Image

ചെങ്കല്‍ മട (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (yohannan.elcy@gmail.com) Published on 04 October, 2013
ചെങ്കല്‍ മട (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
നൂറ്റാണ്ടുകളുടെ പഴക്കമുള്ളാത്തൊഴിലില്‍
സ്വന്തം ജീവിതരക്തം ചിന്തി ച്ചെന്നിറമാക്കി

ജീവിത രണഭൂവിലടരാടാന്‍ മഴുവും
ജീവിത ഭാരവും പേറിയാ ച്ചെങ്കല്‍ മടയില്‍

ജീവിത പ്രതീക്ഷകള്‍ സര്‍വ്വവുമര്‍പ്പിച്ചിട്ടും
ജീവിതം ശൂന്യമായ്‌ മാറിടുന്നാ മടകളില്‍;

ദുഃഖത്തിന്‍ മാറാപ്പും പേറിത്തളര്‍ന്നാ ജീവിതം
ദുഃഖസാമ്പ്രമായ്‌ തള്ളി നീക്കുന്നു ദിനംതോറും;

തീവെയിലില്‍ കരുവളിച്ചാര്‍ദ്രമാം മുഖവും
ചെങ്കല്‍പ്പൊടിയും വിയര്‍പ്പും ചൂഴുന്ന മേനിയും

താളക്രമത്തിലുയരും മഴുവിന്‍ ശബ്ദവും
താളഗീതമാം കഠിനാധ്വാനം ധ്വനിപ്പിപ്പൂ !

കോരിച്ചൊരിയും മഴയും മരം കോച്ചും മഞ്ഞും
കൂരയില്‍ തീ പുകയ്‌ക്കാന്‍ പണിയില്ലാ മടയില്‍

മണ്ണു തോണ്ടിയലഞ്ഞും ചെങ്കല്ലു കാണുവോളം
എണ്ണമില്ലാ ദിനങ്ങള്‍ കൂലി പോലുമില്ലാതെ,

പട്ടിണി വിട്ടൊഴിയാത്ത വീട്ടിലിത്തിരി-
യത്താഴത്തിനു വെള്ളവുമടുപ്പിലേറ്റിയും

കാത്തിരിക്കും തന്‍ പത്‌നിയേയും കിടാങ്ങളേയും
ഓര്‍ത്താല്‍ തന്‍ ഗാത്രത്തിന്‍ വേദനയോര്‍ക്കാനാകുമോ?

മൂര്‍ച്ച മങ്ങും മഴുവിന്‍ വായ്‌ത്തല നിരന്തരം
മൂര്‍ച്ച കൂട്ടാനെത്ര യദ്ധ്വാനവും വ്യയവും ചോര്‍ന്നും

പൊട്ടിയ ചെങ്കല്ലിന്നെണ്ണം കിഴിച്ചന്തിയില്‍ താന്‍
തിട്ടമായന്തിക്കുള്ളര്‍ത്ഥം വാങ്ങിടുമ്പോള്‍,

പാടേ മറക്കുന്നു ശിലപോലുമലിയുന്ന
കാഠിന്യയത്‌നത്തിന്‍ മഴുനാദത്തിന്‍ മാറ്റൊലി.

ചെങ്കല്‍ഭിത്തി ചേര്‍ന്ന ഭവനങ്ങള്‍ വേണ്ടിന്നാര്‍ക്കും
വങ്കന്‍ മാളികകള്‍ക്കിഷ്ടികയും കോണ്‍ക്രീറ്റും കാമ്യം.

ജീവയാനത്തിനാശ്ലേഷിച്ചാ ചെങ്കല്‍മടകള്‍
ഏവം നിര്‍ജ്ജീവമായനുദിനം മാറുന്നിപ്പോള്‍.
ചെങ്കല്‍ മട (കവിത:എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക