Image

അച്ഛനമ്മമാരെ, നിങ്ങളില്ലാത്ത ഒരോണം കൂടി......(മീനു എലിസബത്ത്‌ )

Published on 16 September, 2013
അച്ഛനമ്മമാരെ, നിങ്ങളില്ലാത്ത ഒരോണം കൂടി......(മീനു എലിസബത്ത്‌ )
അച്ഛനമ്മമാരെ, നിങ്ങളില്ലാത്ത ഒരോണം കൂടി......
മൂടി തനിയെ തുറന്നെത്തുന്ന ഓര്‍മ്മപ്പൂക്കുടയില്‍ നിറം മങ്ങാതെ നമ്മളൊരുമിച്ചുണ്ടായിരുന്ന പണ്ടത്തെ ഓണവും കാലവും.
പള്ളിക്കൂടമടക്കുന്ന ദിവസം ഊഞ്ഞാലിടാന്‍ കയറു വാങ്ങാന്‍ കടയിലേക്കുള്ള യാത്രയില്‍ അച്ഛ
ന്‍ കൂടെ കൂട്ടുന്നതും.
വാങ്ങിത്തരുന്ന നാരങ്ങ മുട്ടായി നുണഞ്ഞു
ഒരു ജേതാവിന്റെ ഭാവത്തിലാ കൈ പിടിച്ചു കയറുമായി വീട്ടിലേക്കു നടക്കുന്നതും (അതോ ഓട്ടമോ?!)
തൊടിയിലെ വരിക്കപ്ലാവിന്റെ വളഞ്ഞ കവരത്തില്‍ സൂക്ഷ്മതയോടെ ഊഞ്ഞാലിട്ടു തരുന്നതും..
.
കയറിനു ബലമുണ്ടോയെന്നു നോക്കാനാദ്യം ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തു പിടിച്ചു മടിയിലിരുത്തി ഊഞ്ഞാലാടുന്നതും...
പിന്നെ.... 'ആദ്യം എനിക്കാടണം എനിക്കാടണം' എന്ന് ശാഠ്യം പിടിക്കുന്ന ഞങ്ങളുടെ വഴക്ക് തീര്‍ക്കാന്‍...'മോളല്ലേ മൂത്തത്,...മോള് നല്ല കുട്ടിയല്ലെ...അവാനാദ്യം ആടട്ടെയെന്നു... ചെവിയിലടക്കം പറയുന്നതും.....

കുഞ്ഞാങ്ങളയെ,..ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഊഞ്ഞാലാടുന്നതും....
..
പ്ലാവിന്റെ ഉയരമുള്ള വലിയ ചില്ലകളില്‍ കുഞ്ഞിക്കാല്‍ മുട്ടുമ്പോള്‍ അവന്‍ ചിനുങ്ങിക്കരയുന്നതും. 'മതി മതി' എന്ന് പറഞ്ഞിറങ്ങുന്നതും അവനെ വാരിയെടുത്തൊക്കത്ത് വെച്ചെന്നെ ഊയാലട്ടുന്നതും
'പിടിച്ചിരുന്നോണെ മോളെ,' എന്നിടക്കിടെ ഓര്‍മ്മിപ്പിക്കുന്നതും...
..
ഓണത്തിന്റെ തലേദിവസം..ആരുമറിയാതെ തയ്യല്‍ക്കരന്റെയടുത്തു നിന്നും ഉടുപ്പുകള്‍ വാങ്ങി പാത്തു വെച്ച്..
ഓണത്തിന്റെ രാവിലെ, ഓണക്കോടികള്‍ സമ്മാനിക്കുന്നതും.
അനുജനെ, കുളിപ്പിച്ച് തോര്‍ത്തില്‍ വാരിയെടുത്ത് വെള്ളമോപ്പി,...
ഓണമുണ്ടുപ്പിക്കുന്നതും,....ഓരോടക്കുഴല്‍ അവനു സമ്മാനിക്കുന്നതും.....

അമ്മയുടെ പൂന്തോട്ടത്തില്‍ നിന്നും രാജമല്ലിയും, ചെത്തിയും, റോസയും മുല്ലയും കോളാംബിപ്പൂക്കളും വാടാമുല്ലയും ചേര്ത്തു വെച്ച്....
മുറ്റത്ത്, വട്ടം വരച്ചു...ആദ്യമായ് ഞങ്ങളെ അത്തപ്പൂക്കളം ഇടാന്‍ പഠിപ്പിച്ചതും...
അടുക്കളയിലമ്മ വറുത്തു കോരുന്ന കായ വറുത്തതും, ശര്ക്കര വരട്ടിയും എടുത്തു കൊണ്ട് വന്നൊരുമിച്ചു കൊറിക്കുന്നതും.....

സദ്യക്കുള്ള വാഴയില വെട്ടാന്‍ പോകുമ്പോള്‍ ..നീങ്ങി നിന്നോ, വാഴക്കറ ഉടുപ്പില്‍ വീണാല്‍ പോവില്ലയെന്നു പറഞ്ഞു മാറ്റി നിര്‍ത്തുന്നതും.....
കിണറ്റു കരയില്‍ വാഴയില കഴുകി...തോളിലെ, തോര്‍ത്ത് കൊണ്ട് വെള്ളം തുവര്‍ത്തി ...
സദയ്ക്ക്...ഇലയിട്ടു നിലത്തു വിരിച്ചിരിക്കുന്ന തഴപ്പായില്‍ ചമ്മ്രക്കൊട്ടയിട്ടിരിക്കുന്നതും.
മൂവര്‍ക്കും അമ്മ ചോറ് വിളമ്പി...നെയ് വിളമ്പി...പരിപ്പ് വിളമ്പി....അങ്ങിനെ കറി കളെല്ലാം വിളമ്പുമ്പോള്‍ ... .
അമ്മയെ, നിര്ബബന്ധിച്ചു നാലമാത്തെയിലയിലും എല്ലാം വിളമ്പിച്ച്...കൂടെയിരുത്തുന്നതും.......
..
പായസവും അടപ്രഥമനും വിളമ്പിയാലും ....കൂടെ...തൈരും പഴവും ....വേണമെന്ന് നിര്ബന്തം പിടിക്കുന്നതും. ......
ഊണ് കഴിഞ്ഞു പതിവ് പോലെ, ഓരോ കയ്യിലും ഞങ്ങളെ ചേര്ത്തു പിടിച്ചു.....
ഉറക്കാന്‍ കിടത്തുമ്പോള്‍ അന്ന് പറഞ്ഞത് ....മഹാബലിയുടെ കഥയായിരുന്നു.....
'ഈ മഹാബലിയെയും...നമ്മുടെ യേശുവിനെ ക്രൂശിച്ചത് പോലെ....ഓരോ കള്ളക്കാരണങ്ങള്‍ പറഞ്ഞു....ഈ ലോകത്ത് നിന്നേ ചവിട്ടിത്താഴ്ത്തിയതല്ലെ.... ദുഷ്ട്ടന്മാര്'....എന്നുള്ള ആത്മഗതവും കേട്ടു
എല്ലാം മനസിലായത് പോലേ ഞങ്ങള്‍ മൂളുമ്പോള്‍, അവിടെ കൂര്ക്കം വലിയിലാ ഉണ്ണിക്കുടവയര്‍ ഉയിര്ന്നു താഴുന്ന രസക്കാഴ്ച....
അതെ,...ആദ്യകാല ഓണങ്ങള്‍ ഇങ്ങേനെ എല്ലാമായിരുന്നു..........
നിങ്ങളില്ലാത്ത നാലാമത്തെ ഓണമാണിത്....................................................................................
നിങ്ങള്ക്കവിടെ ഓണസദ്യ ഉണ്ടോ ആവോ?......

മീനു എലിസബത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക