Image

ശ്രീകണ്‌ഠന്‍ നായരുടെ മൊഴിമുത്തുകള്‍

Published on 07 November, 2013
ശ്രീകണ്‌ഠന്‍ നായരുടെ മൊഴിമുത്തുകള്‍
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: അച്ഛന്റെ റേഷന്‍കടയിലെ ഗോതമ്പു ചാക്കില്‍ കയറിയിരുന്ന്‌ കണക്കെഴുതുകയും അവിടെ നിന്ന്‌ ലോകം കാണുകയും ചെയ്‌തയാളാണ്‌ താനെന്ന്‌ പ്രമുഖ ടിവി അവതാരകന്‍ ശ്രീകണ്‌ഠന്‍ നായര്‍.

മാധ്യമരംഗത്ത്‌ ഒരു പത്രത്തില്‍ ഫ്രീലാന്‍സറായിട്ടായിരുന്നു തുടക്കം. പിന്നെ കേരള വര്‍മ്മ കോളജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന്‌ ആകാശവാണിയില്‍. ഏഷ്യാനെറ്റില്‍ പത്തുകൊല്ലം പ്രോഗ്രാം മേധാവിയായി പ്രവര്‍ത്തിച്ചു. 1994-ല്‍ തുടങ്ങിയ നമ്മള്‍ തമ്മില്‍ ഹിറ്റായി-

ഇന്ത്യാ പ്രസ്‌ ക്ലബ്‌ സമ്മേളനത്തില്‍ `വാര്‍ത്തയുടെ പിന്നാമ്പുറം' എന്ന വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച നയിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റിനുശേഷം മഴവില്‍ മനോരമയില്‍. ഇപ്പോള്‍ കൊച്ചി തിരുവാണിയൂരില്‍ 17 ഏക്കറില്‍ 700 കോടി രൂപ മുടക്കില്‍ മീഡിയ സിറ്റി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍. വിവിധ മീഡിയകളെയെല്ലാം ഒരേ കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. മാധ്യമ സാമ്രാജ്യത്തില്‍ തനിക്കും ഒരിടം കിട്ടുമോ എന്ന്‌ ഒരുകൈ നോക്കുന്നു. നികേഷ്‌ കുമാര്‍ ഇന്ത്യാവിഷന്‍ മേധാവിയായതൊക്കെ പ്രചോദനമായി.

മുപ്പത്‌ വര്‍ഷം കഴിഞ്ഞ്‌ കേരളവര്‍മ്മ കോളജില്‍ ചെന്നപ്പോള്‍ ഊഷ്‌മളമായ സ്വീകരണമാണ്‌ പുതിയ തലമുറ തന്നത്‌. എന്നാല്‍ താന്‍കൂടി വളര്‍ത്തിയെടുത്ത മീഡിയ സ്ഥാപത്തില്‍ ചെല്ലാന്‍ അപ്പോയിന്റ്‌മെന്റ്‌ എടുക്കണം. ചിലപ്പോഴത്‌ കിട്ടില്ലെന്നും വരാം.

അറുപതു കോടി രൂപ മുടക്കി ചാനല്‍ തുടങ്ങുന്നവര്‍ ലാഭേച്ഛയില്ലാതെയാവില്ലല്ലോ അതിനിറങ്ങുന്നത്‌. ചാനലില്‍ ഇപ്പോള്‍ ന്യൂസ്‌ കൂടി കാണിച്ചുതുടങ്ങി. ടി.എന്‍. സീമയേയും, പി.സി. ജോര്‍ജിനേയുമൊക്കെ കാണാന്‍ ജനം ആകാംക്ഷയോടെ എത്തുന്നു.

പുതിയ തലമുറ ഹിന്ദി പഠിച്ചവരാണ്‌. അവര്‍ ഹിന്ദി പരിപാടികളില്‍ പെട്ടെന്ന്‌ ആകൃഷ്‌ടരാകുന്നു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിനേയും അവഗണിക്കാനാവില്ല.

സൈബര്‍ സെല്ലും, സൈബര്‍ നിയമങ്ങളും ഉള്ള അപകടം പിടിച്ച കാലത്താണ്‌ നാം ജീവിക്കുന്നത്‌. അതിനാല്‍ തോന്നുന്നതെന്തും സോഷ്യല്‍ മീഡിയയില്‍ എടുത്തിടുന്നത്‌ സൂക്ഷിക്കണം.

കെട്ടിപ്പെടുക്കുന്ന സൗധം ഒരൊറ്റ ടിവി പരിപാടികൊണ്ട്‌ തകര്‍ന്നുവീഴുന്ന അവസ്ഥ ഇപ്പോള്‍ കേരളത്തിലുണ്ട്‌. പെണ്ണുമായുള്ള ബന്ധമാണ്‌ കേരളത്തിലെ ഏറ്റവും വലിയ കാര്യം. അന്യന്റെ കാര്യത്തിലേക്ക്‌ ഒളിഞ്ഞു നോക്കാനുള്ള ആസക്തിയുടെ ബഹിര്‍സ്‌ഫുരണം തന്നെ.

വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അപ്രഖ്യാപിത പവര്‍കട്ട്‌ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെപ്പറ്റി ഒരു റിപ്പോര്‍ട്ട്‌ തയാറാക്കിയതിന്‌ റേറ്റിംഗ്‌ കിട്ടിയില്ല.

ടിവിയില്‍ ഇന്റര്‍വ്യൂ നടന്നപ്പോള്‍ ചില അരോചകമായ ചോദ്യങ്ങള്‍ അവതാരകനോട്‌ തിരിച്ചു ചോദിച്ചാല്‍ അവര്‍ ക്ഷീണിച്ചുപോകും. പത്രമുതലാളിമാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നു.

ശക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്ന രാഷ്‌ട്രീയക്കാരെ ദുഷ്‌ടനായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ മടിയില്ല. എന്നാല്‍ നട്ടെല്ലുള്ള രാഷ്‌ട്രീയക്കാരന്‍ പേടിക്കേണ്ടതില്ല.

`കേരളം അടുത്തയാഴ്‌ച' എന്നൊരു പരിപാടി താന്‍ അവതരിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ഒരാള്‍ മന്ത്രി കെ.വി. തോമസിനോട്‌ 10 ലക്ഷം രൂപ ചോദിച്ചു. അതോടെ ആ പരിപാടി നിര്‍ത്തി.

ബലാത്സംഗവും മറ്റും കേരളത്തിലും ഉണ്ടെങ്കിലും അവ ഒറ്റപ്പെട്ട കാര്യങ്ങളാണ്‌. രാത്രിയിലൊക്കെ സ്‌ത്രീകള്‍ ഇറങ്ങി നടക്കുന്നുണ്ട്‌.

വലിയ ശാസ്‌ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കുടുംബംകുട്ടിച്ചോറാക്കിയത്‌ മാധ്യമങ്ങളാണ്‌. ഇവിടുത്തെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട്‌ മാപ്പ്‌ പറയേണ്ടതാണ്‌. ഒരു മാധ്യമം മാത്രമാണ്‌ ക്ഷമ ചോദിക്കാന്‍ ഒരു പ്രതിനിധിയെ അയച്ചത്‌. അയാളെ നമ്പി നാരായണന്‍ ഗെറ്റ്‌ ഔട്ട്‌ അടിക്കുകയും ചെയ്‌തു.

മാധ്യമങ്ങളില്‍ ഒരുപാട്‌ പിഴവുകള്‍ സംഭവിക്കുന്നു. പക്ഷെ അത്‌ തിരുത്താന്‍ സന്മനസ്‌ കാട്ടിയാല്‍ ജനം പൊറുക്കും.

ഏഷ്യാനെറ്റില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ മറ്റു ചാനലുകള്‍ അജണ്ട നിശ്ചയിച്ചുകൊണ്ടാണ്‌ രംഗത്തുവരുന്നതെന്ന്‌ അനുഭവങ്ങളിലൂടെ പഠിച്ചു.

ടിവിയില്‍ ഒന്നു പറയുകയും ജീവിതത്തില്‍ മറ്റൊന്ന്‌ കാണിക്കുകയും ചെയ്യുന്നത്‌ സാമൂഹികവിരുദ്ധതയാണ്‌. മലയാളം ചാനലുകള്‍ക്ക്‌ 24 മണിക്കൂറും `പീക്‌ അവര്‍' ആണ്‌. കേരളത്തില്‍ സൂര്യനസ്‌തമിച്ചു കഴിഞ്ഞാലും ഗള്‍ഫില്‍ പകല്‍ കഴിയില്ല. ഗള്‍ഫില്‍ സുര്യന്‍ അസ്‌തമിച്ചുകഴിയുമ്പോള്‍ അമേരിക്കയില്‍ പകലായി. ചുരുക്കത്തില്‍ കേരളത്തിലെ ടിവി സദാസമയം ജാഗരൂകയാരിക്കണം.

50 കോടിയുടെ നിക്ഷേപമുള്ളവര്‍ കേരളത്തില്‍ മന്ത്രിസഭയില്‍ ഉണ്ട്‌. കേരളത്തിലെ നല്ലൊരു പങ്ക്‌ ഭൂമി 75-80 പേരുടെ കയ്യിലാണിരിക്കുന്നത്‌.

150 വയസുവരെ ജീവിക്കുമെന്ന ധാരണയിലാണ്‌ മലയാളി പ്രവര്‍ത്തിക്കുന്നത്‌. മാധ്യമ പ്രവര്‍ത്തനം തനിക്ക്‌ അറിയാം. പണം മുടക്കാന്‍ പലരെ കിട്ടുകയും ചെയ്യും. ഈ ധാരണിയില്‍ നിന്നാണ്‌ മീഡിയ സിറ്റി തുടങ്ങുന്നത്‌- ശ്രീകണ്‌ഠന്‍ നായര്‍ പറഞ്ഞു.
ശ്രീകണ്‌ഠന്‍ നായരുടെ മൊഴിമുത്തുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക