Image

കവിതയുടെ സ്രോതസ്സ്‌ തേടിപോകുമ്പോള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 22 September, 2013
കവിതയുടെ സ്രോതസ്സ്‌ തേടിപോകുമ്പോള്‍ (ജി. പുത്തന്‍കുരിശ്‌)
പ്രത്യക്ഷമായ അര്‍ത്ഥത്തിനപ്പുറം, വാക്കുകളില്‍ രസാത്‌മകഭാവം കലര്‍ത്തി ആത്‌മാവിന്റെ അഗാധ തലങ്ങളില്‍ സൗന്ദര്യാനുഭൂതി സൃഷ്‌ടിക്കാന്‍ പോരുന്നവയാണ്‌ കവിത. കവിതയുടെ സ്രോതസ്സ്‌ തേടി പോകുന്നവര്‍ ചെന്നെത്തുന്നത്‌, മെസെപൊട്ടേമിയിലെ ഇതിഹാസ മഹാ കാവ്യമായ ഗിഗല്‍മേഷുവിലാണ്‌. ഗിഗല്‍മേഷുവിന്റേയും എന്‍കിടുവിന്റേയും സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ്‌ ഗിഗല്‍മേഷു എന്ന ഇതിഹാസ മഹാകാവ്യം രൂപപ്പെടുന്നത്‌. ഉറുക്കു എന്ന ഗ്രാമത്തിലെ ജനങ്ങളെ ഗിഗല്‍മേഷുവിന്റെ അതിക്രമങ്ങളില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാനായി ദേവന്മാര്‍ സൃഷ്‌ടിച്ച കഥാപാത്രമാണ്‌ എന്‍കുടു എന്ന പ്രാകൃത മനുഷ്യന്‍. പക്ഷെ ദേവന്മാരുടെ പ്രതീഷകള്‍ക്ക്‌ വിപരീതമായി, എന്‍കുടുവും ഗിഗല്‍മേഷും സുഹൃത്തുക്കള്‍ ആകുകയും സേഡാര്‍ പര്‍വ്വതത്തിന്റെ കാവല്‍ക്കാരനായ രാക്ഷസനെ പരാജയപ്പെടുത്താനായി യാത്ര ചെയ്യുകയും, പിന്നീട്‌ ഗിഗല്‍മേഷുവിനെ ശിക്ഷിക്കാനായി സ്വര്‍ഗ്ഗത്തില്‍ നിന്നയക്കപ്പെട്ട കൂറ്റനായ കാളയെ നിഗ്രഹിക്കുകയും ചെയ്‌തു. ഇതില്‍ അതൃപ്‌തരായ ദേവന്മാര്‍ എന്‍ക്കുടുവിനെ വധശിക്ഷക്ക്‌ വിധിച്ചു.

എക്കുടുവിന്റെ മരണത്തില്‍ ദുഃഖിതനായി അമരത്വം തേടുന്ന ഗിഗല്‍മേഷുവിലാണ്‌ പിന്നീടുള്ള ഭൂരിഭാഗം മഹാകാവ്യവും ശ്രദ്ധ വയ്‌ക്കുന്നത്‌. അനശ്വരത്വത്തിന്റെ രഹസ്യം കണ്ടെത്താനായി ഏറ്റവും അപകടം പിടിച്ച യാത്രക്ക്‌ പുറപ്പെടുന്ന ഗിഗല്‍മേഷുവിനെയാണ്‌ പിന്നിട്‌ നാം കാണുന്നുത്‌. ഗിഗല്‍മേഷുവിന്റെ അന്വേഷണത്തില്‍ അദ്ദേഹം മനസ്സിലാക്കിയത്‌ താന്‍ അന്വേഷിക്കുന്ന ജീവന്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയുകയില്ലെന്നും, മനുഷ്യര്‍ മരിച്ചു കഴിഞ്ഞ്‌ ജീവന്‍ ദേവന്മാരുടെ കൈവശാവകാശമാകത്തക്ക രീതിയിലാണ്‌ സൃഷ്‌ടി നടത്തിയിരിക്കുന്നതെന്നുമാണ്‌.

ആംഗ്ലേയ കവിതകളുടെ ചരിത്രം ആരംഭിക്കുന്നത്‌ ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തിലാണ്‌. ഈ കാലഘട്ടത്തിലാണ്‌ പല ഈടുറ്റ പാശ്ചാത്യ കവിതകളും രചിക്കപ്പെട്ടിട്ടുള്ളത്‌. ആംഗ്ലേയ ഭാഷയുടെ വളര്‍ച്ച ഇംഗ്ലീഷ്‌ കവിതയെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും എത്തിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചു. അറിയപ്പെടുന്ന ആദ്യത്തെ ഇംഗ്ലുഷ്‌ കവിത എന്നു പറയുന്നത്‌ ബീഡ്‌ എന്ന കവിയുടെയാണ്‌. പറഞ്ഞുകേട്ട കഥകള്‍ പ്രകാരം ബീഡ്‌ ഒരു കന്നുകാലികളെ നോക്കി പുലര്‍ത്തിക്കൊണ്ടിരുന്നവനും, തയ്യാറെടുപ്പില്ലാതെ സ്‌തുതി ഗീതങ്ങള്‍ പാടുന്നവനുമായിരുന്നു.

ഭാരതത്തില്‍ യോഗിയെ തേടിനടന്ന നിത്യചൈതന്യയതിയും ബീഡിനെപ്പോലെ എഴുത്തറിയാന്‍ വയ്യാത്ത ഒരു കന്നുകാലിച്ചെറുനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മനഃശാസ്‌ത്രം ജീവിതത്തിലെന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പഹാടി എന്ന വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു വെറും വിഡ്ഡി. അക്ഷരം കൂട്ടി എഴുതാനാകട്ടെ വായിക്കാനാകട്ടെ അവനറിയില്ല. എന്നാല്‍ തറയില്‍ മലര്‍ത്തിക്കിടത്തി ഒരു കമ്പളംകൊണ്ട്‌ അവനെ പൊതിഞ്ഞാല്‍ മതി തല ഇടത്തോട്ടും വലത്തോട്ടും ആട്ടും. ആട്ടം അതിശീഘ്രത്തിലാകുമ്പോള്‍ മുഖത്തുനിന്നും മുണ്ടുമാറ്റുക. പിന്നെ അവന്റെ വായില്‍ നിന്ന്‌ സംസ്‌കൃതശ്ലോകങ്ങള്‍ പ്രവഹിക്കുകയായി. നല്ല സംസ്‌കൃതപണ്ഡിതന്മാര്‍ക്ക്‌ ആ ശ്ലോകങ്ങളുടെ ഭാഷ ചുരുങ്ങിയത്‌ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമുള്ളതാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാല്‍ പാട്ടു നിറുത്തി എണീറ്റതിനുശേഷം നിരക്ഷരനായ ആ സാധുവിനോട്‌ എന്തു ചോദിച്ചാലും അവന്‌ ഒരു ഓര്‍മ്മയുമില്ല.

സംസ്‌കാരശൂന്യമായ ഒരുവന്റെ മസ്‌തിഷ്‌കത്തില്‍ അത്യല്‍കൃഷ്‌ടമായ ഒരു സംസ്‌കാരത്തിന്റെ ഭണ്ഡാകാരം എങ്ങനെ ബോധാവസ്ഥയില്‍നിന്നും ഒഴിവാക്കി വച്ചിരിക്കുന്നു? അതിന്റെ സ്രോതസ്സ്‌ എന്ത്‌! ഇങ്ങനെയുള്ള അടഞ്ഞമുറികള്‍ ഏവരുടേയും മസ്‌തിഷ്‌കത്തില്‍ കണ്ടെത്തിയിട്ടില്ലാത്ത ഖനിപോലെ കിടക്കുന്നുണ്ടായിരിക്കും. മണ്ണിനടിയില്‍ വസന്തകാലത്തിന്റെ സ്വപ്‌നവുമായി ഉറങ്ങിക്കിടക്കുന്ന ലില്ലിച്ചെടിയുടെ കിഴങ്ങില്‍ സര്‍ഗരചനയുടെ രൂപരേഖയുണ്ടെന്ന്‌ പറഞ്ഞതുപോലെ മനുഷ്യന്റെ ആത്‌മാവിന്റെ അഗാധതലങ്ങളില്‍ രസാത്‌മകഭാവം കലര്‍ന്ന സൗന്ദര്യനൂഭൂതികളുടെ സര്‍ഗ്ഗശക്‌തിയേ ഉള്‍ച്ചേര്‍ത്ത്‌ വച്ചിരിക്കുന്നു. കവിതയുടെ സ്രോതസ്സ്‌ തേടിപോകുന്നവര്‍ക്ക്‌്‌ മനുഷ്യ ഹൃദയങ്ങള്‍ക്ക്‌ സുഖം നല്‍കുന്ന ആത്‌മാവിന്‌ കുളിര്‍മ്മ നല്‍കുന്ന, ശാന്തി നല്‍കുന്ന കവിതകളുടെ ഭണ്ഡാകാരങ്ങളെ കണ്ടെത്താന്‍ കഴിയും. ആ കണ്ടെത്തുലുകള്‍ ജീര്‍ണ്ണിച്ചഴുകിക്കൊണ്ടിരിക്കുന്ന മാനുഷീകമൂല്യങ്ങളെ പുനരുദ്ധരിക്കുന്ന അമൃതായി ഭവിക്കട്ടെയെന്നാശംസിക്കാം.
കവിതയുടെ സ്രോതസ്സ്‌ തേടിപോകുമ്പോള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക