Image

വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)

Published on 04 December, 2013
വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)
മാധ്യമരാജാക്കന്മാര്‍ മുതല്‍ സുപ്രീംകോടതി ജഡ്‌ജിമാര്‍ വരെ വനിതകളെ പീഡിപ്പിച്ചതിന്‌ ജയിലിലായ ആഴ്‌ചയില്‍ ഇന്‍ഡ്യയിലെ ഒരു കലാലയം വനിതകളുടെ പേരില്‍ അഭിമാനത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി. നൂറു വര്‍ഷം മുമ്പ്‌ ദക്ഷിണേന്ത്യയില്‍ ആദ്യമായി വനിതകള്‍ക്കു കവാടം തുറന്നുകൊടുത്തുവെന്നതാണ്‌ കോട്ടയത്തെ സി.എം.എസ്‌ കോളജിന്റെ അഭിമാനം. ആയിരം പെണ്‍കുട്ടികളെ അണിനിരത്തി നടത്തിയ നഗരപ്രദക്ഷിണത്തോടെയാണ്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വനിതാ വര്‍ഷാചരണത്തിന്‌ അവര്‍ തുടക്കം കുറിച്ചത്‌.

ഇരുനൂറാം വാര്‍ഷികം ആഘോഷിക്കാന്‍ മൂന്നു വര്‍ഷം അടുത്തെത്തി നില്‍ക്കുന്ന കോളജ്‌ 1913ല്‍ മൂന്ന്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രവേശനം നല്‍കിയതിന്റെ പേരില്‍ ഉണ്ടായ കോലാഹലം പറഞ്ഞറിയിക്കാന്‍ വയ്യ. പിന്നീടു പ്രവേശനം തേടി വന്നവരെ പടിയടച്ചു പിണ്‌ഡംവച്ചു എന്നര്‍ത്ഥം. പക്ഷേ നിരോധനം ഇരുപതുവര്‍ഷമേ നിലനിന്നുള്ളു. ഇംഗ്ലീഷുകാരനായ പുതിയ പ്രിന്‍സിപ്പല്‍ എത്തി. ഓക്‌സ്‌ഫഡില്‍ നിന്ന്‌ ലഭിച്ച ബിരുദത്തിന്റെ തന്റേടത്തോടെ വീണ്ടും വാതില്‍ തുറന്നിട്ടു.

നൂറു വര്‍ഷം കഴിയുമ്പോള്‍ കോളജിലെ ആയിരത്തിഎണ്ണൂറ്‌ വിദ്യാര്‍ത്ഥികളില്‍ ആയിരത്തിലേറെയും ഡിഗ്രിക്കും, പി.ജിക്കും പഠിക്കുന്നവരും ഡോക്‌ടറല്‍ ഗവേഷണവും നടത്തുന്ന വനിതകളാണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വ്വകലാശാലയുടെയോ ലണ്ടനിലെ കിംഗ്‌സ്‌ കോളജിന്റെയോ ചുവടുപിടിച്ച്‌ രൂപകല്‌പന ചെയ്‌ത കോട്ടയത്തെ കാമ്പസില്‍ നൂറ്റാണ്ടുകളുടെ സുഗന്ധവുമായി നില്‍ക്കുന്ന ചൂളമരങ്ങളുണ്ട്‌.

ആദ്യത്തെ പ്രിന്‍സിപ്പല്‍ എഫ്‌.എന്‍. ആസ്‌ക്വിത്ത്‌ പ്രവേശനം നല്‍കിയ ഏലി, ചാച്ചി, അന്നമ്മ എന്നിവരെ പ്രതിനിധാനം ചെയ്‌ത്‌ ചട്ടയും അടുക്കിട്ട മുണ്ടും കാതില്‍ തോടയും ധരിച്ച അബിത, സൂര്യ, സനു എന്നിവരും ആസ്‌ക്വിത്തിനെപോലെ വേഷമിട്ട ഡെന്നി എബ്രഹാമും കയറിയ 1913-ലെ ക്ലാസ്‌ മുറി ഓര്‍മ്മിപ്പിക്കുന്ന ഫ്‌ളോട്ട്‌ ആയിരുന്നു റാലിയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.

കോളജില്‍ വനിതകള്‍ക്ക്‌ പ്രവേശനം നല്‍കിയതിനു തൊട്ടുപിന്നാലെ 1920-ല്‍ സ്ഥാപിതമായ ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നെത്തിയ ബാന്‍ഡ്‌ സംഘം റാലിയുടെ മുന്നില്‍ അണിനിരന്നു. സ്‌കൂളില്‍ ഹൈസ്‌കൂള്‍, സെക്കണ്ടറി വിഭാഗങ്ങളിലായി ഇന്ന്‌ 1800-ല്‍ പരം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നു. സുജാബോബിയും, ജെയ്‌സ്‌ജോണും ആണ്‌ സാരഥികള്‍.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ ബഹുമതികളുടെ തൂവലും പേറി നില്‍ക്കുന്ന നഗരമാണ്‌ കോട്ടയം. നൂറ്‌ ശതമാനം സാക്ഷരത, നൂറ്റാണ്ടു പിന്നിട്ട രണ്ടു ദിനപത്രങ്ങള്‍, 132 വര്‍ഷത്തെ വായനാനുഭവം തലമുറകള്‍ക്കു കൈമാറിയ പബ്ലിക്‌ ലൈബ്രറി എന്നിവ കോട്ടയത്തിനു സ്വന്തം. മലമ്പുഴയിലെ യക്ഷിയെ സൃഷ്‌ടിച്ചു വിപ്ലവം വിതച്ച കാനായി കുഞ്ഞിരാമന്‍അരനൂറ്റാണ്ടു നീണ്ട തന്റെ കലാസപര്യയ്‌ക്കു മകുടം ചാര്‍ത്തിക്കൊണ്ട്‌ അറുപതടി വലിപ്പത്തില്‍ അക്ഷരമാതാവ്‌ എന്ന ഒരു ഉജ്ജ്വല ശില്‌പത്തിന്‌ ലൈബ്രറി അങ്കണത്തില്‍ മിനുക്കുപണി നടത്തി തീരാറായി.

വനിതാവിമോചനത്തിന്‌ ആക്കം കൂട്ടിയ കോളജാണ്‌ സി.എം,എസ്‌. പഴയ തിരുവിതാംകൂറില്‍ പലയിടത്തും പള്ളികളും പള്ളിക്കൂടങ്ങളും റബ്ബര്‍തോട്ടങ്ങളും സ്ഥാപിച്ച ഇംഗ്ലീഷ്‌ മിഷണറിമാര്‍ സാമൂഹ്യപരിവര്‍ത്തനത്തിനും മുന്‍പന്തിയില്‍ നിന്നു. തെക്കന്‍ തിരുവിതാംകൂറിലെ പിന്നോക്ക വിഭാഗത്തില്‍പെട്ട സ്‌ത്രീകള്‍ മാറു മറയ്‌ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തിന്‌ അവര്‍ പിന്തുണ നല്‍കി - കോളജില്‍ അടുത്തകാലം വരെ ഇംഗ്ലീഷ്‌ വകുപ്പ്‌ മേധാവിയായിരുന്ന സൂസന്‍ വര്‍ഗീസ്‌ രേഖപ്പടുത്തുന്നു. എഴുത്തുകാരി കൂടിയായ സൂസന്റെ പിഎച്ച്‌ഡി. തീസിസ്‌ തന്നെ വിദ്യാഭ്യാസം മൂലമുള്ള സുറിയാനി ക്രിസ്‌ത്യാനി സ്‌ത്രീകളുടെ വളര്‍ച്ചയെക്കുറിച്ചാണ്‌.

കോളജില്‍ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്‌ത റിച്ചാര്‍ഡ്‌ കോളിന്‍സിന്റെ പത്‌നി ഫ്രാന്‍സസ്‌ കോളിന്‍സ്‌ എഴുതിയ ദി സ്ലേയര്‍ സ്ലെയിന്‍ എന്ന പുസ്‌തകം പുനപ്രസിദ്ധീകരിക്കുകയായിരുന്നു സൂസന്റെ പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഗോള്‍ഡന്‍ ജൂബിലിയിലെ ഒരു പ്രധാനപരിപാടി. ദി സിംഫണി ഓഫ്‌ സൈന്‍സ:: ദി കണ്‍വെര്‍ജ്‌ന്‍സ്‌ ഓഫ്‌ ലിറ്ററച്ചര്‍ ആന്‍ഡ്‌ മ്യൂസിക്‌ എന്നൊരു ശ്രാവ്യമധുരമായ സെമിനാര്‍ ആയിരുന്നു മറ്റൊരു ശ്രദ്ധേയ പരിപാടി.

ജൂബിലിക്ക്‌ പ്രമുഖവനിതകളുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു - ഡോ.എം.ഡി.രാധിക, പ്രൊഫ. എ.ഖൈറുന്നീസ തുടങ്ങിയവര്‍. വൈസ്‌ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ജൂബിലി സമാപനത്തിന്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഗീത നാടക അക്കാഡമി അംഗവും പ്രശസ്‌ത മ്യൂസിക്‌ ക്രിറ്റിക്കുമായ ഡോ.ജോര്‍ജ്ജ്‌.എസ്‌. പോള്‍ കേരളത്തിലെ ആദ്യത്തെ സെമിനാരിയുടെ ശ്രൂതി സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ ഡയറക്‌ടര്‍ റവ.ഡോ.എം.പി.ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ വേറെ.

വനിതാവര്‍ഷത്തിന്റെ തുടക്കം അതി മനോഹരമായിരുന്നു. പ്രൊഫ. ആര്‍തര്‍ ബാഗ്‌ഷോയുടേയും , ജോവാന്‍ എലിയറ്റിന്റെയും, പി. ബ്രുക്‌സ്‌മിത്തിന്റെയും കീഴില്‍ ഇംഗ്ലീഷ്‌ എം.എ ചെയ്‌തനാളുകളിലെ ഒരു സംഭവം ഓര്‍ത്തുപോകുന്നു. നഗരപ്രാന്തത്തില്‍ നിന്ന്‌ അടുക്കുള്ള മുണ്ടും ചട്ടയും മൂക്കുത്തിയും തോടയും ധരിച്ച്‌ മുറുക്കി ചുവന്ന ചുണ്ടുകളില്‍ മന്ദഹാസവും വിരിച്ച്‌ കുറെ പുസ്‌തകങ്ങള്‍ മാറില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ കോളജിലേക്ക്‌ നടന്നു വന്ന ഒരു സുന്ദരിക്കുട്ടി നഗരത്തെ സ്‌തംഭിപ്പിച്ചു കളഞ്ഞു എന്തിനെന്നോ? ആണ്‍കുട്ടികളുടെ നൂറു രൂപ പന്തയത്തില്‍ ജയിക്കാന്‍. അവള്‍ ജയിച്ചു. ഇത്തരം കാര്യങ്ങളില്‍ ഇന്നും പിന്തിരിപ്പനായ നഗരം തോറ്റു.

കോട്ടയം അന്നും ഇന്നും ഒന്നു തന്നെ. വനിതാവര്‍ഷത്തിന്റെ വിളംബരഘോഷയാത്ര നഗരത്തിലെ ആയിരക്കണക്കിന്‌ വരുന്ന ഫ്‌ളോട്ടിംഗ്‌ പോപ്പുലേഷനെ തെല്ലും കുലുക്കിയില്ല. ചിലര്‍ സാകൂതം നോക്കിനിന്നു. വന്‍കാറുകളില്‍ എത്തിയവര്‍ ക്ഷമ കെട്ടു വീര്‍പ്പടക്കിയിരുന്നു. മറ്റു ചിലര്‍ റാലിയുടെ ഇടയിലൂടെ നുഴഞ്ഞു കടന്നു. ``വനിതാവര്‍ഷം വിജയിക്കട്ടെ'' - ലേഖാസുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടന്നു നീങ്ങിയ റാലി നഗരഹൃദയത്തിലെ ഗാന്ധിസ്‌ക്വയറില്‍ അവസാനിച്ചപ്പോള്‍ അവരെ അഭിവാദനം ചെയ്യാനെന്നപോലെ അഞ്ചുമണിയ്‌ക്ക്‌ മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങി.
വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)വനിതകളുടെ വിമോചനത്തിന്‌ കോട്ടയത്തുനിന്നു വിളംബരം (രചന, ചിത്രങ്ങള്‍ - കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക