Image

നേര്‍വഴി പോയിട്ടും രക്ഷപെട്ടില്ല; വീണ്ടും നേര്‍വഴി തന്നെ പോകുക (ഫോമാ സമ്മിറ്റില്‍ നിന്ന്)

Published on 18 November, 2013
നേര്‍വഴി പോയിട്ടും രക്ഷപെട്ടില്ല; വീണ്ടും നേര്‍വഴി തന്നെ പോകുക (ഫോമാ സമ്മിറ്റില്‍ നിന്ന്)
എഡിസണ്‍, ന്യൂജേഴ്‌സി: ഫോമയുടെ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റിനെ വിജയകരമാക്കിയത്‌ രണ്ട്‌ കാര്യങ്ങളാണ്‌. കര്‍മ്മരംഗങ്ങളില്‍ വിജയം നേടിയവര്‍ അനുഭവത്തില്‍ ഊന്നിനിന്ന്‌ നടത്തിയ പ്രഭാഷണങ്ങള്‍. രണ്ടാമത്തേത്‌ ജോബ്‌ ഫെയറും. ജോലി സാധ്യതകളേപ്പറ്റിയുള്ള വിവരങ്ങളുമായി ഒട്ടേറെ പ്രമുഖ കമ്പനികളാണ്‌ എത്തിയത്‌. സദാസമയവും ജോബ്‌ ഫെയര്‍ വേദി ജനനിബിഡമായിരുന്നു.

വ്യത്യസ്‌തമായ ഒരു സംസ്‌കാരത്തില്‍ എങ്ങനെ വിജയം കൈവരിക്കാമെന്നതിനെപ്പറ്റി ടോമര്‍ കണ്‍സ്‌ട്രക്ഷന്‍ ഉടമ തോമസ്‌ മൊട്ടയ്‌ക്കല്‍ നടത്തിയ പ്രഭാഷണം ചിന്തോദ്ദീപകമായി. നേര്‍വഴിക്ക്‌ പോകാനാണ്‌ അദ്ദേഹം ഉപദേശിച്ചത്‌. നേര്‍വഴിക്കുപോയിട്ടും രക്ഷപെട്ടില്ലെങ്കില്‍ എന്തു ചെയ്യണം? വീണ്ടും നേര്‍വഴിക്കുതന്നെ പോകണം.

പരിശ്രമങ്ങള്‍ എപ്പോഴും ഫലവത്താകണമെന്നില്ല. എങ്കിലും പരിശ്രമം ഒരിക്കലും വൃഥാവിലാകുകയില്ല. കഠിനാധ്വാനം ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും.

ഇന്ത്യക്കാര്‍ അമേരിക്കക്കാരോട്‌ അന്യായമായ വിധേയത്വവും ബഹുമാനവും കാണിക്കുന്നവരാണ്‌. അതിന്റെ ഒരാവശ്യവുമില്ല. അമേരിക്കക്കാര്‍ക്ക്‌ സാധിക്കാത്ത ഒരു കാര്യമുണ്ട്‌. നമുക്ക്‌ ഇന്ത്യയിലേക്ക്‌ എന്നു വേണമെങ്കിലും മടങ്ങാം. അമേരിക്കക്കാര്‍ക്ക്‌ പറ്റുമോ?

നമുക്ക്‌ പല ശക്തികളുമുണ്ട്‌. കഠിനാധ്വാനശീലം, നമ്മുടെ മൂല്യങ്ങള്‍ എന്നിവ. നമ്മുടെ മക്കള്‍ നമ്മുടെ മോശം ഉച്ഛാരണത്തെപ്പറ്റി കുറ്റംപറഞ്ഞെന്നിരിക്കും. പക്ഷെ ഒന്നാം തലമുറയിലെ അംഗങ്ങള്‍ മിക്കവര്‍ക്കും നാലും അഞ്ചും ഭാഷകള്‍ അറിയാം. ചെറിയ വിദ്യാഭ്യാസവും കൈമുതലാക്കി അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടി ഇവിടെ എത്തണമെങ്കില്‍ അവര്‍ മണ്ടന്മാരായിരിക്കില്ല. പുതിയ തലമുറയ്‌ക്ക്‌ അവരുടെ മാതൃഭാഷ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
വിശ്വസ്‌തതയാണ്‌ വ്യവസായരംഗത്ത്‌ സുപ്രധാനം. വിശ്വസിക്കാന്‍ കൊള്ളുമെന്ന്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യമാകണം. താന്‍ ഇന്നേവരെ തന്റെ ക്ലയന്റ്‌സിനെതിരേ കേസ്‌ കൊടുത്തിട്ടില്ല. കൊടുക്കാന്‍ ഉദ്ദേശവുമില്ല. ലോകത്തെ രണ്ടു ശതമാനം ജനതയുള്ള രാജ്യത്ത്‌ അഭിഭാഷകരുടെ എണ്ണം 15 ശതമാനമാണ്‌. അമേരിക്കക്കാര്‍ വ്യവഹാരപ്രിയരാകുന്നതില്‍ അതിശയിക്കാനില്ല.

അമേരിക്കയെപ്പറ്റി അറിയാന്‍ നാം മടിക്കുന്നു. ഒരു അമേരിക്കന്‍ പത്രം നമ്മുടെ ആരുടേയും വീട്ടില്‍ കാണണമെന്നില്ല. എന്നാല്‍ ഏഷ്യാനെറ്റ്‌ കാണും.

ഇന്ത്യയില്‍ ഡോക്‌ടര്‍ രോഗിയുടെ അവസ്ഥയെപ്പറ്റിയാണ്‌ ആകുലപ്പെടുന്നത്‌. അമേരിക്കയില്‍ ഡോക്‌ടര്‍ ചിന്തിക്കുന്നത്‌ കേസിനു വല്ല സാധ്യതയും ഉണ്ടോ എന്നാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കക്കാര്‍ ശുദ്ധ ഹൃദയമുള്ളവരും നല്ലവരുമാണ്‌. അതു മനസിലാക്കി മുന്നോട്ടുപോകുക- അദ്ദേഹം പറഞ്ഞു.

മണി ഡാര്‍ട്ടിന്റെ അമേരിക്കയിലെ മേധാവി അജിത്‌ പോള്‍, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ സന്ദേശമാണ്‌ അനുസ്‌മരിച്ചത്‌. അത്‌ വിവിധ ഭാഷകളിലാക്കി വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ നല്‍കാന്‍ താന്‍ നിര്‍ദേശം കൊടുത്തു. 24 വര്‍ഷം ലോകോത്തര കളിക്കാരനായി വാണ സച്ചിന്‍ ഒരിക്കല്‍ പോലും കളിക്കളത്തില്‍ താമസിച്ച്‌ എത്തിയിട്ടില്ല. കളിക്കിടയില്‍ മറ്റു കളിക്കാരോട്‌ മോശമായി പെരുമാറിയിട്ടില്ല. ചിലപ്പോള്‍ അദ്ദേഹം നൂറും അതില്‍ക്കൂടുലും റണ്‍സ്‌ നേടും. ചിലപ്പോള്‍ ഒന്നുമില്ലാതെ മടങ്ങും. പക്ഷെ ഒരിക്കലും പരിശ്രമശീലം ഉപേക്ഷിച്ചില്ല. അതുപോലെ ഇത്രയും ലാളിത്യമുള്ള മറ്റൊരു വ്യക്തിയെ കാണാനുമാവില്ല. ഡിസിപ്ലിന്‍, പേഷ്യന്‍സ്‌, പേഴ്‌സിവറന്‍സ്‌, സിംപ്ലിസിറ്റി ഇതൊക്കെയാണ്‌ സച്ചിന്റെ വിജയത്തിന്റെ കാതല്‍. നമുക്കും അനുകരിക്കാവുന്നവ.

പ്രിന്‍സ്റ്റണ്‍ എന്‍ജിനീയറിംഗ്‌ ഉടമ സഞ്‌ജീവ്‌ അഗര്‍വാളിന്റെ ജീവിതചിത്രീകരണം അമ്പരപ്പിക്കുന്നതായിരുന്നു. എല്ലാവര്‍ക്കും സ്വന്തം കഴിവുകളുണ്ടെന്നദ്ദേഹം പറയുന്നു. അതു കണ്ടെത്തി മുന്നോട്ടു പോകണം.

അമേരിക്ക ഒരു മഹത്തായ രാജ്യമാണ്‌. ഇന്ത്യ മോശമായ രാജ്യമാണ്‌ എന്നര്‍ത്ഥമില്ല. പത്തുവര്‍ഷത്തിനിടയ്‌ക്ക്‌ തന്റെ സ്ഥാപനത്തില്‍ ഒരു ചെക്കിംഗിനും ആരും വന്നിട്ടില്ല.

എന്‍ജിനീയറിംഗ്‌ പഠിച്ച ശേഷം ഡല്‍ഹിയില്‍ സ്ഥാപനം തുടങ്ങി. അതു വിജയിച്ചില്ല. തുടര്‍ന്ന്‌ എച്ച്‌ 1 വിസയില്‍ അമേരിക്കയിലെത്തി. ഒരു കമ്പനിയില്‍ ജോലി കിട്ടി. പക്ഷെ താന്‍ റെസ്യൂമെയില്‍ അവകാശപ്പെട്ടത്ര കഴിവുകള്‍ തനിക്കില്ലെന്നു അവര്‍ക്കും തനിക്കും വൈകാതെ മനസിലായി. അതോടെ മേലുദ്യോഗസ്ഥനെ കണ്ട്‌ വിവരം പറഞ്ഞു. പല കാര്യങ്ങളും തനിക്ക്‌ അറിയില്ലെന്നും അവ കൂടുതല്‍ സമയമെടുത്ത്‌ പഠിക്കാമെന്നു പറഞ്ഞത്‌ അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു. 3 വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനിയിലെ ബെസ്റ്റ്‌ എംപ്ലോയി ആയി.

അമിതമായി ജോലി ശരിയല്ലെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.

ഇതിനിടയില്‍ പാട്ടു പാടാന്‍ മോഹം. ഒരു പാര്‍ട്ടിയില്‍ പാടാനൊരുങ്ങിയപ്പോള്‍ ഭാര്യ വിലക്കി. തങ്ങള്‍ക്ക്‌ നാണക്കേടാകുമെന്നു പറഞ്ഞു. എന്നാല്‍ പിന്നെ പാട്ടു പഠിച്ചിട്ടേയുള്ളുവെന്ന്‌ വാശിയായി. മുന്നു വര്‍ഷം ക്ലാസിക്കുകള്‍ പഠിച്ചു. ഇപ്പോള്‍ പാര്‍ട്ടിക്ക്‌ ചെല്ലുമ്പോള്‍ പോയി പാടാന്‍ ഭാര്യയാണ്‌ നിര്‍ബന്ധിക്കുന്നത്‌. അതുപോലെ ഡാന്‍സിന്റെ കാര്യവും. മകള്‍ ആദ്യം
വിലക്കി. അതോടെ നൃത്തപഠനമായി. ഇന്നിപ്പോള്‍ മകള്‍ തന്നെ നൃത്തത്തിനു പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം കഴിവുകളൊക്കെ തനിക്കുണ്ടെന്നു നേരത്തെ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല- അഗര്‍വാള്‍ പറഞ്ഞു.

നമ്മുടെ സ്വഭാവം തന്നെയാണ്‌ നമ്മുടെ വഴികളും നിര്‍ണ്ണയിക്കുന്നതെന്ന്‌ തോമസ്‌ മൊട്ടയ്‌ക്കലും അഭിപ്രായപ്പെട്ടു.

വക്കീല്‍ ജോലി അമേരിക്കയില്‍ മെച്ചപ്പെട്ട ജോലി തന്നെയാണെന്ന്‌ ഫിലാഡല്‍ഫിയയില്‍ അഭിഭാഷകനായ ജോസഫ്‌ കുന്നേല്‍ പറഞ്ഞു. ഒരു ഫേമില്‍ ജോലി ചെയ്‌താല്‍ കുറഞ്ഞത്‌ 1,10,000 ഡോളര്‍ കിട്ടും. സ്വന്തമായി പ്രാക്‌ടീസ്‌ ചെയ്‌താല്‍ അതില്‍ കൂടുതല്‍.

തൊടുപുഴയില്‍ താന്‍ വക്കിലായിരുന്നു. 1991-ല്‍ ഇവിടെ വന്നപ്പോള്‍ വക്കീലാകുന്നതിനെ ആരും പ്രോത്സാഹിപ്പിച്ചില്ല. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു മാത്രം പ്രോത്സാഹിപ്പിച്ചു. മാസ്റ്റര്‍ ബിരുദമെടുത്തശേഷം ട്രയല്‍ അറ്റോര്‍ണിയായി. അക്‌സ
ന്റ്‌ (accent) മറ്റുമാണ്‌ തടസ്സമായി പലരും ആദ്യകാലത്ത്‌ ചൂണ്ടിക്കാട്ടിയത്‌. പക്ഷെ അവ താന്‍ അതിജീവിച്ചു.

വക്കീലായാല്‍ ഒരുപാട്‌ സാധ്യതകളുണ്ട്‌. ജനമധ്യത്തില്‍ പ്രത്യേക പ്രാധാന്യവും ലഭിക്കും. യുവാക്കള്‍ക്ക്‌ ഇക്കാര്യം പരിഗണിക്കാവുന്നതാണ്‌- അദ്ദേഹം പറഞ്ഞു.

അറ്റോര്‍ണി ആന്‍സി ജോര്‍ജ്‌ ഒബാമ കെയറിനെപ്പറ്റി സംസാരിച്ചു. അറ്റോര്‍ണി തോമസ്‌ വിനു അല്ലന്‍ സമഗ്ര ഇമിഗ്രേഷന്‍ നിയമം പാസായാല്‍ അത്‌ ഐ.ടി മേഖലയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നു വിശദീകരിച്ചു. കമ്പനികള്‍ക്ക്‌ നേരിട്ട്‌ എച്ച്‌ 1 ബി വിസയ്‌ക്ക്‌ ഫയല്‍ ചെയ്യാന്‍ കഴിയാതെവരും. അതുപോലെ ഫയല്‍ ചെയ്യുന്ന ഓഫീസില്‍ തന്നെ ജോലി ചെയ്യേണ്ടിവരും. ജോലിക്കാരില്‍ പകുതിയേലേറെപ്പേര്‍ എച്ച്‌ 1 വിസക്കാരായിരിക്കരുതെന്നും നിയമം പറയുന്നു. അപേക്ഷാ ഫീസ്‌ അയ്യായിരത്തില്‍ തുടങ്ങി പതിനായിരം ഡോളര്‍ വരെ ആയി ഉയരും. മിക്ക കമ്പനികള്‍ക്കും താങ്ങാവുന്നതായിരിക്കില്ല അത്‌.

പക്ഷെ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിച്ച്‌ കാത്തിരിക്കുന്നവര്‍ക്ക്‌ അതു വൈകാതെ ലഭിക്കുമെന്ന മെച്ചമുണ്ട്‌.
നേര്‍വഴി പോയിട്ടും രക്ഷപെട്ടില്ല; വീണ്ടും നേര്‍വഴി തന്നെ പോകുക (ഫോമാ സമ്മിറ്റില്‍ നിന്ന്)
Join WhatsApp News
aswathy 2013-11-22 06:04:40
very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക