Image

ഒറ്റ റ്റെക്‌സ്റ്റ്‌ മെസേജ്‌ മതി... ജീവിതം (മീനു എലിസബത്ത്‌)

Published on 30 September, 2013
ഒറ്റ റ്റെക്‌സ്റ്റ്‌ മെസേജ്‌ മതി... ജീവിതം (മീനു എലിസബത്ത്‌)
ജയ്‌മി നാഷിനു ഒന്നും ഓര്‍മയില്ല വണ്ടിയോടിക്കുന്നതിനിടയില്‍ ടെക്‌സ്റ്റ്‌ ചെയ്‌തതും....അതെ തുടര്‍ന്ന്‌ വണ്ടി പല തവണ കുട്ടിക്കരണം മറിഞ്ഞതും. അവസാനം തീ പിടിക്കുന്നതും ഒന്നും ഓര്‍മ്മയില്ല..

പക്ഷെ...അപകടസ്ഥലത്തേക്ക്‌ പാഞ്ഞു വന്ന പോലിസുകാരന്റെ പട്രോള്‍ കാറിലെ ക്യാമറയില്‍ പതിഞ്ഞ അവരുടെ നിലവിളി ഹൃദയഭേദകമായിരുന്നു.

`ഞാന്‍ കാറിനുള്ളില്‍ പെട്ട്‌ പോവുകയായിരുന്നു. എവിടെ നിന്നോ ഒരു തീക്കുണ്ഡം വന്ന്‌ എന്റെ ദേഹത്തു വീണു. ഞാന്‍ കാറിലിരുന്നു പച്ചയ്‌ക്ക്‌ കത്തി.

അലറിക്കരയാന്‍ മാത്രമേ എനിക്ക്‌ കഴിഞ്ഞുള്ളൂ.

ഇങ്ങനെയെല്ലാം സംഭവിച്ചത്‌.ഞാന്‍ വണ്ടി ഓടിക്കുന്നതിടയില്‍ ടെക്‌സ്റ്റ്‌ ചെയ്യാന്‍ പോയത്‌ കൊണ്ട്‌ മാത്രം. പലതവണ പലരും ഇതെക്കുറിച്ച്‌ എന്നെ ഉപദേശിച്ചിരുന്നു.

പക്ഷെ,ഞാന്‍ അവരുടെ വാക്കുകളെ പുഛിച്ചു തള്ളി. എന്റെ ചെറിയ കുട്ടികള്‍ കാറിലുള്ളപ്പോള്‍ പോലും എത്രയോ തവണ ഞാന്‍ ടെക്‌സ്റ്റ്‌ ചെയ്‌തിരുന്നു.

എല്ലാം ഒരു പോലെ ചെയ്യുവാന്‍ കഴിവുള്ള `മള്‍ട്ടി ടാസ്‌കിംഗ്‌ സ്‌കില്‍ ഉള്ള ഒരു സൂപ്പര്‍ മോം ആയി ഞാന്‍ അഹങ്കരിച്ചിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ട്‌ തീര്‍ന്നു.

എന്റെ റ്റെക്‌സിംഗ്‌ ആണല്ലോ ഈ അപകടം ഉണ്ടാക്കിയത്‌ എന്നോര്‍ക്കുമ്പോള്‍ ഇന്നെനിക്കതിയായ ദുഖമുണ്ട്‌. പക്ഷെ, ഞാന്‍ ആരെയും കൊന്നില്ലല്ലോ എന്ന നേരിയ ഒരു ആശ്വാസവും. മക്കള്‍ അന്ന്‌്‌ കൂടെയില്ലാതിരുന്നതും കാര്യമായി.'

ജയ്‌മി നാഷിന്റെ ശരീരത്തിന്റെ എഴുപതു ശതമാനാവും തീപ്പൊള്ളലില്‍ കരിഞ്ഞു പോയിരുന്നു. . 3rd & 4th ഡിഗ്രിയാണ്‌ പൊള്ളലിന്റെ ഗ്രേഡ്‌.

അവരുടെ എല്ലുകള്‍ പോലും ചാര്‍ക്കോള്‍ പരുവമായിരുന്നു. ഡാലസിലെ പാര്‍ക്ക്‌ലാന്‍ഡ്‌ ആശുപത്രിയില്‍ പത്ത്‌ ആഴ്‌ചകളാണിവര്‍ കോമയില്‍ കിടന്നത്‌. രണ്ടു വര്‍ഷത്തിനിടയില്‍ മുപ്പതു സര്‍ജറികള്‍.

അതിവേദനയുടെതായിരുന്നു നാളുകള്‍.

ഇന്നിപ്പോള്‍ നാഷിന്‌ വലിയ ഒരു ദൗത്യമുണ്ട്‌. തന്റെ ഈ അനുഭവം ആര്‍ക്കും വരാതിരിക്കുവാന്‍ വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്‌സ്റ്റ്‌ ചെയ്‌താലുണ്ടാക്കാവുന്ന അപകടത്തെക്കുറിച്ച്‌ ആള്‍ക്കാരെ ബോധവാന്മാരാക്കുക എന്നതാണ്‌ ലക്ഷ്യം.

അമേരിക്കയിലെ പല സ്‌കൂളുകളും ബിസിനസ്‌ സ്ഥാപനങ്ങളും അവര്‍ തന്റെ ദൗത്യവുമായി സന്ദര്‍ശിച്ചു കഴിഞ്ഞു. തീപൊള്ളലേറ്റ തന്റെ കൈകാലുകള്‍ ആള്‍ക്കാരെ കാണിച്ചു കൊടുക്കുവാന്‍ മടിയുമില്ല. ആര്‍ക്കും തന്റെ അനുഭവം വരാതെയിരിക്കണം എന്ന പ്രാര്‍ഥന മാത്രം.

രണ്ടു വര്‍ഷം പാര്‍ക്ക്‌ലണ്ടിലെ വാസം ജയ്‌മിയുടെ ജീവിതം മാറ്റി മറിച്ചു. വലിയ ഒരു അപകടത്തില്‍ മുഖം മുഴുവന്‍ പൊള്ളിപ്പോയ ഡാലസ്‌ വെയിന്‍സ്‌ ആണ്‌ ഇന്നവരുടെ ജീവിത പങ്കാളി. അമേരിക്കയില്‍ ആദ്യമായി പൂര്‍ണമായി ഫേസ്‌ ട്രാന്‍സ്‌പ്ലാന്റ്‌ നടത്തപ്പെട്ട വ്യക്തിയായിരുന്നു ഡാലസ്‌ വെയിന്‍സ്‌.

അമേരിക്ക ഇന്ന്‌ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്‌ വാഹനമോടിക്കുന്നതിനിടയിലെ ആള്‍ക്കാരുടെ ടെക്‌സ്റ്റിങ്ങ്‌. ഒരു അപകടം ഉണ്ടാകുന്നിടം വരെ ആരും ഇതേക്കുറിച്ച്‌ ബോധാവാന്മാരാവുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം.

നാഷണല്‍ സേഫ്‌ടി കൗണ്‍സിലിന്റെ പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഒരു വര്‍ഷം 300,000 പേരാണ്‌ വാഹനമോടിക്കുന്നതിനിടയില്‍ ടെക്‌സ്റ്റ്‌ ചെയ്‌ത്‌ അപകടമുണ്ടാക്കിയത്‌. അതില്‍ 3,000 ത്തില്‍ അധികം പേരാണ്‌ ഈ തരത്തിലുള്ള അപകടങ്ങളില്‍ ഒരു വര്‍ഷം മരണപ്പെടുന്നത്‌.

മദ്യം ഉപയോഗിച്ചു വാഹനമോടിക്കുന്ന ആള്‍ക്കാരുണ്ടാക്കുന്ന അപകടം ഇതിലും കുറവാണ്‌. അതായത്‌, മദ്യം ഉപയോഗിച്ചതിനു ശേഷം വാഹനമോടിക്കുന്നതിലും അപകടമാണ്‌ വാഹനമോടിക്കുന്നതിനിടയിലുള്ള ടെക്‌സ്റ്റിങ്ങ്‌.

പഠനങ്ങള്‍ അനുസരിച്ച്‌ വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ 82ശതമാനം പേര്‍ ഒന്നുകില്‍ ഫോണ്‍ ചെയ്യുകയോ, ടെസ്റ്റ്‌ ചെയ്യുകയോ, അതുമല്ലെങ്കില്‍ ഇമെയില്‍, ചാറ്റിങ്‌ ഇവ ചെയ്യാറുണ്ടത്രെ.

ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ മെസേജുകള്‍ അയയ്‌ക്കുന്നത്‌ വലിയ ഒരു കാര്യമല്ല എന്നുള്ളതാണ്‌ പലരുടെയും ഉള്ളിലിരുപ്പ്‌. പക്ഷെ, ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ ടെക്‌സ്റ്റ്‌ ചെയ്യുന്ന ഒരാള്‍ക്ക്‌ അപകടമുണ്ടാകാനുള്ള സാധ്യത, മറ്റുള്ളവരെക്കാള്‍ ഇരുപത്തിമൂന്ന്‌ ശതമാനം കൂടുതലാണ്‌.

ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ വരുന്ന മെസേജുകളും, അവയ്‌ക്ക്‌ വളയം പിടിച്ചു കൊണ്ട്‌ മറുപടി അയക്കുവാന്‍ കാണിക്കുന്ന വ്യഗ്രതയും ഒരാളുടെ ശ്രദ്ധയും മാനസിക നിലയും ഉലയ്‌ക്കുകയും ആ വഴി അപകട സാധ്യത കൂടുകയും ചെയ്യുന്നു.

ഇന്നത്തെ അമേരിക്കന്‍ ജീവിതരീതിയില്‍ മള്‍ട്ടി ടാസ്‌ക്കിംഗ്‌ ഒഴിച്ച്‌ കൂടാനാവില്ലെങ്കില്‍ പോലും, ടെക്‌സ്റ്റിങ്ങ്‌ ആന്‍ഡ്‌ ഡ്രൈവിംഗ്‌ ഒരു മരണക്കളി തന്നെയാണ്‌.

ഒരു ടെക്‌സ്റ്റ്‌ മെസേജ്‌ വായിക്കുവാനോ ടൈപ്പ്‌ ചെയ്യുവാനോ എടുക്കുന്ന ആ അഞ്ചു സെക്കന്‍ഡ്‌ സമയം വണ്ടി ഓടിക്കുന്ന ആളുടെ പൂര്‍ണ ശ്രദ്ധ റോഡില്‍ നിന്നും ഫോണിലേക്ക്‌ മാറുന്നു.

ഫോണിലേക്ക്‌ നോക്കുന്ന ഈ അഞ്ചു സെക്കന്‍ഡില്‍ തീര്‍ച്ചയായും എന്തും സംഭവിക്കാം. എന്തും. നമ്മള്‍ മനസിലാക്കിയിരിക്കുന്നതില്‍ കൂടുതല്‍ അപകടമാണ്‌ ടെക്‌സ്റ്റ്‌ ചെയ്‌തു വണ്ടി ഓടിക്കുന്നവരെ കാത്തിരിക്കുന്നത്‌. അതെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ വാഹനമോടിക്കുന്നതിനിടയില്‍ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന്‌ കര്‍ശന നിയമങ്ങളുണ്ട്‌. ടെക്‌സാസില്‍ സ്‌കൂള്‍ സമയങ്ങളില്‍ മാത്രമേ സെല്‍ ഫോണ്‍ നിരോധനം ഉള്ളു.

എന്തായാലും, നമ്മള്‍ മാതാപിതാക്കള്‍ വണ്ടി ഓടിക്കുവാന്‍ തുടങ്ങുന്ന കൗമാരപ്രായക്കാരെ ഇതെല്ലാം നിരന്തരം പറഞ്ഞു മനസിലാക്കുക. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ സൈലന്‍സില്‍ വെയ്‌ക്കുക.

ഒരു കാരണവശാലും, വാഹനമോടിക്കുമ്പോള്‍ മെസേജുകള്‍ നോക്കുകയോ അയക്കുകയോ ഇല്ല എന്ന്‌ സ്വയം തീരുമാനം എടുക്കുക. കുട്ടികള്‍ക്ക്‌ ഇക്കാര്യത്തില്‍ നാം തന്നെ മാതൃക കാണിക്കുക.

അതെ, വെറും ഒരു ടെക്‌സ്റ്റ്‌ മെസേജു മതി ജീവിതം തന്നെ ഇല്ലാതെ ആവാന്‍.
ഒറ്റ റ്റെക്‌സ്റ്റ്‌ മെസേജ്‌ മതി... ജീവിതം (മീനു എലിസബത്ത്‌)ഒറ്റ റ്റെക്‌സ്റ്റ്‌ മെസേജ്‌ മതി... ജീവിതം (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക