Image

സഭയുടെ ഏറ്റവും വലിയ ദൗത്യങ്ങളില്‍ ഒന്ന് പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത Published on 02 December, 2013
സഭയുടെ ഏറ്റവും വലിയ ദൗത്യങ്ങളില്‍ ഒന്ന് പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക
പ്രകൃതിയെ ഒരു പരിധിവരെ മനുഷ്യന്‍െറ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാം. ആവശ്യവും അത്യാര്‍ത്തിയും വേര്‍തിരിച്ചു കാണണം. അവിടെയാണ് പ്രകൃതി സംരക്ഷണം ഉയര്‍ന്നുവരുന്നത്. ദൈവം ഏദന്‍ തോട്ടത്തില്‍ എല്ലാം സൃഷ്ടിച്ച് നല്‍കിയിട്ടും ഒരു വൃക്ഷത്തിന്‍െറ ഫലം തിന്നരുത് എന്ന് കല്‍പിക്കുന്നത് നല്‍കുന്ന സ്വാതന്ത്ര്യത്തിന് വേലികെട്ടലാണ് പരിധിക്കപ്പുറം പ്രകൃതിയെ ഉപയോഗിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല എന്ന സന്ദേശമാണത്. ദൈവം തന്നെ അല്ളെങ്കില്‍ പ്രകൃതി തന്നെ മനുഷ്യനെ വിലക്കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനാണത്. അത് ലംഘിക്കുമ്പോഴാണ് പ്രകൃതി നാശവും പ്രകൃതികോപവുമൊക്കെ ഉണ്ടാകുന്നത്. വികസനം എന്താണ്? എല്ലാ ഗ്രാമങ്ങളിലും വിമാനത്താവളങ്ങളും സൂപ്പര്‍ ഹൈവേകളും വരുന്നതാണോ. അതോ, മനുഷ്യന്‍െറ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന പരിത:സ്ഥിതി ഉണ്ടാക്കുകയാണോ. ആ ഒരു ചിന്ത ഉണ്ടാവണം. പശ്ചിമഘട്ടം അതീവ ലോല പ്രദേശമാണ്. അതാണ് നമ്മുടെ നിലനില്‍പ്പിന് ആധാരം. നമ്മുടെ പ്രകൃതിയെന്നു പറഞ്ഞാല്‍ ആകെ ബാക്കിയുള്ള പ്രതീക്ഷ പശ്ചിമഘട്ടമാണ്. അതിന്‍െറ നിലനില്‍പ്പിന് അതീവ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇപ്പോള്‍തന്നെ നമ്മുടെ കാലാവസ്ഥ വളരെ മോശമാണ്. അത് കൂടി തകര്‍ക്കണമെന്ന് ആരാണ് ആഗ്രഹിക്കുക. എന്‍െറ വ്യക്തിപരമായ അഭിപ്രായമാണ് ഇവിടെ കുറിക്കുന്നത്. സഭയുടെ നിലപാട് വ്യത്യസ്തമാകാം.
സഭയുടെ ഏറ്റവും വലിയ ദൗത്യങ്ങളില്‍ ഒന്ന് പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക എന്നാണ് എന്‍െറ വിശ്വാസം. അത് ക്രൈസ്തവ ധര്‍മമായി കാണേണ്ടതുണ്ട്. എന്നാല്‍, അതിന് വിപരീതമായ ഒരു സമീപനമാണ് കര്‍ഷകരുടെ പേരിലെന്ന വ്യാജേന ചില രാഷ്ട്രീയ പാര്‍ട്ടികളും ചില മതപ്രസ്ഥാനങ്ങളും ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സ്വീകരിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പലരും ഈ രണ്ട് റിപ്പോര്‍ട്ടും വായിച്ചിട്ടുണ്ടാവില്ളെന്നാണ് തോന്നുന്നത്. ഇത് രണ്ടും ഏകദേശം വായിച്ച ഒരു വ്യക്തിയെന്ന നിലയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമായിരിക്കണം എന്നാണ് തോന്നിയിട്ടുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, പ്രകൃതിയുടെ മേല്‍ മനുഷ്യന് അത്യാവശ്യം വേണ്ടുന്ന സ്വാധീനം ചെലുത്തുന്നത് അനുവദിച്ചുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ പാലിക്കുന്ന ശാസ്ത്രീയ നിലപാടാണ് എന്ന് കാണാന്‍ കഴിയും. അവിടെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ഞാന്‍ കണ്ടില്ല. കര്‍ഷകര്‍ ആരാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വളരെ കാലങ്ങള്‍ക്ക് മുമ്പ് കുടിയേറി പാര്‍ത്തവര്‍ ഏറെ ഭൂമി സമ്പാദിച്ച് ഭൂവുടമകളായി മാറിയിട്ടുള്ളവരാണ്. പാവപ്പെട്ട കര്‍ഷകരും കുറേ ഉണ്ട് എന്നതും യാഥാര്‍ഥ്യമാണ്.
ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും തോട്ടങ്ങളും കൈവശപ്പെടുത്തിയവര്‍ എന്നുമുതലാണ് കേരളത്തില്‍ ‘പാവപ്പെട്ട കര്‍ഷകര്‍’ എന്ന് അറിയപ്പെട്ടു തുടങ്ങിയത് എന്ന ചോദ്യം പ്രസക്തമാണ്.
അവരെയെല്ലാം കര്‍ഷകരാക്കി അവരുടെ പേരിലാണ് സമരങ്ങള്‍ നടക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടനുസരിച്ച് ഇനിയും അധിനിവേശങ്ങള്‍ സാധിക്കില്ളെന്നത് യാഥാര്‍ഥ്യമാണ്. അതങ്ങനെ തന്നെ വേണം. കുടിയേറ്റങ്ങള്‍ ഇനിയും സാധിക്കില്ല, വനവും കൃഷിഭൂമിയും ഒന്നും കൈയേറുവാനുള്ള അവസരം ഇനിയും ലഭിക്കില്ല. ഇതാണ് ഭൂക്വാറി മാഫിയ ശക്തികളെ ബുദ്ധിമുട്ടിക്കുന്നത്. അതാണ് അവരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍, നിലവിലുള്ള ഒന്നിനെയും ഈ റിപ്പോര്‍ട്ട് ദോഷകരമായി ബാധിക്കില്ളെന്നതാണ് വസ്തുത. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏറെ വെള്ളം ചേര്‍ത്ത് കൈയേറ്റങ്ങളും പ്രകൃതിചൂഷണങ്ങളുമൊക്കെ അനുവദിക്കുന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. അതിനെതിരെ പോലും എതിര്‍പ്പുമായി നില്‍ക്കുന്നവര്‍ പ്രകടിപ്പിക്കുന്നത് അവരുടെ ചൂഷണ മന:സ്ഥിതിയും കൈയേറ്റ വാസനയുമൊക്കെയാണ്. ഇത്തരം സമരങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഭൂമിയില്ലാത്ത ആദിവാസികളുടെയും ദലിതരുടെയും സമരങ്ങളോട് ഒന്നും കാണിക്കാത്ത ആവേശം സഭയും സഭാ നേതാക്കളും ഈ സമരത്തില്‍ കാണിക്കുന്നത് കൈയേറ്റക്കാര്‍ക്കും മാഫിയ ശക്തികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. അടിസ്ഥാന സമൂഹങ്ങളുടെ സാമൂഹ്യ നീതിയൂടെ പ്രശ്നങ്ങളില്‍ സഭാ നേതൃത്വം ഇത്രയും ആര്‍ജവംകാണിച്ചിരുന്നുവെങ്കില്‍ സമൂഹത്തില്‍ എത്രയോ വിപ്ളവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.
ഇടതുപക്ഷക്കാര്‍ സമരത്തിനിറങ്ങുന്നത് മനസ്സിലാക്കാം. കാള്‍ മാര്‍ക്സ് തനത് പ്രകൃതിക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല. മാര്‍ക്സ് അതിനെ ഫസ്റ്റ് നേച്വര്‍ എന്നാണ് വിളിച്ചത്. മനുഷ്യന്‍ രൂപാന്തരപ്പെടുത്തിയെടുക്കുന്ന ഒരു ഉല്‍പന്നമെന്ന നിലയിലാണ് പ്രകൃതിയെ മാര്‍ക്സിസത്തില്‍ വിഭാവനചെയ്യുന്നത്. മാര്‍ക്സ് അതിനെ സെക്കന്‍ഡ് നേച്വര്‍ എന്നാണ് വിളിച്ചത്. അതിനാണ് മാര്‍ക്സ് പ്രാധാന്യം നല്‍കിയത്. മാര്‍ക്സിസത്തിന്‍െറ അടിസ്ഥാനപരമായ ന്യൂനതയെന്ന് പറയുന്നത് പ്രകൃതി മനുഷ്യന് വേണ്ടി മാത്രമാണ് എന്ന ചിന്തയാണ്. ആ കാഴ്ചപ്പാട് തന്നെയാണ് അവര്‍ പിന്തുടരുന്നത് (അത് മാറണമെന്നും മാറ്റിയെടുക്കണമെന്നും ആധുനിക ചിന്തകര്‍ വാദിക്കുന്നുണ്ട്).
അതുകൊണ്ട് ഇടതുപക്ഷം അങ്ങനെ ഒരു നിലപാടെടുക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. എന്നാല്‍, പ്രകൃതിക്ക് തനതുമൂല്യം കല്‍പിക്കുന്ന വേദപുസ്തക നിലപാടില്‍ നില്‍ക്കുന്ന സഭക്ക് അങ്ങനെ ഒരു നിലപാടെടുക്കാന്‍ എങ്ങനെ സാധിക്കും. മനുഷ്യനും പ്രകൃതിയും ഒരുപോലെ, ഒരേ യാഥാര്‍ഥ്യത്തിന്‍െറ ഭാഗമായി തിരിച്ചറിയപ്പെടുന്ന കാഴ്ചപ്പാടാണ് വേദപുസ്തകം നല്‍കുന്നത്.
പ്രകൃതി മനുഷ്യന് വേണ്ടി മാത്രമാണെന്ന ഒരു മനുഷ്യ കേന്ദ്രീകൃത ചിന്ത വേദപുസ്തകപരമായി തെറ്റാണെന്നാണ് എന്‍െറ കാഴ്ചപ്പാട്. അങ്ങനെ വരുമ്പോള്‍ മനുഷ്യന്‍ ആവശ്യം എന്ന കാരണം ഉപയോഗിച്ച് പ്രകൃതിയെ എപ്പോഴും ചൂഷണം ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ല.
പാവപ്പെട്ട കര്‍ഷകരുടെ കൈകളിലേക്ക് ഭൂമി ലഭിച്ചാല്‍ പ്രകൃതി നിലനില്‍ക്കും. അല്ലാത്തവരാണ് അത്യാര്‍ത്തിയോടെ ചൂഷണം ചെയ്യുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക പ്രായോഗികമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. അവിടെയാണ് സര്‍ക്കാറിന്‍െറ ഇച്ഛാശക്തി പ്രകടമാകേണ്ടത്. രാസവള സബ്സിഡിയും മറ്റും അനുവദിക്കുന്നിടത്ത് ജൈവകൃഷിക്ക് ഇളവുകള്‍ അനുവദിക്കുന്നതില്‍ എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവുക. ഗാഡ്ഗില്‍ വിഭാവന ചെയ്യുന്നതരം ജൈവകൃഷി പ്രായോഗികമാണ് എന്നതിന്‍െറ മികച്ച ഉദാഹരണമാണ് ചെങ്ങറ സമരഭൂമി. ജൈവകൃഷി എത്രത്തോളം വിജയമാണെന്ന് അവര്‍ കാട്ടിത്തരുന്നുണ്ട്. അവിടെ അവര്‍ ജൈവവളങ്ങളേ ഉപയോഗിക്കുന്നുള്ളൂ. മികച്ച വിളവ് ലഭിക്കുന്നുമുണ്ട്. വെറും റബര്‍തോട്ടം വൈവിധ്യമാര്‍ന്ന കൃഷിത്തോട്ടമായി അവര്‍ മാറ്റിയെടുക്കുകയായിരുന്നു. നിയമം ഉണ്ടാകുമ്പോള്‍ അതിന്‍െറ ഉദ്ദേശ്യശുദ്ധിയാണ് നമ്മള്‍ നോക്കേണ്ടത്. നിയമം നടപ്പാക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ പീഡനമായി മാറും എന്നുപറഞ്ഞ് നിയമം വേണ്ട എന്ന് പറഞ്ഞുകൂടാ. നിയമം നടപ്പാക്കാന്‍ മികച്ച ബ്യൂറോക്രസി ഉണ്ടാകണമെന്നത് വേറെ വിഷയമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നല്ല ഫലങ്ങളൊക്കെ ഇല്ലായ്മ ചെയ്ത റിപ്പോര്‍ട്ടാണ്. നൂറ് വനം സംരക്ഷിക്കപ്പെടുമായിരുന്നത് 25 ആയി കുറക്കുന്ന ഫലമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കൊണ്ട് ഉണ്ടായിരിക്കുന്നത്. രണ്ട് റിപ്പോര്‍ട്ടും താരതമ്യം ചെയ്താല്‍ അത്യാവശ്യം പ്രകൃതിചൂഷണത്തിനുള്ള എല്ലാ വകുപ്പുകളുമുള്ളതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്ന് മനസ്സിലാക്കാം. എന്നിട്ട്, അതുപോലും നടപ്പാക്കാനാവില്ല എന്ന് വാദിക്കുന്നത് ചിന്തിക്കാനാവുന്നില്ല.
മലയോര മേഖലയില്‍ അത്യാര്‍ത്തി നടക്കില്ളെന്നേയുള്ളൂ; മാഫിയയുടെ ഖനനം അടക്കമുള്ള ലാഭക്കൊതിമൂത്ത പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. മൈനിങ്ങിനാണ് ഏറ്റവും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രണ്ടാമത്, വനഭൂമി ഇനിയും കൈയേറാന്‍ കഴിയില്ല. കൈയേറി എസ്റ്റേറ്റുകള്‍ സ്ഥാപിച്ചവരാണ് നിയമം നടപ്പാക്കാനാവില്ല എന്നുപറഞ്ഞ് സമരവുമായി ഇറങ്ങിയിരിക്കുന്നത്. പാവപ്പെട്ട കര്‍ഷകരെ ബാധിക്കുന്ന എന്തെങ്കിലും നിര്‍ദേശം റിപ്പോര്‍ട്ടുകള്‍ രണ്ടിലും ഇല്ളെന്നതാണ് വസ്തുത. ആകെ പറയാവുന്നത് രാസവള പ്രയോഗം നിയന്ത്രിക്കുന്നുവെന്നതാണ്. അത് നല്ലകാര്യമാണെന്ന് കര്‍ഷകര്‍ക്കും പിന്നീട് ബോധ്യപ്പെടും. നിയമം നടപ്പാക്കുന്നതിന്‍െറ പേരില്‍ ഒരു കര്‍ഷകനും മലയോരം വിടേണ്ടിവരില്ല. 20,000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള കെട്ടിടം നിര്‍മിക്കാനാവില്ളെന്ന് പറയുന്നതിനെതിരെ സാധാരണ കര്‍ഷകന്‍ സമരം ചെയ്യേണ്ട ആവശ്യമില്ല. എന്നിട്ടും സമരത്തിനിറങ്ങുന്നവര്‍ വനം, റിസോര്‍ട്ട്, ഖനന മാഫിയക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. ഒരു നിയന്ത്രണവും പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോര കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജായി ആശ്വാസപദ്ധതി പ്രഖ്യാപിക്കേണ്ട ഒരു കാര്യവുമില്ല. അതിനുവേണ്ടിയുള്ള ഒരു നഷ്ടവും അവര്‍ക്കുണ്ടാവില്ല.
(Madhyamam)
Join WhatsApp News
Joseph Chacko .K 2013-12-05 21:10:16
ഏതു അന്യായത്തിനും വേദ പുസ്തകത്തെ കൂട്ടുപിടിക്കുന്ന ഒരുകൂട്ടർ എന്നും അപ്പോഴും എവിടെയും ഉണ്ട് എന്നതിന് ഒരു ഉദാഹരണമായി എടുക്കാം "ഒരു മനുഷ്യ കേന്ദ്രീകൃത ചിന്ത വേദപുസ്തകപരമായി തെറ്റാണെന്നാണ്" എന്ന ലേഖകന്റെ ജൽപ്പനം. മനുഷ്യൻ ഇല്ലാത്ത ഭൂമിയിൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവം,പ്രകൃതി, മെത്രാൻ എന്നിവക്കൊന്നും ഒരുപ്രസക്തിയും ഇല്ല എന്ന് മനസ്സിലാക്കാൻ ഡോക്ടറെററ് വേണമെന്നില്ല. അഞ്ചു സെന്റു മുതൽ പത്തോ പതിനഞ്ചോ ഏക്കർ വരെയുള്ള ഏതാനും മലയോര, കര്ഷകന്റെ വീട്ടില് ഒരു വര്ഷ മെങ്കിലും പോയി താമസിച്ചു അവരുടെ ജീവിതം അടുത്തറിയാത്ത ആർക്കും അവർ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാവുകയില്ല. ഗാഡ്കിലും, കസ്തുരിരങ്കനും, ഈ മെത്രാനും പരിസ്ഥിതിയും പ്രകൃതിയും മാത്രമേ കാണുന്നുള്ളൂ. അഥവാ അവർ മനുഷ്യരെ കാണുന്നില്ല അതുകൊണ്ടാണ് "അവിടെ കര്ഷകരുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി ഒന്നും ഞാന് കണ്ടില്ല" എന്നും ഈ "റിപ്പോര്ട്ട് നടപ്പാക്കിയാല് മലയോര കര്ഷകര്ക്ക് പ്രത്യേക പാക്കേജായി ആശ്വാസപദ്ധതി പ്രഖ്യാപിക്കേണ്ട ഒരു കാര്യവുമില്ല. അതിനുവേണ്ടിയുള്ള ഒരു നഷ്ടവും അവര്ക്കുണ്ടാവില്ല." എന്നും ഭർജ്ജിക്കുന്നതു. ഈ റിപ്പോര്ട്ടിന്റെ സത്വം എന്നത് പശ്ചിമഘട്ടത്തെ അതിന്റെ തനതു സ്ഥിതിയിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സാവധാനം ആ സ്ഥലങ്ങൾ മനുഷയോഗ്യ മല്ലതായിത്തീരും അഥവാ ആ മനുഷ്യര് ഗുഹാ മനുഷ്യരായിത്തീരും. എങ്ങനെ അല്ലെ? റോഡ്, വൈദ്യുതി,സിമിന്റ്, ഇരുമ്പ്,മോട്ടോർ എന്നിവ അവര്ക്ക് നിഷിധ്യമായി മാറും. അവരെയും, അവരുര്ടെ കൃഷികളെയും കാട്ടുമൃഗങ്ങൾ നിരന്തരം ആക്രമിക്കും (അവയെ ചെറുത്താൽ നാട്ടു മൃഗങ്ങളും) അങ്ങനെ ഒരുപറ്റം മനുഷ്യര് ഇല്ലായ്മ ചെയ്യപ്പെട്ടാൽ അവിടം പൂര്ണ്ണമായും നിബിഡ വനങ്ങൾ മാത്രമായാൽ എത്ര പുതിയ ശത കോടീശ്വരർ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടും എന്ന് അറിയണമെങ്കിൽ വയിറ്റ് കോളർ മാഫിയ നടത്തുന്ന കാർബണ് ക്രെഡിറ്റു പോലുള്ള പുതിയ പണം വാരുന്ന കുറുക്കു വഴികൾ അന്വേഷിക്കണം. ഇതൊന്നും അറിയാതെ "രണ്ട് റിപ്പോര്ട്ടുംഏകദേശം വായിച്ച ഒരു വ്യക്തി" യും ഒന്നും വായിക്കാത്ത വ്യക്തിയും തമ്മിൽ ഒരു വ്യക്ത്താസവും ഇല്ല.
ജോസ് ഇടുക്കി 2013-12-06 09:20:36
ദേഹം അനങ്ങി പണി ചെയ്യാത്ത മെത്രാന്മാർക്കും വിഡ്ഢികളായ അവരുടെ അനുചരന്മാർക്കും മലയോര കർഷകന്റെ തേങ്ങൽ എങ്ങനെ മനസിലാകും ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക