Image

റ്റൊര്‍നേഡോ അല്ലെങ്കില്‍ ചുഴലിക്കാറ്റിന്റെ പിതാവായ ടൈഫൂണ്‍ -ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 07 June, 2013
റ്റൊര്‍നേഡോ അല്ലെങ്കില്‍ ചുഴലിക്കാറ്റിന്റെ പിതാവായ ടൈഫൂണ്‍ -ജി. പുത്തന്‍കുരിശ്
ഉഗ്രമായ ഒരു ചുഴലിക്കാറ്റിനെയാണ് റ്റൊര്‍നാഡോ അഥവാ ടിസ്റ്റര്‍ അല്ലെങ്കില്‍ഗ്രീക്ക് ഇതിഹാസത്തിലെ ചുഴലിക്കാറ്റിന്റെ പിതാവായ ടൈയഫൂണ്‍ എന്ന് വിളിക്കുന്നത്. സാധാരണ ചുഴലിക്കാറ്റുകളുടെ വേഗത നൂറ്റിപത്ത് മൈലും ഏകദേശം ഇരുനൂറ്റി അന്‍പതടി വിസ്തൃതിയില്‍ ചുറ്റി തിരിയുന്നതുമാണ്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിന് ആകാശത്തിലുണ്ടാകുന്ന വര്‍ണ്ണ വ്യത്യാസം, പ്രത്യേകിച്ച് പച്ച നിറത്തില്‍ കാണുന്ന നീലാകാശം ഒരു മുന്‍ സൂചനയായി പലരും പറയാറുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ ഒരു ന്യായികരണവും കാണുന്നില്ല. റേഡാര്‍പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ കാലഘട്ടങ്ങളില്‍ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിവ് നല്‍കാന്‍ കഴിയുന്നു. അത്തരം പ്രവചനങ്ങളേയും ചുഴലിക്കാറ്റുകള്‍ ചിലപ്പോള്‍ തെറ്റിക്കാറുണ്ട്.

ഒരു ചുഴലിക്കാറ്റ് നിങ്ങളുടെ നേരെ വരുമ്പോള്‍ നിങ്ങളെന്തു ചെയ്യും? ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം കണ്ടെത്തുക അത്ര ഏളുപ്പമല്ല. അത്യാഹിത വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം, നിങ്ങള്‍ വീടുകളിലാണ്, ഓടി രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഇല്ലായെങ്കില്‍, വീടിനകത്തെ ക്ലോസെറ്റിലോ, ഏറ്റവും അന്തര്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുറികളിലൊ അഭയം തേടുക എന്നതാണ് ഏറ്റവും യുക്തിപരമായി ചെയ്യാവുന്ന കാര്യം. എങ്കിലും അതിവേഗം ചുഴന്നടുക്കുന്ന കാറ്റ് ഏത് രീതിയില്‍ പെരുമാറുമെന്ന് ആര്‍ക്കും ഒരുറപ്പും ഇല്ല. ഓക്കലഹോമയിലെ മൂര്‍ എന്ന സ്ഥലത്ത് ഒരു സ്ത്രീയും അവരുടെ സഹോദരനും റസ്‌റ്റോറന്റിലെ നടന്നു കയറാവുന്ന ഫ്രീസറില്‍ കയറി രക്ഷപ്പെട്ടു.

മറ്റൊരാള്‍ അതുപോലെ ഒരു കണ്‍വീനിയന്റ് സ്‌റ്റോറില്‍ അങ്ങനെ ചെയ്‌തെങ്കിലും രക്ഷപ്പെടാനായില്ല. ടെര്‍മി മില്ലര്‍ അവരുടെ മൂന്ന് കുട്ടികളേയും ക്ലോസെറ്റില്‍ കയറ്റി രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും റ്റീവിയിലൂടെ കേട്ട ഒരു പത്ര റിപ്പോട്ടറുടെ ഉപദേശപ്രകാരം കുട്ടികളെ കാറിലിട്ട് രക്ഷപ്പെടുകയുണ്ടായി. പിന്നീട് അവര്‍ കാറ്റിന്‌ശേഷം തിരികെ വന്നപ്പോള്‍, അവര്‍ ഒളിച്ചിരിക്കാന്‍ ഒരുമ്പെട്ട ക്ലോസെറ്റടക്കം എല്ലാം അപ്രത്യക്ഷമായിരുന്നു.
ചുഴലിക്കാറ്റിനെ അതിജീവിക്കാന്‍ സുരക്ഷിതമായ ഒരു മുറിയിലൊ ക്ലോസെറ്റിലൊ അഭയം തേടാന്‍ പലരും ഉപദേശിക്കുമെങ്കിലും, മുന്നറിവിന് ശേഷം ആവശ്യത്തിന് സമയമുണ്ടെങ്കില്‍, മില്ലര്‍ ചെയ്തതുപോലെ എത്രയും പെട്ടന്ന് കാറില്‍ കയറി രക്ഷപ്പെടാന്‍ നോക്കുക. സധാരണ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ കിട്ടില്ലന്നാണ് വീടുകളോടൊപ്പം ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ മുറികളും ഡിസൈയിന്‍ ചെയ്യുന്ന എഡ് ബെയിറ്റ്‌സിന്റെ അഭിപ്രായം.

ആവശ്യത്തിന് സമയം ഉണ്ടെങ്കില്‍ കാറില്‍ കയറി ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്ന് തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞ് ഏത്രയും വേഗം രക്ഷപ്പെടാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. സാധാരണചുഴലിക്കാറ്റിന് എഴുപതു മൈല്‍ വേഗതയുണ്ടെങ്കിലും അതിന്റെ മുന്നോട്ടുള്ള കുതിപ്പിന് മുപ്പത് മൈലില്‍ കൂടുതല്‍ വേഗതയില്ല എന്നാണ് ഫെഡറല്‍ എമര്‍ജെന്‍സി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. ഒക്കലഹോമയില്‍ ഈ അടുത്ത ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റിന് ഇരുനൂറ് മൈല്‍ വേഗതയുണ്ടായിരുന്നു. പന്തീരായിരം വീടുകളെ നശിപ്പിക്കുകയും ഇരുപത്തിനാല് ജീവനെ അപഹരിക്കുകയും ചെയ്ത ഈ ചുഴലിക്കാറ്റ് ഏകദേശം രണ്ട് ബില്ലിയണ്‍ ഡോളറിന്റെ നാശ നഷ്ടം വരുത്തിയെന്ന് കണക്കാക്കിയിരിക്കുന്നു.

ചുഴലിക്കാറ്റ് സ്ഥിരം ആഞ്ഞടിച്ച് നാശം വരുത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷാസങ്കേതങ്ങള്‍ വീടുകളോടും സ്‌കൂളുകളോടുമൊക്കെ ചേര്‍ന്ന് പണിയേണ്ടതിന്റെ ആവശ്യകത എത്രയെന്ന് ഓക്കലഹോമയിലെ ദുരന്തം വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിന്നും മരിച്ച കുഞ്ഞുങ്ങളേ രക്ഷിക്കാന്‍ ഒരു പക്ഷേ സുരക്ഷാസങ്കേതങ്ങള്‍ക്ക് കഴിയുമായിരുന്നു.. ഒക്കലഹോമയിലെ ഒരു സ്‌കൂളുകള്‍ക്കും രക്ഷാസങ്കേതങ്ങള്‍ ഇല്ല. പക്ഷേ ആ അവസ്ഥ വലിയ കാലതാമസമില്ലാതെ മാറുമെന്നാണ് മൂര്‍ സിറ്റിയിലെ മേയര്‍ ഗ്ലെന്‍ ലൂയിസ് പറഞ്ഞത്.

ഈ ദുരന്തത്തില്‍ കൂടി ഒരു കുടുംബവും കടന്നു പോയിക്കൂടാ എന്നാണ് പ്ലാസാ ടവര്‍ സ്‌കൂള്‍ തകര്‍ന്ന് മരിച്ച എട്ടു വയസുകാരി കയലിന്റെ അമ്മ സുരാക്ഷസങ്കേതത്തിന്റെ ആവശ്യം ഉന്നയിച്ച് പറഞ്ഞത്. ക്ലോസറ്റുകളും, ഇടുങ്ങിയ മുറികളും രക്ഷപ്പെടുവാനുള്ള സങ്കേതങ്ങളായി ഉപയോഗിക്കുമ്പോള്‍ തലയില്‍ ഘനമുള്ള സാധനങ്ങള്‍ വീണ് പരിക്കേല്‍ക്കാതെ ഹെല്‍മെറ്റും മറ്റും ഉപയോഗിച്ച് തല സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. പറന്നു വരുന്ന വസ്തുക്കള്‍ ഏറ്റവും മാരകമായ ആയുധമായി മാറാവുന്നതാണ്. ഒരിക്കലും കാറ് ഒരു അഭയ സങ്കേതമല്ല. കാറ് ഓടിച്ച് രക്ഷപ്പെടാന്‍ കഴിയാതെ വരുമ്പോള്‍, കാറു നിറുത്തി ഏതെങ്കിലും കിടങ്ങിലൊ കുഴിയിലൊ അഭയം തേടുക.

ടൊര്‍നേഡൊയെക്കുറിച്ച് പല തെറ്റ്ധാരണകളുമുണ്ട്. ഒരു സ്ഥലവും ചുഴലിക്കാറ്റിന് എത്തിചേരാന്‍ കഴിയാത്തതായില്ല. അതിന് നദികള്‍ കടന്ന് പര്‍വ്വതങ്ങള്‍ കയറി, താഴ്‌വാരങ്ങളിലൂടെ നഗരങ്ങളിലും എത്തിചേരാന്‍ കഴിയും. അതിന്റെ കോപാഗ്ന്ദിയില്‍ അതിന്റെ വഴിത്താരയില്‍ വരുന്നതെന്തിനേയും അത് നശിപ്പിക്കുകയും കാറ്റില്‍ പറത്തുകയും ചെയ്യും. എത്രയും പെട്ടന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയെന്നതുമാത്രമാണ് നമ്മള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക