Image

പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-9- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി Published on 18 January, 2013
പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-9- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)
അധികാരം കേന്ദ്രീകരിച്ച് ഭരണകൂടം തന്റെ ഓരോ പൗരനേയും നിയന്ത്രിക്കുകയും ഇരയാക്കുകയും ചെയ്യുകയാണ്. സ്വന്തം ജനതയില്‍ നിന്ന് രക്തവും മാംസവും വലിച്ചെടുത്ത് സ്റ്റേറ്റ് കരുത്താര്‍ജിക്കുന്നു. ഇരയും വേട്ടക്കാരനുമായി സമൂഹം പരിണമിക്കുന്നു. ഇതിനെ ദൃശ്യവല്‍ക്കരിച്ചെഴുതിയവരികള്‍

ദ് ഗ്രെയിറ്റ് ഗ്രെയിറ്റ് ന്യൂയോര്‍ക്കേഴ്‌സ്

ഒന്ന്

നദിയുടെ നെഞ്ചിലേക്ക്
കൂര്‍ത്തിറങ്ങുന്ന..
അറ്റ്‌ലാന്റിക് അവന്യൂ,
ഓളത്തിന്റെ
താളവിസ്മയത്തില്‍
മിഴികളൂന്നി
അവര്‍ …
മുളന്തണ്ടുകളുടെ
കുമലവില്‍വഴക്കത്തില്‍
മാംസമുനമ്പുകളുരസുന്നു.
അവരുടെ സീല്‍ക്കാരങ്ങള്‍ക്ക്
മുകളില്‍
'ബ്രൂക്കിളില്‍' പാലം
'ലോര്‍ക്ക' യുടെ പാട്ടിന്റെ
കോരിത്തരിപ്പുമായ് വളയുന്നു.

അവിടെനിന്ന്
സ്വാതന്ത്ര്യത്തിന്റെ
പ്രതിമയിലേക്ക് പോകാന്‍
'നിക്കനൊര്‍ പാര്‍ര'യുടെ
'കഫം' തോണിയാക്കുക…
വാള്‍സ്ട്രീറ്റിലെ
ഗോഗോ നര്‍ത്തകിയുടെ
നാഭിയില്‍ കഴുകന്റെ ചിത്രം
പച്ച കുത്തിയിരിക്കുന്നു.

ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന്
ഇന്നലെ വന്ന
ആണ്‍ വേശ്യ
ആഗോളവിപണിയില്‍
അരുമയോടെ ആസനം
പിളര്‍ത്തി നില്‍ക്കുന്നു.

പെറുവില്‍നിന്ന് വന്ന
കന്യാസ്ത്രീക്ക് വ്യഭിചരിക്കാന്‍
ഒരു 'ചാരിറ്റി ക്ലബ്'

ചിലിയിലെ ഖനിത്തൊഴിലാളികളുടെ
പാര്‍പ്പിടങ്ങളിലും
നിക്കരാഗ്വയിലെ
നേന്ത്രപ്പഴത്തോട്ടങ്ങളിലും
മെക്‌സിക്കോയിലെ
'സപ്പാട്ടിസ്റ്റ്' കര്‍ഷക ലാവണങ്ങളിലും
കോഴിക്ക് മുല വളരുന്നുണ്ടെന്ന്
ഇന്നലെ എനിക്ക് വദന സുരതം
ചെയ്തു തന്ന
അര്‍ജന്റീനിയന്‍ പെണ്ണ് പറഞ്ഞു
ഓ.. അവള്‍ക്ക് കൂലിയിനത്തില്‍
ഒന്നര ഡോളര്‍ കുടിശ്ശികയുണ്ട്.

ഇന്നലെ
'ഈസ്റ്റ'് വില്ലേജിലെ
റോകിന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍
അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ
ഒരു 'ബ്രൗണ്‍ നിഗറി'നെ
ഒരു പറ്റം പോലീസുകാര്‍
ബലാത്സംഗം ചെയ്തു…
അയാള്‍ക്ക് 'ഹെല്‍ത്ത് ഇന്‍ഷുറന്‍സ്'
ഇല്ലാത്തതുകൊണ്ട്
രക്തം വാര്‍ന്ന്
മരിക്കുകയാണുണ്ടായത്..!
അയാളുടെ സുന്നത്ത്
ചെയ്ത ലിംഗം
സിറ്റി ഹാളില്‍ മൂന്നു മിനിറ്റ്
പ്രദര്‍ശനത്തിനു വെച്ചു.

വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ ഒരു സറ്റയര്‍ എന്നോണമാണ് കവി അവതരിപ്പിച്ചിരിക്കുന്നത്.

ലാഭകൊതിയന്മാരായ ചില മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മൂന്നാം ലോകജനതയുടെ രക്തം ഊറ്റി കുടിച്ച് വളരുകയാണ്. പ്രകൃതിചൂഷണമാണവരുടെ ഇരയായിത്തീര്‍ന്ന നൈജീരിയന്‍ കവി കെന്‍ സരോവിവ അവിടുത്തെ ഒഗോണികള്‍ എന്ന ഗോത്രവര്‍ഗം, കിഴങ്ങളുകള്‍ മാന്തിയെടുത്ത് ചുട്ടുകഴിക്കുന്നവര്‍. ഫലഭൂവിഷ്ടമായ ആ ഭൂമിയില്‍ ബ്രിട്ടനിലെ എണ്ണകമ്പനി പാലിക്കേണ്ട നിയമങ്ങള്‍ ഒക്കെ കാറ്റില്‍പ്പറത്തി എണ്ണ കുഴിച്ചെടുക്കുന്നു. എണ്ണ ഖനനം ചെയ്തിട്ട് തീയിട്ട നൂറുകണക്കിന് എണ്ണ കിണറുകള്‍ വര്‍ഷങ്ങളായി കത്തുന്നതുകാരണം രാത്രിയില്‍ കൂടി അവിടെ മധ്യാഹനം പോലെയാണ് സൂര്യനും ഭൂമിക്കും മധ്യേ കറുത്ത പുകമറകാരണം സൂര്യനെ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഭക്ഷണം വിളയിക്കാന്‍ ഭൂമിയില്ല. ശുദ്ധമായ വായുവില്ലാത്തതിനാല്‍ പലതരം രോഗങ്ങള്‍! ഇതിനെതിരെ ശബ്ദിച്ച അവിടുത്തെ ജനകീയ കവിയും ജേര്‍ണലിസ്റ്റും കോളേജ് അധ്യാപകനുമായ കെന്‍ സരോ വിവക്കെതിരെ ബ്രിട്ടന്‍ കള്ളക്കേസ് ഉണ്ടാക്കി. കെന്‍ സരോവിവയുടെ പ്രതിഷേധം ആളിപടര്‍ന്നാല്‍ തങ്ങളുടെ എണ്ണ കമ്പനിക്ക് നേരിടുന്ന കോടാനുകോടിയുടെ നഷ്ടത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരായതിനാല്‍ രണ്ടുപ്രാവശ്യം സാഹിത്യത്തിനുളള നോബേല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഈ പ്രകൃതിസ്‌നേഹിയെ ബ്രിട്ടന്‍ തൂക്കികൊന്നു. നാലുപ്രാവശ്യം തൂക്കിലിട്ടിട്ടും ഓരോ പ്രാവശ്യവും താഴത്തു വീണു പിടഞ്ഞു. കറുകപ്പുല്ലുകള്‍ കെന്‍സരോവിവയുടെ പ്രാണനുവേണ്ടി പിന്‍വിളിച്ചുവോ? മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍, സമാധാനത്തിനു നോബല്‍ സമ്മാനം നേടിയവര്‍ ഏറെ ഉണ്ടായിട്ടും ആരും സരോവിവയെ രക്ഷിച്ചില്ല. ഈ ഗോളത്തിലെ സമസ്ത നിയമങ്ങളും അധീശ വര്‍ഗ താല്പര്യത്തെ സംരക്ഷിക്കുന്നവയാണ്. കറുത്തവന്റെ ജീവനു അത്ര വലിയ വിലയില്ലെന്നു അറിയുക. നാലുവരികളിലൂടെ കവിയിവിടെ ഈ കൊടുംക്രൂരതയെ അനുസ്മരിപ്പിക്കുന്നു.

കോളനിവാഴ്ചയും അതേത്തുടര്‍ന്നുണ്ടായ ഏകമാന വികസനരീതികളും അതിന്റെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്നതാണ്. ആഗോളവല്‍ക്കരണത്തിലൂടെയും നവലോകക്രമത്തിലൂടെയും നമ്മുടെ സ്വകാര്യതയിലേക്ക് വേരുകളാഴ്ത്തി വളരുന്ന അതേ പ്രത്യയശാസ്ത്രവും വികസന സങ്കല്പവുമാണ് ലോകത്തെയപ്പാടെ ഒരൊറ്റ മാനത്തിലേക്കും സംസ്‌ക്കാരത്തിലേക്കും സങ്കോചിപ്പിക്കുന്നത്. നാനൂറ് സംസ്‌കാരങ്ങളും ദര്‍ശനങ്ങളും നിറഞ്ഞ വര്‍ണ ശബളമായ ലോകം യൂറോപ്യനധിനിവേശത്തിന്റെ 500വര്‍ഷം പിന്നിട്ടപ്പോള്‍ ഏകമാനമായ ഒരൊറ്റ 'ആഗോളഗ്രാമം' ആയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ കൊളോണിയല്‍ പ്രത്യയശാസ്ത്രമാണ്. ഈ കൊളോണിയല്‍ പ്രത്യയശാസ്ത്രത്തെ കവിതയിലൂടെ പ്രതിരോധിക്കുന്ന മലയാളശകവിയാണ് ഇദ്ദേഹമെന്നു പ്രശസ്ത കവി സച്ചിദാനന്ദന്‍ എഴുതുകയുണ്ടായി:- പ്രതിരോധത്തിന്റെ കാവ്യമീമാംസ(Poetics of Ressistance) കൂടി ചേര്‍ത്താല്‍ മൂന്നാം ലോകത്തിന്റെ കാവ്യസിദ്ധാന്തമാകും. ഇവയുടെ ദേശീയരൂപങ്ങളിലൂടെയാണ് മൂന്നാം ലോകത്തിന്റെ കവിത കോളനി മനോഭാവത്തില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നത്. ദരിദ്രരാജ്യത്ത് ജനിക്കുകയും വളരുകയും ചെയ്ത ഈ കവിയുടെ രചനകള്‍ എല്ലാം പോസ്റ്റ് കോളോണിയല്‍ കാഴ്ചപ്പാടുകള്‍ ഉള്ളവയാണ്. കൂടാതെ ഓക്‌ഫോര്‍ഡ് ബുദ്ധിജീവികള്‍ മാത്രം നല്‍കുന്ന ജ്ഞാനം മാത്രമേ ഇന്ത്യന്‍ ജനതയ്ക്കുണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനിച്ച ഒരു വ്യക്തിയുടെ അറിവിന്റെതലം ഇന്ന് ഓക്‌സ്‌ഫോര്‍ഡ് ബുദ്ധിജീവികളെ ആശ്രയിച്ചുള്ളതല്ല. അത് സ്വതന്ത്രമാണ്. ഈ സ്വാതന്ത്ര്യം അവന്റെ സ്വത്വമായിരിക്കുന്നു. ഈ സ്വത്വത്തിന്റെ സ്വതന്ത്ര്യ ആവിഷ്‌കാരമാണ് ജയന്റെ പോസ്റ്റ് കൊളോണിയല്‍ രചനകള്‍.

'പ്രണയം പ്രത്യുല്‍പാദനം പ്രതിവിപ്ലവം' എന്ന കവിത ഇതിനുദാഹരണമാണ്. കൂടാതെ സൈബര്‍ സമജ്ഞകളുടെ മനോഹാരിത ഈ കവിതയില്‍ അനുഭവവേദ്യമാകുന്നുണ്ട്.

2002-ല്‍ എം.മുകുന്ദന്‍ മലയാളത്തില്‍ ആദ്യമായി സൈബര്‍ സാഹിത്യം എഴുതിയെന്ന കേരള കൗമുദിയില്‍ വന്ന അഭിപ്രായത്തെ നിഷേധിച്ചുകൊണ്ട് പ്രൊഫ: മീരകുട്ടി എഴുതുകയുണ്ടായി 'www. താമര.കോം' ജയന്‍ കെ.സി. 1996 ല്‍ രചിച്ച കവിതയാണ് മലയാളത്തിലെ ആദ്യ സൈബര്‍ രചനയെന്ന്. സച്ചിദാനന്ദന്‍ എഴുതി - താമര.കോം എന്ന കവിതയിലെത്തുമ്പോള്‍ നാം ആധുനികതയും പിന്നിട്ടു കഴിഞ്ഞുവെന്ന്. ചരിത്രസ്മരണകളും ലൈംഗിക ബിംബങ്ങളും പുരാവൃത്തങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരുകൊളാഷിലൂടെ രാമബിംബത്തെ അപനിര്‍മ്മിക്കുകയും, ആധിനികതയുടെ സൈബര്‍ വനത്തിലൂടെ ശാബുകന്റെ അനന്തശിരസുകള്‍ ഉത്ഥാനം ചെയ്യുന്ന രൂപകല്പനയിലൂടെ ചരിത്രത്തെ തിരിച്ചിടുകയും ചെയ്യുന്ന ഈ കവി ആധുനികോത്തരതയുടെ സങ്കേതമുപയോഗിച്ച് രാഷ്ട്രീയ പ്രതിരോധത്തിന്റെ സാഹിത്യം നിര്‍മ്മിക്കാനുള്ള ഒരു ശ്രമമാണ്.

(തുടരും…)
പ്രണയം, പ്രത്യുത്പാദനം, പ്രതിവിപ്ലവം-9- അഡ്വ: രതീദേവി(ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക