Image

അമേരിക്കയിലെ മലയാളി പ്രവാസികള്‍ 1970 കളിലും, ഇന്നും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌ Published on 17 August, 2013
അമേരിക്കയിലെ മലയാളി പ്രവാസികള്‍ 1970 കളിലും, ഇന്നും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
(ഇന്ന്‌- ഓഗസ്റ്റ്‌ 17-ന്‌ നടന്ന `സാഹിത്യ സല്ലാപം' പരിപാടിയില്‍ അവതരിപ്പിച്ച പ്രബന്ധം)

ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ 1970 ല്‍ ഞാന്‍ അമേരിക്കന്‍ മണ്ണില്‍ കാല്‍കുത്തിയപ്പോള്‍ മുതലുള്ള എന്റെ ഓര്‍മ്മകള്‍ ചിറകു വിടര്‍ത്തുകയാണ്‌. നീണ്ട നാലു ദശാബ്ദങ്ങളുടെ ഈ കാലയളവില്‍ അമേരിക്കന്‍ മലയാളിസമൂഹം മാറുകയും മാറ്റപ്പെടുകയും ചെയ്‌തു. അവരില്‍ ഭൂരിപക്ഷം പേര്‍ അമേരിക്കന്‍ പൗരന്മാരായി. അവര്‍ക്ക്‌ ഇവിടെ വച്ചു ജനിച്ച കുട്ടികള്‍ ജന്മംകൊണ്ട്‌ അമേരിക്കന്‍ പൗരന്മാരായി. ഈ സംഭവ വികാസങ്ങളുടെ പൂര്‍ണ്ണ രൂപം ഒരു ചെറു ലേഖനത്തില്‍ ഒതുക്കുക ശ്രമകരമാണെങ്കിലും, ചില പ്രധാന കാര്യങ്ങളിലേയ്‌ക്ക്‌ ഒന്നു കണ്ണോടിക്കുകയും, അതിലൂടെ തെളിഞ്ഞ ചില കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയുമാണിവിടെ.

`പരിണാമ ചക്രം തിരിയുമ്പോള്‍ പത്‌നിയായ്‌, അമ്മയായ്‌, അമ്മൂമ്മയായ്‌ മാറുന്ന' സ്‌ത്രീയെപ്പറ്റി ഒരു കവി പാടിയത്‌ ഓര്‍മ്മ വരുന്നു. പുരുഷനും സ്‌ത്രീയുമടങ്ങുന്ന സമൂഹത്തില്‍ സ്‌ത്രീയുടെ മാറ്റങ്ങളെപ്പറ്റി മാത്രം എന്തുകൊണ്ട്‌ കവികള്‍ പാടുന്നുവെന്ന ചോദ്യത്തിനുത്തരം കുടുംബഭദ്രതയുടെ താക്കോല്‍ എന്നും സ്‌ത്രീയില്‍ നിക്ഷിപ്‌തമാണെന്നുള്ളതുകൊണ്ടാണ്‌. ഈ മനോഹരഭൂമിയില്‍ താമസിക്കുവാനും, പെറ്റുപെരുകാനും വേണ്ടി ദൈവം രണ്ടാമതു സൃഷ്ടിച്ചതു സ്‌ത്രീയെ ആണെങ്കിലും അമേരിക്കയിലെ മലയാളി തലമുറകളുടെ പൂര്‍വ്വ
തറവാടുകളന്വേഷിച്ചു ചെല്ലുമ്പോള്‍ ഇവിടെ (അമേരിക്കയില്‍) ആദ്യം എത്തിയത്‌ അധികവും സ്‌ത്രീകളാണെന്ന്‌ കാണുന്നു. പാലും തേനുമൊഴുകുന്ന കനാന്‍ദേശമായി കരുതുന്ന അമേരിക്കയിലേയ്‌ക്ക്‌ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മദ്ധ്യത്തോടെ ആതുരസേവന രംഗത്തേയ്‌ക്ക്‌ കുറെ നേഴ്‌സസ്‌ എത്തി, അവര്‍ അമേരിക്കന്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി സമ്പല്‍സമൃദ്ധമായ കുടുംബങ്ങള്‍ പടുത്തുയര്‍ത്തി.

അങ്ങനെ അമേരിക്കന്‍ മണ്ണില്‍ എത്തിച്ചേര്‍ന്ന മലയാളി സമൂഹം ഇപ്പോള്‍ റിട്ടയര്‍മെന്റിന്റെ മാധുര്യം (അതോ വിരസതയോ) അനുഭവിക്കുവാന്‍ തയ്യാറെടുക്കുന്നു എന്ന നഗ്നസത്യം ചിന്തോദ്ദീപകമാണ്‌. അവരെ ആദ്യകാല മലയാളി പ്രവാസത്തലമുറയെന്നു തന്നെ വിളിക്കാം. അവരുടെ കഷ്ടതകളും, യാതനകളും, വേദനകളും സ്വന്തം
കുടുംബത്തിനുവേണ്ടിയുള്ള കരുതലുകളും ത്യാഗങ്ങളും കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ഇഴപിരിഞ്ഞു കടന്നുപോയ അനുഭവസാക്ഷ്യം ഇന്ന്‌ ചിലരെങ്കിലും ചിലപ്പോള്‍ ഖണ്ഡിച്ചേക്കാം. അതു വിസ്‌മൃതിയുടെ വിദൂര മൂലകളില്‍ മറയപ്പെടുന്നെങ്കിലും.

പ്രകാശമാനമായ ഒരു ഭാവിക്കുവേണ്ടിയുള്ള അവരുടെ രണ്ടാമത്തെ പ്രവാസയാനമായിരുന്നു ഇത്‌. അഞ്ചും, ഏഴും, എട്ടും മക്കളുള്ള കുടുംബത്തിലെ, കൂട്ടുകുടുംബത്തിലെ ആദ്യത്തെ ആണ്‍തരികള്‍ പലരും പട്ടാളത്തിലേയ്‌ക്കോ, എയര്‍ഫോഴ്‌സിലേയ്‌ക്കോ ജോലിക്കായും, പെണ്‍തരികള്‍ കൗമാരത്തിന്റെ കന്നിദിശയില്‍ കയ്യിലൊരു കൊച്ചു തകരപ്പെട്ടിയില്‍ ചീട്ടിത്തുണിയില്‍ തുന്നിയെടുത്ത രണ്ടുമൂന്നു ജോഡി ഉടുതുണിയും, ഉമിക്കരിയും, ഉപ്പിലിട്ടതും, ഉപ്പേരിയും, ഉച്ചിയില്‍ പൊത്താന്‍ കാച്ചെണ്ണയും, സ്വത്തതായി ഗ്രാമത്തിന്റെ ശാന്തിയും ശാലീനതയും നൈര്‍മ്മല്യവും കൈമുതലാക്കിക്കൊണ്ട്‌, കേരളത്തിന്റെ പുറംനാടുകളിലേയ്‌ക്ക്‌ ഏകരായി പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ തീവണ്ടി കയറിയ 1950 -1960 കള്‍. കലാലയങ്ങള്‍ കേരളത്തിലെ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നതിനാല്‍ കലാലയ വിദ്യാധനര്‍ അംഗുലീ പരിമിതങ്ങളായി നിലകൊണ്ടു.

പട്ടാളജീവിതത്തിലൂടെ, ആതുരസേവന ശിക്ഷണത്തിലൂടെ പരിപക്വരായിത്തീര്‍ന്ന ആ യുവതലമുറ അമേരിക്കന്‍ വളക്കൂറിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ടു. പറിച്ചുനടപ്പെട്ട എഴുപതുകളുടെ ആദ്യ പകുതിയ്‌ക്ക്‌ മുമ്പുതന്നെ വിവിധ രംഗങ്ങളില്‍ ഉപരിപഠനാര്‍ത്ഥവും ഇവിടെ വളരെ കുറച്ചുപേര്‍ എത്തിക്കൊണ്ടിരുന്നു. 1968 ല്‍ അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമം ലാഘവപ്പെടുത്തിയതോടുകൂടി എക്‌സ്‌ചേയ്‌ഞ്ചു വിസായില്‍ വളരെ കുറച്ചു പെണ്‍രുട്ടികള്‍ അമേരിക്കയിലും കാനഡായിലും എത്തി. ഒരു സ്‌പോണ്‍സര്‍ഷിപ്പ്‌ ലെറ്ററും ആയിരം ഡോളറിന്റെ ഡ്രാഫ്‌റ്റും ഉണ്ടെങ്കില്‍ നേഴ്‌സിങ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അമേരിക്കന്‍ വിസാ ലഭിക്കുമെന്നു വന്നപ്പോള്‍ അമേരിക്കയില്‍ നേരത്തേ എത്തിയിരുന്ന ചിലരെങ്കിലും വിസാ ലഭിക്കുന്നതിനുള്ള രേഖകള്‍ നാട്ടിലള്ളു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയും അമേരിക്കന്‍ കുടിയേറ്റത്തിന്റെ പ്രവാഹം സാവധാനം തുടങ്ങുകയും ചെയ്‌തു. ഇവിടെ എത്തിപ്പറ്റിയ ആദ്യ തലമുറയ്‌ക്ക്‌ ജോലി ലഭിക്കുക, താമസസൗകര്യം, പരീക്ഷയെന്ന കടമ്പ തുടങ്ങിയ ബദ്ധപ്പാട്‌ ഒരു വശത്ത്‌. നാട്ടിലുള്ള കുടുംബത്തെപ്പറ്റിയുള്ള ചിന്തയും കരുതലും മറുവശത്ത്‌. സ്വന്തം കാര്യങ്ങള്‍ നോക്കുവാന്‍ നേരമില്ലാതെ, കാലക്രമേണ, സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുവാന്‍ സമയമില്ലാതെ ആ അമ്മമാര്‍ രണ്ടും മൂന്നും ജോലി വരെ ചെയത്‌ ഇന്നത്തെ രീതിയില്‍ നോക്കിയാല്‍ വളരെ തുച്ഛമായ വരുമാനം കൊണ്ട്‌, ആഴ്‌ചയില്‍ $150 വരുമാനത്തില്‍ അപ്പാര്‍ട്ടുമെന്റിന്റെ ഇടുങ്ങിയ പരിമിതിയില്‍ ജീവിച്ചു്‌, നാട്ടിലുള്ള സഹോദരങ്ങളെ കരകയറ്റുവാനുള്ള തത്രപ്പാടില്‍ അനുഭവിച്ച ത്യാഗങ്ങള്‍ ഇന്ന്‌ പഴംപുരാണമായി മാറിപ്പോയി. അന്ന്‌ ഡോളറിന്‌ 7 രൂപയേ വിലയുണ്ടായിരുന്നുള്ളു. അതു പറയുന്നതും കേള്‍ക്കുന്നതും അപഹാസ ദ്യോതകമായി ഇന്ന്‌ മാറിക്കഴിഞ്ഞു. സ്വന്തമായി ഒരു വീടെന്ന സ്വ്‌പനവും ഒരു കാറെന്ന ആഗ്രഹവും പലരും അന്നു മനസ്സിലിട്ടു താലോലിക്കുമ്പോഴും, രാത്രികളെ പകലുകളാക്കി, ആശുപത്രികള്‍ മാറി മാറി യാതെ്രചയ്‌തും നാട്ടിലുള്ള ബന്ധുകുടുംബങ്ങളെ ആവോളം സഹായിച്ചും, ജീവിതം ത്യാഗപൂരിതമായി നയിച്ചു വന്നു. അന്ന്‌ പുരുഷന്മാര്‍ക്ക്‌ തുച്ഛവരുമാനമുള്ള ജോലികളേ ലഭിച്ചിരുന്നുള്ളു, 1980 മുതലാണ്‌ ന്യൂയോര്‍ക്ക്‌ സിറ്റി സബ്‌വേയില്‍ പുരുഷന്മാര്‍ക്ക്‌ സാമാന്യം ശമ്പളമുള്ള ജോലികള്‍ ലഭ്യമാകാന്‍ തുടങ്ങിയത്‌. കാലക്രമേണ മിക്കവരും അമേരിക്കന്‍ പൗരത്വമെടുത്തു. തദ്വാരാ നാട്ടിലുള്ള സഹോദരങ്ങളും മാതാപിതാക്കളും ഇക്കരെയെത്തി. ഒരു കൂരക്കീഴില്‍ ഒന്നിച്ചു കഴിയാന്‍ തുടങ്ങിയപ്പോള്‍,

കൂട്ടുകുടുംബത്തിന്‍ ഭാരം വഹിച്ചിട്ടും
കൂട്ടര്‍ക്കു പിറുപിറുപ്പേറി വന്നു,
കൂട്ടരു കരയെത്തി യല്‌പം കഴിഞ്ഞപ്പം
`നീയെന്തു ചെയ്‌തെ'ന്ന ചോദ്യം മിച്ചം.

ആ കൂട്ടുകുടുംബത്തിന്റെ വിഹ്വലതകളില്‍ കിടന്നു വീര്‍പ്പു മുട്ടിയ പിഞ്ചുകുഞ്ഞുങ്ങള്‍ പലരും ബാല്യം പിന്നിട്ടു കഴിഞ്ഞപ്പോഴാണ്‌ മാതാപിതാക്കള്‍ക്ക്‌ ബോധോദയമുണ്ടായത്‌. അവരുടെ പിഞ്ചു ബാല്യസൗകുമാര്യം, വികൃതികള്‍, ചാപല്യങ്ങള്‍ , കൊഞ്ചലുകള്‍ ഒന്നും തന്നെ ആസ്വദിക്കുവാന്‍ ഭാഗ്യമോ നേരമോ ഇല്ലാതെ, എങ്ങനെയെങ്കിലും കുഞ്ഞുങ്ങളൊന്നു വളര്‍ന്നു കിട്ടിയാല്‍ മതിയെന്ന ചിന്തയില്‍ പലവിധമായ ബദ്ധപ്പാടുകള്‍ക്കിടയിലൂടെ നെട്ടോട്ടമോടിയപ്പോള്‍ രുഞ്ഞുങ്ങളെ വളര്‍ത്തുകയല്ലായിരുന്നു, അവര്‍ വളരുകയായിരുന്നു. ചെറുപ്പത്തിന്റെ ബാലപാഠങ്ങളോ കളിക്കൂട്ടുകാരെേേയാ ലഭിക്കാതെ, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാതെ, അമ്മയുടെ വാത്സല്യവും സാമീപ്യവും തലോടലും ആവോളം അനുഭവിക്കാതെ, രണ്ടാം തലമുറ വളര്‍ന്നു. ഒന്നു സമ്മതിക്കണം, പ്രശ്‌നങ്ങളും ഭാരങ്ങളുമുണ്ടെങ്കിലും ജീവിതനിലവാരവും ആധുനിക സൗകര്യങ്ങളും വളരെ ഉയര്‍ന്ന നിലയിലാണ്‌ ഇവിടെ എവരും ജീവിക്കുന്നതെന്നത്‌ ഭാഗ്യവും സംതൃപ്‌തവുമെന്ന്‌ സമ്മതിച്ചേ മതിയാവൂ.

പക്ഷേ, മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിയര്‍പ്പുവീണു വളര്‍ന്ന ആ കുടിയേറ്റക്കാരുടെ രണ്ടാം തലമുറ കരുത്തുറ്റതായി വളര്‍ന്നുവന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കള്‍ ചെയ്‌ത നിഷ്‌ക്കാമ കര്‍മ്മത്തിന്റെ ഫലങ്ങളാവാം. അന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ കണ്ടുവളരാന്‍ മറ്റു കുട്ടികളോ മതാദ്ധ്യാപനം ലഭിക്കുവാന്‍ സൗകര്യങ്ങളോ വിരളമായിരുന്നു.

ഇന്ന്‌ നാട്ടില്‍ നിന്നും വരുന്ന സഹോദരങ്ങള്‍ക്കുും അവരുടെ മക്കള്‍ക്കും ഇവിടെ താമസിക്കാന്‍ വീടുകളുണ്ട്‌, കയറി നടക്കാന്‍ കാറുകളുണ്ട്‌, അധികം താമസിയാതെ ജോലിയാകുന്നു, താമസിയാതെ പുതിയ കാറുകളും വീടുകളും നേടുന്നു എന്നത്‌ ഒരു വലിയ നേട്ടം തന്നെയാണ്‌. ഇന്ന്‌ കൊച്ചുമക്കളെ വളര്‍ത്തുവാന്‍ നാട്ടില്‍ നിന്നു വരുന്ന വല്യപ്പനും വല്യമ്മയും മിക്ക കുടുംബങ്ങളിലും ഉള്ളതുകൊണ്ട്‌ കൊച്ചുമക്കളും അമ്മമാരും അധികം വിഷമങ്ങളറിയാതെ ജീവിക്കുന്നു. പക്ഷേ ചില ഭവനങ്ങളിലെങ്കിലും കുടുംബ ബന്ധങ്ങള്‍ക്ക്‌ ദൃഢത കുറഞ്ഞിട്ടുള്ളതായി കാണുന്നു. കുടുംബത്തോടെ കൂട്ടത്തോടെ അമേരിക്കയിലേക്ക്‌ കുടിയേറുന്നതിനാല്‍ കേരളത്തില്‍ വളരെയധികം കൂറ്റന്‍ കെട്ടിടങ്ങള്‍ വിജനവും അനാഥവുമാകുന്ന കാഴ്‌ച ദയനീയം തന്നെ. തിരിച്ചുപോയി കൊട്ടാര സദൃശമായ ഭവനത്തില്‍ താമസിക്കാമെന്ന വ്യാമോഹത്തില്‍ ഇവിടെ വീടു വാങ്ങാതെ അപ്പാര്‍ട്ടുമെന്റില്‍ താസിച്ചുകൊണ്ടും നാട്ടില്‍ വന്‍ സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നവരുമുണ്ട്‌, പക്ഷേ നാട്ടില്‍ പ്പോയി സുഖജീവിതം നയിക്കുക എന്ന സ്വപ്‌നം ഇന്നു പലര്‍ക്കും സഫലമാകാറില്ല.

അമേരിക്കയിലേക്ക്‌ കുടിയേറുമ്പോള്‍ എല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പലരും സാക്ഷാത്‌ക്കാരത്തിന്റെ നിറവിലാണ്‌. നേട്ടങ്ങളും കോട്ടങ്ങളും പലര്‍ക്കുമുണ്ടായിട്ടുണ്ട്‌.

മക്കള്‍ പഠിച്ചു മുന്നേറുന്നു, ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കരസ്ഥമാക്കുന്നു, പക്ഷേ, വിവാഹപ്രായം കഴിഞ്ഞിട്ടും തക്ക ഇണയെ കണ്ടെത്തുവാന്‍ സാധിക്കാതെ മുപ്പതും മുപ്പത്തഞ്ചും അതിനു മുകളിലുമുള്ള ധാരാളം യുവതലമുറ മാതാപിതാക്കള്‍ക്ക്‌ ഒരു ദുഃഖഹേതുവായി തീര്‍ന്നിരിക്കുന്നു. മാതാപിതാക്കള്‍ മിക്കവരും കിളികള്‍ പറന്നുപോയ കൂടുകളില്‍ താനും തങ്ങളുമായി കഴിയുന്ന, മക്കള്‍ വിവാഹിതരായാലും അല്ലെങ്കിലും ആരും മാതാപിതാക്കളോടൊപ്പം താമസിക്കാറില്ല. പണം ആവശ്യത്തിനുള്ളവരും പല വിധത്തിലും അസംതൃപ്‌തരാണ്‌. എല്ലാം ഓരോരുത്തരുടെ വിധിയെയും കര്‍മ്മങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

ആധുനിക സൗകര്യങ്ങളും, സമ്പത്തും ധാരാളമുള്ള ജീവിതസായാഹ്നത്തിലേക്ക്‌ പ്രവേശിക്കുന്ന അമേരിക്കന്‍ മലയാളി തലമുറ അവരുടെ ശിഷ്ടകാലം ചെലവഴിക്കുന്നതിനെപ്പറ്റി ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്‌.

പണ്ടൊക്കെ 50, 60 വയസ്സെത്തുമ്പോഴേക്കും മുടി നരച്ചും, കവിളൊട്ടിയും, പല്ലുകള്‍ കൊഴിഞ്ഞും, കേഴ്‌വിക്കുറവും കാഴ്‌ച മങ്ങലും ഒക്കെയായി വിരുന്നു വന്ന ജീവിതസായാഹ്നം ആധുനികതയുടെ പരിവേഷത്തില്‍ കറുത്ത വാര്‍മുടിയും, ചുവന്ന റൂഷിട്ട കവിളിണകളും, കൊച്ചരിപ്പല്ലുകളും, രക്താഭതിങ്ങും അധരപുടങ്ങളുമായി വാര്‍ദ്ധക്യത്തെ അമ്പേ അകറ്റി നിര്‍ത്തിയിരിക്കുന്നത്‌ സാന്ത്വനമേകുന്ന സംഗതിയാണ്‌.

ജീവിതത്തിന്റെ പൂര്‍ണ്ണത മനുഷ്യന്‍ ഈശ്വരനിലര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അളവിലാണ്‌. ഇപ്പോള്‍ പ്രാരാബ്ധങ്ങള്‍ ഒഴിഞ്ഞ്‌, ഓടിത്തളര്‍ന്ന `തിരകളെപ്പോലെ വിശ്രമജീവിതം തിരഞ്ഞെടുക്കുമ്പോള്‍ പണ്ടെത്തെപ്പോലെ ഒരു `വയസ്സന്‍', `വയസ്സത്തി' എന്ന മുദ്ര കുത്തപ്പെടാതെതന്നെ ഊര്‍ജ്ജസ്വലതയോടെ കൃത്രിമമായിട്ടാണെങ്കിലും യുവത്വത്തിന്റെ ലക്ഷണങ്ങള്‍ പ്രതിഫലിപ്പിച്ചു ജീവിക്കാന്‍ നമുക്കു ശ്രമിക്കാം..

ഒരു വലിയ ചോദ്യച്ഛിഹ്നം നമ്മുടെ മുന്നില്‍ ഉയരുന്നു. മക്കള്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തരാകുന്നു. ഭക്ഷണം, വസ്‌ത്രം, പണം എന്നിവ ആവശ്യത്തിലേറെ. ഇന്ന്‌്‌ പല അണുകടുംബങ്ങളിലും വൃദ്ധമാതാപിതാക്കള്‍ക്കു സ്ഥാനമില്ല. ഇതെല്ലാം ഈ നാടിന്റെ പ്രത്യേകതകള്‍ എന്ന നിഗമനത്തില്‍ എത്തി നെടുവീര്‍പ്പിട്ടു്‌ കഴിയാതെ ആ അവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താന്‍ ഈ ആദ്യ തലമുറ ഉത്സാഹം കാണിക്കണം. ആര്‍ഷഭാരതത്തിന്റെ നന്മകള്‍ നമ്മുടെ കേരളത്തിന്റെ തനതായ രീതികള്‍ എല്ലാം ഇന്നും വിദേശികള്‍ക്ക്‌ കൗതുകമായിരിക്കെ ഇവിടെ ജനിച്ചു വളര്‍ന്ന മലയാളികുട്ടികള്‍ക്കും അതു താത്‌പര്യമായിരിക്കും. പലര്‍ക്കും ദേഹാസ്വാസ്ഥതകള്‍ ഉണ്ടെങ്കിലും, മക്കളുടെയും പേരകുട്ടികളുടെയും കൂടെ ചെലവഴിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവര്‍ ആ സമയത്തെ ഈശ്വരപൂജരായി കിട്ടിയ ദിവ്യസന്ദര്‍ഭങ്ങളായി കരുതി സന്തോഷപ്രദമായി വിനിയോഗിക്കുക.

മതര്‍ ഡോട്ടര്‍ ഹൗസ്‌, അല്ലെങ്കില്‍ മക്കളുടെ വീടിനടുത്തു താമസം ആയിരിക്കും വൃദ്ധരായി വരുന്ന മാതാപിതാക്കള്‍ക്ക്‌ കാമ്യം. സ്‌നേഹബന്ധത്തിനും ഉലച്ചില്‍ തട്ടാതെയിരിക്കും. മക്കളുടെ സ്വകാര്യതയെയും കുടുംബഭദ്രതയെയും സ്‌പര്‍ശിക്കാതെ, ലഭിക്കുന്ന അവസരങ്ങളില്‍ പേരക്കുട്ടികള്‍ക്ക്‌ മാതാപിതാക്കളുടെ ജന്മനാടിന്റെ കേരളത്തിന്റെ, ഭാരതത്തിന്റെ പുരാവൃത്തങ്ങള്‍ പറഞ്ഞുകൊടുക്കുക, സത്യ ധര്‍മ്മ നീതിബോധജന്യങ്ങളായ കഥകളും ഉപദേശങ്ങളും പറഞ്ഞുകൊടുക്കുക, യുവതീയുവാക്കള്‍ക്ക്‌ മാതൃകാപരമായ നേതൃത്വം കൊടുക്കുക, മതാനുഷ്‌ഠാനങ്ങളില്‍ ജാഗ്രത കാട്ടുക, സമപ്രായക്കാരുടെ സല്‍സംഘങ്ങള്‍ സംഘടിപ്പിച്ച്‌ സൗഹൃദം വര്‍ദ്ധിപ്പിക്കുക, സുഹൃത്‌ബന്ധു സമ്പഅശനങ്ങള്‍, വിനോദയാത്രകള്‍, വായന, എഴുത്ത്‌ എന്നിവയില്‍ വ്യാപൃതരാകുക, വ്യായാമം, ഇഷ്ടമുള്ള ഭക്ഷണം, ആരോഗ്യ പരിപാലനം, പോഷകാഹാരങ്ങള്‍, തുടങ്ങിയവയെപ്പറ്റി അറിവു പകരുക അര്‍ഹിക്കുന്നവര്‍ക്ക്‌ സഹായം നല്‍കുക, ഏവരുമായും സന്തോഷമായി ഇടപെടല്‍, നഷ്ടങ്ങളെപ്പറ്റി ചിന്തിച്ചു വ്യാകുലപ്പെടാതിരിക്കുക, ദൈവസാമീപ്യത്തില്‍ സംതൃപ്‌തി കണ്ടെത്തുക എന്നിവ ആദ്യകാല പ്രവാസിത്തലമുറയെ സന്തുഷ്ടിയിലേക്കു നയിക്കും.

ഇവിടുത്തെ മലയാളം പ്രസിദ്ധീകരണങ്ങള്‍ സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രശ്‌നങ്ങളും, ആകുലതകളും, സന്തോഷങ്ങളും പങ്കുവെയ്‌ക്കുുന്നതിനു ഒരു കോളം വേര്‍തിരിക്കണമെന്ന ഒരു അഭ്യര്‍ത്ഥന വയ്‌ക്കുന്നു.

(ഇതിലെ പല ആശയങ്ങളും എന്റെ ചില ലേഖനങ്ങളില്‍ മുമ്പ്‌ വന്നിട്ടുള്ളതാണ്‌)
അമേരിക്കയിലെ മലയാളി പ്രവാസികള്‍ 1970 കളിലും, ഇന്നും (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക