Image

പത്മനാഭ സ്വാമിയും ഉമ്മന്‍ചാണ്ടിയും

അനില്‍ പെണ്ണുക്കര Published on 29 April, 2014
പത്മനാഭ സ്വാമിയും  ഉമ്മന്‍ചാണ്ടിയും
കഴിഞ്ഞ ദിവസം നാല് ചാനലുകളില്‍ ലൈവ് വാര്‍ത്തയില്‍ രാത്രി 9 മണി മുതല്‍ ഡോ. സി.വി. ആനന്ദബോസ് ഒരേ സമയം ശ്രീപത്മനാഭന്റെ ശതകോടി സ്വത്തിനെക്കുറിച്ചും തന്റെ നിലപാടുകള്‍ തന്നെയാണ് അമിസ്‌കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയതെന്ന് പറയുന്നതുകേട്ടു. സംഭവം ശരി തന്നെ.

ഒന്നു ചോദിക്കട്ടെ.
ശ്രീപത്മനാഭന്റെ സ്വത്തിന് പങ്കുപറ്റാന്‍ ആര്‍ക്കാണവകാശം? ഈ വിഷയത്തില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ഈ വിഷയം സങ്കീര്‍ണമായ ചര്‍ച്ചയാകുന്നതിന് മുന്‍പുതന്നെ അദ്ദേഹം തന്റെ നിലപാടറിയിച്ചിട്ടുണ്ട്. ശ്രീപത്മനാഭന്റെ സ്വത്തില്‍ നമുക്കാര്‍ക്കും ഒന്നു നോക്കാന്‍ പോലുമുള്ള അവകാശമില്ലെന്ന്. സത്യമല്ലേ?

തിരുവിതാംകൂര്‍ രാജാക്കന്‍മാരെല്ലാം ശ്രീപത്മനാഭന്റെ ദാസന്മാരായിരുന്നു. ആയിരത്തിലധികം വര്‍ഷങ്ങളായി ശ്രീപത്മനാഭന് ലഭിച്ച കാണിക്കയാണ് ഈ ശതകോടി സ്വത്ത്. അതില്‍ നെപ്പോളിയന്റെ കാലത്തുണ്ടായിരുന്നതും വിവിധ രാജ്യങ്ങളിലെ രാജാക്കന്‍മാര് നല്‍കിയതുമായ അമൂല്യ വസ്തുക്കള്‍ വരും. കൂടാതെ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ശ്രീ പത്മനാഭന് നല്‍കിയ കാണിക്കയും ഉള്‍പ്പെടും. ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്ന തിരുവിതാംകൂര്‍ രാജാവ് കാണിക്കയായി സ്വര്‍ണ്ണനാണയങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, രാജാക്കന്മാര്‍ക്ക് ലഭിക്കുന്ന പാരിതോഷികങ്ങള്‍ ഇവയെല്ലാം ശ്രീ പത്മനാഭന് സമര്‍പ്പിക്കുക പതിവായിരുന്നു. ആയിരക്കണക്കിനു വര്‍ഷത്തെ ഈ സ്വത്തുവകകള്‍ കള്ളന്മാരും, ദുഷ്ടന്‍മാരുമൊന്നും കൊണ്ടു പോകാതെ ഈ തമ്പുരാക്കന്‍മാര്‍ സൂക്ഷിച്ചില്ലേ?
ഇനിയിപ്പോഴല്ലേ പേടിക്കേണ്ടത്?

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കം ക്ഷേത്രത്തില്‍ നിന്ന് ഇങ്ങനെയൊരു നിധിശേഖരം കിട്ടിയിരുന്നു. ഇപ്പോ അതിന്റെ പൊടി പോലുമില്ല. ഈ അവസ്ഥ പത്മനാഭവും വരുമെന്ന് നമ്മുടെ മുഖ്യമന്ത്രിയ്ക്കറിയാം. അതുകൊണ്ടാണ് അദ്ദേഹം തുറന്ന മനസ്സോടെ പറഞ്ഞത്.
“പത്മനാഭസ്വാമിയുടെ സ്വത്തിന് അദ്ദേഹം മാത്രമാണവകാശി” എന്ന്.
ഉമ്മന്‍ചാണ്ടിയോട് ഒരു വാക്ക്…

ഈ ശതകോടി സ്വത്ത് കേരളത്തിന്റെ പാരമ്പര്യത്തിനും, കാര്യക്ഷമതയ്ക്കും കിട്ടിയ നിധിയാണ്. അത് അവിടെ നിന്നും പുറത്തേക്ക് പോകാതെ കാത്തു സൂക്ഷിക്കേണ്ടത് അങ്ങയുടെ ചുമതലയാണ്. ഒരു രാഷ്ട്രീയക്കാരനും ഈ വിഷയത്തില്‍ അഭിപ്രായം പറയാതെ മൗനം പാലിച്ചപ്പോഴും സത്യസന്ധമായി ഒരു നിലപാട് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടിക്കിരിക്കട്ടെ ഒരു ചാക്ക് ലൈക്ക്.

സാമൂഹ്യപാഠം
“വേലിക്കത്തിരിക്കുന്ന വി.എസ്സിനറിയില്ലല്ലോ പത്മനാഭന്റെ പുണ്യം”


പത്മനാഭ സ്വാമിയും  ഉമ്മന്‍ചാണ്ടിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക