Image

`ഓടിക്കോ മക്കളെ, വാര്‍ത്തയുടെ സമയമായി'

ഷോളി കുമ്പിളുവേലി Published on 25 June, 2013
`ഓടിക്കോ മക്കളെ, വാര്‍ത്തയുടെ സമയമായി'
സമയം രാവിലെ പതിനൊന്നരയാകുന്നു. നാട്ടിലെ രാത്രി ഒമ്പതിന്റെ ലൈവ്‌ ന്യൂസിന്റെ സമയം. എനിക്കാണെങ്കില്‍ ന്യൂസ്‌ കണ്ടേ പറ്റൂ. സ്‌കൂള്‍ അടച്ചതുകാരണം മക്കള്‍ രണ്ടുപേരും രാവിലെതന്നെ ടിവിയുടെ മുന്നിലിരുപ്പാണ്‌. എന്തോ പാട്ടുപരിപാടി കണ്ടുകൊണ്ടിരുന്ന അവരോട്‌ ഞാന്‍ പറഞ്ഞു: `മക്കളെ ഡാഡിക്കു വാര്‍ത്ത കാണണം' എന്റെ `വാര്‍ത്താ ഭ്രാന്ത്‌' അവര്‍ക്കും നന്നായി അറിയാവുന്നതാണ്‌. പെട്ടെന്നുതന്നെ അവര്‍ ചാനല്‍ മാറ്റി, ന്യൂസ്‌ വയ്‌ക്കാനൊരുങ്ങി. `വേണ്ട, വേണ്ട ഞാന്‍ വെച്ചോളാം, നിങ്ങള്‌ കേറി പൊയ്‌ക്കോ' ഞാന്‍ ധൃതി കൂട്ടി. `ഞങ്ങളും വാര്‍ത്ത കാണട്ടെ ഡാഡീ'. അവരും വിടുന്ന ലക്ഷണമില്ല. `വേണ്ട, നിങ്ങള്‌ വാര്‍ത്ത കാണണ്ട'! `അതെന്താ കണ്ടാല്‍?, ഡാഡിയല്ലേ എപ്പോഴും പറയുന്നത്‌, നാട്ടിലെ ന്യൂസ്‌ കണണമെന്നും, നമ്മുടെ സംസ്‌കാരം പഠിക്കണമെന്നുമൊക്കെ. എന്നിട്ടിപ്പോള്‍?'

ശരിയാണ്‌, പിള്ളേര്‌ നാടും, പൈതൃകവും, ഭാഷയുമെല്ലാം മറക്കാതിരിക്കാന്‍, വഴക്കുപറഞ്ഞാണ്‌ നേരത്തെ വാര്‍ത്ത കാണിച്ചിരുന്നത്‌. പക്ഷെ ഇപ്പോള്‍? ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോള്‍, അപ്പന്റെ അധികാര ചെങ്കോല്‍ പുറത്തെടുത്തു. `കേറി പോടീ..' രണ്ടും സ്ഥലംവിട്ടു. എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. പാവം പിള്ളേര്‌! അവരറിയുന്നില്ലല്ലോ, ഈ അപ്പന്റെ മനോവിഷമം!!

ന്യൂസ്‌ വെച്ചാല്‍ എന്താണ്‌ ആദ്യം സ്‌ക്രീനില്‍ തെളിയാന്‍ പോകുന്നതെന്ന്‌ എനിക്ക്‌ നന്നായി അറിയാം. കഴിഞ്ഞ രാത്രി അവരുടെ മമ്മിയോടൊപ്പം ഇരുന്ന്‌, ലൈവായി ഇത്‌ പലതവണ കണ്ടതാണ്‌. ഹൊ, എന്തൊരു പരാക്രമം! പതിനഞ്ചും പതിനാറും വയസുള്ള പിള്ളേരോടൊപ്പം ഇരുന്ന്‌ ഒരപ്പന്‍ എങ്ങനെ ഇതൊക്കെ കാണും? പിള്ളേര്‍ `മാതൃഭാഷ' അറിഞ്ഞിരിക്കേണ്ടത്‌ അനിവാര്യമാണെന്നു പറഞ്ഞ്‌, അടികൊടുത്താണ്‌ മലയാളം പഠിപ്പിച്ചത്‌. അതുകൊണ്ടെന്താ, എന്നെക്കാള്‍ നന്നായി മലയാളം പറയുകയും, മനസിലാക്കുകയും ചെയ്യും.

വായിക്കാന്‍ പോകുന്ന വാര്‍ത്ത, അവരോടൊപ്പം ഇരുന്ന്‌ ഞാനെങ്ങനെ കേള്‍ക്കും? അപ്പനും മകനും ഒരേ സ്‌ത്രീയെ പ്രാപിക്കുക. മകളുടെ പ്രായമുള്ള സ്‌ത്രീ, അപ്പന്റേയും മകന്റേയും കൂടെ കിടക്കറ പങ്കിടുക. അത്‌ കാമറയില്‍ പകര്‍ത്തുക. പത്രക്കാര്‍ക്ക്‌ കൊടുക്കുക. ടിവിയില്‍ കാണിക്കുക. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

അങ്കമാലി വാര്‍ത്ത കഴിഞ്ഞാല്‍ വരാന്‍ പോകുന്നത്‌ മുഖ്യന്റെ വീട്ടിലെ അടുക്കള വിശേഷം. അത്‌ പ്രതിപക്ഷ നേതാവിന്റെ വക സ്‌പെഷല്‍. അതു കഴിഞ്ഞാല്‍ `സരിത കേരളം, സുന്ദരകേരളം' പരിപാടി. ടിവി കാമറകള്‍ ഒപ്പിയെടുത്ത സരിതചേച്ചിയുടെ മാംസള ഭാഗങ്ങള്‍ ടിവിയിലൂടെ മിന്നി മറയുന്നു. കണ്ണടയ്‌ക്കാന്‍ തോന്നില്ല!! പിന്നെ ബിജുക്കുട്ടന്റെ വീരപരാക്രമങ്ങള്‍, ഷാലുമോളെ ഡാന്‍സുകളി....അങ്ങനെ നീളുന്നു. എല്ലാംകൂടി ഒരു മണിക്കൂറെങ്കിലും കൊള്ളാത്തയത്ര വാര്‍ത്തകള്‍! ഇതിന്റെയിടയില്‍ `സുന്ദര കേരളം' പിനി പിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. ഡങ്കിയും, കൊതുകും എല്ലാംകൂടി ആയിരക്കണക്കിനു ജീവന്‍ കൊണ്ടുപോയി. ആശുപത്രിയില്‍ മരുന്നില്ല. ഡോക്‌ടര്‍മാര്‍ സമരത്തിലും. നോര്‍ത്ത്‌ ഇന്ത്യയില്‍ വെള്ളപ്പൊക്കം. പതിനായിരങ്ങള്‍ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം ഗോവിന്ദ!

വലിയ മനുഷ്യസ്‌നേഹി നെല്‍സണ്‍ മണ്ടേല മരണത്തോടു മല്ലടിക്കുന്നു. നാടെങ്ങും വിലക്കയറ്റം. സാധാരണക്കാര്‍ക്കുപോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. `പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണം' എന്ന അടിസ്ഥാന പ്രമാണത്തില്‍ മാത്രം മാറ്റമില്ലാതെ, കിട്ടിയ അവസരത്തില്‍ മദാമ്മയും മക്കളും `കടുംവെട്ട്‌' നടത്തുന്നു.

ഇതൊന്നും വാര്‍ത്തയേ അല്ല! അല്ലെങ്കില്‍ ഇതൊക്കെ എന്തോന്നു വാര്‍ത്ത? അല്‍പം മസാലയില്ലെങ്കില്‍ വാര്‍ത്ത കാണാനും ആളെ കിട്ടില്ല.

അടുത്ത ആഴ്‌ച പാറശാല എം.എല്‍.എ എ.ടി ജോര്‍ജ്‌ സാറിന്റെ വക `സി.ഡി' ഇറങ്ങാന്‍ പോകുന്നു. എതായാലും ഒരു കാര്യം തീരുമാനിച്ചു. അതിനു മുമ്പെ, `വാര്‍ത്താ ചാനല്‍' കട്ടു ചെയ്യണം. പിള്ളേര്‌ വേണ്ടാത്തതൊന്നും കാണേണ്ടെന്നു കരുതിയാണ്‌ നേരത്തെ ഇംഗ്ലീഷ്‌ ചാനലുകള്‍ നിര്‍ത്തിയത്‌. ഇപ്പോഴിതാ എന്റെ `ശ്രേഷ്‌ഠ മലയാളവും' കട്ടുചെയ്യാന്‍ പോകുന്നു. വീണ്ടും ഇംഗ്ലീഷ്‌ ചാനലിലേക്ക്‌. തമ്മില്‍ ഭേദം അതുതന്നെയല്ലേ?
`ഓടിക്കോ മക്കളെ, വാര്‍ത്തയുടെ സമയമായി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക