Image

വിലാപങ്ങള്‍ക്കപ്പുറം-1 (കഥ)-പി,.റ്റി. പൗലോസ്

പി,.റ്റി. പൗലോസ് Published on 08 May, 2013
വിലാപങ്ങള്‍ക്കപ്പുറം-1 (കഥ)-പി,.റ്റി. പൗലോസ്
“കടന്നുപോകുന്ന ഓരോ ഇളം കാററിലൂടെയും മരണം സഞ്ചരിക്കുന്നു. ഓരോ പൂവിലും അവന്‍ പതിയിരിക്കുന്നു. പ്രശസ്തനായ ഹെബറിന്റെ പ്രസിദ്ധമായ വരികള്‍”

എന്നിലെ താത്വകഭാവം ശ്രദ്ധിക്കാതെ മാത്തുക്കുട്ടി മയക്കത്തിലേക്ക് മടങ്ങി.

"അതെ മാത്തുക്കുട്ടി, നമ്മെ തഴുകിതലോടി കുളിര്‍മയേകി കടന്നു പോകുന്ന ഇളംതെന്നല്‍ ഭീകരമായ സുനാമി തിരകളായി തിരികെവന്നേക്കാം. അതിന്റെ നീരാളി പിടുത്തത്തില്‍ മരണം എന്ന മഹാസത്യത്തെ നാം തിരിച്ചറിയുന്നു. വലിയ മനുഷ്യന്‍ ചെറിയതാവുന്ന വലിയ സന്ദര്‍ഭമാണത്."

പാതി മയക്കത്തില്‍ മാത്തുക്കുട്ടി: “എനിക്ക് ഒന്നും അറിയില്ല”

ഞാന്‍ : “എന്റെ അിറവില്ലായ്മയെക്കുറിച്ചുള്ള അറിവാണ് എന്റെ ഏറ്റവും വലിയ അറിവ് എന്നു പറഞ്ഞ സോക്രട്ടീസിന്റെ പിന്‍ഗാമിയാണ് മാത്തുക്കുട്ടി എന്നു തോന്നുന്നു”

ഇപ്പോള്‍ ശരിക്കും മാത്തുക്കുട്ടിക്ക് ദേഷ്യം വന്നു. അയാളെ മയക്കത്തിലേക്ക് തന്നെ മടക്കി. മഴ പതുക്കെ പെയ്തു തുടങ്ങി. ഞാന്‍ കാറിന്റെ പിറകിലത്തെ ഗ്ലാസ്സുകള്‍ ഉയര്‍ത്തി. രാവിലെ പതിനൊന്നു മണിക്കും സന്ധ്യോടടുത്ത പ്രതീതി. ഇടിയും മിന്നലുമായി മഴ കനക്കുകയാണ്. തുലാവര്‍ഷമാണ്. കാറിന്റെ വേഗത കുറഞ്ഞ് ഹൈവേയിലൂടെ മെല്ലെ നീങ്ങി.

“നാലുമണിക്കെങ്കിലും നമുക്ക് ഇടശേരിക്കരയിലെത്തണം”

ഞാന്‍ ഡ്രൈവര്‍ വേണുവിനോട് പറഞ്ഞു. എന്നെ കൂട്ടാന്‍ സഖാവ് സി.കെ.പി. നിയോഗിച്ചതാണ് വേണുവിനെ. പാവം വെളുപ്പിന് 4മണി മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍പായിരുന്നു. ട്രെയിന്‍ അഞ്ചുമണിക്കൂര്‍ ലെയിറ്റ്.

“മഴ കുറഞ്ഞാല്‍ നമുക്ക് സമയത്തിന് എത്താം സാര്‍”

വേണു പറഞ്ഞു. ഞാന്‍ മാത്തുക്കുട്ടിയെ നോക്കി. അയാള്‍ നല്ല ഉറക്കത്തിലാണ്. എനിക്ക് മാത്തുക്കുട്ടിയുമായി രണ്ടു രാത്രികളുടെയും രണ്ടു പകലുകളുടെയും പരിചയമേയുള്ളൂ. തീവണ്ടി തലസ്ഥാനത്തു നിന്നും പുറപ്പെട്ടപ്പോള്‍ മുതല്‍ എന്റെ സഹയാത്രികന്‍. ഡല്‍ഹിയില്‍ ഏതോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി. ഇന്നലെ രാത്രിയില്‍ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് ഒരേ സ്റ്റേഷനില്‍. പോകേണ്ടതും ഒരേ സ്ഥലത്തേക്ക്- ഇടശേരിക്കരക്ക്. അവിടെയാണ് മാത്തുക്കുട്ടിയുടെ ഭാര്യ ശോഭയുടെ വീട്. മാത്തുക്കുട്ടിക്ക് ഭാര്യയും ഒരു മകളും. ഭാര്യ ഹൗസ് വൈഫ്. മകള്‍ രമ്യ ബിസ്സിനസ്സ് മാനേജ്‌മെന്റിന് ഡല്‍ഹിയില്‍ പഠിക്കുന്നു. ശോഭയുടെ ബന്ധുനാട്ടില്‍ അത്യാസന്ന നിലയില്‍. എമര്‍ജന്‍സി ക്വോട്ടായില്‍ സംഘടിപ്പിച്ച ടിക്കറ്റില്‍ ശോഭയെ ഒരുദിവസം മുന്‍പെ നാട്ടിലേക്കയച്ചു. അവര്‍ നാട്ടില്‍ എത്തുന്നതിന് മുന്‍പെ ബന്ധു മരിച്ചു. വിവരം അറിഞ്ഞ ഉടനെ മാത്തുക്കുട്ടിയും യാത്രപുറപ്പെട്ടു. അങ്ങനെ ഞങ്ങള്‍ സഹയാത്രികര്‍. സംസ്‌ക്കാര ചടങ്ങ് ഇന്നാണ്. അതിന് മുന്‍പ് എത്തണമെന്ന് മാത്തുക്കുട്ടിക്ക് ആഗ്രമുണ്ട്. അഥവാ എത്തിയില്ലെങ്കിലും ശോഭക്ക് എത്താനായതില്‍ മാത്തുക്കുട്ടിക്ക് ആശ്വാസം.

1970 ലെ കല്‍ക്കട്ട. തിരക്കേറിയ ദക്ഷിണ കല്‍ക്കട്ടയിലെ റാഷ് ബിഹാരി ജംഗ്ഷനിലെ ദേനാ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ കെ.എസ്സ്. മാധവന് മദ്ധ്യതിരുവിതാംകൂറിലെ ഇടശേരിക്കരയില്‍ നിന്നും ഒരു ദിവസം ഒരു കത്ത് വന്നു. നാട്ടിലെ ഒരു പെണ്‍കുട്ടിക്ക് അനുയോജ്യനായ ഒരു വരനെ വേണം. പുരാതന ക്രിസ്ത്യന്‍ കുടുംബമായ ഇടശേരിക്കര തായനാട്ട് ചമ്പയില്‍ വലിയ തറവാട്ടിലെ പെണ്‍കുട്ടി. മുത്ത്ചഛന്‍ യാക്കോബായ സഭയിലെ ആത്മീയ തേജസും പ്രമുഖ വൈദികനും സുറിയാനി പണ്ഢിതനും. സാഹിത്യക്കാരനും മലയാള നാടകത്തിന് പുത്തന്‍ ദിശാബോധം നല്‍കിയ പ്രശസ്ത നാടകകൃത്തായിരുന്നു പിതൃസഹോദരന്‍. പിതാവാകട്ടെ ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്, പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ ഇടശേരിക്കരയിലെ ആദ്യരക്തസാക്ഷി. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതിഹാസനായിക പെണ്‍കുട്ടിയുടെ പിതൃസഹോദരീപുത്രി. മലയാളകവിതക്ക് മാസ്മരികതയുടെ പരിവേഷം നല്‍കിയ പ്രശസ്ത കവയിത്രികുട്ടിയുടെ മറ്റൊരു അമ്മാവി… മാധവന് പരിചയമുള്ള വിവാഹത്തിന് താല്പര്യമുള്ള ആരെങ്കിലും.. …അതായിരുന്നു കത്തിന്റെ ഉള്ളടക്കം. മാധവന്‍ കത്തുമായി വൈകുന്നേരം താരാ റോഡിലെ ലക്ഷ്മി നാരായണില്‍ എത്തി. അവിടെയാണ് മാധവനും മാത്യൂവര്‍ഗീസും താമസിക്കുന്നത്. മാത്യൂ വറുഗീസിന് മിഷ്യന്‍ റോയിലെ ഇന്‍ഡ്യന്‍ ബാങ്കിലാണ് ജോലി. മാധവന്‍ കത്ത് മാത്യുവര്‍ഗീസിന് നല്‍കി. പ്രശസ്ത സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായിരുന്ന ആന്റണി പെരിങ്ങാട്ടൂര്‍ മാത്യൂ വര്‍ഗീസ് എന്ന മാത്തുക്കുട്ടിയുടെ അമ്മാവനാണ്. മാത്തുക്കുട്ടി ചെറിയരീതിയില്‍ കഥകളും കവിതകളും എഴുതും. ചില ചെറുകഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്തുകുട്ടിയുടെ ഹൃദയരക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സാഹിത്യവാസന തന്നെയാണ് ഈ വിവാഹ ആലോചന തനിക്ക് ഇഷ്ടപ്പെടുവാന്‍ കാരണം. അതും പ്രശസ്ത സാഹിത്യകാരന്റെ കുടുംബത്തില്‍ നിന്നും.

ഒരു മാസത്തിനകം വിവാഹം നടന്നു. വിവാഹം ആര്‍ഭാടമായിരുന്നില്ല. തെക്കന്‍ തിരുവിതാംകൂറിലെ ഒരു യാക്കോബായ ക്രിസ്ത്യന്‍ ദേവാലയത്തില്‍ വച്ച് മാത്തുക്കുട്ടിയുടെ ബന്ധുവായ ഒരു പുരോഹിതന്റെ കാര്‍മ്മികത്വത്തില്‍ ചുരുക്കം ചില ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ചെറിയ രീതിയില്‍ ഒരു ചടങ്ങ്. മാത്തുക്കുട്ടിയുടെ തറവാട്ടിലെ ചെറിയ ഒരു സ്വീകരണത്തിന് ശേഷം വിവാഹസംഘം വധുവിന്റെ വസതിയില്‍ എത്തിചേര്‍ന്നു. അവിടെ മാത്തുക്കുട്ടി പ്രതീക്ഷിച്ച ഊഷ്മളമായ, ഒരു സ്വീകരണമായിരുന്നില്ല. ചില അയല്‍വാസികള്‍, ആരോടും സംസാരിക്കാത്ത ആധുനിക ബുദ്ധിജീവി എന്നു തോന്നിക്കുന്ന വധുവിന്റെ സഹോദരന്‍ കഞ്ചാവ് ലഹരിയില്‍ , വിവാഹസംഘത്തിലുണ്ടായിരുന്ന വധുവിന്റെ ജേഷ്ഠത്തിമാരും മറ്റു ചില ബന്ധുക്കളും. വിധവ ആയ വധുവിന്റെ മാതാവ് ഗ്രേസമ്മ. പിന്നെ ചിരിക്കാന്‍ പിശുക്ക് കാട്ടുന്ന ഒരു കൊച്ചു പാവാടക്കാരി സുന്ദരി. പാവാടക്കാരിയെ ചുറ്റിപറ്റി നെഞ്ചുപൊന്തിയ ഒരു ഉണ്ടക്കണ്ണന്‍ പയ്യന്‍. എല്ലാം നിയന്ത്രിച്ചു കൊണ്ട് ഒരു കാര്യസ്ഥന്‍. കാര്യസ്ഥനോ വീട്ടുകാരനോ? അറുപതിനോടടുത്ത പ്രായം. നരച്ചമുടി. അല്പം കഷണ്ടി. സാമാന്യം ഭംഗിയായ വസ്ത്രധാരണം. മുറിക്കയ്യന്‍ ചെക്കു ഷര്‍ട്ടിന്റെ ബട്ടണുകള്‍ മുകള്‍ ഭാഗത്ത് മുഴുവന്‍ ഇട്ടിട്ടില്ല. നെഞ്ചിലെ നരച്ച രോമങ്ങള്‍ പുറത്തു കാണാം. ചെമന്ന് തുറിച്ച കണ്ണുകള്‍. ഓരോരുത്തരെയും മാറി മാറി നോക്കുന്നു. കൈയില്‍ എരിഞ്ഞു കൊണ്ടിരുന്ന ബര്‍ക്കലി സിഗരറ്റ് ദൂരെയെറിഞ്ഞഅ അദ്ദേഹം മാത്തുക്കുട്ടിയുടെ അടുത്തെത്തി. വധൂവരന്മാര്‍ക്ക് ക്രമീകരിച്ചിരുന്ന ഒരു കസേരയില്‍ പിടിച്ചിരുത്തി. പിന്നെ അവിടെനടന്ന സ്വീകരണ ചടങ്ങുകള്‍ക്കൊക്കെ അദ്ദേഹം മേല്‍നോട്ടം നല്‍കി. സന്ധ്യയോടെ ആളുകള്‍ ഓരോന്നായി പിരിഞ്ഞു. കാര്യസ്ഥന്‍ ഉണ്ടക്കണ്ണന്‍ പയ്യനെ മാത്തുക്കുട്ടിക്ക് പരിചയപ്പെടുത്തി.

(തുടരും.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക