Image

അഴിമതി പുരാണം (ജോണ്‍ മാത്യു)

Published on 11 May, 2014
അഴിമതി പുരാണം (ജോണ്‍ മാത്യു)
പഴഞ്ചനായിപ്പോയിയെന്ന്‌ ഇപ്പോള്‍ കരുതുന്ന ഒരു തത്വത്തിന്‌ ഇന്നത്തെ സാഹചര്യത്തിലൊരു ഹാസ്യാനുകരണം: അതിങ്ങനെ. `അഖിലലോകവെട്ടിപ്പുതട്ടിപ്പുകാരേ സംഘടിക്കുവീന്‍, നിങ്ങള്‍ക്കു നഷ്‌ടപ്പെടാനൊന്നുമില്ല, നേടാനുള്ളതോ കണക്കില്ലാത്ത, കണക്കില്‍പ്പെടാത്ത ലാഭം മാത്രം.'

സേവനങ്ങള്‍ക്ക്‌ നിയമാനുസാരമല്ലാത്ത പ്രതിഫലം വാങ്ങുന്നതു തുടങ്ങി പിന്നില്‍ക്കൂടി നേടിയെടുക്കുന്ന എന്തിനെയും, പണമായാലും, നികുതിവെട്ടിപ്പായാലും, മറ്റെന്തു വസ്‌തുക്കളായാലും നാം അതിനെ അഴിമതിയെന്നോ കോഴയെന്നോ വിളിക്കുന്നു. എല്ലാക്കാലത്തുമുള്ള പരാതിയാണ്‌ അഴിമതിക്കൊണ്ട്‌ `ഈ നാട്‌' നശിച്ചുവെന്നത്‌.

ഈ ചെറുലേഖനത്തില്‍ക്കൂടി ഏതെങ്കിലും രാജ്യത്തെ വ്യവസ്ഥിതിയെയും രീതികളെയും ന്യായീകരിക്കുകയല്ല, ഒരു രാഷ്‌ട്രീയകക്ഷിയെയും പിന്തുണക്കുന്നുമില്ല. പക്ഷേ ഞാനിവിടെ അഴിമതി, കോഴ മുതലായവക്ക്‌ ആശയപരമായി ഒപ്പമാണ്‌. എല്ലാവരും രഹസ്യമായി അംഗീകരിക്കുകയും പരസ്യമായി, അഭിപ്രായങ്ങള്‍ക്ക്‌ സാമൂഹികമായ അംഗീകാരമെന്ന പേടി മുന്നില്‍ക്കണ്ടുകൊണ്ട്‌, എതിര്‍ക്കുകയും ചെയ്യുന്നത്‌ ഇവിടെയങ്ങ്‌ തുറന്നുപറയുന്നുവെന്ന്‌ മാത്രം. സ്ഥിരപ്രതിഷ്‌ഠ നേടിയ ഒരു പ്രമാണം: പ്രത്യേകമായി ഒരു കാര്യം നേടണമെങ്കില്‍ അതിന്‌ അതിരുകവിഞ്ഞ പ്രതിഫലം കൊടുത്തേതീരൂ.

അടുത്തസമയത്ത്‌ ഹൂസ്റ്റനിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഒരു പ്രശ്‌നവുമായി പോകേണ്ടതായി വന്നു. `മേ ഐ ഹെല്‍പ്‌ യൂ' എന്ന്‌ പുഞ്ചിരിച്ചുകൊണ്ട്‌ പതിവുഭാഷയില്‍ തുടങ്ങിയത്‌ ഞൊടിയിടയില്‍ ഔദ്യോഗികമായി.

ഓഫീസര്‍ : ``ഇതിനൊരു പിഴയൊണ്ട്‌, അത്‌ കൊടുക്കണം, പിന്നെ ഈ കടലാസുകള്‍ വായിച്ചിട്ട്‌ റിപ്പോര്‍ട്ടും ഉണ്ടാക്കിക്കൊണ്ടു വരൂ.''

എല്ലാംകൂടി ഒരു കെട്ടുണ്ട്‌, അതൊന്ന്‌ വായിക്കാന്‍തന്നെ ഒരാഴ്‌ചയെടുക്കും. കൂടാതെ റിപ്പോര്‍ട്ട്‌ എഴുത്തും.

ഞാന്‍ ചോദിച്ചു : `സൂപ്പര്‍വൈസറെ ഒന്നു കാണാന്‍ സാദ്ധ്യമാണോ?'

ഓഫീസര്‍ : `അത്‌ ഞാന്‍തന്നെ...'

ഈ സാഹചര്യത്തില്‍ ഞാന്‍ ആശിച്ചുപോയി ഒരു നൂറു ഡോളര്‍ കൊടുത്ത്‌ കാര്യമങ്ങ്‌ സാധിക്കാന്‍ കഴിയുമായിരുന്നെങ്കിലോയെന്ന്‌. ഒരെളുപ്പവഴി!

പക്ഷേ, ഇവിടെയങ്ങനെയൊരവസരം ഇല്ലല്ലോ.

വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മാര്‍വാഡിസേഠിന്റെ ഓഫീസില്‍ ജോലിചെയ്‌തിരുന്ന കാലം. അന്ന്‌ എന്തുമാത്രം കോഴയവസരങ്ങളാണ്‌ കണ്ടിട്ടുള്ളത്‌. ശിപായിമാരെ മുതല്‍ വലിയ ഓഫീസര്‍മാരെ വരെ, അവരുടെ നിലയും വിലയും അനുസരിച്ചു എത്രയോ തന്ത്രപൂര്‍വ്വമായിരുന്നു സ്വാധീനക്കേണ്ടിയിരുന്നത്‌. ഇതുതന്നെ ഒരു ശാസ്‌ത്രമായി കലാശാലകളില്‍ പഠിപ്പിക്കണമെന്നാണ്‌ ഇപ്പോള്‍ എന്റെ നിര്‍ദ്ദേശം. `കുംഭകോണം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ ഭാഷയില്‍ സ്ഥിരപ്രതിഷ്‌ഠനേടിയ സ്ഥിതിക്കു പഠനമാധ്യമം മലയാളത്തിലാക്കുന്നത്‌ ഏറെ ഉചിതം.

കാരണമുണ്ട്‌ അവിദഗ്‌ദനായ ഒരാള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന തൊഴിലല്ല ഈ സ്വാധീനിക്കല്‍ എന്നത്‌. നിസ്സാരമായ ഒരു കാര്യസാധ്യതക്ക്‌ നിങ്ങള്‍ ഇന്ത്യയിലെ ഒരു ഓഫീസില്‍ ചെല്ലുന്നുവെന്ന്‌ കരുതുക. അവിടെയൊരു പത്തുനൂറുപേര്‌ ലൈനില്‍ നില്‍ക്കുന്നുമുണ്ട്‌. നിങ്ങള്‍ക്കാണെങ്കില്‍ ധൃതി. ഇവിടെയാണ്‌ ശാരീരികഭാഷയുടെ ഉപയോഗം. ഈ അവസരത്തില്‍ നമുക്കു വേണ്ടപ്പെട്ട താഴേക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥനെ തിരിച്ചറിയുന്നു. ഈ തിരിച്ചറിയലിനാണ്‌ അടിവരയിടേണ്ടത്‌.

തുടര്‍ന്ന്‌ ഒരു മാന്ത്രികന്റെ കൈവേഗതയിലാണ്‌ കാര്യങ്ങളും നീക്കം. ഇനിയും വേണ്ടപ്പെട്ട ഫയല്‍ ആഫീസറുടെ മുന്നില്‍ എത്തുന്നതും, പ്രതീക്ഷിച്ച ഉത്തരവുമായി നിങ്ങള്‍ പുറത്തുകടക്കുന്നതും നിമിഷനേരംകൊണ്ട്‌. ഇതാണ്‌ `കോഴശാസ്‌ത്രം!'

ഒരു സംഭവം ഓര്‍ക്കുന്നു. നാലു ദശാബ്‌ധങ്ങള്‍ക്കുമുന്‍പ്‌ നടന്നത്‌.

ഒരു കുട്ടി മുതലാളി എന്തോ ബിസിനസ്‌ ഇറക്കുമതിയുമായി ബന്ധപ്പെട്ടകാര്യത്തിന്‌ ഡല്‍ഹിയില്‍ എത്തുന്നു. ഡിപ്പാര്‍ട്ടുമെന്റുമേധാവിയെ വീട്ടില്‍ത്തന്നെ ചെന്നുകാണാന്‍ നമ്മുടെ മുതലാളിക്കൊരു ആഗ്രഹം. ചെറിയ `സമ്മാന'മായി കനത്തമടിശീലയും അയാള്‍ കരുതിയിരുന്നു. ഒരു ബലത്തിന്‌ എന്നെയും ഒപ്പംകൂട്ടി.

ബിസിനസ്‌ ആവശ്യങ്ങളും പരാതീനതകളുമെല്ലാം വിശദീകരിച്ചു. സര്‍ക്കാരുദ്യോഗസ്ഥന്‍ അത്‌ ക്ഷമയോട്‌ കേട്ടു. മുതലാളിക്ക്‌ പണസഞ്ചിതുറക്കാനുള്ള അവസരം കൊടുക്കാതെ മേധാവി ഒരു മിന്നല്‍പ്പോലെ വിഷയമങ്ങ്‌ മാറ്റി.

ഇനിയുമുള്ള സംഭാഷണം ഇങ്ങനെ:

മേധാവി : `കേരളം മനോഹരമാണല്ലേ?'

മുതലാളി : `സംശയമില്ല, തീര്‍ച്ചയായും...'

മേധാവി : `പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ അസൂയതോന്നുന്നു.' അപ്പോള്‍ ഞാനും മുതലാളിയും ഒന്ന്‌ പൊങ്ങി. രാജസ്ഥാന്‍കാരനായ ഓഫീസര്‍ തുടര്‍ന്നു.

`വിലപിടിപ്പുള്ള മരങ്ങള്‍ ഉണ്ടല്ലോ അവിടെ, മഹൗഗനി, വീട്ടി, തേക്ക്‌...'

മുതലാളി : `ഞങ്ങളുടെ സംസ്ഥാനം സമ്പന്നമാണ്‌...'

മേധാവി : `അപ്പോള്‍ നല്ല വീട്ടുരുപ്പടികളും ലാഭത്തില്‍ കിട്ടുമല്ലോ...?' എന്നിട്ട്‌ അയാള്‍ ഒന്നു നിര്‍ത്തി, രണ്ടുനിമിഷത്തെ മൗനത്തിനുശേഷം : `ഒരു മൂന്നു മാസത്തെ പെര്‍മിറ്റ്‌ നാളെ ഓഫീസില്‍ നിന്ന്‌ വാങ്ങിക്കൊള്ളുക, അടുത്തത്‌ പിന്നീട്‌ ആലോചിക്കാം...'

ആലോചിക്കാം പോലും!

മടങ്ങിപ്പോരുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു: ചന്ദനമരത്തെപ്പറ്റി അയാള്‍ ഇതുവരെയും കേട്ടിട്ടില്ലാത്തത്‌ ഭാഗ്യമായി.

ഇനിയും ഉന്നതതലത്തില്‍ നടക്കുന്ന കോടിക്കണക്കിനുള്ള അഴിമതിയില്‍ നമുക്കെന്തുകാര്യം അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും ജീപ്പും തോക്കും പെട്ടിയും പാടവുമായി, ആരു ഭരിച്ചാലും. ഇത്‌ പൊതുജനത്തെ ബാധിക്കുകയേയില്ല. അതാണ്‌ നമ്മുടെ ബുദ്ധിരാക്ഷസനായിരുന്ന പമ്പിള്ളി ഗോവിന്ദമേനോന്‍ ക്ലാസിക്ക്‌ രൂപത്തിലാക്കിയത്‌. അദ്ദേഹത്തിനുമേല്‍ ആരോപണമുണ്ടായി, അത്‌ സത്യമായിരുന്നുവെന്ന്‌ ഞാനിന്നും വിശ്വസിക്കുന്നില്ല, അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നതുകൊണ്ട്‌.

എന്നാല്‍, തന്നെ ചോദ്യം ചെയ്‌ത ഒരു വ്യക്തിക്ക്‌ അദ്ദേഹംകൊടുത്ത മറുപടി അഴിമതിപുരാണത്തില്‍ സുവര്‍ണ്ണലിപികളില്‍ത്തന്നെ രേഖപ്പെടുത്തണം.

അതായത്‌, കണക്കുകൂട്ടിയിട്ട്‌ : `തന്റെ ഒന്നരക്കാശിതാപിടിച്ചോ, ഇനിം മിണ്ടിപ്പോകരുത്‌.'
അഴിമതി പുരാണം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക