Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 26 October, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.
ആദ്യമായി കാവ്യത്തെപ്പറ്റി പ്രൊഫ. ഉലകം തറയുടെ ആമുഖം പ്രസിദ്ധീകരിക്കുന്നു..

ആമുഖം

മലയാളത്തില്‍ പദ്യസാഹിത്യത്തിന്റെ കാലം കഴിഞ്ഞുവെന്ന്‌ പ്രൊഫസര്‍ മുണ്ടശ്ശേരി വിധിയെഴുതിയിട്ട്‌ നാലുദശാബ്ദത്തോളമായി . ഇന്നത്തെ ചെറുപ്പക്കാര്‍ എഴുതുന്ന കവിതകളധികവും ഗദ്യത്തിലാണ്‌. എന്നാല്‍ അതിലെ `ഭാഷ' കാണുമ്പോള്‍ ഗദ്യത്തിന്റെ കാലവും കഴിഞ്ഞു എന്നു പറയാന്‍ തോന്നിപ്പോകും. പദ്യത്തിന്റെ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട്‌ അവരെഴുതുന്ന കവിതകള്‍ കവിയരങ്ങുകളില്‍ ചെന്ന്‌ അവതരിപ്പിക്കുന്നതാകട്ടെ പദ്യം ചൊല്ലുന്നതുപോലെയാണുതാനും.

കവിത ആത്മാവിന്റെ സംഗീതമാണ്‌. സംഗീതാത്മകമായ ഭാഷയാണ്‌ അതിനു യോജിച്ച മാദ്ധ്യമം. വൃത്തവും ഭാഷയുമൊക്കെയുള്ള സ്വന്തമായ ഒരു കാവ്യഭാഷ മലയാളത്തിനുണ്ട്‌. അതു കവിതയ്‌ക്കു ചേര്‍ന്ന സംഗീതാത്മകമായ ഭാഷയാണ്‌. ഗദ്യത്തില്‍ കവിതയെഴുതിക്കൂടെന്നില്ല. ഗദ്യവും പദ്യവുമല്ലാത്ത ഭാഷയിലുമെഴുതാം. എന്നാല്‍ ശബ്ദസുഖം കൊണ്ടു വായനക്കാരനെ ആകര്‍ഷിക്കുന്നതും അവന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതും പദ്യഭാഷയിലുള്ള കവിതകളാണ്‌. മഞ്‌ജരി, കാകളി, നതോന്നത, മാവേലി, ഓമനക്കുട്ടന്‍ മുതലായി ദ്രാവിഡവൃത്തങ്ങളെന്നറിയപ്പെടുന്ന ഒട്ടേറെ പദ്യരചനാരീതികള്‍ മലാളികള്‍ക്കു സ്വന്തമായുണ്ട്‌. അവ ചൊല്ലിയും കേട്ടും പഠിക്കാനുള്ള ക്ഷമയില്ലാതെ വൃത്തമുക്തകവിതകള്‍ എഴുതി ചാരിതാര്‍ത്ഥ്യമടയുന്നവര്‍ സ്വന്തം പൈതൃകത്തെ നിന്ദിക്കുന്നവരാണ്‌. ലാറ്റിനമേരിക്കയിലും മറ്റുമുണ്ടാക്കുന്ന ആധുനിക കവിതകളുടെ വിവര്‍ത്തനങ്ങളെയാണവര്‍ അനുകരിക്കുന്നത്‌. പ്രശസ്‌തരായ നമ്മുടെ ചില ആധുനിക കവികള്‍ അടുത്ത കാലത്ത്‌ ഈ വസ്‌തുത തിരിച്ചറിഞ്ഞ്‌ പ്രാചീന വൃത്തങ്ങളിലേയ്‌ക്കുള്ള മടങ്ങിപ്പോക്ക്‌ ആരംഭിച്ചിരിക്കുന്നു.

സുദീര്‍ഘമായ വിദേശവാസത്തിനിടയിലും മലയാളത്തനിമ കൈമോശം വരാതെ സൂക്ഷിക്കുകയും താന്‍ നുകര്‍ന്ന മുലപ്പാലിന്റെ മഹിമയില്‍ അഭിമാനം കൊള്ളുന്ന മറുനാടന്‍ മലയാളികളുണ്ടല്ലോ എന്ന വിചാരം രോമാഞ്ചപ്രദമാണ്‌്‌. അത്തരമൊരു രോമാഞ്ചത്തിന്റെ അകമ്പടിയോടുകൂടിയാണ്‌്‌ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ `ദാവീദിന്റെ രണ്ടുമുഖങ്ങളി'ലെ രണ്ടു കവിതാതന്തുക്കളും ഞാന്‍ വായിച്ചുതീര്‍ത്തത്‌. നിരന്തരമായ കാവ്യപാരായണമോ കവിസംസര്‍ക്ഷമോ തുടര്‍ന്നുപോകുന്നതിനുള്ള സൗകര്യം ആ മഹതിക്ക്‌ ഇന്നില്ല. എങ്കിലും ക്രൈസ്‌തവ കവികളില്‍ അഗണ്യമല്ലാത്ത ഒരു സ്ഥാനത്തിന്‌ താന്‍ അവകാശിയാണെന്ന്‌്‌ ഈ കവിതകളിലൂടെ അവര്‍ വിളംബരം ചെയ്യുന്നു. നമ്മുടെ കവികളെ എറെയൊല്ലം പ്രലോഭിപ്പിച്ചിട്ടില്ലാത്ത ബൈബിള്‍ക്കഥകളാണ്‌ ശ്രീമതി എല്‍സി യോഹന്നാന്‍ സധൈര്യം മലയാള കാവ്യഭാഷയില്‍ അവതരിപ്പിക്കുന്നത്‌. കേരളത്തിന്റെ പരമ്പര്യവും ക്രൈസ്‌തവ വിശ്വാസവും നമ്മുടെ കാവ്യസംസ്‌ക്കാരത്തില്‍ സമന്വയിപ്പിക്കുകയാണിവിടെ. അഭിനന്ദനീയവും അനുകരണീയവുമാണ്‌ ഈ സംരംഭം.

ദാവീദു രാജാവിന്റെ ജീവിതത്തിലെ രണ്ടു സംഭവങ്ങളാണ്‌ ഈ കവിതകളില്‍ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്‌. ഇസ്രയേല്‍ രാജാവായ ശൗല്‍ ഒരിക്കല്‍ തന്റെ ഉപകര്‍ത്താവും രക്ഷകനുമായിരുന്ന ദാവീദിനെ, അദ്ദേഹം പില്‍ക്കാലത്ത്‌ തന്റെ സിംഹാസനത്തിന്‌ അവകാശമുന്നയിക്കുമോ എന്ന ഭയം നിമിത്തം നാടുകടത്തുന്നു. ദാവീദ്‌ അലഞ്ഞുതിരിഞ്ഞ്‌ വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ്‌ നാബാല്‍ എന്ന ധനികന്റെ പക്കല്‍ ഭക്ഷണത്തിനായി ദൂതന്‍മാരെ അയയ്‌ക്കുന്നു. ആടുകളുടെ രോമം ശേഖരിക്കുന്ന വിളവെടുപ്പുത്സവത്തില്‍ മതിമറന്നിരുന്ന അഹങ്കാരിയായ നാബാല്‍ ദാവീദിന്റെ ദൂതന്മാരെ ആട്ടിയോടിക്കുന്നു. എന്നാല്‍ നാബാലിന്റെ പത്‌നി അബിഗയില്‍ ദാവീദിന്റെ ദയനീയാവസ്ഥയില്‍ അലിവുതോന്നി രഹസ്യമായി അദ്ദേഹത്തിനു ഭക്ഷണം കൊണ്ടുചെന്നു കൊടുക്കുന്നു. അവളുടെ ഹൃദയശുദ്ധിയിലും ദീനാനുകമ്പയിലും പ്രസന്നനായ ദാവീദ്‌ യുദ്ധത്തില്‍ നാബാലിനെ നിഗ്രഹിച്ച്‌ അബിഗെയിലിനെ തന്റെ പത്‌നിയാക്കുന്നു. ഇതാണ്‌്‌ ഒന്നാമത്തെ കഥ. കഥാവതരണത്തിലോ പ്രതിപാദനത്തിലോ ഏറെ നാടകീയതകളൊന്നുമില്ലാതെ ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട ഒരു ആഖ്യാനകാവ്യമാണിത്‌.

ഉന്നതസ്ഥാനം നാം പ്രാപിച്ചാല്‍ നിശ്ചയം
പിന്നെ, മറക്കും നാം നമ്മെത്തന്നെ.
* * *
സജ്ജന നിഗ്രഹത്തിന്നൊനുങ്ങുന്നവന്‍
ലജ്ജിതനാകും, നിരാശനാകും.
* * *
ഈശന്റെയിഷ്ടത്തിനൊത്തുചരിപ്പവര്‍
നാശം കാണില്ല ഭയപ്പെടില്ല.

കൈരളീമഹിളയുടെ മംഗല്യമെന്ന്‌ പുകള്‍പെറ്റ ദ്വിതീയാക്ഷരപ്രാസം സര്‍വ്രത്ര ദീക്ഷിച്ചിരിക്കുന്നു

ഈശനു ജീവിത സാരഥ്യമേകിയാല്‍
ആശിസ്സനന്തമായ്‌ വന്നുചേരും,

.എഴുത്തുകാരിയുടെ കാവ്യപരിചയവും പദസമ്പത്തുമാണ്‌്‌ ഇതു വ്യക്തമാകുന്നത്‌.

നന്മയെ കാംക്ഷിപ്പോരെന്നുമീ ക്ഷോണിയില്‍
നന്മചെയ്‌തേറിടും നന്മകൊയ്യും.

എന്ന ഗുണപാഠത്തോടുകൂടി ഈ സാരോപദേശകഥ സമാപിക്കുന്നു.

ദാവീദ്‌ ബെത്‌ശേബാ സംഗമത്തിന്റെ കഥയാണ്‌ രണ്ടാമത്തേത്‌. ദാവീദുരാജാവ്‌ ബെത്‌ശേബാ എന്ന സുന്ദരിയുടെ സ്‌നാനരംഗം കണ്ട്‌ അവളെ കൊട്ടാരത്തില്‍ വരുത്തി അവിഹിതബന്ധത്തിലേര്‍പ്പെടുന്നതും തന്മൂലം ഉളവാകുന്ന ഗര്‍ഭാരത്തിന്റെ ഉത്തരവാദിത്തം അവളുടെ ഭര്‍ത്താവായ ഊറിയായുടെ തലയില്‍ ചുമത്താന്‍ ശ്രമിച്ചിട്ടു വിജയിക്കാതെ വന്നപ്പോള്‍ ഊറിയായെ ചതിയില്‍ കൊല്ലിച്ച്‌ ബെത്‌ശേബയെ ഭാര്യയായി സ്വീകരിക്കുന്നതുമാണ്‌ കഥയുടെ മുഖ്യഭാഗം. ഈ മഹാപാപത്തെക്കുറിച്ചു ദാവീദ്‌ പശ്ചാത്തപിക്കുന്നതും, ദൈവം ദാവീദിനു മാപ്പു കൊടുത്തനുഗ്രഹിക്കുന്നതുമായ അനന്തരഭാഗങ്ങളും കവയിത്രി സാമാന്യമായി പറഞ്ഞിട്ടുണ്ട്‌. ദാവീദിന്റെ കുറ്റം പൊറുത്ത്‌ ശലോമോനെ പുത്രനായി നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുന്നിടത്ത്‌ കഥ ശുഭപര്യവസാനത്തിലെത്തുകയും പ്രാചീന മാതൃകയില്‍ത്തന്നെ സാരോപദേശം നല്‍കി കവിത അവസാനിപ്പിക്കുകയും ചെയ്യുന്നു.

ഈശനെ ധിക്കരിച്ചെന്നു വന്നാകിലോ
നാശം ഭവിക്കു ഹതാശരാകും.
ഈശനു ജീവിത സാരഥ്യമേകിയാല്‍
ആശിസ്സനന്തമായ്‌ വന്നുചേരും.

പാഴ്‌വാക്കുകള്‍ കൊണ്ടു വൃത്തം പൂരിപ്പിക്കാതെ, അലങ്കാരപ്പകിട്ടുകൊണ്ടു കാവ്യഗാത്രം മറക്കാതെ ഗദ്യമെഴുതുന്ന ലാഘവത്തോടെ അനായാസമായി പദ്യരചന നിര്‍വഹിക്കുന്നതിലുള്ള ശ്രീമതി എല്‍സി യോഹന്നാന്റെ കൈമിടുക്ക്‌ ആദരവും അഭിനന്ദനവും അര്‍ഹിക്കുന്നു. അവിരാമമായ വായനയും നിരന്തരസാധനയും കൊണ്ട്‌ തന്റെ സഹജവാസനകളെ കൂടുതല്‍ പരിപോഷിപ്പിക്കുവാനും, പ്രായേണ ശുഷ്‌ക്കമായ ബൈബിള്‍ കാവ്യ രംഗത്ത്‌ ഉപര്യുപരി വിലപ്പെട്ട സംഭാവനകള്‍ നല്‍കി കൈരളിയെ ധന്യമാക്കുവാനും അങ്ങനെ മലയാളത്തിലെ `ഭക്തകവി'കളുടെ ഗണത്തില്‍ ഒരു വിശിഷ്ട പീഠമലങ്കരിക്കുവാനും ജഗദീശ്വരന്‍ ഈ കവയിത്രിയ്‌ക്ക്‌ അവസരം കൊടുക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കമാത്രം ചെയ്‌തുകൊണ്ട്‌, കാവ്യരൂപം പൂണ്ട ദൈവാരാധനയുടെ ഈ സല്‍ഫലയുഗ്മത്തെ ഞാന്‍ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളട്ടെ !
പ്രൊഫ. മാത്യു ഉലകംതറ, കോട്ടയം.
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക