Image

അമേരിക്കന്‍ പ്രവാസം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍(yohannan.elcy@gmail.com) Published on 08 February, 2013
അമേരിക്കന്‍ പ്രവാസം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
സ്വപ്‌നങ്ങളെ തേടി നമ്മള്‍ പ്രവാസികളായി മാറി
സ്വത്തും പ്രതാപൈശ്വര്യങ്ങളൊക്കെയും നേടി
സ്വപ്‌നങ്ങളെ താലോലിച്ചു ജീവിച്ചു വന്നീടുമ്പോഴോ,
സ്വപ്‌നം മാത്രം മിച്ചം, വേഗം ജീവിതം തീരും
വാരി വാരിപ്പിടിക്കുവാ നോടിയോടി ക്കിതച്ചിട്ടും
വാരിക്കൂട്ടി ക്കഴിഞ്ഞിട്ടും നേട്ടമില്ലൊന്നും

ഒട്ടു പുഷ്ടിയാര്‍ന്നു വായ്‌ച്ചു വളര്‍ന്നിടും തരുതലം
പട്ടുപോകുമൊരു ക്ഷണം ലോകനീതിതാന്‍
വേണ്ടതെല്ലാം വാരിക്കോരി യൊരു വശത്തേകീടവേ
ഇണ്ടലേറ്റുമതിനൊപ്പ, മതും നിയോഗം.
തിരിഞ്ഞൊന്നു നോക്കിടവേ നേടിയില്ല ഒന്നുമൊന്നും
തിരിച്ചു പിടിക്കാനൊട്ടു കാലവുമില്ല,

നാടുവിട്ടു കൂടുവിട്ടു തറവാടും തകരുന്നു
നാട്ടിലുള്ള വീടുകളും അന്യമാകുന്നു
ജീവിതം പടുത്തുയര്‍ത്തി, മക്കളെ വളര്‍ത്തി, പക്ഷേ,
ജീവിതത്തിലേകാന്തത മിക്കോര്‍ക്കും ബാക്കി
എങ്ങോട്ടൊന്നു തിരിഞ്ഞാലും ആര്‍ക്കുമില്ല മനഃശാന്തി
എന്തിനീ പണം പ്രതാപം ചിന്തിക്കുമപ്പോള്‍ !

ബന്ധമെങ്ങും ഉലയുന്നു പാരമ്പര്യം പുരാവൃത്തം
ബന്ധുരമാം ബന്ധമൊക്കെ ബന്ധനമാവൂ,
മര്‍ത്യനായി ജനിച്ചവരാരും ഭാഗ്യപൂര്‍ണ്ണരല്ല
എത്രമേലങ്ങുയരുന്നോ വിഴ്‌ചയും തത്ര!
എത്രമാത്രം നേടിയാലും തൃപ്‌തി ഹൃത്തിലുണ്ടെന്നാകില്‍
ശാന്തിയൊന്നു മിച്ചമെങ്കില്‍ ജീവിതം ദീപ്‌തം.

ഇത്രമാത്രമെനിക്കുള്ളു, മിത്രത്തിനങ്ങേറെയുണ്ട്‌
ഇത്രയുമുണ്ടെന്ന ചിന്തയെത്ര സംതൃപ്‌തം!
സത്യമാര്‍ക്ഷം വിട്ടുമാറി എത്രമേല്‍ നാം നേടിയാലും
നിത്യമായതൊന്നുമാത്രം സത്വമാം സ്വച്ഛം!

സത്‌പഥങ്ങളൊന്നുമാത്രം ജീവിതാനന്തരത്തിങ്കല്‍
ശാന്തിയേകുമെന്ന ചിന്ത നമ്മെ നയിക്കില്‍
ആരുതാനും തന്‍ കൈക്കുമ്പിള്‍ നിറച്ചു പിടിക്കുവാനേ
പാരില്‍ മര്‍ത്യനെ സുരേശനനുവദിക്കൂ !
കൈവിരലിലെണ്ണാകുന്നീ ജീവിതത്തില്‍ നന്മ തിങ്ങില്‍
കൈവന്നീടും ശാന്തി ഭൂവില്‍, ജീവിതത്തിലും !

***** ***** *****

42 വര്‍ഷത്തില്‍പ്പരമായി അമേരിക്കന്‍ പ്രവാസജീവിതം നയിക്കുന്ന സാഹിത്യ പ്രതിഭ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ നിരീക്ഷണമാണ്‌ ഈ കവിതയുടെ പശ്ചാത്തലം.
അമേരിക്കന്‍ പ്രവാസം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക