Image

ഇസ്ലാം സമാധാനത്തിന്റെ മതമാണ്, യുദ്ധത്തിന്റേതല്ല, മുഹര്‍റത്തിന്റെ സന്ദേശം ( മീട്ടു റഹ്മത്ത് കലാം )

മീട്ടു റഹ്മത്ത് കലാം Published on 13 November, 2013
ഇസ്ലാം സമാധാനത്തിന്റെ മതമാണ്, യുദ്ധത്തിന്റേതല്ല, മുഹര്‍റത്തിന്റെ സന്ദേശം  ( മീട്ടു റഹ്മത്ത് കലാം )
ഇന്ന് മുതല്‍ ഞാനൊരു പുതിയ മനുഷ്യനായിരിക്കും എന്ന പ്രതിജ്ഞയാണ് ഓരോ പുതുവര്‍ഷം വരവേല്‍ക്കുമ്പോഴും മനസ്സില്‍ വരിക. മലയാളം മാസം ചിങ്ങം ഒന്ന്, ന്യൂ ഇയര്‍ (ജനുവരി ഒന്ന് ) ഇതൊക്കെപ്പോലെ ഇസ്ലാം കലണ്ടര്‍ (ഹിജ്‌റ) പ്രകാരമുള്ള പുതുവര്‍ഷം പിറക്കുന്നത് മുഹര്‍റം മാസത്തോടെയാണ്. . 'യുദ്ധം നിഷിദ്ധമാക്കിയത്' എന്നാണ് മുഹര്‍റത്തിന്റെ അര്‍ത്ഥം . കഴിഞ്ഞ കാലപാപങ്ങളെല്ലാം പശ്ചാത്താപവും കണ്ണീരും കൊണ്ട് കഴുകി കളഞ്ഞ് വേണം പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍. അബദ്ധത്തിലും അശ്രദ്ധയിലുമായി ചെയ്തുകൂട്ടിയ നിഷിദ്ധ കാര്യങ്ങളില്‍  ഖേദിച്ചുകൊണ്ട് ആണ്ടുപിറവിയെ വരവേല്‍ക്കുന്നവന്റെ പാപങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസം , ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ചാണ് മുഹര്‍റം ഒന്നാമത്തെ മാസമായി കണക്കാക്കിയത്. ഇതില്‍ മുഹര്‍റം പത്തിന് (ആശുറാഹ്) പ്രത്യേക പ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത് . ആ ദിവസത്തെ വ്രതാനുഷ്ഠാനം ഒരു വര്‍ഷത്തെ നോമ്പിനു തുല്യമാണ് . അന്നേ ദിനത്തില്‍ ആശ്രിതരെ സഹായിക്കുന്നവന് വര്‍ഷം മുഴുവന്‍ സൃഷ്ടാവ് വിശാലത ചെയ്യും.

ഇസ്ലാമിക ചരിത്രത്തിന്റെ മിക്ക ഏടുകളിലും മുഹര്‍റം പത്തിന്റെ പരാമര്‍ശങ്ങളുണ്ട്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ ഇതേ  ദിവസമാണ് നടന്നതെന്നത് വിശ്വാസികള്‍ ഒരു നിയോഗമായി കണക്കാക്കുന്നു.വേദനിക്കുന്ന ഹൃദയത്തോടെ തങ്ങളുടെ നാഥനിലേക്ക് കൈകളുയര്‍ത്തിയ പലര്‍ക്കും പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന മറുപടികള്‍ മുഹര്‍റം പത്തിന് ലഭിച്ചിട്ടുള്ളതായാണ് ചരിത്രത്തിന്റെ സാക്ഷ്യം.

സത്യനിഷേധികളില്‍ നിന്ന് നേരിന്റെ വെളിച്ചം കൊണ്ടുവരാന്‍ നടത്തിയ പോരാട്ടമായി അറിയപ്പെടുന്ന 'കര്‍ബാല' യുദ്ധമാണ് മുസ്ലീം ജനതയെ മുഹര്‍റവുമായി ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ ഘടകം. അഹമ്മദ് നബിയുടെ ചെറുമകന്‍ ഹുസൈന്‍ ബിന്‍ അലി, രക്തസാക്ഷിത്വം വരിച്ചതും മുഹര്‍റം പത്തിനായിരുന്നു. ഒരു ലക്ഷത്തിനുമേല്‍ വരുന്ന യസീദിന്റെ സൈന്യത്തെ നേരിടാന്‍ ഹുസൈനൊപ്പം 72 പടയാളികളും വിശ്വാസികളും മാത്രമാണ്  ഉണ്ടായിരുന്നത്. യുദ്ധസമയത്ത് എതിര്‍ സൈന്യത്തിന് കുടിക്കാന്‍ വെള്ളം പോലും കിട്ടരുതെന്ന ഉദ്ദേശത്തോടെ യസീദിന്റെ പട്ടാളം യൂപാട്ടീസ്  നദി തടഞ്ഞു വച്ചു. ദാഹം കൊണ്ടും യുദ്ധത്തിലേര്‍പ്പെട്ടും അനേകം പേര്‍ ജീവന്‍ വെടിഞ്ഞു. രക്ഷപ്പെട്ടവര്‍  തടങ്കലിലായി. യുദ്ധാനന്തരം വലിയൊരു വിപ്ലവത്തിന്റെ  സൂചന മണത്തെ യസീദ്, തടവുകാരെ മോചിപ്പിച്ച് കീഴടങ്ങിയതായാണ് ചരിത്രരേഖകള്‍.

ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഫറോവയുടെ പിടിയില്‍  നിന്ന് ഹസ്രത്ത് മൂസ രക്ഷപ്പെട്ടതും മുഹര്‍റം പത്തിനായിരുന്നു എന്നാണ് മറ്റു പ്രത്യേകത.

ഷിയാ മുസ്ലീങ്ങള്‍ക്ക്  മുഹര്‍റം പത്ത് ആഘോഷത്തിന്റെ ദിവസമല്ല. കര്‍ബല യുദ്ധത്തില്‍ ഷഹീദായ (രക്തസാക്ഷിത്വം വഹിച്ച) വരെ ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ചും ദുഃഖത്തില്‍ ആഴ്ന്നും സ്വയം സമര്‍പ്പിച്ചും അവര്‍ ആ ദിവസം കഴിച്ചു കൂട്ടും . മുംബൈയില്‍ ' യാ അലി ' എന്ന വിളിയോടെ തങ്ങള്‍ക്ക് ആ യുദ്ധത്തില്‍ പങ്കെടുക്കാനും സഹകരിക്കാനും കഴിയാത്തതിന്റെ പേരില്‍ സ്വയം കത്തികൊണ്ട് ശരീരം മുഴുവന്‍ മുറിവേല്‍പ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരത്തിലുള്ള പ്രവൃത്തികളെ പണ്ഡിത സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും ഒരു വിഭാഗം അത് തുടര്‍ന്ന് പോരുന്നു. ഇറച്ചി വേവിച്ച് പേസ്റ്റ് രൂപത്തിലാക്കിയ അല്ലീസ എന്ന വിഭവം പണക്കാരനെന്നോ ദരിദ്രനെന്നോ  വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് കഴിക്കുന്നതും വടക്കെ ഇന്ത്യയിലെ കീഴ് വഴക്കമാണ്.

ഇസ്ലാം സമാധാനത്തിന്റെ മതമാണ്, യുദ്ധത്തിന്റേതല്ല എന്നതാണ് മുഹര്‍റത്തിന്റെ ആഹ്വാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക