Image

ഭരണാധിപന്‍മാര്‍ ദുഷിച്ചാല്‍ - ജോസ് കാടാംപുറം

ജോസ് കാടാംപുറം Published on 09 October, 2013
ഭരണാധിപന്‍മാര്‍ ദുഷിച്ചാല്‍ - ജോസ് കാടാംപുറം
അധികാരവും, ലൈംഗിക അരാജകത്വവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ജീര്‍ണ്ണതയും ഒരമ്മ പെറ്റ മക്കളാണെന്ന് പറഞ്ഞ് ഒ.വി. വിജയനാണ്. സോളാര്‍ തട്ടിപ്പിലൂടെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനും മുഖ്യമന്ത്രികസേര നിലനിര്‍ത്താനും വേണ്ടി ആരെയും സംരക്ഷിക്കുകയും സര്‍ക്കാര്‍ ചിലവില്‍ ആവശ്യമായ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് 'ഗണ്‍മോന്‍' എന്ന് വിളിക്കുന്ന സലീംരാജ് കേവലം ഒരു പോലീസുകാരനല്ല. ഇയാള്‍ കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതീകമാണ്. വര്‍ഗീയത, കള്ളപ്പണം, മാഫിയ ഇവയെല്ലാം കൂടി ചേരുന്നതാണ് സലീംരാജ്. പ്രതിപക്ഷവും കോടതിയും വിചാരിച്ചിട്ടും, ഒന്നും ചെയ്യാന്‍ കഴിയാത്ത സലീംരാജ് ഒടുവില്‍പ്പെട്ടുപോയത് കോഴിക്കോട്ടെ സാധാരണക്കാരായ ആളുകളുടെ മുന്നിലാണ്. ഗണ്‍മോന്‍ ക്വട്ടേഷന്‍ ഭരണം ഇല്ലാതെ പോയത് കോഴിക്കോട്ടെ സാധാരണക്കാരുടെ ഇടയിലാണ്. അധികാരം കൈയ്യാളുന്ന വര്‍ഗീയ ശക്തികളും അവര്‍ നേതൃത്വം നല്‍കുന്ന മാഫിയകളും. ഇത് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് വച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായ സലീംരാജിനെ ജനം പിടിച്ച് പോലിസില്‍ ഏല്‍പ്പിച്ചത്.. ഇദ്ദേഹത്തോടൊപ്പം പിടിയിലായവരില്‍ മുസ്ലീം തീവ്രവാദികളും, കള്ളപ്പണക്കാരനും, ക്രിമിനിനലുകളും ഉണ്ടായിരുന്നു. സോളാര്‍ കേസില്‍ സസ്പന്‍ഷനില്‍ കഴിയുന്ന ഒരു പോലീസുകാരന്‍ ഇത്രയും ധൈര്യം കിട്ടണമെങ്കില്‍ അയാളുടെ പിന്നില്‍ പണവും അധികാരവുമുണ്ട്. ഇന്ന് ശബ്ദം ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും ചെയ്‌തോളാന്‍ കേരള മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയതിന്റെ തെളിവാണ് കോഴിക്കോട്ടെ സംഭവം.

സോളാര്‍ തട്ടിപ്പിലും, കോടിക്കണക്കിന് രൂപായുടെ ഭൂമിതട്ടിപ്പിലും പിടികൊടുക്കാതെ തനിക്ക് മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗിച്ച് മുങ്ങിനടന്നിരുന്ന സലീംരാജ് അവസാനം ഓടികൂടിയ നാട്ടുകാരുടെ പിടിയിലായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുതല്‍ അദ്ദേഹത്തിന്റെ ഗണ്‍മാനായിരുന്നു സലീംരാജ്. പുതുപ്പള്ളിയിലെ വീട്ടിലും മുഖ്യമന്ത്രിയുടെ ഓഫിസികളും ഏറ്റവും സ്വാധീനമുള്ള  ആളാണ് സലീംരാജ്.

സോളാര്‍ കേസില്‍ സരിതയുമായുള്ള ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നപ്പോള്‍ ജോപ്പനും സലീംരാജും ജിക്കുമോനും അടക്കമുള്ളവര്‍ അതില്‍പ്പെട്ടു. എന്നാല്‍ സലീംരാജ് എപ്പോഴും വലയ്ക്ക് പുറത്ത് നിന്നു. സസ്പന്‍ഷനിലായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ഭരണത്തിലും ഉള്ള സ്വാധീനം തെളിയിക്കുന്നതാണ് ഈ ഒളിച്ചുകളി.
ഇതിന് മറ്റൊരു തെളിവാണ് ഗണ്‍മോന്റെ ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി തന്നെ നേരിട്ട് ഹാജരായി സലീംരാജിന്റെ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനുള്ള  സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ചിലൂടെ സ്റ്റേ ചെയ്യിക്കാന്‍ അഡ്വ.ജനറലിന് കഴിഞ്ഞു. അപ്പോഴും കേരളീയര്‍ അത്ഭുതപ്പെട്ടു. ഒരു പോലീസുകാരന് വേണ്ടി അതും തട്ടിപ്പ് കേസില്‍ അഡ്വേക്കറ്റ് ജനറല്‍ ഹാജരാകണമെങ്കില്‍ ആരാണ് ഈ സലീംരാജ്? ഇതിനുള്ള മറുപടി കേരളീയര്‍ക്ക് കിട്ടിയത് കോഴിക്കോട്ട് ഇയാളെ പിടിച്ചപ്പോള്‍ അദ്ദേഹത്തെ പുറത്തിറക്കാന്‍ വന്നത് ഹവാല രാജാവ് സോനാ അബ്ദുള്‍ മജീദായിരുന്നു. ചുരുക്കത്തില്‍ സലീംരാജിന്റെ ഫോണ്‍ രേഖകള്‍ ഭയപ്പെടുന്ന മുഖ്യമന്ത്രി നിഷ്പക്ഷനാണെങ്കില്‍ സലീം രാജിന്റെ ടെലിഫോണ്‍ രേഖകള്‍ അദ്ദേഹവും സര്‍ക്കാരും ഭയപ്പെടുന്നത്.  സലീം രാജിനെപ്പോലുള്ളവരെ കുറിച്ചുള്ള കാര്യങ്ങള്‍ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാന്‍ അരമന രഹസ്യങ്ങള്‍ പലതും അങ്ങാടിപ്പാട്ടാകും.
സസ്പന്‍ഷനിലിരിക്കുന്ന ഒരു പോലീസുകാരനെ സംരക്ഷിക്കാന്‍ വേണ്ടി അഡ്വ. ജനറല്‍ കോടതിയില്‍ ഹാജാരാകുന്ന ലോകത്തിലെ ആദ്യ സംഭവത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യമുണ്ടായവരാണ് കേരളീയര്‍,  ഒ.വി. വിജയന്‍ ധര്‍മ്മ പുരാണത്തില്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്. അധികാരവും ലൈംഗിക അരാജകത്വവും അതിലൂടെ സൃഷ്ടിക്കപ്പെട്ട ജീര്‍ണതയും കൊണ്ട് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടിഭരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക