Image

രാജാവിനേക്കാള്‍ വലിയ രാജഭക്തി ഇനിയും ആവശ്യമോ? (ഷോളി കുമ്പിളുവേലി)

Published on 14 November, 2013
രാജാവിനേക്കാള്‍ വലിയ രാജഭക്തി ഇനിയും ആവശ്യമോ? (ഷോളി കുമ്പിളുവേലി)
രാജ ലക്ഷണം എന്നാല്‍ ആനസവാരി, കുതിരയോട്ടം, പള്ളിനായാട്ട്‌, പിന്നെ പള്ളിവെടി. ഇതില്‍ പള്ളിവെടിക്കാണു മുന്‍ഗണന. ഇതൊന്നുമില്ലെങ്കില്‍ എന്തു രാജകുമാരന്‍!

ബ്രിട്ടീഷ്‌ രാജകുമാരന്‍ ചാള്‍സും പത്‌നി കാമിലയും നടത്തുന്ന കേരള സന്ദര്‍ശനത്തിന്‌ നാണമില്ലാത്ത പത്രക്കാരും, നട്ടെല്ലില്ലാത്ത രാഷ്‌ട്രീയക്കാരും കാണിക്കുന്ന അമിത ഭക്തി, ഇപ്പോഴും വെള്ളത്തൊലിയോടുള്ള നമ്മുടെ വിധേയത്വമാണ്‌ വെളിവാക്കുന്നത്‌. നമ്മുടെ നാട്‌ സന്ദര്‍ശിക്കാന്‍ വരുന്ന ഏതു രാഷ്‌ട്രത്തവനേയും , അതല്ലാ സാധാരണക്കാരനാണെങ്കിലും, മാന്യമായി സ്വീകരിക്കുകയും, അര്‍ഹതപ്പെട്ട ബഹുമാനം നല്‍കുകയും വേണം. പക്ഷെ, അത്‌ ഒരിക്കലും നമ്മുടെ രാഷ്‌ട്രപതിക്കോ, പ്രധാനമന്ത്രിക്കോ നല്‍കുന്നതിലും കൂടുതലാകരുത്‌. `അതിഥിദേവോ ഭവ:' എന്നു പറഞ്ഞാല്‍ ഇത്രയും നട്ടെല്ല്‌ വളയണം എന്നാണോ അര്‍ത്ഥം! അറുപത്താറ്‌ വയസു കഴിഞ്ഞ, മുത്തച്ഛനായ ചാള്‍സ്‌ `രാജകുമാരനോട്‌' കാണിക്കുന്ന ബഹുമാനം എന്തുകൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്ന തിരുവിതാംകൂറിന്റെ സ്വന്തം ഉത്രം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ മഹാരാജാവിനോട്‌ കാണിക്കുന്നില്ല? അദ്ദേഹത്തെ ആരും ഇതുപോലെ എഴുന്നെള്ളിച്ച്‌ നടത്തുന്നതും കണ്ടിട്ടില്ല.

രാജാവ്‌ `വനത്തിപോകുന്നു', `മഴ ആസ്വദിക്കുന്നു' (ഇവരുടെയൊന്നും നാട്ടില്‍ മഴയില്ലേ?), `നായാട്ടു നടത്തുന്നു', `കുമരകത്ത്‌ കരിമീന്‍ തിന്നുന്നു', `കാമില പ്രഭ്വി' സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്നു, `ജീവനക്കാരോട്‌ സംസാരിക്കുന്നു', `ഭര്‍ത്താവിന്‌ പിറന്നാള്‍ സമ്മാനം കൊടുക്കുന്നു' ചില പത്രങ്ങളുടെ വിശദീകരണം കണ്ടാല്‍ ശര്‍ദ്ദിക്കാന്‍ തോന്നും. തിരിച്ചുപോകുമ്പോള്‍ വെച്ചുനീട്ടുന്ന `നക്കാപീച്ച' ഔദാര്യത്തിനുവേണ്ടി ഒരു നാടിന്റെ മുഴുവന്‍ മാന്യതയും, അന്തസും കളയണോ? അഞ്ഞൂറുകോടി മുടക്കി ചൊവ്വാ ഗ്രഹത്തിലേക്ക്‌ പര്യവേക്ഷണ പേടകം അയച്ച രാജ്യമാണ്‌ ഭാരതം. ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം വാനോളം ഉയര്‍ത്തിയ നിമിഷങ്ങള്‍!!!

ചൊവ്വയിലേക്ക്‌ റോക്കറ്റ്‌ അയയ്‌ക്കാന്‍ മാത്രമൊന്നും ഇന്ത്യ വളര്‍ന്നിട്ടില്ലെന്നും, ഇപ്പോഴും തങ്ങളുടെ ഔദാര്യം പറ്റുന്ന ഒരു രാജ്യമാണെന്നുമാണ്‌ ഒരു പത്രം എഴുതിയത്‌. ഇതിപോലെ ഓരോരുത്തരെ `എഴുന്നള്ളിക്കുമ്പോള്‍' , നമ്മള്‍ കൈപ്പറ്റുന്ന സഹായങ്ങളുടെ ബലത്തിലാണ്‌ അവര്‍ അങ്ങനെ എഴുതിയത്‌. ചാള്‍സ്‌ രാജകുമാരന്റെ ആനത്താരിയിലെ വനയാത്രയും, കരിമീന്‍ `പൂതി'യും തീര്‍ത്തുകൊടുക്കുമ്പോള്‍ ആലുവ നഗരസഭയ്‌ക്ക്‌ ചെറിയൊരു സഹായം കിട്ടും. അതിനുവേണ്ടിയാണ്‌ നാണംകെട്ട ഈ പാദസേവയെല്ലാം.

ഇനി ഈ സ്വീകരണങ്ങളുടെ മറ്റൊരു വശം കൂടി പരിശോധിക്കാം. നമ്മുടെ രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയുമൊക്കെ ബ്രിട്ടണും അമേരിക്കയും സന്ദര്‍ശിക്കുമ്പോള്‍ ഇതുപോലുള്ള സ്വീകരണമാണോ ലഭിക്കുന്നത്‌? അവിടുത്തെ പത്രങ്ങള്‍ `മന്‍മോഹന്‍ സിംഗിന്റെ' ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിവരിച്ച്‌ പത്രത്തിന്റെ സ്ഥലം കളയുമോ? മുന്‍ രാഷ്‌ട്രപതിയും, ഭാരതത്തിന്റെ അഭിമാന ശാസ്‌ത്രജ്ഞനുമായ ശ്രീ അബ്‌ദുള്‍ കലാമിനെ ഷൂസും, ബെല്‍റ്റും അഴിച്ച്‌ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌ ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും മറന്നുകാണില്ല!!

തീര്‍ച്ചയായും, മറ്റ്‌ രാഷ്‌ട്രങ്ങളുടെ തലവന്മാരെ ബഹുമാനിക്കണം. അവര്‍ക്കുവേണ്ട സംരക്ഷണം നല്‍കുകയും ചെയ്യണം. പക്ഷെ, അതേ ബഹുമാനവും പരിഗണനയും നൂറ്റിമുപ്പത്‌ കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന നമ്മുടെ നേതാക്കള്‍ക്കും ലഭിക്കണം. `Give Respect, take respect' അതാണ്‌ ശരി.!! പക്ഷെ നമ്മുടെ ആള്‍ക്കാര്‍ `സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കും'. കുനിയാന്‍ പറയുമ്പോള്‍ അവര്‍ കാലേല്‍ വീഴും. രാജാവിനേക്കാള്‍ വലിയ ഈ രാജഭക്തി പ്രകടനങ്ങള്‍ ഇനിയും നമ്മള്‍ തുടരണോ?
രാജാവിനേക്കാള്‍ വലിയ രാജഭക്തി ഇനിയും ആവശ്യമോ? (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക