Image

പാതിവഴിയില്‍ നഷ്ടമാകുന്നവ

ഗീതാ രാജന്‍ Published on 19 January, 2013
പാതിവഴിയില്‍ നഷ്ടമാകുന്നവ

പാതിവഴിയില്‍ നഷ്ടമാകുന്നവ

നിസ്സഹായതയുടെ പുതപ്പിനുള്ളില്‍
പാതി മയങ്ങിയ കാട് !
ആഗളം പടര്‍ന്നു പന്തലിക്കുന്നു
മൌനം പൂത്ത വന്‍മരങ്ങള്‍ !
അടര്‍ന്നുവീഴാന്‍ വെമ്പല്‍കൊള്ളുന്നു
ഇളകിയാടും ചില കൊമ്പുകള്‍ !!
അഞ്ഞാഞ്ഞു വെട്ടുന്നുണ്ട്‌ വെറുതെ
കാറ്റിലും അറ്റുപോകാവുന്ന
ഉണങ്ങിത്തുടങ്ങിയോരിലയെ!
ആഴത്തിലോടിയ വേരുകളില്‍
അരിച്ചിറങ്ങുന്നുണ്ട് വേര്‍പെട്ടു
തുടങ്ങിയ തണ്ടിന്റെ രോദനം !!
ചാഞ്ഞുവീഴുവാന്‍ തുടങ്ങുമ്പോഴും
കെട്ടിപിണഞ്ഞു കിടക്കുന്നുണ്ട്
വെളിച്ചമേകും ചില വള്ളികള്‍
പരസ്പരം തൊടാത്ത മനസ്സുമായ്
ഒരു കൂരയ്ക്കുകീഴില്‍ താങ്ങിനിര്‍ത്തും
നൂലില്‍ കോര്‍ത്തെടുത്തൊരു
ജീവിതമെന്ന പോലെ !

2
ഭൂപടമായ് മാറുന്നവര്‍ !


കൂനി പോകുന്നുണ്ട്  ചിലര്‍ 
ഒറ്റ കമ്പി വലിച്ചു കെട്ടിയ വില്ല് പോലെ 
തറച്ചു കയറുന്നുണ്ടവര്‍  നെഞ്ചിന്‍ കൂട്ടില്‍
തൊടുത്തു വിട്ട അമ്പു പോലെ !!

പൊട്ടി പൊളിഞ്ഞു കിടക്കുന്നുണ്ട് മേനി 
വിണ്ടു കീറിയ  പാടമെന്ന   പോലെ  !
കൊതിക്കുന്നുന്ടെന്നും  ഒരല്പം പച്ചപ്പിനായ്‌
മരുഭൂവായീ മാറിയോരിടം  പോലെ !!

കുഴികളിലേക്കാണ്ട് പോയ കണ്ണുകളില്‍ 
ഇരമ്പിയാര്‍ക്കുന്നുണ്ട് കടലോളം നിരാശ 
കോരിയെടുക്കുന്നുണ്ട്  കിണറോളം പ്രതീക്ഷ 


ഒട്ടി വലിഞ്ഞ വയറില്‍ 
നിറച്ചു വക്കുന്നു  സമ്പന്നതയുടെ 
കുത്തോഴുക്കുകള്‍  ധൂര്‍ത്തുകള്‍!
ഒളിഞ്ഞും മറഞ്ഞും  കലവറകള്‍ 
പൂഴ്ത്തി വക്കപെടുമ്പോള്‍ 
തെളിഞ്ഞു നില്‍ക്കും രേഖകളാല്‍ 
ഭൂപടം വരച്ചു വക്കുന്നു ചിലര്‍
സ്വന്തം ശരീരത്തില്‍ തന്നെ!!

കാലത്തിന്റെ കണക്കുപുസ്തകത്തില്‍ 
ഇവരും ജീവിക്കുകയായിരുന്നത്രെ !!!

പാതിവഴിയില്‍ നഷ്ടമാകുന്നവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക