Image

കൂട്ടക്കൊല വിദഗ്ധരാണ് ഇന്ന് താരങ്ങള്‍; നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ (സക്കറിയ)

സക്കറിയ Published on 20 November, 2013
കൂട്ടക്കൊല വിദഗ്ധരാണ് ഇന്ന് താരങ്ങള്‍; നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ (സക്കറിയ)
എഴുത്തുകാരും ബുദ്ധിജീവികളും മടി വെടിഞ്ഞ് ഒരു പുതിയ പ്രണയത്തില്‍ ഏര്‍പ്പെടേണ്ട കാലമായി എന്ന് തോന്നുന്നു. കാരണം, വര്‍ഗീയ ഫാഷിസം ഈ നാടിനോട് കൂറില്ലാത്ത ഇന്ത്യന്‍ മുതലാളിത്തത്തിന്‍െറ മുതുകിലേറി ഇന്ത്യയുടെ മേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിന്‍െറ ആക്രോശങ്ങള്‍ കേട്ടുതുടങ്ങി. ഫാഷിസ്റ്റ് അധികാര മോഹികള്‍ തലയെടുപ്പ് കാണിച്ച് തുടങ്ങി. രാജാക്കന്മാരും അമ്മമാരും ന്യായാധിപരും പത്രാധിപന്മാരും മറ്റും മറനീക്കി അവര്‍ക്ക് മുന്നില്‍ താണുവണങ്ങി തുടങ്ങി. എഴുത്തുകാരും ബുദ്ധിജീവികളും, ജനങ്ങളോടും നാടിനോടും പ്രത്യേകമായ കൂറ് പുലര്‍ത്തേണ്ട ആപത് കാലമാണിത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി അവര്‍ ജാഗരൂകരാകേണ്ട കാലമാണിത്. അവര്‍ക്ക് സൂര്യന് കീഴിലൊരു സ്വതന്ത്രമായ ഇടം നല്‍കിയ ഇന്ത്യയെ മാറോട് ചേര്‍ക്കാനുള്ള സമയമായി.
ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയിലെ കോടിക്കണക്കിന് സാധുജനങ്ങളുടെ പക്ഷത്ത്, ഫാഷിസത്തിനെതിരെ നിലയുറപ്പിക്കാനുള്ള കടമ എഴുത്തുകാരും ബുദ്ധിജീവികളും പുച്ഛിച്ച് തള്ളരുത്. അതിനെ നിസ്സാരമായി കാണരുത്. സാഹിത്യത്തേക്കാള്‍ വലുതാണ് മനുഷ്യന്‍. സാഹിത്യത്തേക്കാള്‍ വലുതാണ് സ്വാതന്ത്ര്യം. സാഹിത്യത്തേക്കാള്‍ വലുതാണ് ജനാധിപത്യം.
ക്രിക്കറ്റ് കളിയിലും യുദ്ധത്തിലും ചിലര്‍ കണ്ടത്തെുന്ന പ്രാകൃതമായ രാജ്യസ്നേഹത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇന്ത്യയുടെ ഉപ്പ് തിന്നതിന് നമ്മുടെ അടിവയറ്റില്‍ നിന്നുയരുന്ന ആ നന്ദിയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്.
ആരാധ്യപുരുഷന്മാരും യുവതലമുറക്കാരുമടക്കമുള്ളവര്‍ ഫാഷിസത്തിന്‍െറ നിറംപിടിപ്പിച്ച കനികള്‍ക്ക് പിറകെ പോയിത്തുടങ്ങി എന്നത് വാസ്തവമാണ്. അവര്‍ക്ക് കേരള മുഖ്യധാരയില്‍ വിലയിടിവൊന്നും വന്നിട്ടില്ലതാനും. അതാണ് മലയാളിയുടെ അക്ഷരത്തോടുള്ള ആരാധന. ആ അമൂല്യമായ മനോഗുണത്തെയാണ് ഫാഷിസത്തിലേക്ക് കാലുമാറുന്നവര്‍ വഞ്ചിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ഈ പ്രതിസന്ധിയില്‍ ഇത്തരമൊരു ഇരട്ടത്താപ്പിലേക്ക് അധ$പതിക്കുന്ന ബുദ്ധിജീവിയും എഴുത്തുകാരനുമാണ്, താല്‍ക്കാലിക പ്രശസ്തിയാര്‍ജിച്ച ഒരു വിശേഷണമുപയോഗിച്ച് പറഞ്ഞാല്‍, കുലംകുത്തികള്‍.
നമുക്ക് ഇന്ത്യയെ കെട്ടിപ്പിടിക്കാനുള്ള സമയമായി. അല്ളെങ്കില്‍, 68 വര്‍ഷം മുമ്പ്, ഹിറ്റ്ലറുടെ കുരുതിക്കളത്തില്‍ കൂട്ടക്കൊല ക്യാമ്പുകളിലെ അസ്ഥിപഞ്ജരങ്ങള്‍ക്ക് നടുവില്‍ ലോകജനതയുടെ മുന്നില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടിവന്ന ജര്‍മന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും പോലെ നാമും ആയിത്തീരും. കൂട്ടക്കൊല വിദഗ്ധരാണ് ഇന്ന് താരങ്ങള്‍. നമ്മുടെ കൈകളില്‍ ഫാഷിസ്റ്റ് രക്തക്കറ പുരളാതിരിക്കട്ടെ.
നമുക്കെല്ലാമറിയാവുന്ന പഴഞ്ചൊല്ല് ഞാന്‍ ഓര്‍ക്കുകയാണ് -‘കണക്കപ്പിള്ളയുടെ വീട്ടില്‍ വറക്കലും പൊരിക്കലും, കണക്ക് നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും’.
വര്‍ഗീയ ഫാഷിസ്റ്റുകളുടെ താണ്ഡവം കഴിഞ്ഞ് ഈ രാഷ്ട്രം മറ്റൊരു ദാരുണമായ കുരുക്ഷേത്രത്തില്‍ തകര്‍ന്ന് കിടക്കുമ്പോള്‍ -അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ -കണക്കപ്പിള്ളമാരായ നമ്മള്‍ ആ വറക്കലിലും പൊരിക്കലിലും ആഘോഷപൂര്‍വം പങ്കെടുത്ത ശേഷം കരച്ചിലും പിഴിച്ചിലുമായി നില്‍ക്കാന്‍ ഇടവരാതിരിക്കട്ടെ. രക്തദാഹികള്‍ ഇന്ത്യയെയും ഞങ്ങളെയും തട്ടിയെടുത്തപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ജനങ്ങള്‍ ചോദിക്കുമ്പോള്‍ എഴുത്തുകാരും ബുദ്ധിജീവികളുമായ നാം എങ്ങോട്ട് നോക്കണം എന്നറിയാതെ ജീവച്ഛവങ്ങളെപ്പോലെ നില്‍ക്കാന്‍ ഇടവരാതിരിക്കട്ടെ.
ആള്‍ദൈവങ്ങളല്ല നമ്മള്‍. നമുക്ക് ജനങ്ങളോട് നന്ദിയുണ്ടാവണം. നമ്മെ നിലനിര്‍ത്തുന്നത് ജനങ്ങളാണ്. പണമല്ല. ഇന്ത്യ ഒരു മഹത്തായ രാഷ്ട്രമാണ് -അതിന്‍െറ എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടിയും. അതിനെ പ്രണയിച്ച് തുടങ്ങാന്‍ സമയമായി. മാറോടണച്ച് സംരക്ഷിക്കാന്‍ സമയമായി.
l
(കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ഏറ്റുവാങ്ങിയശേഷം നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക