Image

സ്വപ്നാടനം(നോവല്‍ ഭാഗം-13)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 07 May, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-13)- നീന പനയ്ക്കല്‍
പതിമൂന്ന്
സൂസിയുമായി വഴക്കുണ്ടാക്കിയതില്‍ മേരിക്കുട്ടിക്ക് വലിയ ദുഃഖം തോന്നി. സൂസി പറഞ്ഞതെല്ലാം സത്യമാണ്. അവളെ നോവിക്കുന്ന വാക്കുകള്‍ പറയരുതായിരുന്നു.

ബീന തന്റെ രക്തത്തില്‍പ്പിറന്നതായിരുന്നെങ്കില്‍ താന്‍ അവളെ ഇങ്ങനെ വളര്‍ത്തുമായിരുന്നോ എന്ന് സൂസി ചോദിച്ചു. താനിങ്ങനെയേ വളര്‍ത്തുമായിരുന്നുള്ളൂ. അവളുടെ സുഖവും സന്തോഷവും ഹനിക്കുന്നതൊന്നും ചെയ്യുമായിരുന്നില്ല.

പക്ഷെ ബീനക്ക് ഇത്രയും സ്വാതന്ത്ര്യം നല്‍കിയത് ശരിയായില്ല. ഷാനന്‍രെ കൂടെ നടന്ന് അവള്‍ ചീത്തയാവുകയാണ്. ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അവള്‍ ജയിലിലായെന്നു വരും.

ഈയിടെയായി ബീന ഒരു പാടു ഡോളര്‍ ഡാഡിയെക്കൊണ്ട് ചെലവാക്കിക്കുന്നുണ്ട്. ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുകയാണ്. പാരീസില്‍ നിന്നും, ഡിസൈനര്‍ ഡ്രസുകള്‍ വേണം അവള്‍ക്ക്. ഡാഡി ബിസിനസ് ട്രിപ്പിന് പാരീസില്‍ പോകുമല്ലോ. അവിടെ നിന്നും രണ്ടു ഡ്രസ്സുകള്‍ വാങ്ങിക്കൊണ്ടു വന്നാലെന്താ?

ന്യായമായ ചോദ്യം. പക്ഷേ ജോസ് അവിടെനിന്നും വാങ്ങിക്കൊണ്ടു വന്ന ഡ്രസ്സുകളുടെ വില കാണുമ്പോള്‍ നെഞ്ചിടിച്ചു പോകുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന ഒരു പതിനാറുകാരിക്ക് എന്തിനാണ് ഇത്ര വില പിടിച്ച ഉടുപ്പുകള്‍? ഷാനനെ തോല്പിക്കാനാണോ? എങ്കില്‍ ബീനക്കു തെറ്റി. വസ്ത്രം എത്രമാത്രം ധരിക്കാതിരിക്കാം എന്നാണ് ഷാനന്റെ നോട്ടം.

ശനിയും ഞായറും ബീന കാറുമെടുത്ത് കൂട്ടുകാരോടൊപ്പം കറങ്ങാന്‍ പോകും. രാത്രിയാവും തിരിച്ചെത്താന്‍.

ജോസ് ടൂറിലായിരിക്കുന്ന ദിവസങ്ങള്‍ നോക്കി അവള്‍ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യും.
നിനക്ക് പഠിക്കണ്ടേ ബീനേ, ഇങ്ങനെ പാര്‍ട്ടിയെന്നും പറഞ്ഞു നടന്നാല്‍? മേരിക്കുട്ടി പലപ്പോഴും പ്രതിഷേധിച്ചു.

റിപ്പോര്‍ട്ട്കാര്‍ഡില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കൊണ്ടു വരുന്നില്ലേ മമ്മീ? യൂ ആര്‍ നാട്ട് ബ്ലൈന്‍ഡ് ആര്‍ യൂ?( നിങ്ങളുടെ കണ്ണിന് കാഴ്ചകുറവ് ഒന്നുമില്ലല്ലോ അല്ലേ?) നൂറില്‍, നൂറ്റഞ്ചും നൂറ്റിപ്പത്തും ശതമാനമാണഅ എ പ്ലസ് എന്ന് മറന്നു പോയിട്ടില്ലല്ലോ?

സ്വരത്തില്‍ പരിഹാസവും കണ്ണുകളില്‍ ക്രോധവും.

ജോസ് വീട്ടിലില്ലാതിരുന്ന ഒരു ദിവസം കുറച്ചു ഡോളര്‍ ആവശ്യപ്പെട്ടുരകൊണ്ട് ബീന മേരിക്കുട്ടിയുടെ അടുത്തു ചെന്നു.

ഡോളര്‍ തരില്ല മേരിക്കുട്ടി തീര്‍ത്തു പറഞ്ഞു. കോപത്തോടെ ബീന കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടച്ചു. വൈ ഡോണ്‍ട് യൂ റീപ്ലേയിസ് എവരിതിംഗി യൂ സ്റ്റിഞ്ചി വുമണ്‍, അവള്‍ ചീറി(പിശുക്കി, കാശു ചെലവാക്കി ഇതെല്ലാം വീണ്ടും വാങ്ങിച്ചു വെയ്ക്ക്)

ഇവള്‍ വല്ല മയക്കുമരുന്നും കഴിക്കുന്നുണ്ടാവുമോ? മേരിക്കുട്ടിക്ക് സംശയം തോന്നി.

അരിശം ഒന്നടങ്ങിയപ്പോള്‍ ബീന വീണ്ടും മമ്മിയെ സമീപിച്ചു.

“സോറി മമ്മീ…ചിലപ്പോള്‍ മമ്മിയെന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കും. എനിക്ക് കുറച്ചു ഡോളര്‍ താ മമ്മീ.. പ്ലീസ്…”

മേരിക്കുട്ടി അനങ്ങിയില്ല.

മമ്മി പ്ലീസ് അവള്‍ മേരിക്കുട്ടിയുടെ കഴുത്തില്‍ക്കൂടി കൈകളിട്ടു മുഖം മുഴുവന്‍ ഉമ്മവെച്ചു കൊണ്ട് കെഞ്ചി.

മമ്മിയുടെ മനസ്സലിഞ്ഞു.

ഡോളറും കൊണ്ട് വിജയശ്രീലാളിതയായി മുറിയിലേക്കു നടക്കുമ്പോള്‍ ബീന മനസ്സില്‍ മമ്മിക്കൊരു ഓമനപ്പേരിട്ടു. "സക്കര്‍" (വിഡ്ഢിസ്ത്രീ).

പ്രായമുളള ചില പരിചയക്കാര്‍ ബീനയെക്കുറിച്ച് ജോസിനോട് സംസാരിച്ചു. പലരും പലതും നേരിട്ടു കണ്ടിട്ടുള്ളതാണ്. ആണ്‍കുട്ടികളുടെ അരയില്‍ കൈചുറ്റി തോളില്‍ കൈയുമിട്ട് നടക്കുന്നത്. അവരുമായി മല്‍പ്പിടിത്തം നടത്തുന്നത്, അവരുടെ മടിയില്‍ കയറി ഇരിക്കുന്നത്.

“നമ്മുടെ ഒരു പെണ്‍കുട്ടി വഴിതെറ്റിപ്പോകുന്നതു കാണുന്നതില്‍ സങ്കടമുള്ളതു കൊണ്ടാണ് ഇത് പറയുന്നത്, ജോസിന് നീരസം തോന്നരുത്.”

ജോസിന്റെ തല കുനിഞ്ഞു പോയി.

ഒരു ദിവസം ബില്ലുകള്‍ക്ക് ചെക്കെഴുതിക്കൊണ്ടിരിക്കയായിരുന്നു അയാള്‍. ഒരു വലിയ തുകക്ക് എന്തൊക്കെയോ സാധനങ്ങള്‍ ബീന ക്രെഡിറ്റ് കാര്‍ഡില്‍ വാങ്ങിയിരിക്കുന്നു.

ജോസ് ബീനയെ വിളിച്ചു.

'ഐ വാണ്‍ട് ആന്‍ എക്‌സ്പ്ലനേഷന്‍ ഫോര്‍ ദിസ്'( എനിക്ക് ഇതിനൊരു വിശദീകരണം വേണം) ബില്ലുകള്‍ ബീനയുടെ നേര്‍ക്കു നീട്ടി അയാള്‍ ആവശ്യപ്പെട്ടു.

എനിക്ക് അത്യാവശ്യമായി കുറെ സാധനങ്ങള്‍ വാങ്ങണമായിരുന്നു. നിങ്ങള്‍ രണ്ടുപേരും ഡോളര്‍ തരില്ല. അതു കൊണ്ടു ഞാന്‍ ഡാഡിയുടെ ക്രെഡിറ്റ്കാര്‍ഡ് എടുത്തുപയോഗിച്ചു. ബീന സ്വയം ന്യായീകരിച്ചു.

ആ ക്രെഡിറ്റ്കാര്‍ഡ് ഇവിടെക്കൊണ്ടുവാ… ഇപ്പോള്‍തന്നെ. ജോസ് ശബ്ദമുയര്‍ത്തി.

നോ. ഐ നീഡിറ്റ്. അവള്‍ ഒച്ച വച്ചു. എനിക്കു പതിനാറു വയസ്സായി. ഐ ആം ഓള്‍ഡ് ഇനഫ് ടു ഹാവ് എ ക്രെഡിറ്റ് കാര്‍ഡ്.( എനിക്ക് ഒരു ക്രെഡിററ്കാര്‍ഡു വേണം. എനിക്കതിനുള്ള പ്രായമായി.) നിങ്ങളുടെ ഉത്തരവാദിത്തമാണ് എനിക്കൊരു ക്രെഡിറ്റ്കാര്‍ഡും ആവശ്യത്തിനു ക്രെഡിറ്റും തരിക എന്നുള്ളത്. ഇതെനിക്കു വേണം. ഞാന്‍ തരില്ല.

ഐ സെഡ് ഗിവ് ഇറ്റ് ബാക്ക് ടു മീ. എടുത്തുകൊണ്ടു വരാനാ പറഞ്ഞത്. അയാള്‍ അലറി.

ബീന ഭയന്നുപോയി. ക്രെഡിറ്റ് കാര്‍ഡ് എടുത്തുകൊണ്ടു വന്ന് അവള്‍ ജോസിന്റെ മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു.

വെയിറ്റ് അണ്‍ടില്‍ ഐ ആം എയ്ടീന്‍. ഞാനീ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. യു കനാട്ട് സ്റ്റോപ്പ് മീ.
ബീന മുറിയില്‍ കയറി കതക് ആഞ്ഞടിച്ചു.

ബീനയെ അവളുടെ തന്നിഷ്ടത്തിനു വിടാന്‍ പാടില്ലെന്ന് ജോസ് തീരുമാനിച്ചു. അവളുടെമേല്‍ ഒരു നിയന്ത്രണം വേണം.

ആ ഞായറാഴ്ച പള്ളിയില്‍ പോകുമ്പോള്‍ കാറില്‍ വെച്ച് അയാള്‍ ബീനക്ക് ഒരു നിര്‍ദ്ദേശം നല്‍കി.
ബീനാ, നീയിന്ന് പള്ളിയില്‍ ഡാഡിയോടും മമ്മിയോടും ഒപ്പം ഇരിക്കണം. ഫാമിലിയായി ഇരുന്ന് ആരാധനയില്‍ പങ്കുകൊള്ളുന്നത് ഒരു അനുഗ്രഹമാണ്.

ബീനയുടെ മുഖമിരുണ്ടു.

“എന്നെയിങ്ങനെ ശിക്ഷിക്കാനും മാത്രം ഞാനെന്തു തെറ്റു ചെയ്തു? എന്റെ കൂട്ടുകാരോടൊപ്പം പിറകിലേ ഞാനിരിക്കൂ. അതിനെന്നെ സമ്മതിക്കില്ലെങ്കില്‍ ഞാനിനി പള്ളിയിലേക്കു വരില്ല.”

ഉള്ളിലുയര്‍ന്നു പൊങ്ങിയ രോഷമടക്കാന്‍ ജോസ് പാടുപെട്ടു.

ശിക്ഷിക്കുന്നതല്ല ബീനാ. നീ പ്രായമായ പെണ്‍കുട്ടിയാണ്. ചെറുപ്പക്കാരായ ആണുങ്ങളോടൊപ്പം നീയിനി ഇരിക്കുന്നതു ശരിയല്ല. അങ്ങനെ ഇരിക്കുന്നവരെക്കുറിച്ച് ആരും നല്ല അഭിപ്രായം പറയുകയുമില്ല.

ടു ഹെല്‍ വിത്ത് ദെയര്‍ ഒപ്പനീയന്‍(അവരുടെ അഭിപ്രായം നരകത്തില്‍പ്പോട്ടെ.) ഞാന്‍ പിറകിലേ ഇരിക്കുന്നുള്ളൂ. കൊച്ചു കുഞ്ഞല്ല ഞാന്‍ പാരന്റ്‌സിന്റെ ഇടയിലിരിക്കാന്‍.

ഓച്ച് യുവര്‍ ലാംഗ്വേജ് യംഗ് ലേഡി. മേരിക്കുട്ടി ശബ്ദമുയര്‍ത്തി.

പള്ളിയിലെത്തി. അവിടെ കൂടിനിന്നിരുന്ന ചെറുപ്പക്കാരോടൊപ്പം ബീന കൂടി. അവരോടൊപ്പം പള്ളിയിലെ പിറകിലെ കസേരകളിലേക്ക് അവള്‍ പോയി.

ആരാധന ആരംഭിച്ചിട്ടും ബീനക്ക് തങ്ങളോടൊപ്പം വന്ന് ഇരിക്കാന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍ ജോസ് എഴുന്നേറ്റ് പിന്നിലേക്കു ചെന്നു. രണ്ട് ചെറുപ്പക്കാരുടെ നടുവില്‍ ഇരിക്കയായിരുന്നു ബീന. കൈകള്‍ കോര്‍ത്തുപിടിച്ചിട്ടുണ്ട്.

ജോസ് അവരെ ക്രുദ്ധനായി, തറപ്പിച്ച് നേക്കിയിട്ട് തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന കസേരയില്‍ ഇരുന്നു. ബീനയുടെ കൈകള്‍ കോര്‍ത്തു പിടിച്ചിരുന്ന പൂവാലന്മാര്‍ ജോസിന്റെ നോട്ടം കണ്ട് സാവധാനം എഴുന്നേറ്റ് മാറിപ്പോയി.

കടന്നല്‍ കുത്തിയപോലെ മുഖം വീര്‍പ്പിച്ച് ബീന ഇരുന്നു. ഈ ഡാഡിയെപ്പോലെ ഇത്ര വൃത്തികെട്ട മനുഷ്യന്‍ ഭൂമിയില്‍ ഇല്ലെന്ന് മുഖത്തു നോക്കി പറയാന്‍ അവള്‍ക്കു തോന്നി. നാണമില്ലേ ഡാഡിക്ക് മകളെ 'സ്‌പൈ' ചെയ്യാന്‍? എംബാരസ്സു ചെയ്യാന്‍?

ഹൈസ്‌ക്കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തിട്ട് ദൂരെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ ചേരണമെന്ന് അവള്‍ തീരുമാനമെടുത്തു. ഈ വൃത്തികെട്ട മനുഷ്യരുടെ കൂടെ ഞാന്‍ ജീവിക്കുകയില്ല. പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് സ്‌കോളര്‍ഷിപ്പു കിട്ടും. ഈ സ്‌ററുപ്പിഡ് പാരന്റ്‌സിന്റെ ഡോളര്‍ എനിക്കു വേണ്ട.

പലതവണ ജോസും മേരിക്കുട്ടിയും അറിയാതെ ബീന ഷാനന്റെ വീട്ടില്‍ പോയി. ആരുമില്ല അവിടെ അവരെ ശല്യം ചെയ്യാന്‍. ഫ്രിഡ്ജ് നിറയെ ഭക്ഷണസാധനങ്ങളുണ്ട്.

'ബീന, നിനക്കിഷ്ടമാണെങ്കില്‍ നമുക്കൊരു എക്‌സ്‌റേററഡ് മൂവിയെടുത്തു കാണാം.' ഷാനന്‍ പറഞ്ഞു.

'എനിക്കു താല്പര്യമില്ല.'

സെക്‌സ് സിനിമകള്‍ എത്ര വേണമെങ്കിലും കിട്ടും. പതിനെട്ടു വയസ്സായവര്‍
ക്കു മാത്രം എന്ന് കടകളില്‍ എഴുതി വെക്കുമെങ്കിലും ആര്‍ക്കും എപ്പോഴും പോയി എടുക്കാവുന്നതേയുള്ളൂ.
'നിന്റെ പാരന്റ്‌സ് അത്തരം മൂവികള്‍ കാണാറുണ്ടോ?' ഷാനന്‍ ചോദിച്ചു.

എന്റെ സ്റ്റുപ്പിഡ് പാരന്റ്‌സോ? എക്‌സ്‌റേറ്റഡ് പോയിട്ട് യുറേറ്റഡ് പോലും അവര്‍ കാണുകയില്ല. അവര്‍ക്കു സമയമില്ല.

നോ വണ്ടര്‍ യു ഡോണ്‍ട് ഹാവ് എ ബ്രദര്‍ ഓര്‍ സിസ്റ്റര്‍. ഷാനന്‍ പൊട്ടിച്ചിരിച്ചു. (നിനക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ടാവാത്തതില്‍ യാതൊരത്ഭുതവുമില്ല.)

പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോള്‍ ബീന ദിനചര്യകളില്‍ മാറ്റം വരുത്തി. പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. സ്‌ക്കൂള്‍ വാലിഡിക്‌ടോറിയല്‍ ആവണം. പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങുന്ന കുട്ടി.

സ്‌പെല്ലിംഗ് ബീയില്‍ പ്രസിഡന്റിന്റെ അവാര്‍ഡ് വാങ്ങാമെങ്കില്‍ സ്‌ക്കൂള്‍ വാലിഡിക്‌ടോറിയന്‍ ആവാനും തനിക്കു സാധിക്കും.

ഷാനന്റെ പ്രതിഷേധങ്ങളൊന്നും ബീനയുടെ അടുത്ത് വിലപ്പോയില്ല. പാര്‍ട്ടികള്‍ക്കുപോക്കും മാളുകളില്‍ അലഞ്ഞുതിരിയലും മതിയാക്കി. ലൈബ്രറിയില്‍ പോയി അവിടിരുന്നു വായിച്ചു പഠിച്ചു. പേപ്പറുകള്‍ ഒന്നൊന്നായി തീര്‍ത്തു. പ്രോജക്ടുകള്‍ സ്തുത്യര്‍ഹമാം വണ്ണം ചെയ്തു.

ജോസിനും മേരിക്കുട്ടിക്കും വലിയ സന്തോഷമായി. ബീന നേര്‍വഴിക്കു വരുന്നു.

ഹൈസ്‌ക്കൂള്‍ ഗ്രാഡ്വേഷന്‍ ഡെ.

ചടങ്ങുകള്‍ വൈകുന്നേരം മൂന്നു മണിക്കു തുടങ്ങും. ഓരോ കുട്ടിക്കും അഞ്ചു ടിക്കറ്റുകള്‍ വീതം കിട്ടി. ഇഷ്ടമുള്ളവരെ കൊണ്ടു പോകാം.

ജോസിനേയും മേരിക്കുട്ടിയേയും കൂടാതെ ബീന റീത്താന്റിയേയും കൊണ്ടുപോയി. ബിന്ദുവിനോടൊപ്പം സൂസി മാത്രമേ ഉണ്ടായിരുന്നുളളൂ. സീനക്ക് വരാന്‍ ആഗ്രമുണ്ടായിരുന്നെങ്കിലും പരീക്ഷയുണ്ടായിരുന്നതു കൊണ്ട് നടന്നില്ല.

അക്കാഡമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ ബീനക്ക് എട്ട് അവാര്‍ഡുകള്‍ കിട്ടി. ഓരോന്നു വാങ്ങുമ്പോഴും ജോസും മേരിക്കുട്ടിയും ഫോട്ടോകള്‍ എടുത്തു.

ബിന്ദുവിന് ഒരു അവാര്‍ഡുമാത്രമേ കിട്ടിയുളളൂ.

ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ജോസ് ചൈനീസ് റസ്റ്റോറണ്ടില്‍ പോകാന്‍ സൂസിയേയും ബിന്ദുവിനെയും ക്ഷണിച്ചു. മേരിക്കുട്ടിയും നിര്‍ബന്ധിച്ചു.

അന്ന ഫ്രൈഡ് റൈസ് ഉണ്ടാക്കി കാത്തിരിക്കും. സൂസി ഒഴിഞ്ഞു മാറി.

സ്‌ക്കൂള്‍ വാലിഡിക്‌ടോറിയന്‍ ആവാന്‍ കഴിഞ്ഞില്ലെങ്കിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ നേടാന്‍ ബീനക്കു കഴിഞ്ഞു.

പക്ഷെ അത്രയും അകലേക്കു വിടാന്‍ ജോസും മേരിക്കുട്ടിയും തയ്യാറായിരുന്നില്ല.

ഇവിടെ നല്ല ഒന്നാന്തരം കോളേജുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് അത്രയും അകലേക്കു പോകുന്നത്? ഇവിടുത്തെ കോളേജുകളും സ്‌കോളര്‍ഷിപ്പു തരാമെന്ന് സമ്മതിക്കുന്നണ്ടല്ലോ. അവിടെയാണെങ്കില്‍ ഡോമലി#്# താമസിക്കേണ്ടി വരും. വീക്കെന്‍ഡില്‍ പോലും വീട്ടില്‍ വരാന്‍ സാധിക്കില്ല.

പക്ഷെ ബീന വഴങ്ങിയില്ല.

ഐ വാണ്‍ട് ടു ഗോ. പ്ലീസ് മാം ആന്‍ഡ് ഡാഡ്, യു ഹാവ് ടു ലെറ്റ് മീ ഗോ.( എനിക്കുപോകണം, ദയവായി മമ്മിയും ഡാഡിയും എന്നെ പോകാന്‍ അനുവദിക്കണം)

പോകാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍… പറ്റില്ല. ജോസുറച്ചു നിന്നു.

നിങ്ങള്‍ ഒരു വല്ലാത്ത തരം മനുഷ്യരാണ്. ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു എനിക്കിനി ജീവിക്കണ്ട. ഐ ജസ്റ്റ് വാണ്‍ട് ടു ഡൈ( എനിക്കു മരിച്ചാല്‍ മതി)

മേരിക്കുട്ടി ജോസിനെ വിളിച്ച് മറ്റൊരു മുറിയിലേക്കു കൊണ്ടു പോയി.

'അവള്‍ക്കു പോകണമെങ്കില്‍ പോകട്ടെ. നമ്മുടെ വാശി കാരണം അവള്‍ വല്ല കടുംകൈയും കാണിച്ചാലോ. ടീനേജേഴ്‌സ് ആത്മഹത്യ ചെയ്യുന്നത് ധാരാളം. പത്രങ്ങളില്‍ എന്നും എത്രമാത്രം ആത്മഹത്യകള്‍ നാം വായിക്കുന്നു. ടി.വി.യിലും കാണുന്നു ഏറെ. ലെററ് ഹെര്‍ ഗോ.'
ജോസിന്റെ കണ്ഠത്തില്‍ ഗദ്ഗദം വന്നു നിറഞ്ഞു.

ബീനയെ വളര്‍ത്തി നശിപ്പിച്ചു കളഞ്ഞു. വലിയ തെറ്റാണ് ചെയ്തത്. കണ്‍മുന്നില്‍ ഇങ്ങനെയാണെങ്കില്‍ കാണാമറയത്ത് അവള്‍ എങങനെയൊക്കെയാവും ജീവിക്കുക? മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ വലിയ പരാജയമാണ്.

ഒരു വലിയ വാന്‍ നിറയെ ഉണ്ടായിരുന്നു ബീനയുടെ ലഗേജ്. അവള്‍ക്ക് ഡോമില്‍ ഒരു സിങ്കിള്‍റൂം കിട്ടി. വാടക അല്പം കൂടുതലാണെന്നു മാത്രം.

ബീനക്ക് അത്യാവശ്യമുള്ള ഒന്നു രണ്ടു ചെറിയ ഫര്‍ണിച്ചറുകളും ഏറ്റവും പുതിയ ഒരു കംപ്യൂട്ടറും ജോസ് വാങ്ങിക്കൊടുത്തു. അതെല്ലാം കൂടിയായപ്പോള്‍ ആ ചെറിയ മുറിയില്‍ അവളുടെ വസ്ത്രങ്ങളും ചെരിപ്പുകളും മേക്കപ്പ് സാമഗ്രികളും വെയ്ക്കാന്‍ ഇടം പോരാതായി.

സ്‌ററുപ്പിഡ് റൂം.. നാശം.. നാശം… അവള്‍ പല്ലിറുമ്മി.

ഇത് കോളേജ് ഡോര്‍മിറ്റോറിയാണ്. എന്തിനാ ഇത്രയധികം സാധനങ്ങള്‍ ഒരുമിച്ചിങങു കൊണ്ടു വന്നത്? അവധിക്ക് വീട്ടില്‍ വരുമ്പോള്‍ മാറി മാറി എടുത്തുകൊണ്ടു വന്നാല്‍ പോരായിരുന്നോ? മേരിക്കുട്ടിക്ക് ബീനയുടെ 'സ്റ്റുപ്പിഡ്' വിളികേട്ടിട്ട് ഈര്‍ഷയായി.

'വരുന്നു ഞാനിനി ആ സ്‌ററുപ്പിഡ് വീട്ടിലേക്ക്.' അവള്‍ പിറുപിറുത്തു.

'എന്താ പറഞ്ഞത്?'

'ഓ. നത്തിംഗ്.'

തിരിച്ച് വീട്ടിലേക്ക് കാറോടിക്കുമ്പോള്‍ ജോസ് മൂകനായിരുന്നു. ജീവിതത്തിന് ഒരു ലക്ഷ്യവും ഇല്ലാതിരുന്ന കാലത്ത് അപ്രതീക്ഷിത സമ്മാനമായി ജീവിതത്തിലേക്കു കടന്നുവന്ന പൊന്നോമന. കാണുന്ന കണ്ണുകള്‍ക്കെല്ലാം ആനന്ദം നല്‍കി, എപ്പോഴും ചിരിച്ച്, ചിത്രശലഭത്തെപ്പോലെ ഓടിച്ചാടി നടന്ന ഞങ്ങളുടെ സ്വീറ്റ് ബേബി!

ആ തങ്കക്കുടം ഇന്നെത്ര മാത്രം മാറിപ്പോയിരിക്കുന്നു!!

എല്ലാം എന്റെ കുറ്റം. ഞാനെന്തിന് ചൈല്‍ഡ് സൈക്കോളജി പുസ്തകങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കി? അപ്പനും അമ്മയും എന്നെ വളര്‍ത്തിയതുപോലെ എന്തുകൊണ്ട് ഞാന്‍ ബീനയെ വളര്‍ത്തിയില്ല? ശ്രമിച്ചു പോലുമില്ല? എന്തുകൊണ്ട് ഞാനെല്ലാം മറന്നുകളഞ്ഞു? എന്തിന് അമേരിക്കക്കാരനെപ്പോലെ ഞാന്‍ ജീവിച്ചു? എന്തുകൊണ്ട് ഈ നാടിന്റെ നന്മകള്‍ മാത്രം സ്വീകരിച്ചുകൊണ്ട് തിന്മകളെ തള്ളിക്കളയാന്‍ ബീനയെ പഠിപ്പിച്ചില്ല?

സൂസിക്ക് വലിയ വീടില്ല. വിലപ്പിടിപ്പുള്ള കാറില്ല. പാര്‍ട്ടികള്‍ ഇല്ല, ആര്‍ഭാടങ്ങളില്ല. പക്ഷെ അമ്മക്ക് മാന്യമായ സ്ഥാനം നേടിക്കൊടുക്കുന്ന ഒരു മകളുണ്ട് അവള്‍ക്ക്. സ്വഭാവശുദ്ധിയുള്ള മകള്‍.

'എന്താ ഒന്നും മിണ്ടാതിരിക്കുന്നത്?'

'ഓ, ഒന്നുമില്ല.' നെടുവീര്‍പ്പോടെ ജോസ് കാറോടിച്ചു കൊണ്ടിരുന്നു.

ആഴ്ചയിലൊരിക്കല്‍ ബീന വീട്ടിലേക്ക് ഫോണ്‍ ചെയ്യും. മമ്മീ, പഠിത്തം നന്നായി നടക്കുന്നു. ഭക്ഷണത്തിനും പോക്കറ്റ് മണിയായും തരുന്ന ഡോളര്‍ തികയുന്നതേയില്ല. കുറച്ചു കൂടി തരണം.

ഒന്നാം തീയതിതോറും ജോസ് അവള്‍ക്ക് ഒരു നല്ല തുക അയച്ചു കൊടുക്കും. ഒരു കുറിപ്പും വെക്കും. ബീനാ ഇത്രയും ഡോളര്‍ നിനക്ക് ഒരാഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ തീര്‍ക്കാം. അടുത്തമാസം ആദ്യത്തെ ആഴ്ചയേ ഇനി ഡോളര്‍ അയക്കൂ. വി മിസ് യു ടെറിബ്‌ളി.

കുറിപ്പ് ചുരുട്ടിക്കൂട്ടി അവള്‍ ട്രാഷിലെറിയും.

“വി മിസ് യു ടെറിബ്‌ളി. വാട്ട് എ ജോക്ക്. ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നില്ല. ഐ ആം ഗ്ലാഡ് ടു ബി ഫോര്‍ എവെ ഫ്രം യു പീപ്പിള്‍” പരിഹാസത്തോടെ സ്വയം പറയും.

കോളേജില്‍ പലരും പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്നുണ്ട്. ലൈബ്രറിയില്‍ ബീന ഒരു ജോലി കരസ്ഥമാക്കി. ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍. മിനിമം ശമ്പളം കിട്ടും.

ഒരു പാട് പഠിക്കാനുണ്ട്. പ്രീ-മെഡിസിന് വേണ്ട കോഴ്‌സുകളാണ്. കൂടുതല്‍ കോഴ്‌സുകള്‍ ഓരോ വര്‍ഷവും എടുത്താല്‍ എളുപ്പം പഠിച്ചു കഴിയും. മെഡിക്കല്‍ സ്‌ക്കൂളില്‍ കയറിപ്പറ്റാം. ബ്രെയിന്‍ സര്‍ജനാവണം. ഒരു പാടു പണം സമ്പാദിക്കണം. മില്യനെയര്‍ ആവണം.

ആദ്യത്തെ റിപ്പോര്‍ട്ട് കാര്‍ഡ് കിട്ടി. എല്ലാ പേപ്പറുകള്‍ക്കും A+തന്നെ. ഒരു കോപ്പി ജോസിനും ലഭിച്ചു.
ബീന നന്നായി പഠിക്കുന്നുണ്ട്. മേരിക്കുട്ടിക്കും ജോസിനും സന്തോഷമായി. അത്തവണ അവര്‍ കൂടുതല്‍ ഡോളറവള്‍ക്ക് അയച്ചു കൊടുത്തു.

'താങ്ക്‌സ് ഗൈസ്' വീട്ടിലേക്ക് വിളിച്ച് അവള്‍ സന്തോഷമറിയിച്ചു.

ക്ലാസുകളും പാര്‍ട്ട്‌ടൈം ജോലിയുമായി മാസങ്ങള്‍ കടന്നുപോയി. ഡോമില്‍ ആരോടും ബീന ചങ്ങാത്തത്തിനു പോയില്ല. പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇടുങ്ങിയ മുറിയിലുരുന്നു പഠിക്കുമ്പോള്‍ സ്വന്തം മുറിയെ അവള്‍ വല്ലാതെ 'മിസ് ' ചെയ്തു.
അവള്‍ക്കേറ്റവും ഇഷ്ടമുള്ള വാള്‍പേപ്പര്‍ ഒട്ടിച്ച ഭിത്തികളും മനോഹരമായ ജനാല കര്‍ട്ടനുകളും ടേബിള്‍ ലാംപുകളും ഡ്രസ്സറുകളും വാക്ക്-ഇന്‍-ക്ലോസറ്റും വലിയ കാനോപ്പി ബെഡ്ഡും ലക്ഷ്വറിയസ് ബാത്ത്‌റൂമും ഉള്ള, വീട്ടിലെ സ്വന്തം മുറി.

ഒരു മൂവി കാണണമെങ്കില്‍, ഒരു ഷോപ്പിംഗ് നടത്തണമെങ്കില്‍ ഇന്ന് ആരോടെങ്കിലും റൈഡു ചോദിക്കണം. വീട്ടിലായിരുന്നപ്പോള്‍ സ്വന്തം കാറില്‍ ഇഷ്ടമുള്ളിടത്തെല്ലാം പോകാമായിരുന്നു. ഈ സ്റ്റുപ്പിഡ് പാരന്റ്‌സിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇത്രയും ദൂരം വന്ന് ഈ കൊച്ചു ഗുഹയില്‍ താമസിക്കണമായിരുന്നോ?

അപ്രതീക്ഷിതമായി ബീനക്ക് ഷാനന്റെ ഫോണ്‍കോള്‍ കിട്ടി.

'ഞാന്‍ നിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. നിന്റെ ഡാഡിയാണ് നമ്പര്‍ തന്നത്. കാലിഫോര്‍ണിയയിലുള്ള 'സ്‌ക്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സി'ല്‍ എനിക്ക് അഡ്മിഷന്‍ കിട്ടി.'
'നീ നിന്റെ മമ്മിയോടൊപ്പം ബിഗ് മാന്‍ഷനിലാണോ താമസിക്കുന്നത്? ബീന ചോദിച്ചു.

“നെവര്‍, ആര്‍ യൂ കിഡ്ഡിംഗ്? (നീ കളിയാക്കുകയാണോ) മമ്മി എനിക്കൊരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിത്തന്നു. നീ കൂടി ഇവിടെ വേണമായിരുന്നു' ഷാനന്‍ കുണുങ്ങിച്ചിരിച്ചു.

ബീനക്ക് അവളോടു അസൂയ തോന്നി.

ബീനാ, ഇവിടെ ധാരാളം ഇന്‍ഡ്യന്‍ ചെറുപ്പക്കാരുണ്ട്. വളരെ വളരെ സുന്ദരന്മാര്‍. ഒരുത്തന് നിന്നെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് ഏറ്റിരിക്കയാണു ഞാന്‍. യു വില്‍ ബി യംഗ് ഒണ്‍ലി വണ്‍സ് ബീനാ. ജീവിതം ആസ്വദിക്കേണ്ട സമയമാണിപ്പോള്‍.

ഷാനന്‍ പറയുന്നത് ശരിയാണ്. ബീന മനസ്സില്‍ പറഞ്ഞു. ഫോണ്‍ ഡിസ്‌ക്കണക്ട് ചെയ്യുന്നതിനു മുന്‍പ് ഷാനന്‍ ബീനയെ പ്രലോഭിപ്പിച്ചു. 'ബീനാ നീയെന്നാണ് കാലിഫോര്‍ണിയക്കു വരുന്നത്? സ്പ്രിംഗ് വെക്കേഷന്‍ ഒരാഴ്ചയുണ്ടല്ലോ. ആരു അിറയണ്ട, ആരുടേയും അനുവാദം നിനക്കിനി വേണ്ട. നീയിപ്പോള്‍ ഒരു വലിയ പെണ്ണാണ്.'

ബീനക്ക് വല്ലാത്ത അപകര്‍ഷത തോന്നി. ഷാനന് സ്വന്തം അപ്പാര്‍ട്ട്‌മെന്റുണ്ട്. തനിക്കോ?

വരുന്ന സ്പ്രിംഗ് ബ്രേക്കില്‍ തീര്‍ച്ചയായും കാലിഫോര്‍ണിയക്കു പോകണം. പക്ഷെ പോകാന്‍ ഡോളര്‍ വേണമല്ലോ.

പതിനെട്ടാം പിറന്നാള്‍ കുറച്ചുനേരത്തേ ആഘോഷിച്ചാലോ? സമ്മാനമായി ഡോളര്‍ കിട്ടും. ഡാഡിയെ വിളിച്ച് സംസാരിക്കണം.

പക്ഷേ ജോസിന്റെ ഫോണ്‍കോള്‍ അവളുടെ പദ്ധതികളെയാകെ തകിടം മറിച്ചു കളഞ്ഞു.

“ബീനാ സ്പ്രിംഗ് ബ്രേക്കിന് നീ വീട്ടില്‍ വരണം. നിന്റെ ഗ്രാഡ്വേഷന്‍ പാര്‍ട്ടി നടത്തിയില്ല. പതിനേഴാം പിറന്നാള്‍ ആഘോഷിച്ചില്ല. രണ്ടു കൂടി ഒറ്റയടിക്ക് നമുക്ക് നല്ലൊരു പാര്‍ട്ടിയാക്കാം.”

പാര്‍ട്ടി ഈ വരുന്ന ലോംഗ് വീക്കെന്‍ഡില്‍ നടത്തി കൂടേ ഡാഡീ?

സോറി. ഞാനപ്പോള്‍ ടൂറിലായിരിക്കും. നിന്റെ കൂട്ടുകാര്‍ക്കു സ്പ്രിംഗ് ബ്രേക്കില്‍ പാര്‍ട്ടി നടത്തുന്നതാവും സൗകര്യം.

ഓകെ. ഡാഡി. വാട്ടെവര്‍ യു സേ.

എന്താഗ്രഹിച്ചാലും വിലങ്ങുതടികളായി വരും ഈ പാരന്റ്‌സ് എന്നു പറയുന്ന ജീവികള്‍. ബീന പല്ലിറുമ്മി.
Previou Page Link:http://emalayalee.com/varthaFull.php?newsId=49491
സ്വപ്നാടനം(നോവല്‍ ഭാഗം-13)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക