Image

കം പൃശ്ചസി പുന: പുന:? ഡി. ബാബുപോള്‍

Published on 21 November, 2013
കം പൃശ്ചസി പുന: പുന:? ഡി. ബാബുപോള്‍

കേരളത്തിന്‍െറ മലയോരപ്രദേശങ്ങള്‍ പ്രക്ഷോഭമുഖരിതമായിരിക്കുന്നു. സഖാക്കള്‍ നികൃഷ്ട ജീവികളെ സഹോദരനെന്നും പിതാവെന്നും ഒക്കെ വിശേഷിപ്പിക്കുന്നു. കത്തനാരും കമ്യൂണിസ്റ്റും കൈകോര്‍ത്ത് ഇന്‍ക്വിലാബ് വിളിക്കുന്നു.
ഇത് ഒരു വലിയ സവാളയാണ്. സൂക്ഷിച്ചു പൊളിച്ചില്ളെങ്കില്‍ കണ്ണീരാണ് ഫലം. ജയന്തി നടരാജന്‍ അല്ളെങ്കില്‍ അവരുടെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ സ്ഥലകാലബോധമില്ലാതെ പെരുമാറിയതിലാണ് കുഴപ്പത്തിന്‍െറ തുടക്കം.
സത്യവ്രതന്‍ കാട്ടാളനോട് പറഞ്ഞതാണ് ഓര്‍ത്തുപോവുന്നത്. കാണുന്നത് പറയുകയില്ല, പറയുന്നത് കാണുകയുമില്ല. വെറുതെ ആരോട് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു? കം പൃശ്ചസി പുന$ പുന$ ?
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അറിഞ്ഞോ അറിയാതെയോ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ട്. ജനസാന്ദ്രത അഞ്ഞൂറും എഴുന്നൂറും ഉള്ള ഇടങ്ങളെ നൂറില്‍ താഴെ സാന്ദ്രതയുള്ള മലകളുമായി ചേര്‍ത്തുനിര്‍ത്തിയത് സാമി പോലും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. അതൊക്കെ പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ഒന്നുരണ്ട് മാസത്തിനകം കിട്ടും. അതിന് മുമ്പ് കേന്ദ്രം എടുത്തുചാടിയത് അക്ഷന്തവ്യമാണ്.
പശ്ചിമഘട്ട സംരക്ഷണം അപ്പാടെ അട്ടിമറിക്കാന്‍ കോപ്പുകൂട്ടുന്നവരെ സഹായിക്കുന്നതായി ഈ പ്രയോഗം.
രാഷ്ട്രീയമായ മുതലെടുപ്പിന് ഈ അവസരം രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കുന്നതില്‍ അദ്ഭുതമില്ല. വത്തിക്കാനില്‍ പുതിയ മാര്‍പ്പാപ്പ വന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന നിലയില്‍ കത്തനാരും മെത്രാനും പ്രശ്നത്തില്‍ ഇടപെടുന്നത് സമൂഹത്തില്‍ വിഭാഗീയത വര്‍ധിപ്പിക്കുന്നു എന്ന് അവരൊട്ട് അറിയുന്നതുമില്ല. ഭാ.ജ.പാ.യുടെ പരിസ്ഥിതി സ്നേഹം ഹൈറേഞ്ചിലാകെ ക്രിസ്ത്യാനിയും മുസ്ലിമും മാത്രമാണ് ഉള്ളത് എന്ന ധാരണയിലാണ് എന്ന സത്യം മറ്റൊരു കൗതുകവാര്‍ത്ത.
പത്തെഴുപത് കൊല്ലം എങ്കിലും ആയി ഈ കുടിയേറ്റം തുടങ്ങിയിട്ട്. കുടിയേറ്റക്കാര്‍ കൈയേറ്റക്കാരല്ല. അവര്‍ നാട്ടിലുള്ളത് വിറ്റുപെറുക്കി കൊളംബസിനെ പോലെ ഇറങ്ങിത്തിരിച്ചവരാണ്. ഇപ്പോള്‍ വയനാട്ടിലും ഇടുക്കിയിലും താമസിക്കുന്ന തലമുറയാകട്ടെ അവിടെ ജനിച്ചു വളര്‍ന്നവരുമാണ്. 2013ല്‍ നിലവിലിരിക്കുന്ന ആ വാസവ്യവസ്ഥ ഈ തലമുറ കൂടെ ഉള്‍പ്പെട്ടതാണെന്ന എന്ന സത്യം മാനിക്കാതെ പരിസ്ഥിതി സുവിശേഷം പറയരുത്.
ഇവിടെ അല്‍പം ചരിത്രം അറിയാനുണ്ട്. കേരളത്തിലെ വനങ്ങള്‍ പണ്ട് മുതല്‍തന്നെ ശ്രദ്ധേയമായിരുന്നെങ്കിലും വനത്തിന്‍െറ ഉടമസ്ഥത വടക്കന്‍ കേരളത്തില്‍ ഭൂപ്രഭുക്കന്‍മാര്‍ക്കും തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാറിനും എന്ന അവസ്ഥയാണ് ആധുനികകാലത്ത് നാം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ മധ്യത്തോടെയാണ് വനപരിപാലനം നിലവില്‍വന്നത്. അന്ന് ഭൂമിയുടെ മുക്കാല്‍ഭാഗവും കാട് തന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തോടെ ഇത് പാതിയായി കുറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്ക് വനം വിട്ടുകൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇരുപതാംനൂറ്റാണ്ടിന്‍െറ ആദ്യപാതി വനസംരക്ഷണത്തിന്‍േറതായിരുന്നു, താരതമ്യേന, വെയിസ്റ്റ്ലാന്‍റ് നിയമം അനുസരിച്ച് നാട്ടുരാജ്യസര്‍ക്കാറുകള്‍ കൃഷിക്ക് വിട്ടുകൊടുത്തും മലബാറിലെ ഭൂസ്വാമിമാര്‍ വിറ്റുമുടിച്ചും (അഥവാ കുടിയേറ്റക്കാര്‍ വാങ്ങി തെളിച്ചും) ഏകദേശം പത്ത് ശതമാനം കാടുകൂടെ വെളുത്തു ഇക്കാലത്ത്. യുദ്ധം വന്നതോടെ ഭക്ഷ്യവിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ നാട്ടുകാരെ കാട്ടില്‍ അഴിച്ചുവിട്ടു. ജല വൈദ്യുതിപദ്ധതികള്‍, കൃഷിക്ക് ഉപയുക്തമായ വനഭൂമി ഇങ്ങനെ പല വഴികളിലായി വനം നശിച്ചു.1965 -70 ആയപ്പോഴേക്ക് ഭൂമിയുടെ നാലിലൊന്ന് മാത്രം വനം എന്ന അവസ്ഥയുണ്ടായി.
നാണ്യവിളകള്‍ക്ക് ലഭിച്ച പ്രാധാന്യവും ഇതില്‍ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ വിശാഖം തിരുനാള്‍ മഹാരാജാവ് 1880 ല്‍ റബറും കപ്പയും സിലോണില്‍നിന്ന് കൊണ്ടുവന്നു. മരച്ചീനി കൃഷി വകുപ്പിനെയും റബര്‍ വനവകുപ്പിനെയും ഏല്‍പിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ ജവഹര്‍ നഗര്‍ ആയിരുന്നു മരച്ചീനി കൃഷിക്ക് തെരഞ്ഞെടുത്തത്. അടുത്തകാലം വരെ തിരുവനന്തപുരത്ത് ജവഹര്‍ നഗര്‍ മരച്ചീനി വിള എന്നാണ് അറിയപ്പെട്ടിരുന്നത്.പുറത്തുനിന്ന് വന്ന പുതുമക്കാരാണ് ആ പേര് വിസ്മൃതിയിലാക്കിയത്.
റബര്‍ നട്ടത് ഇടുക്കി ജില്ലയില്‍ ആയിരുന്നു. തട്ടേക്കാട് പക്ഷിസാങ്കേതത്തിനപ്പുറം ഇടമലയാര്‍ ഭാഗത്ത് ഏഴേക്കര്‍ സ്ഥലത്ത് വനംവകുപ്പ് 1899ല്‍ നട്ടുപിടിപ്പിച്ച റബര്‍തോട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ റബര്‍ എസ്റ്റേറ്റ്.
അക്കാലത്തെ പരിസ്ഥിതി സമ്മര്‍ദങ്ങള്‍ കണക്കിലെടുത്താല്‍ ശരിയായ തീരുമാനങ്ങള്‍ ആയിരുന്നിരിക്കണം ഇവ. വനസംരക്ഷണത്തെക്കുറിച്ച് ബോധം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് 1888 ഒക്ടോബര്‍ 11ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ കോന്നി പ്രദേശം. ‘റിസര്‍വ് വനം’ ആയിരിക്കും എന്ന് പ്രഖ്യാപിച്ചത്. മലബാറില്‍ സര്‍ക്കാര്‍ ഭൂസ്വാമിമാര്‍ക്ക് കാട് വിട്ടുകൊടുത്തു. പഴശ്ശിയോട് സഹകരിച്ചവരുടെ ഭൂമി തോട്ടമാക്കി, സഹകരിച്ച ആദിവാസികള്‍ക്ക് വനം അന്യവുമാക്കി. ഭൂമിക്ക് സെറ്റില്‍മെന്‍റ് നടത്തിയപ്പോള്‍ സര്‍ക്കാറിന് വനം റിസര്‍വായി ഏറ്റെടുക്കാമായിരുന്നു. അതിനുപകരം ഭൂസ്വാമിയുടെ പാട്ടമോ അന്യംനിന്ന തറവാട്ടിലെ വസ്തുവോ അല്ലാത്ത കാട് മുഴുവന്‍ നാട്ടുടയവര്‍ക്ക് നല്‍കി. അതുകൊണ്ടാണ് മലബാറില്‍ റിസര്‍വ് വനത്തേക്കാള്‍ ഏറെ വിസ്തൃതി സ്വകാര്യവനങ്ങള്‍ക്ക് ഉണ്ടായത്. ഇങ്ങനെ ഭൂസ്വാമികള്‍ക്ക് കിട്ടിയ വനഭൂമിയാണ് മലബാറിലെ സ്വകാര്യവനം. ഭൂപരിഷ്കരണ നിയമത്തില്‍ സ്വകാര്യവനഭൂമി ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, എന്നെങ്കിലും നിയമഭേദഗതി വഴി ഈ സൗജന്യം നഷ്ടപ്പെടുമെന്ന ഭയം വനഭൂമിയുടെ ഉടമകളെ വേട്ടയാടിയിരുന്നുവെന്ന് കരുതണം. കിട്ടിയ വിലയ്ക്ക് വിറ്റുതീര്‍ക്കുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച നയം. വാണിജ്യതാല്‍പര്യങ്ങളുമായി വാങ്ങാന്‍ ചെന്നവര്‍ മുഴുവന്‍ കൊള്ളക്കാരും അതേ മാനസികാവസ്ഥയില്‍ കിട്ടിയ വിലയ്ക്ക് വിറ്റ് തീര്‍ത്തവര്‍ പാവം പയ്യന്മാരും ആകുന്നതിലെ യുക്തി അത്ര ഭദ്രമല്ല എന്ന് പറയാതെ വയ്യ. 1971ലെ സ്വകാര്യ വനദേശസാത്കരണനിയമം മലബാറിലെ ഈ ഭൂസ്വാമിമാരുടെ ഭയം സ്ഥിരീകരിച്ചു. ഒരു വശത്ത് നിയമയുദ്ധവും മറുവശത്ത് വനനശീകരണവും നടത്തിയവരുടെ രോഷത്തിന്‍െറ വിത്തുകള്‍ പൊട്ടിമുളച്ചപ്പോള്‍ സ്വന്തം കണ്ണില്‍ കോല്‍ ഇരിക്കെ അന്യരുടെ കണ്ണിലെ കരടിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയക്കാണ് കാലം സാക്ഷ്യം വഹിച്ചത്.
തിരുവിതാംകൂറില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1942 ഒക്ടോബര്‍ 20ന് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വനത്തില്‍ നെല്‍കൃഷി അനുവദിക്കുന്നു. ദേവികുളം, പീരുമേട് താലൂക്കുകളിലായി ഇരുപതിനായിരം ഏക്കര്‍ വനം കൃഷി ഭൂമിയായി പ്രഖ്യാപിക്കുന്ന ഗവണ്‍മെന്‍റ് ഉത്തരവ് താമസിയാതെ പുറത്തിറങ്ങി. ഇത്തരം ഭൂമികളുടെ വിതരണമായിരുന്നു എന്‍.എസ്. കൃഷ്ണപിള്ള എന്ന ദേവികുളം കമിഷണറുടെ മുഖ്യചുമതല. സര്‍ക്കാറിന്‍െറ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. കുത്തകപ്പാട്ടമായി കൊടുക്കുക, കുറേക്കാലം കഴിഞ്ഞ് പുതിയ ഇനം മരങ്ങള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് സ്ഥലം തിരിച്ചെടുക്കുക എന്നതായിരുന്നു പരിപാടി. നടന്നത് മറ്റൊന്നാണ്. കൊടുത്തത് എടുക്കാന്‍ സാധിച്ചിട്ടില്ളെന്ന് മാത്രമല്ല, കൊടുക്കാത്തതും എടുക്കപ്പെട്ടു. തുടര്‍ന്ന് പട്ടയത്തിനുള്ള ആവശ്യം ഉയര്‍ന്നു.
ഇ.എം.എസ്. സര്‍ക്കാര്‍ 1957ല്‍ അതുവരെയുള്ള കൈയേറ്റങ്ങളും കുടിയേറ്റങ്ങളും (എല്ലാ കുടിയേറ്റക്കാരും കൈയേറ്റക്കാരല്ല എന്ന് ഓര്‍ത്തിരിക്കണം) സാധൂകരിക്കുമെന്ന് പ്രഖ്യാപിച്ചു. കിണറ്റിലേക്ക് ചെറിയ കല്ല് എടുത്തിടുമ്പോള്‍ രൂപപ്പെടുന്ന വലയങ്ങള്‍ പോലെ ഈ തീയതി മാറിമാറി വന്നു. 1957ലെ സര്‍ക്കാര്‍, വനത്തിന്‍െറ പുതിയ അതിര്‍ത്തി നിശ്ചയിക്കാന്‍ ജനകീയ സമിതികളെ നിയമിച്ചു. തഹസില്‍ദാര്‍ അധ്യക്ഷന്‍, ഫോറസ്റ്റ് റേയ്ഞ്ചറും എം.എല്‍.എയും സ്ഥലത്തെ പ്രധാന ദിവ്യന്മാരും അംഗങ്ങള്‍. ഈ സമിതികള്‍ എന്തെങ്കിലും പ്രയോജനം ചെയ്തു എന്ന് തോന്നുന്നില്ല. അയ്യപ്പന്‍കോവിലിനടുത്തുള്ള തട്ടാത്തിക്കുടിയിലെ കുടിയിറക്ക് ശ്രമം മുതല്‍ മണിയങ്ങാടന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരെ ഉള്ള സംഭവങ്ങളുടെ ആകെ തുക രണ്ട് സംഗതികളായി ചുരുക്കിപ്പറയാം. ഒന്ന് 1968 ജനുവരി ഒന്നു വരെയുള്ള പ്രവേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. രണ്ട്, ഈ അംഗീകാരത്തിന്‍െറ മറവില്‍ പുതിയ കൈയേറ്റങ്ങള്‍ ഉണ്ടായി. 1968 ഒക്ടോബറില്‍ അനന്തന്‍പിള്ള എന്ന സര്‍ക്കാറുദ്യോഗസ്ഥന്‍െറ നിര്‍ദേശപ്രകാരം നാല്‍പ്പതിനായിരം ഏക്കര്‍ വനം കൃഷിക്ക് ഉപയുക്തമായി വേര്‍തിരിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാറുകളും മലബാറിലെ ഭൂസ്വാമിമാരും പില്‍ക്കാലത്ത് മാറി മാറി വന്ന സര്‍ക്കാറുകളും കോണ്‍ഗ്രസ് മുതല്‍ സി.പി.എം വരെയുള്ള രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയണം. മിയാ കുള്‍പാ, മിയാ കുള്‍പാ, മിയാ മാക്സിമാ കുള്‍പാ. എന്‍െറ പിഴ. എന്‍െറ പിഴ, എന്‍െറ വലിയ പിഴ. മാറി നിന്ന് കുറ്റം വിധിക്കാവുന്ന പരുവത്തിലല്ല ആരും.
ഈ പശ്ചാത്തലം അറിയാതെ മേനകഗാന്ധി പേപ്പട്ടിയെ ചികിത്സിക്കുന്നത് പോലെ കൈകാര്യം ചെയ്യാവുന്നതല്ല പ്രശ്നം എന്ന് ചുരുക്കിപ്പറഞ്ഞ് നിര്‍ത്താം. രണ്ട് കാര്യങ്ങള്‍. ഒന്ന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മരമൗലികവാദികളുടെ സുവിശേഷമാണെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുപേക്ഷണീയമായ തിരുത്തലുകളോടെ എല്ലാവരും അംഗീകരിക്കണം. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വരട്ടെ. എന്ത് തിരുത്തലാണ് വേണ്ടത് എന്ന് അതിനുശേഷം ചര്‍ച്ച ചെയ്യാം. ഹൈറേഞ്ചില്‍ പാറ പൊട്ടിക്കണ്ട. ടൗണ്‍ഷിപ്പ് പണിയണ്ട. എങ്കിലും കക്കൂസില്‍ പോകാന്‍ തഹസീല്‍ദാരുടെ പെര്‍മിറ്റ് വേണമെന്ന് പറയരുത്. രണ്ടാമത് അര്‍ജന്‍റീനയില്‍ ആയിരുന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുവര്‍ത്തിച്ച നയങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കണം. ഇപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ് തിരുമേനി മാത്രമാണ് ആ ലൈന്‍ പിന്തുടര്‍ന്ന് കാണുന്നത്. കുടിയേറ്റക്കാര്‍ക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സ്കൂള്‍ കഴിഞ്ഞ് ഒമ്പത് കൊല്ലം പഠിച്ച വൈദികര്‍ സ്വാഭാവിക നേതാക്കന്മാര്‍ ആയിരുന്നു.ഇപ്പോള്‍ അതല്ല അവസ്ഥ. ഇപ്പോള്‍ വൈദികരുടെ നേതൃത്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ ‘വിരുദ്ധശിലയും തടങ്ങല്‍ പാറയും’ ആവുന്നത് അവര്‍ തിരിച്ചറിയണം.
ആറന്മുള വിമാനത്താവളത്തിനെതിരെ ഹിന്ദു ഐക്യവേദി 10 സ്വാമിമാരെ ഒപ്പംനിര്‍ത്തി സമരം ചെയ്യുമ്പോലെയും പൂന്തുറയിലോ ബീമാപള്ളിയിലോ ഒരു കുടിയിറക്ക് പ്രശ്നത്തില്‍ തിരുവനന്തപുരം ജില്ലയിലെ മൗലവിമാര്‍ സമരത്തിനിറങ്ങുമ്പോലെയും തന്നെയാണ് വൈദിക നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നത്. അതുകൊണ്ട് തിരുമേനിമാര്‍ അരമനകളിലേക്കും അച്ചന്മാര്‍ അള്‍ത്താരയുടെ വിശുദ്ധിയിലേക്കും അടിയന്തരമായി മടങ്ങണം, ഈ സമൂഹത്തിലെ ബഹുസ്വരത മാനിച്ചുകൊണ്ട്. ശേഷം കാര്യങ്ങള്‍ വിദഗ്ധരും ജനങ്ങളും സര്‍ക്കാറും നടത്തട്ടെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക