Image

ഭരണം നിലനിര്‍ത്താന്‍ മാത്രമോ ബജറ്റ് ? ജോസ് കാടാപുറം

Published on 25 March, 2013
ഭരണം നിലനിര്‍ത്താന്‍ മാത്രമോ ബജറ്റ് ? ജോസ് കാടാപുറം
ബഹുമാനപ്പെട്ട കരിങ്ങോഴക്കല്‍ മാണിയെന്ന, മാണി സാറിന്റെ എണ്‍പതാം വയസ്സിലെ ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കണ്ടത്. എന്നാല്‍ ബജറ്റ് കാര്യമായ ചര്‍ച്ചയാകാതെ പോയി. കേരളം സദാചാര വിഷയത്തില്‍ മുങ്ങി ഭരണം സ്തംഭിച്ച സമയത്തായതുകൊണ്ടാണോ അതോ അടിസ്ഥാനമില്ലാത്ത കണക്കുകള്‍കൊണ്ടുള്ള മായാജാലം മാത്രമാണു ബജറ്റെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞതു കൊണ്ടാണോയെന്നറിയില്ല ഇത്.
ബജറ്റിന്റെ പ്രാധാന്യം അറിയാവുന്നവര്‍ക്ക് പക്ഷെ വളരെ ഉല്‍ക്കണ്ടയുണ്ട്. 11 ബജറ്റുകള്‍ അവതരിപ്പിച്ച ഒരു പൊതുപ്രവര്‍ത്തകന്‍ ലോകചരിത്രത്തില്‍ വേറെ ഉണ്ടോയെന്ന് സംശയം. 24 മണിക്കൂറില്‍ നാല് തവണയെങ്കിലും തന്റെ സ്വതസിദ്ധമായ കുപ്പായം മാറി വേഷങ്ങളിലും പ്രസരിപ്പിലും ഏവരെയും അതിശയിപ്പിക്കുന്ന മാണി സാര്‍ ഏത് മന്ത്രി സഭയെയും നിലനിര്‍ത്താനും താഴെയിടാനും പ്രാപ്തിയുള്ളയാളാണു.
ഈ ബജറ്റ് യാഥാര്‍ത്ഥ്യത്തില്‍ കിണറിന്റെ വക്കത്തിരിക്കുന്ന മന്ത്രിസഭയെ നിലനിര്‍ത്താന്‍ വേണ്ടി രക്തസാക്ഷിയാവുകയാണ്.. കേരള രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ മാണിസാര്‍ ആ മോഹങ്ങളൊക്കെ തല്‍ക്കാലം പോക്കറ്റിലിട്ട് ക്ഷമയോടെ യു.ഡി.എഫിന്റെ കൂടെ നിലനിന്നുപോരുന്നു... അതിനെ ഭക്തന്മാര്‍ അനുമോദിക്കുന്നു.
ആയിരം കോടി രൂപാ പരോക്ഷനികുതി നിര്‍ദ്ദേശങ്ങളുമായിട്ടാണു ഈ ബജറ്റ് അവതരിപ്പിച്ചത്. റവന്യൂ വകുപ്പ് 58057 കോടിയും 60327 കോടി ചെലവും കണക്കാക്കുന്നു.നികുതിഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബഡ്ജറ്റായി മാണിസാറിന്റെ പതിനൊന്നാമത് ബഡ്ജറ്റ് മാറിയെന്നു ശത്രുക്കള്‍. വികസനത്തെ കുറിച്ച് ധാരാളം വീമ്പിളക്കിയിട്ട് അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായതാണ് അനുഭവം. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മാണിസാറിന്റെ പത്താം ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളില്‍ ഏറിയപങ്കും ഇപ്പോഴും കടലാസില്‍. 253 പദ്ധതികളില്‍ നാമമാത്രമാണ് 2013 ലെ ബജറ്റിലും ധനവകുപ്പ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചില വന്‍കിട പദ്ധതികളുടെ രൂപരേഖപ്പോലും ഇതുവരെ നല്‍കാനായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 53 മെഗാവോട്ട് ശേഷിയുള്ള 5 ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ പണിയുമെന്ന് പറഞ്ഞിട്ട് ഒരു മെഗാവോട്ട് ശേഷിയുള്ള നിലയംപോലും യാഥാര്‍ത്ഥ്യമായില്ലയെന്നു മാത്രമല്ല 2 മണിക്കൂറെങ്കിലും പവര്‍ക്കട്ടും നല്‍കി കേരളത്തെ അനുഗ്രഹിച്ചു.
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ ചിലവ് 50 കോടി നീക്കിവെച്ചിട്ട് 5 പൈസ ചെലവാക്കിയിട്ടില്ല. പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണുമെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞത് ഇപ്പോഴും നോക്കുകുത്തിയാണ്. പഴക്കം ചെന്ന പൈപ്പ് മാറ്റിയിടാന്‍ 85കോടി വകയിരുത്തിയിട്ട് തിരുവനന്തപുരം നഗരത്തില്‍ പോലും പൈപ്പ്‌പൊട്ടല്‍ നിത്യസംഭവമാകുകയാണ്. ഇങ്ങനെ പുതിയ ബഡ്ജറ്റായിട്ടും പറഞ്ഞ കാര്യങ്ങള്‍ കടലാസുപണി പോലും നടക്കാത്ത പ്രഖ്യാപനങ്ങള്‍ ആയിമാറിയത് മാണിസാറിന്റെ ബജറ്റ് ചരിത്രത്തിലാദ്യമാണ്.
എന്നാലിപ്പോഴത്തെ ബഡ്ജറ്റിന്റെ കാര്യമോ? വിവേചനത്തോടെ വേണം നികുതിനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍, എന്നാല്‍ അവ സാധാരണക്കാരെ ദ്രോഹിക്കുന്നവയാകരുത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോളിറക്കിയ ധവളപത്രം പറഞ്ഞ കടബാധ്യത ഏറിവരുന്ന പലിശയും കടക്കെണിയും പരിശോധിക്കുമ്പോള്‍ 2 വര്‍ഷത്തെ ഭരണം കൊണ്ട് അതിന് ആക്കം കൂട്ടിയെന്ന് മാത്രമല്ല 2011 മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ കടം 78673.24 കോടിയായിരുന്നതു 13 മാര്‍ച്ചില്‍ 96885.06 കോടി രൂപയായി. ചുരുക്കത്തില്‍ ഈ ഭരണത്തില്‍ 23.14 ശതമാനം കടംകൂടുതല്‍ വാങ്ങി. മാണിസാറിന്റെ ബജറ്റ് സംസ്ഥാനത്തെ പരമപ്രധാന പ്രശ്‌നങ്ങള്‍ ഒന്നിനേ പോലും ഗൗരവമായി സമീപിച്ചില്ലയെന്നത്പോരായ്മയാണ്. രൂക്ഷമായ വിലക്കയറ്റം, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടും, ഇലക്ട്രിസിറ്റി ബോര്‍ഡും നേരിടുന്ന പ്രതിസന്ധി, നാളികേരത്തിന്റെയും റബ്ബറിന്റെയും വിലത്തകര്‍ച്ച, വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ, തകരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഇവയ്ക്കൊന്നും ബഡ്ജറ്റില്‍ പരിഹാരമില്ല. മാത്രമല്ല ജനങ്ങള്‍ നേരിടുന്ന വീര്‍പ്പുമുട്ടുന്ന വിലക്കയറ്റത്തിന് അല്പമെങ്കിലും ആശ്വാസമാകുന്ന നടപടികള്‍ ബജറ്റിലില്ലാതെ പോയത് വലിയ പോരായ്മതന്നെ..
കേരളകോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോഴും കൃഷിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. കേന്ദ്രത്തിന്റെ തെറ്റായ നടപടികളെ എല്ലാകാലത്തും ചോദ്യം ചെയ്തിട്ടുള്ള മാണിസാറിന് റബ്ബറിന്റെയും നാളികേരത്തിന്റേയും വിലത്തകര്‍ച്ചയിലും മൗനം.
റേഷന്‍കടകളില്‍ കൂടെ വെളിച്ചെണ്ണ വിതരണം ചെയ്തിരുന്നെങ്കില്‍ കേരകൃഷിക്ക് അതൊരാശ്വാസമാകുമായിരുന്നു. പാമോയിലിന് കൊടുക്കുന്ന 15രൂപ വീതം സബ്‌സിഡി വെളിച്ചെണ്ണയ്ക്കും നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രഗവണ്‍മെന്റ് മാണിസാറിന്റെ പാര്‍ട്ടി തള്ളിക്കളയേണ്ട സമയം കഴിഞ്ഞു. പ്രവാസി മലയാളികളുടെ പ്രിയങ്കരനായ മാണിസാറിന് ഇനിയും ബഡ്ജറ്റുകള്‍ അവതരിപ്പിക്കാനും ആ ബജറ്റുകളൊക്കെ കൂടുതല്‍ ജനനന്മയ്ക്കാനും കഴിയട്ടെ..
ഭരണം നിലനിര്‍ത്താന്‍ മാത്രമോ ബജറ്റ് ? ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക