Image

താങ്ക്‌സ് ഗിവിംഗ്: അനുഭവങ്ങളുടെ വെള്ളിത്തിരയിലൂടെ- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 25 November, 2013
താങ്ക്‌സ് ഗിവിംഗ്: അനുഭവങ്ങളുടെ വെള്ളിത്തിരയിലൂടെ- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്
താങ്ക്‌സ് ഗിവിംഗ്: അനുഭവങ്ങളുടെ വെള്ളിത്തിരയിലൂടെ- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്
അമേരിക്കയില്‍ ധാരാളം അവധിദിവസങ്ങളും ആഘോഷങ്ങളും പണ്ടുമുതലേ നിലവിലുണ്ട്. ഓരോന്നിനും അതിനോടു ബന്ധപ്പെട്ട കാരണങ്ങളും ഉണ്ട്. അവയില്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത് താങ്ക്‌സ് ഗിവംഗ് ആണ്. 392-മത്തെ താങ്ക്‌സ് ഗിവിംഗാണ് ഈ വര്‍ഷം കൊണ്ടാടുന്നത്. ആദ്യത്തെ ആഘോഷം ആചരിച്ചത് മാസാച്യൂസറ്റ്‌സിലെ അന്നത്തെ (1621) ഗവര്‍ണര്‍ ആയിരുന്ന വില്യം ബ്രാഡ്‌ഫോര്‍ഡ് ആണ്. അന്നു തുടങ്ങിയ ഈ താങ്ക്‌സ്ഗിവംഗ് ദിനാഘോഷം ഇന്നും അഭംഗുരം തുടരുകയാണ്. 1974 ന്റെ അവസാനമാണ് ഞാനും ഭാര്യയും കൂടി അമേരിക്കയില്‍ എത്തുന്നത്. ഞങ്ങള്‍ വന്നപ്പോഴേക്കും ആ വര്‍ഷത്തെ താങ്ക്‌സ് ഗിവിംഗ് കഴിഞ്ഞുപോയി. ഞങ്ങളെക്കൂടാതെ കഴിഞ്ഞുപോയ ആ ദിനത്തെപ്പറ്റി ഞങ്ങള്‍ക്കു നഷ്ടബോധമുണ്ടായില്ല. കാരണം ഈ ദിനത്തിന്റെ പ്രത്യേകതയെപ്പറ്റിയോ ഇതിന്റെ പശ്ചാത്തലത്തെപ്പറ്റിയോ ഒന്നും ഞങ്ങള്‍ക്കു യാതൊരു വിവിരവുമില്ലായിരുന്നു. അടുത്തവര്‍ഷവും അമേരിക്കയില്‍ പതിവുപോലെ ആഘോഷം കൊണ്ടാടിയെങ്കിലും ഞങ്ങളുടെ പ്രത്യേക ജീവിതസാഹചര്യത്തില്‍ അതില്‍ഭാഗഭാക്കുകളാകാന്‍ സാധിച്ചില്ല. അന്നു വരെ കുറച്ചു മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജോലി കിട്ടുവാന്‍ മാസങ്ങള്‍ എടുത്തു. ജോലി അന്വേഷിച്ചു ദിവസേനയുള്ള യാത്രാചെലവുകളും താമസസംഘത്തിന്റെ വാടകയും മറ്റു ജീവിതചെലവുകളും എല്ലാംകൂടി സ്വപ്നഭൂമിയിലെ തുടക്കം അത്ര എളുപ്പമല്ലായിരുന്നതിനാല്‍ താങ്ക്‌സ് ഗിവിംഗ് അന്നു വൈകീട്ടത്തെ പ്രാര്‍ത്ഥനയില്‍ ഒതുക്കി നിര്‍ത്തി. ഇതിനിടയില്‍ നാട്ടിലുള്ള ഞങ്ങളുടെ ആറും നാലും വയസ്സുള്ള രണ്ടു മക്കളെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിലും പലകാരണങ്ങളാല്‍ അതു സാദ്ധ്യമായില്ല. അടുത്ത വര്‍ഷം താങ്ക്‌സ് ഗിവിംഗിനു മുമ്പേ അവര്‍ എത്തുമെന്നു വിചാരിച്ചെങ്കിലും അവര്‍ വന്നപ്പോഴേക്കും അതും കഴിഞ്ഞിരുന്നു. മക്കള്‍ ഉടന്‍ വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു താമസമായതും അവരെ കൂടാതെ താങ്ക്‌സ് ഗിവിംഗ് ഘോഷിക്കുവാനുള്ള മനസ്സില്ലാതെ പോയതും കാരണം അമേരിക്കക്കാര്‍ ഞങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ആ വര്‍ഷവും ആഘോഷമായി കൊണ്ടാടി.

അടുത്ത വര്‍ഷം, അതായത് 1977 ല്‍, ആണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും മക്കള്‍ രണ്ടുപേരും സ്‌ക്കൂളില്‍ പോകുന്നുണ്ടായിരുന്നു. സ്‌ക്കൂളില്‍ അദ്ധ്യാപകര്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തി. താങ്ക്‌സ്ഗിവിംഗ് അവധികഴിഞ്ഞു വരുമ്പോള്‍ വീട്ടില്‍ അവര്‍ എങ്ങനെയൊക്കെ ഈ ദിനം ആഘോഷിച്ചുവെന്ന് വിശദമായി എഴുതിക്കൊണ്ടുവരണം. ഞങ്ങള്‍ പരിചയത്തിലുള്ള മൂന്നു നാലു കുടുംബങ്ങളെയും താങ്ക്‌സ്ഗിവിംഗ് ഡിന്നറിനു ക്ഷണിച്ചു. എന്നാല്‍ ഇതുവരെ ഈ ഡിന്നറിന് ഒരുങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ കൂട്ടുകാരുമായി ചര്‍ച്ച ചെയ്തു. ഇന്നേദിവസത്തിന്റെ പ്രാധാന്യം ടര്‍ക്കി യാണ്. പിന്നെ കുറെ കിഴങ്ങുവര്‍ഗങ്ങളും. താങ്ക്‌സ്ഗിവിംഗ് എല്ലാ വര്‍ഷവും ആഘോഷിക്കുന്നത് നവംബറിലെ നാലാമത്തെ വ്യാഴാഴാചയാണ്. സുഹൃത്തുക്കളെല്ലാം വരുമെന്നുറപ്പാക്കിയപ്പോള്‍ എന്തൊക്കെ വാങ്ങണമെന്ന് ഞങ്ങള്‍ക്കു നിശ്ചയമുണ്ടായിരുന്നു. രാവിലെ ഏതാണ്ടു 10 മണിയോടെ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി. പക്ഷേ ഒരു കടപോലും തുറന്നിട്ടില്ല. ഇതെന്തുകഥ! സാധാരണ ഇതിലൊക്കെ എത്രയോ നേരത്തേ കട തുറക്കുന്നതാണ്! തുറന്നിട്ടുള്ള ഒരു കടയെങ്കിലും കാണുമെന്നു കരുതി ആ കൊടുംതണുപ്പത്തു മൈലുകള്‍ നടന്നു. ഒരു കടപോലും തുറന്നിട്ടില്ല. ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നു കരുതിയാല്‍ ആ വഴിയിലെങ്ങും ഒരു മനുഷ്യന്‍ പോലുമില്ല.  തണുപ്പത്തു നടന്നു തൊണ്ട വരണ്ടപ്പോള്‍ ഒരു ചായകിട്ടിയാല്‍ കൊള്ളാമെന്നു കരുതി. പക്ഷെ, എവിടെ കിട്ടാന്‍? ഏതാണ്ട് പന്ത്രണ്ടുമണിയോടടുത്തപ്പോള്‍ ഭാഗ്യത്തിന് ഒരു മനുഷ്യനെ കണ്ടു. ഒരു സായിപ്പ് എതിരേ നടന്നു വരുന്നു. ടര്‍ക്കി എവിടെ കിട്ടും എന്നയാളോടു ചോദിച്ചു. അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ടു നടന്നു പോയി. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും രണ്ടുമൂന്നു ചുവടു നടന്നിട്ട് എന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കിയിട്ട് എന്തോ പിറുപിറുത്തുകൊണ്ടുപോയി. ചീത്തയായിരിക്കാം. ഏതായാലും അയാള്‍ പറഞ്ഞത് എനിക്കു മനസ്സിലാകാതെ പോയതും നന്നായി. ഞാന്‍ തിരിച്ചു വീട്ടില്‍ വന്ന് ഭാര്യ എഴുതിതന്ന ലിസ്റ്റ് മടക്കി നല്‍കി കഥ വിവരിച്ചു. ഇനി എന്തു ചെയ്യും? ഏതായാലും വീട്ടില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കൂടി തല്ലിക്കൂട്ടി ഒരു ഡിന്നര്‍ ഒരുക്കി. അങ്ങനെ ടര്‍ക്കിയില്ലാത്ത ആദ്യത്തെ താങ്ക്‌സ്ഗിവിംഗിന്റെ ഓര്‍മ്മകള്‍ ഇന്നും ഈ ദിനത്തില്‍ പുതുമയോടെ ഓടിയെത്തുന്നു.
1978 ല്‍ എല്ലാ കുറവുകളും പരിഹരിച്ചുകൊണ്ട് അറിയപ്പെടുന്ന എല്ലാ സുഹൃത്തുക്കളെയും കൂട്ടി ഞങ്ങള്‍ താമസിച്ചിരുന്ന ചെറിയ അപ്പാര്‍ട്ടുമെന്റില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷിച്ചുകൊണ്ട് ഈ നാടിന്റെ ചരിത്രആഘോഷത്തില്‍ പങ്കാളികളായി. ആ പതിവു പിന്നെ മുടക്കിയിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. ഭാര്യയുടെ കുടുംബത്തില്‍പ്പെട്ടവര്‍ പലരും വന്നു തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടുംബാംഗങ്ങളുടെ എണ്ണം കൂടി കൂടി വരാന്‍ തുടങ്ങി. ഇപ്പോള്‍ ഏതാണ്ട് 50 ല്‍ പരം ആളുകള്‍ ഉണ്ടെങ്കിലും കുടുംബത്തിലെ കാര്‍ണവര്‍ എന്ന നില്യില്‍ എല്ലാ വര്‍ഷവും എല്ലാവരും ഒരുമിച്ച് എന്റെ വീട്ടിലാണ് ഈ ദിനം ആചരിക്കുന്നത്. ഇങ്ങനെ കൂടുന്ന അവസര്തില്‍ ഞാന്‍ ഇവരുടെ മുമ്പില്‍ ഒരു മെസേജ് പറയാറുണ്ട്. എല്ലാ വര്‍ഷവും രണ്ടും മൂന്നും പേര്‍ പുതുതായി വന്നു ചേരാറുമുണ്ട്. അപ്പോള്‍ അവര്‍ക്കുവേണ്ടി വീണ്ടും ഈ മെസേജ് ആവര്‍ത്തിക്കും.

അമേരിക്കയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍ എങ്ങനെയെങ്കിലും ജീവിക്കണമല്ലോ എന്നു കരുതി ഇവിടെ വന്നു. ജീവിക്കാന് എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉടനടി കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ദൈവം അവര്‍ക്കു കാണിച്ചു കൊടുത്തതുപോലെ അവരുടെ മനസ്സില്‍ ഒരു ബുദ്ധി തോന്നി. കൂടുതലൊന്നും ആലോചിക്കാതെ മുമ്പില്‍ നിരന്നു കിടക്കുന്ന കാടുകള്‍ വെട്ടിതെളിക്കാന്‍ തുടങ്ങി. കയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍കൊണ്ടും ഇവിടെയുണ്ടായിരുന്ന ഇന്ത്യന്‍സിന്റെ കയ്യില്‍ നിന്നും കിട്ടിയ ആയുധങ്ങളുപയോഗിച്ചും അദ്ധ്വാനിച്ച് കൃഷി ചെയ്തു. ഇതിനിടയില്‍ ആഹാരത്തിനുള്ള ചുറ്റുപാട് കാട്ടില്‍ നിന്നും അവര്‍ കണ്ടു പിടിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടര്‍ക്കി എന്ന കാട്ടുകോവിയായിരുന്നു. അദ്ധ്വാനിച്ചു കൃഷ് ചെയ്തുണ്ടാക്കിയ ആഹാരപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്ത് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഒന്നിച്ചിരുന്നു കഴിച്ചു. പ്രതികൂല സാഹചര്യങ്ങളനവധിയയായിരുന്നെങ്കിലും അത്ഭുകരമായി അവരെ ദൈവം വഴിനടത്തിയതോര്‍ത്ത് നന്ദികരേറ്റുകയുണ്ടായി. ഈ ചിന്തയാണ് ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ. നമ്മളെ സംബന്ധിച്ചിടത്തോളം ഇതുവരെ അര്‍ത്ഥവത്താണ്. ഇതാണ് ഞാന്‍ പറയാറുള്ള മെസേജ്.
ഈ നന്ദി പ്രതിവര്‍ഷ ആഘോഷമാക്കി മാറ്റിയിട്ടും ഇന്നും താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് അന്നവര്‍ കഴിച്ച ആഹാരം തന്നെയാണ് ഇപ്പോഴും ഒരുക്കുന്നത് ഞങ്ങളുടെ വീട്ടിലെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ഈ വിഭവങ്ങള്‍ക്കുപരി ഒരിനം കുടിയുണ്ടാകും. അതു മറ്റൊന്നുമല്ല, കപ്പവേവിച്ചതാണ്. ഈ ആഘോഷത്തില്‍ കപ്പയ്‌ക്കെന്തു പ്രധാന്യം എന്ന് ഇപ്പോള്‍ വരുന്ന ന്യൂ ജനറേഷന്‍ കുട്ടികള്‍ ചിലരെങ്കിലും ചോദിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ തലമുറകളില്‍പ്പെട്ട പലരും ഒരുകാലത്ത് നാട്ടില്‍ ജീവിച്ചതു കൊണ്ടുമാത്രമാണ്. ആ കപ്പയെ ഞങ്ങള്‍ക്കു മറക്കാന്‍ കഴിയില്ല. രണ്ടു സംസ്‌ക്കാരങ്ങളുടെ സമന്വയം എന്നപോലെ ടര്‍ക്കിയും കപ്പയും ഒന്നിച്ചൊരുക്കിയാണ് ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നത്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ജന്മം കൊണ്ടിടുന്ന രാജ്യമാണ് അമേരിക്ക. ലോകത്തില്‍ കഷ്ടത അനുഭവിക്കുന്ന പല രാജ്യങ്ങളെയും, ശത്രുരാജ്യമായാല്‍ പോലും, അമേരിക്ക സഹായിക്കുന്നുണ്ട്. ഈ സഹായം ഇവര്‍ ചെയ്യുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹം ഇവര്‍ക്കു ലഭിക്കുന്നതുകൊണ്ടു മാത്രമാണ്. തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ജനത ദൈവത്തോടു നന്ദിപറയുന്ന ഒരു ദിവസമെങ്കിലും ഉണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് പൂര്‍വ്വ പിതാക്കന്മാര്‍ ഇത് ഒരു ദേശീയ അവധിയായി പ്രഖ്യാപിച്ചതും ഇതിനും പരമ്പരാഗതമായ സംസ്‌ക്കാരിക മൂല്യമുണ്ടായതും. എന്നാല്‍ കാലം മാറി, കഥയും മാറി. കഴിഞ്ഞ നാലു പതിറ്റാണ്ടോളം ഞാന്‍ കണ്ട താങ്ക്‌സ് ഗിവിംഗിന്റെ മുഖഛായ വല്ലാതെ മാറിയിരിക്കുന്നു. ഒരു കാലത്ത് ഒരു ചായക്കടപോലും തുറക്കാതിരുന്ന തെരുവുകളില്‍ ഇന്ന് വ്യാപാര വില്‍പ്പനകളാല്‍ മുഖരിതമായ ദൃശ്യങ്ങളാണു കാണുന്നത്. താങ്ക്‌സ്ഗിവിംഗ് വ്യാഴാഴ്ച വൈകുന്നേരം ഡിന്നറിനു കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേരും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവര്‍ അന്നേദിവസം എന്തുവില കൊടുത്തും യാത്ര ചെയ്ത് കുടുംബത്തിലെ ഡിന്നറിന് എത്തിച്ചേരുക പതിവാണ്. സ്‌നേഹത്തിന്റെയു കൂട്ടായ്മയുടെയും അനുഭവത്തില്‍ എല്ലാവരും ഒന്നുചേര്‍ന്ന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ആദിമ കുടിയേറ്റക്കാര്‍ കാട്ടിതന്ന പാതയില്‍ ഓര്‍മ്മകള്‍ക്കു നിറം പകരുന്നു. അന്യോന്യം ക്ഷേമാന്വേഷണങ്ങള്‍, കുശലം പറച്ചില്‍, സ്‌നേഹോഷ്മളമായ ആലിംഗനം. എല്ലാ കൂടി താങ്ക്‌സ്ഗിവിംഗിനെ അര്‍ത്ഥസംപുഷ്ടമാക്കുന്ന ആഘോഷമാക്കിമാറ്റുന്നു. ഇതു പഴയ കഥ. ഇന്ന് ദൂരെയുള്ള പലരും വരാറില്ല. കാരണം, അവരുടെയടുത്തുള്ള ഷോപ്പിംഗ് മാളുകളില്‍ ബ്ലാക്ക്‌ഫ്രൈഡേ(Black Friday) എന്ന മാസ്മരിക വില്‍പ്പന മാമാങ്കത്തില്‍ ഭാഗഭാക്കാകാനും ക്യുവില്‍ ആദ്യം തന്നെ ചെന്നു നിന്ന് തുച്ഛമായ വിലയില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകാനും അഹമഹമിഹയാ ജനങ്ങള്‍ ഓടുകയാണ്.

എന്താണ് ഈ ബ്ലാക്ക് ഫ്രൈഡേ എന്നുകൂടി പറയട്ടെ. സാധാരണ ഗതിയില്‍ വളരെ മാസങ്ങളായി കച്ചവടം കാര്യമായ രീതിയില്‍ നടക്കുന്നില്ല. പല കച്ചട സ്ഥാപനങ്ങളും നഷ്ടത്തിലാണ് ഓടുന്നത്. അവരുടെ കണക്കു പുസ്തകത്തില്‍ ലാഭത്തിന്റെ കോളത്തില്‍ ചുവന്ന മഷിയില്‍ മൈനസ് ആയി നഷ്ടമാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാണ് താങ്ക്‌സ് ഗിവിംഗിന്റെ പിറ്റേന്നു വെള്ളിയാഴ്ച ഒറ്റ ദിവസത്തെ ബിസിനസ്സുകൊണ്ട് ഇവരുടെ ലാഭകോളത്തിലെ ചുവന്ന മഷി മാറി പോസിറ്റീവായി ലാഭം കറുത്ത അക്ഷരത്ത്‌ല പതിയുന്നു. ഇതിനെയാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്നു പറയുന്നത്.

വ്യാഴാഴ്ച രാത്രി തന്നെ ആളുകള്‍ കടകളുടെ മുമ്പില്‍ ക്യൂ നില്‍ക്കും. വെളുപ്പിന് കടതുറക്കുമ്പോള്‍ ജനം ഇരച്ചുകയറും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലില്‍ തട്ടി താഴെ വീഴുന്നവരുടെ പുറത്തുകൂടി നിര്‍ദാക്ഷിണ്യം ചവുട്ടി ഇവര്‍ ഓടും. രണ്ടു മൂന്നു വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനെ ക്യൂവില്‍ നിന്ന ഒരു പൂര്‍ണ്ണഗര്‍ഭിണിയെയും മറ്റൊരവസരത്തില്‍ കടയുടെ സെക്യൂരിറ്റിക്കാരനെയും ഇങ്ങനെയ ഓടിയവര്‍ ചവുട്ടി അരച്ചു. എന്താണു നമ്മുടെ നന്ദിപ്രകടനം? എന്താണ് താങ്ക്‌സ്ഗിവിംഗിന്റെ അന്തഃസത്ത? പാരമ്പര്യത്തിന്റെ പാവനമായ മൂല്യങ്ങള്‍ മറന്ന് സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി പരക്കം പായുന്ന സമൂഹത്തിന്റെ പാച്ചിലില്‍ മുങ്ങിത്താണ് നന്ദിയില്ലാത്തവരാകാതെ ദൈവം നമുക്കു തരുന്ന അനുഗ്രഹങ്ങള്‍ക്കു നന്ദി പറയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ താങ്ക്‌സ്ഗിവിംഗിലേക്ക് ദൈവം തങ്ങളുടെ കുടുംബത്തിലേക്ക് ഒരംഗത്തേകൂടി തന്നിരിക്കുന്നു. എന്റെ ഇളയമകള്‍ക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. ഒരാഴ്ചമാത്രം പ്രായമായ "ഷൈലയോടു"മെസേജു പറഞ്ഞാല്‍ മനസ്സിലാകുമോ ആവോ! എല്ലാവര്‍ക്കും അനുഗ്രഹകരമായ 'താങ്ക്‌സ് ഗിവിംഗ്' ആശംസകള്‍!


താങ്ക്‌സ് ഗിവിംഗ്: അനുഭവങ്ങളുടെ വെള്ളിത്തിരയിലൂടെ- ജോര്‍ജ് സാമുവല്‍, ബെല്‍റോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക