Image

തെറ്റയിലിന്റെ ദൃശ്യം കാട്ടിയത്‌ തെറ്റായെന്ന്‌ വിനു വി. ജോണ്‍

Published on 06 November, 2013
തെറ്റയിലിന്റെ ദൃശ്യം കാട്ടിയത്‌ തെറ്റായെന്ന്‌ വിനു വി. ജോണ്‍
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: പൊതുരംഗത്തുള്ള വ്യക്തികളുടെ സ്വകാര്യ ജീവിതം പൊതുജനത്തിനു താത്‌പര്യമുള്ള കാര്യമാണെന്ന്‌ ഏഷ്യാനെറ്റ്‌ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ വിനു വി. ജോണ്‍. എങ്കിലും ജോസ്‌ തെറ്റയില്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട വീഡിയോ അതുപോലെ കാണിച്ചതില്‍ അപാകതയുണ്ടെന്ന്‌ പിന്നീട്‌ തോന്നി. അതിനാല്‍ അത്‌ ആവര്‍ത്തിച്ച്‌ കാണിക്കുന്നത്‌ ഏഷ്യാനെറ്റ്‌ നിര്‍ത്തി. ഇന്ത്യാ പ്രസ്‌ ക്ലബ്‌ സമ്മേളനത്തില്‍ `ഡിജിറ്റല്‍ പോയിന്റ്‌' എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച നയിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അതേ ദൃശ്യങ്ങള്‍ വ്യക്ത
യില്ലാതെ കാണിക്കുകയും ഒറിജിനല്‍ തങ്ങളുടെ പക്കലുണ്ടെന്ന്‌ പറയുകയും ചെയ്‌താലും ഇതേഫലം തന്നെ ലഭിക്കുമായിരുന്നു.

മീഡിയ എപ്പോഴും നെഗറ്റീവ്‌ ആണെന്ന വാദഗതി ശരിയല്ല. നാലുമാസമായിട്ടും സോളാര്‍ വിഷയം നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ വിഷയം ഇപ്പോഴും പ്രസക്തമാണെന്നതാണ്‌. ടി.പി. ചന്ദ്രശേഖരന്‍ വധം, ലാവ്‌ലിന്‍ കേസ്‌ എന്നിവയും ഇതേപോലെ മാസങ്ങളോളം താന്‍ കവര്‍ ചെയ്‌തിട്ടുണ്ട്‌.

ഒളിക്യാമറ അമേരിക്കയില്‍ കുറ്റകരമാണെന്ന്‌ അനിയന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടു വീക്ഷണമുണ്ടെന്ന്‌ വിനു ചൂണ്ടിക്കാട്ടി. ലക്ഷ്യമാണ്‌ പ്രധാനം. മാര്‍ഗ്ഗം പ്രസക്തമല്ലെന്നതുമാണ്‌ ഒന്ന്‌. വലിയ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഒളിക്യാമറ സഹായകരമെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെയാണ്‌.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കാണ്‌ ന്യൂസ്‌ ചാനലില്‍ ഏറെ കാഴ്‌ചക്കാരുള്ളത്‌. ചര്‍ച്ചകളില്‍ ഒരേ ആള്‍ക്കാരെ തന്നെയല്ല വിളിക്കുന്നത്‌. പി.സി. ജോര്‍ജ്‌ എം.എല്‍.എ പൊതുപ്രവര്‍ത്തകനാണ്‌. അദ്ദേഹം കൂടുതല്‍ സംസാരിക്കുന്നു. അതില്‍ അതിശയമില്ല.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മീഡിയ ശ്രദ്ധിക്കുന്നില്ലെന്ന്‌ കെ.എന്‍. ബാലഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മൂല്യങ്ങളെ പോലും വെല്ലുവിളിക്കുന്ന നരേന്ദ്രമോഡിയെ മഹത്വവത്‌കരിക്കുന്നത്‌ മാധ്യമങ്ങളാണ്‌.

തങ്ങള്‍ ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങിയിട്ട്‌ അതിന്‌ ബാര്‍ ലൈസന്‍സ്‌ ലഭിക്കാത്തത്‌ ബിജു കിഴക്കേക്കുറ്റ്‌ ചൂണ്ടിക്കാട്ടി.

ചാനല്‍ ചര്‍ച്ചകളില്‍ താന്‍ അധികം പങ്കെടുക്കാത്തത്‌ ദൂരെയായതുകൊണ്ടാണെന്ന്‌ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം പറഞ്ഞു. വാര്‍ത്ത അറിയിക്കുന്നതു മാത്രമല്ല പത്ര ധര്‍മ്മം. അനാവശ്യമായ ഭീതി പരത്തിയ മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിയത്‌ മാധ്യമങ്ങളാണ്‌.

എന്നാല്‍ മന്ത്രി പി.ജെ. ജോസഫ്‌ ആണ്‌ ഭീതി ഉയര്‍ത്തിയതെന്ന്‌ വിനു ചൂണ്ടിക്കാട്ടി.

റേറ്റിംഗിനു പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ ആള്‍ദൈവങ്ങളേയും ജ്യോതിഷ
ത്തേയും അന്ധവിശ്വാസങ്ങളേയുമൊക്കെ പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ ബല്‍റാം പറഞ്ഞു. താത്‌കാലിക നേട്ടത്തിനു മാധ്യമങ്ങള്‍ ശ്രമിക്കുമ്പോള്‍ അതു നാടിനു ദോഷം ചെയ്യുന്നു. മീഡിയ സൃഷ്‌ടിക്കുന്ന അജണ്ടയില്‍ നിന്നു രാഷ്‌ട്രീയക്കാര്‍ക്ക്‌ പലപ്പോഴും മാറാനാവുന്നില്ല. പതിനായിരം പേരുള്ള റാലിക്കല്ല ഏതാനും പേരുള്ള അക്രമത്തിനാണ്‌ പ്രാധാന്യം കൈവരുന്നത്‌.

ടിവി വന്നിട്ട്‌ രണ്ട്‌ ദശാബ്‌ദമേ ആയിട്ടുള്ളുവെന്ന്‌ വിനു ചൂണ്ടിക്കാട്ടി. അതിനു മുമ്പാണ്‌ കേരളത്തില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായത്‌. അതിനാല്‍ ടിവിയാണ്‌ അക്രമത്തിനു പ്രേരിപ്പിക്കുന്നതെന്ന്‌ പറയുന്നത്‌ ശരിയല്ല.

മാതാ  അമൃതാനന്ദമയിക്കെതിരെ പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നു ബാലഗോപാല്‍ ചോദിച്ചു. ജാതിയും മതവും വളര്‍ത്തിയത്‌ മാധ്യമങ്ങളാണെന്ന്‌ ബല്‍റാമും പറഞ്ഞു.

എന്നാല്‍ ജാതിയും മതവും തിരിച്ച്‌ സ്ഥാനാര്‍ത്ഥിയെ വീതം വെയ്‌ക്കുന്നത്‌ രാഷ്‌ട്രീയക്കാരാണെന്ന്‌ വിനു തിരിച്ചടിച്ചു. മാധ്യമങ്ങള്‍ പറയുന്നതുപോലെ സഞ്ചരിക്കുന്ന നേതാക്കളുണ്ടെന്നുള്ളത്‌ സങ്കടകരമാണെന്ന്‌ വിനു ചൂണ്ടിക്കാട്ടി. സുകുമാരന്‍ നായരെ വിമര്‍ശിച്ച വ്യക്തിയാണ്‌ ബല്‍റാം. പക്ഷെ മറ്റ്‌ പലരും പിന്നീട്‌ ചങ്ങനാശേരിയില്‍ പോയി വിധേയത്വം കാട്ടി.

സൂപ്പര്‍ സ്റ്റാറുകളുടെ വീട്ടില്‍ റെയ്‌ഡ്‌ നടന്നപ്പോള്‍ അതു മാധ്യമങ്ങള്‍ ഒതുക്കിയ കാര്യം ജോസ്‌ കണിയാലി ചൂണ്ടിക്കാട്ടി. സുപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചാല്‍ ചാനലുകള്‍ക്ക്‌ സിനിമ കിട്ടാനാവാത്ത അവസ്ഥ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന്‌ വിനു സമ്മതിച്ചു. പക്ഷെ റെയ്‌ഡ്‌ സംബന്ധിച്ച വിവരങ്ങള്‍ കൊടുത്തില്ല എന്നതു ശരിയല്ല.

ഒരു സ്വര്‍ണക്കടയില്‍ അതിലും വലിയ റെയ്‌ഡ്‌ നടന്നത്‌ ആരും റിപ്പോര്‍ട്ട്‌ ചെയ്‌തില്ല. പരസ്യം തന്നെ പ്രശ്‌നം . 50 കോടി പിഴ കൊടുത്താണ്‌ കടയുടമ കേസില്‍ നിന്നു ഒഴിവായത്‌.

തെറ്റയില്‍ സംഭവം അതേപോലെ കാണിച്ച ചാനലിനെതിരേ പരാതി കൊടുത്തിരുന്നുവെങ്കില്‍ ചാനലിന്റെ അംഗീകാരംതന്നെ റദ്ദുചെയ്യുമായിരുന്നുവെന്ന്‌ ശ്രീകണ്‌ഠന്‍നായര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊന്നും കാണിക്കില്ലെന്ന്‌ പറഞ്ഞാണ്‌ പെര്‍മിറ്റ്‌ വാങ്ങുന്നത്‌. കൂടുതല്‍ നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്‌. പക്ഷെ ആരും പരാതിപ്പെടാനില്ല എന്നു മാത്രം. പൊതുവില്‍ അഴിമതികളുടെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.

അഴിമതിക്കെതിരേ വികാരപ്രകടനം എല്ലാവരും നടത്തുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ ആരും അതു പകര്‍ത്താറില്ല എന്നു വിനു ചൂണ്ടിക്കാട്ടി. ഒരുകോടി രൂപയുടെ വീട്‌ വാങ്ങുമ്പോള്‍ 11 ലക്ഷം രൂപയുടെ സ്റ്റാമ്പ്‌ പേപ്പര്‍ വേണം. അതിനു പകരം വില 25 ലക്ഷമെന്നു കാണിക്കും. അങ്ങനെയുള്ളവരാണ്‌ അഴിമതിക്കെതിരേ സംസാരിക്കുന്നത്‌.

താന്‍ എന്തായാലും വീടു വാങ്ങിയപ്പോള്‍ ശരിയായ വിലയ്‌ക്ക്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി കൊടുത്തു. മാധ്യമ രംഗത്തു സത്യസന്ധത കൈവിടാന്‍ തയാറല്ല-വിനു പറഞ്ഞു.
തെറ്റയിലിന്റെ ദൃശ്യം കാട്ടിയത്‌ തെറ്റായെന്ന്‌ വിനു വി. ജോണ്‍തെറ്റയിലിന്റെ ദൃശ്യം കാട്ടിയത്‌ തെറ്റായെന്ന്‌ വിനു വി. ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക