി കോഡ്‌) ആലേഖനം ചെയ്‌തിട്ടുണ്‌ട്‌. പുതിയ കാര്‍ഡുകള്‍ ഒരാളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോരുന്നതില്‍ നിന്നും തടയുമെന്ന്‌ ഫെഡറല്‍ ഓഫീസ്‌ വ്യക്തമാക്കുന്നു.

അനധികൃത കുടിയേറ്റം തടയാന്‍ ഇതിലൂടെ സാധിക്കുമെന്ന്‌ അധികൃതര്‍ക്കു പ്രതീക്ഷയുണ്‌ട്‌. പഴയ റെസിഡന്‍സ്‌ പെര്‍മിറ്റുകള്‍ക്കു പകരമാണ്‌ പുതിയ ഇലക്‌ട്രോണിക്‌ കാര്‍ഡ്‌. പാസ്‌പോര്‍ട്ടിലോ യാത്രാരേഖയിലോ ഒട്ടിച്ചാണ്‌ മുന്‍പു പെര്‍മിറ്റ്‌ നല്‍കിയിരുന്നത്‌.

റെസിഡന്‍സ്‌ പെര്‍മിറ്റിന്‌ ഏകീകൃത ഫോര്‍മാറ്റ്‌ വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശവും പുതിയ കാര്‍ഡ്‌ ഏര്‍പ്പെടുത്തിയതിനു പിന്നിലുണ്‌ട്‌. ജര്‍മന്‍ പൗരന്‍മാരുടെ പുതിയ ഐഡന്റിറ്റി കാര്‍ഡിനു സമാനമാണ്‌ സാങ്കേതികമായി ഈ കാര്‍ഡ്‌.

110 യൂറോയാണ്‌ കാര്‍ഡിന്‌ ഈടാക്കുന്നത്‌. പത്തുവര്‍ഷമാണ്‌ കാര്‍ഡിന്റെ കാലാവധി ആവശ്യക്കാര്‍ അപേക്ഷ നല്‍കി ആറാഴ്‌ച്ചയ്‌ക്കുശേഷം കാര്‍ഡ്‌ ലഭ്യമാവും.നിലവിലുളള പേപ്പര്‍ പെര്‍മിറ്റിന്റെ കാലാവധി കഴിയുന്ന യൂറോപ്യന്‍ ഇതര പൗരന്മാര്‍ക്കാണ്‌ പുതിയ കാര്‍ഡ്‌ നല്‍കുന്നത്‌. കാര്‍ഡിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക്‌ എക്‌സ്റ്റന്‍ഡ്‌ ചെയ്യേണ്‌ടവര്‍ അതാതു ബേസിര്‍ക്‌ ഓഫീസില്‍ നേരിട്ട്‌ ഹാജരായി അപേക്ഷ സമര്‍പ്പിക്കുകയും പുതിയ കാര്‍ഡ്‌ കൈപ്പറ്റുകയും വേണം. ആറു വയസു മുതല്‍ പ്രായമുള്ള കുട്ടികള്‍ളുടെ കൈയ്യൊപ്പിനു പകരം ഇവരുടെ രണ്‌ട്‌ വിരലടയാളമായിരിക്കും എടുക്കുക. പത്ത്‌ വയസിന്‌ മുകളിലുള്ള കുട്ടികള്‍ അവരുടെ കൈയ്യൊപ്പ്‌ ഇടുകയും വേണം.
ജര്‍മനി ബയോമെട്രിക്‌ റെസിഡന്‍സ്‌ പെര്‍മിറ്റ്‌ കാര്‍ഡ്‌ പ്രാബല്യത്തിലാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക