Image

ഭക്തിമാര്‍ഗ്ഗം (കഥ)

ജയിന്‍ ജോസഫ്‌, ഓസ്റ്റിന്‍ Published on 13 June, 2013
ഭക്തിമാര്‍ഗ്ഗം (കഥ)
കടുത്ത വേനലില്‍ ഭൂമി ചുട്ടുപൊള്ളുന്ന ഏപ്രില്‍മാസത്തിലെ ഒരു ശനിയാഴ്‌ച. സമയം ഏതാണ്‌ ഉച്ചയോട്‌ അടുക്കുന്നു. വിശന്ന്‌ അവശനായ ഒരു യാചകന്‍ വഴിയരികില്‍ കണ്ട പള്ളിയുടെ മുറ്റത്തേക്ക്‌ നടന്നു. പള്ളിയില്‍ നിന്ന്‌ ഉച്ചത്തില്‍ പാട്ടുകേള്‍ക്കാം. പള്ളിയുടെ ഒരു വശത്ത്‌ കുറച്ച്‌ പുറകിലായി ഒരു പന്തലിട്ടിരിക്കുന്നു. പന്തലിന്റെ പുറകുവശത്തായി രണ്ട്‌ അടുപ്പുകള്‍ കൂട്ടിയിട്ടിട്ടുണ്ട്‌. രണ്ടാളുകള്‍ അടുപ്പിനടുത്ത്‌ നില്‍ക്കുന്നു. യാചകന്‍ അവരുടെ അടുത്തേക്ക്‌ നടന്നു.

ഒരടുപ്പില്‍ വലിയൊരു പാത്രത്തില്‍ അരി വെട്ടിത്തിളയ്‌ക്കുന്നു. രണ്ടാമത്തെ അടുപ്പില്‍ പയറും. പള്ളിയിലെ കുശിനിക്കാരനും സഹായിയുമാണ്‌ യാചകന്‍ കണ്ട രണ്ട്‌ ആളുകള്‍. അവര്‍ അരിയും പയറും ഇളക്കുകയും അടുപ്പിലെ തീ ഊതിക്കൊടുക്കുകയും ചെയ്യുന്നു. അതിനിടയില്‍ യാചകനെ അവര്‍ കണ്ടില്ല. `വല്ലതും തരണേ...' യാചകന്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു.

``അച്ചന്‍ പള്ളിയില്‍ ധ്യാനിപ്പിക്കുവാ. പിന്നെങ്ങാനും വാ'' കുശിനിക്കാരന്‍ ചോറിന്റെ വേവ്‌ നോക്കുന്നതിനിടയില്‍ പറഞ്ഞു. വേവാറായ ചോറിന്റം മണം! യാചകന്റെ മൂക്ക്‌ വിടര്‍ന്നു; വയര്‍ എരിഞ്ഞു.

`വല്ലതും കഴിക്കാനെങ്കിലും തരണേ...രാവിലെ മുതല്‍ പട്ടിണിയാ...' യാചകന്‍ കേണുപറഞ്ഞു.

`ഇയാളോടല്ലേ പോകാന്‍ പറഞ്ഞത്‌. കുഞ്ഞൂഞ്ഞേ അരി വാര്‍ക്കാറായിട്ടുണ്ട്‌. അര മണിക്കൂറിനുള്ളില്‍ ധ്യാനം കഴിയും. ഉടനെ കഞ്ഞിയും പയറും കിട്ടിയില്ലെങ്കില്‍ എന്തു ധ്യാനാരൂപിയാണെങ്കിലും ജനം വയലന്റാവും'.

സഹായി കുഞ്ഞൂഞ്ഞ്‌ പയറ്‌ വേവുന്ന അടുപ്പിന്റെ വിറകിളക്കി തീയ്‌ക്ക്‌ ശക്തികൂട്ടി.

യാചകന്‍ വിറയ്‌ക്കുന്ന കാലുകള്‍ വലിച്ചുവെച്ച്‌ പള്ളിയുടെ അടുത്തേക്ക്‌ നടന്നു. വാതിലിനടുത്ത്‌ നിന്ന്‌ അയാള്‍ അകത്തേക്ക്‌ തലയെത്തിച്ചു നോക്കി. ഭക്തജനം കൈകളുയര്‍ത്തി വീശി ഗായകസംഘത്തിനൊപ്പം സ്‌തുതുഗീതങ്ങള്‍ പാടുന്നു. യാചകന്‌ വിശന്നിട്ട്‌ തല കറങ്ങുന്നതുപോലെ തോന്നി. അയാള്‍ പള്ളിക്കകത്ത്‌ കയറി വാതിലിനടുത്തായി ഒതുങ്ങിനിന്നു.

`അടുത്ത സ്‌തോത്രപ്രാര്‍ത്ഥനയ്‌ക്കുശേഷം ഉച്ചഭക്ഷണത്തിനായി പിരിയുന്നതാണ്‌' അച്ചന്‍ മൈക്കില്‍കൂടി അറിയിച്ചു.

`ഹാലേലുയ്യാ' അച്ചന്‍ കരങ്ങള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തി. `ഹാലേല്ലുയ്യാ...ഹാലേലുയ്യാ...' ജനം ഏറ്റുപറഞ്ഞു. വെന്ത ചോറിന്റേയും പയറിന്റേയും ദൃശ്യം യാചകന്റെ മനസില്‍ തെളിഞ്ഞു. അയാളും അവരോടൊപ്പം കൈകള്‍ ഉയര്‍ത്തി. വിശപ്പിന്റെ വിറയാര്‍ന്ന ശബ്‌ദത്തില്‍ അര്‍ത്ഥമറിയാതെ ഏറ്റുപറഞ്ഞു: `ആ...ലേ...ലു...യാ' അപ്പോള്‍ പുറത്ത്‌ കുശിനിക്കാരന്‍ പയറുവേവിച്ചതില്‍ കടുക്‌ താളിച്ച്‌ ചേര്‍ക്കുകയായിരുന്നു.
ഭക്തിമാര്‍ഗ്ഗം (കഥ)
Join WhatsApp News
Keeramutty 2013-06-15 13:20:02



ഭക്തിമാര്‍ഗ്ഗം (കഥ)
ജയിന്‍ ജോസഫ്‌, ഓസ്റ്റിന്‍

 മലയാളികളുടെ ആത്മീയ വിശപ്പ്‌, മറ്റേതു വിശപ്പിനെക്കാള്‍ വളരെ ഉയരെയാണെന്ന് കാണിക്കുന്ന നല്ലൊരു (ചെറു) കഥ.

കീറാമുട്ടി
ഈറ്റില്ലം

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക