Image

ഉല്‍ഫുല്ലബാലരവിപോലെ കാന്തിമാന്‍- സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 08 July, 2014
ഉല്‍ഫുല്ലബാലരവിപോലെ കാന്തിമാന്‍- സുധീര്‍ പണിക്കവീട്ടില്‍
ശ്രൃംഗാരത്തെ അലൗകീകതയിലേക്ക് ഉയര്‍ത്തി അതിനെ ഉദാത്തമാക്കുന്ന ഒരു രീതി കുമാരനാശാന്റെ നളിനി, ലീല, എന്നീ ഖണ്ഡകാവ്യങ്ങളില്‍ പ്രകടമാണ്. ക്ഷണനശ്വരമായ ഈ ജീവിതം വിരല്‍ കൊണ്ട് ഒന്ന് മുട്ടിയാല്‍ തവിട് പൊടിയാകുന്ന പളുങ്ക്പാത്രമാണെന്ന് ആശാന്‍ വിശ്വസിച്ചതായി കാണുന്നു. ഇത് സമൂഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിന്റെ ദര്‍ശനമാണെന്നു ചിന്തിക്കുന്നവരുണ്ട്. വിഷയഭോഗാസക്തിമൂലം ദുരിതപൂരിതമാകുന്ന ജീവിതത്തെക്കാള്‍ അനശ്വരമായ സ്‌നേഹംതന്നെ അഭികാമ്യമെന്നു ആശാന്‍ കരുതി. അത് കൊണ്ട് അദ്ദേഹത്തെ സ്‌നേഹഗായകന്‍ എന്ന് വിളിക്കുന്നു. നാരകത്തിന്റെ ദ്വീപില്‍ സ്വര്‍ഗ്ഗമോഹം പണിയുന്ന പടുത്വമായി അദ്ദേഹം സ്‌നേഹത്തെ സങ്കല്‍പിക്കുന്നു. സ്‌നേഹം താന്‍ ജീവിതം. സ്‌നേഹവ്യാപ്തി തന്നെ മരണമെന്ന് അദ്ദേഹം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

പ്രസ്തുത ഖണ്ഡകാവ്യങ്ങളില്‍ നായികമാര്‍ അനുരാഗവതികളും നായകന്മാര്‍ യമികളുമാകുന്നതായി കാണുന്നുണ്ട്. ലീലയിലെ മദന്‍ മാത്രം പ്രേമനൈരാശ്യം മൂത്ത് നാട് വിട്ട് കാട്ടില്‍ ചേക്കേറി. അവിടെ കായ്കനികള്‍ ഭക്ഷിച്ച് തന്റെ കമനീയ രൂപം നഷ്ടപ്പെട്ട വെറു കങ്കാളമായി  കഴിയുമ്പോള്‍ അപ്പോഴേക്കും  വിധവയായി തീര്‍ന്ന ലീല മദനനെ തേടി കാട്ടിലേക്ക് പുറപ്പെട്ടു. അവിടെ അവരുടെ സമാഗമം നടക്കുന്നു. മദനന്‍ അവളെ തിരിച്ചറിഞ്ഞു. താമരപൂ  പോലുള്ള അവളുടെ മുഖം മുകര്‍ന്നു. ലീല സുഖമിലീതാക്ഷിയായ് നില്‍ക്കുമ്പോള്‍ എന്തോ ഭയപ്പെട്ടിട്ടെന്നപോലെ വികലബുദ്ധിയായ മദനനന്‍ അവളുടെ കരവലയമാകുന്ന കൂട്ടില്‍ നിന്നും ഒരു പക്ഷിയെപോലെ പറന്നുപോകുന്നു. കാര്‍മുകില്‍ ഒളിപ്പിച്ച ഇളമ്പിറ പോലെ അവന്‍ അപ്രത്യക്ഷനായി. സ്വയബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ അങ്ങനെ ചെയ്യുമെന്നു വായനകാര്‍ക്ക് വിശ്വസിക്കാവുന്നതാണ്. മദനന്‍ അസ്വസ്ഥചിത്തനാണ് ചിത്തത്തെ കീഴ്‌പ്പെടുത്തിയ ദിവാകരനെപോലയല്ല. ലൈലയും മജ്‌നുവും(ശരിയായ പേരു ഖയസ്സ്. മജ്‌നു എന്ന അറബി പദത്തിനു കിറുക്കുള്ളവന്‍ എന്നര്‍ത്ഥം) കണ്ട്മുട്ടിയപ്പോള്‍ മജ്‌നു ചിത്തഭ്രമം വന്ന് ഓടിപോകുകയും ലൈല രോഗതുരയാകയും മരിക്കയും ചെയ്തു. പിന്നീട് ഖയസ്സ് അവളുടെ മൃതദേഹം അടക്കം ചെയ്ത ശ്മശാനകല്ലില്‍ തലവച്ച് കിടന്ന് മരിച്ചു.) ആശാന്‍ ലീലാകാവ്യം ചമക്കുന്നത് പാര്‍സി കവി നിസ്സാമിയുടെ ലൈല-മജ്‌നു എന്ന പ്രേമകാവ്യത്തില്‍ നിന്ന് ആശയമുള്‍കൊണ്ടാണ്. അതുകൊണ്ട് ചില സാദൃശ്യവൈസാദ്രൃശ്യങ്ങള്‍ അവ തമ്മില്‍ കാണാം. ലീല ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്ക് മനസ്സ് കൊണ്ടല്ലെങ്കിലും വഴങ്ങുമ്പോള്‍ ലൈല ഭര്‍ത്താവിനെ ചെറുക്കുകയായിരുന്നു. കമിതാക്കളുടെ പ്രണയസാക്ഷാത്കാരം നടക്കാതെ പോകുന്നതിനു കാരണം ലീലയെകൊണ്ട് ആശാന്‍ പറയിപ്പിക്കുന്നുണ്ട്. നിറവേറുകയില്ല് കാമിതം, കുറയും, ഹാ, സഖി ഭാഗ്യശാലികള്‍. ഇതിലൂടെഒരു പ്രണയതത്വം ഇവിടെ ചുരുള്‍ നിവരുന്നു. എല്ലാം പ്രേമബന്ധങ്ങളും  മംഗങ്ങളമാകണമെന്നില്ല. ലീലയില്‍ മദനന്‍ അവളെ ചുംബിച്ച് നില്‍ക്കവെ മദനനന്‍ തിരിഞ്ഞോടി. അത് വിധിയുടെ തിരിപ്പ് തന്നെ എന്ന് കവി പറയുന്നു. സ്വബോധത്തോടെ തന്റെ പ്രണയിനിയെ നിഷ്‌ക്കരുണം ഉപേക്ഷിച്ച് പോകുന്ന ഒരു കാമുകനായല്ല നമ്മള്‍ മദനനെ കാണുന്നത്.

നളിനിയിലെ പ്രേമത്തിനു സാത്വിക ഭാവമാണെങ്കില്‍ ലീലയില്‍ അതിനു ലൗകിക ഭാവമുണ്ട്. ഗുരുജന വചനം, കുലക്രമം, തരുണികളുടെ അസ്വതന്ത്രത ഈ മൂന്നു കാരണങ്ങളാലാണു ലീലക്ക് പ്രേമ സാക്ഷാല്‍കാരം സാധിക്കാതെ വന്നത്. വൃക്ഷത്തില്‍ കയറിപ്പറ്റിയ വള്ളികളെ മാറ്റാം, പുഴയുടെ വഴി തിരിച്ച് വിടാം ദൃഢസ്‌നേഹമുള്ളവരുടെ മനസ്സ് മാറ്റാന്‍ കഴിയില്ലെന്ന് ആശാന്‍ പറയുമ്പോള്‍ തന്നെ മേല്‍ പറഞ്ഞ മൂന്നു കാരണങ്ങള്‍ അതിനേക്കാള്‍ ശക്തമായി അങ്ങനെയുള്ളവര്‍ക്ക് പ്രതിബന്ധമായി വരുന്നു എന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാം. കൊള്ളരുതാത്തവനണെങ്കിലും ഭര്‍ത്താവുണ്ടാകുന്നത് സ്ത്രീക്ക് നല്ലതെന്ന് കല്‍പ്പിക്കുന്ന സമുദായം ഹൃദയശൂന്യത കാട്ടുന്ന ഒരു പിശാചാണ്. മദനന്റെ മാനസപന്തിയെങ്കിലും മിന്നു കെട്ടിയവന്റെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് അവള്‍ വഴങ്ങിയിരുന്നു. ആ വഴങ്ങലിനെ കവി വിശദീകരിക്കുന്നത് തിരയടി കൊണ്ട് തീരത്തില്‍ കിടക്കുന്ന ഒരു കല്ല് പോലെ എന്നാണ്.

നായികമാരെല്ലാം സുന്ദരിമാരായും നായകന്മാരെ സുന്ദരന്മാരായും ആശാന്‍ ആവിഷ്‌കരിക്കുന്നു. മദനനെ കണ്ട വൃത്താന്തം അറിയിക്കുമ്പോള്‍ ദുഃഖമകറ്റാന്‍ എത്തുന്ന ഉഷസ്സിനെ ആര്‍ത്തിയോടെ നോക്കുന്ന താമരപൊയ്കപോലെ സുന്ദരിയായ ലീല ഉത്സാഹഭരിതയാകുന്നു എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. തോഴിയും സുന്ദരിയാണ്. ഒഴുക്കില്‍ രണ്ട് താമരപൂക്കള്‍ ഒന്നിക്കുന്ന പോലെ തോഴിയും ലീലയും രണ്ട് കമനീയാസ്യകള്‍- ചന്തമുള്ളമുഖമുള്ളവര്‍ ആശ്ലേഷിച്ചു എന്ന് കവി എഴുതുന്നു.  മദനന്‍ സുന്ദരനായിരുന്നെങ്കിലും വിരഹദുഃഖം പേറി കാട്ടിലലഞ്ഞ് നടന്ന് കാട്ടുതീയ്യിലെരിഞ്ഞ പര്‍വ്വതം പോലെ പഴയ മദനന്റെ കങ്കാളമായി മാറി എന്ന് വിവരിക്കുന്നുണ്ട്. പ്രണയംകവിതകളിലെ ഇതിവൃത്തമാകുമ്പോള്‍ നായികാനായകന്മാരുടെ സ്വഭാവവും, ആകാരവും വിവരിക്കേണ്ടി വരുന്നു. സൗന്ദര്യം വര്‍ണ്ണിക്കുമ്പോള്‍ ആശാന്‍ ഒരു ധാരാളിയാകുന്നത് കാണാം. നളിനിയിലെ നായകനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉദിച്ചുയരുന്ന പ്രഭാത സൂര്യന്റെ ശോഭയുള്ളവന്‍ എന്നാണ്. അതാണ് ഈ ലേഖനത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. നായകന്റെ പേരു പോലും കാവ്യവസാനത്തിലാണ് നമ്മള്‍ കാണുന്നത്. രമ്യഭൂഭംഗി അല തല്ലുന്ന ഹൈമതഭൂവില്‍ ഒരു വിഭാതവേളയില്‍ നായകന്‍ പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ രൂപം ഒരു ചിരതപസ്വി ആണെന്നു വ്യക്തമാക്കുന്ന നീണ്ട ജടയും, നഖങ്ങളും കൂടിയതായിരുന്നു. ധീരമായ മുഖശോഭ ഈ ലോകത്തില്‍ ഒന്നിനേയും അദ്ദേഹം ഭയപ്പെടുന്നില്ലെന്നും എന്നാല്‍ എല്ലാവരിലും കരുണയുള്ളവനെന്നും പ്രകടമാക്കുംവിധമായിരുന്നു. നൈമിഷികമായ  അഭിലാഷങ്ങളേയും മനോചാപല്യങ്ങളേയും കീഴടക്കിയ ഒരു യോഗിവര്യനായിരുന്നു അദ്ദേഹം. എന്നാല്‍ ആ പീഠഭൂമിയില്‍ നിന്ന് താഴ് വരയിലേക്ക് നോക്കിയ യോഗിയെ താരുണ്യമാര്‍ന്ന ഒരു ആണ്‍പക്ഷി തന്റെ കൂട് നോക്കിനില്‍ക്കുന്ന പോലെ എന്ന് കവി ഉപമിക്കുന്നുണ്ട്.

ഉടനെ തന്നെ യോഗിവര്യന്റെ മനസ്സില്‍ എന്തോ ചിന്തയുടെ ഓളങ്ങള്‍ അല തല്ലാന്‍ തുടങ്ങി. വാസ്തവത്തില്‍ അപ്പോള്‍ വൃക്ഷങ്ങളുടെ മറവില്‍ കുളിച്ച് നീര്‍ചിന്തുമീറനോടുകൂടി ഉഷ സന്ധ്യപോലെ ഒരു പാവനാംഗിയാള്‍ നിന്നിരുന്നു. അവളാണു നളിനി. കാനനതപസ്വനിയായി വനത്തില്‍ കഴിഞ്ഞിട്ടും അംഗലാവണ്യമേറെയുള്ളവളായിരുന്നു. അവളെ വധുവാക്കാന്‍ അനവധി യുവാക്കള്‍ കൊതിച്ചെങ്കിലും അവള്‍ ദിവാകരന്‍ എന്ന യുവാവൊത്തുള്ള ജീവിതം കാംക്ഷിച്ചു. അത് പക്ഷെ അവളുടെമാത്രം ഉള്ളില്‍ തോന്നിയ ഒരു വികാരം മാത്രമായിരുന്നു. കുട്ടിക്കാലത്തെ ഒരു സൗഹൃദം. അവളുടെ അനുരാഗവായ്പ്പുകള്‍ അറിയാതെ ദിവാകരന്‍ തന്റെ ഇച്ഛപ്രകാരം യോഗാനുഷ്ഠാനത്തിനായി നാടു വിട്ടപ്പോള്‍ അവളും അദ്ദേഹത്തെ അനുധാവനം ചെയ്ത് കാട്ടില്‍ എത്തിയിരിക്കയാണ്. വേദനിക്കുന്ന പൂര്‍വ്വകാലാനുഭവങ്ങളുടെ ഓര്‍മ്മയുണ്ടായപ്പോള്‍ ആ പേശലാംഗി വാടിയ പുഷ്പങ്ങളുള്ള നെന്മേനിവാക പോലെ മാറിപോയി. വൃതാനുഷ്ഠാനങ്ങളോടെ ജീവിക്കുന്ന തപസ്വിനിയാണെങ്കിലും ഈശ്വരപാദങ്ങളില്‍ മനസ്സുറക്കാതെ വേനല്‍കാലത്ത് വറ്റിയ നദിപോലെ അവള്‍ ദുഃഖിതയായിരുന്നു.

യോഗി പക്ഷെ നളിനിയെ തിരിച്ചറിഞ്ഞില്ല. നളിനി പരിചയപ്പെടുത്തി. കഷ്ടകാലമഖിലം കഴിഞ്ഞു ഹാ, ദിഷ്റ്റ്മീ വടിവിയുന്നു വന്നപ്പോള്‍, ദൃഷ്ടനായി ഹ ഭവാന്‍, ഭവാനു പണ്ടിഷ്ടയാം “നളിനി” ഞാന്‍ മഹാമതേ…പാര്‍വതി ദേവി ശിവന്‍ ഭര്‍ത്താവായി വരാന്‍ ആഗ്രഹിച്ചു. തപസ്സില്‍ നിന്നുണര്‍ന്ന ശിവന്റെ മനസ്സിളകാന്‍ കാരണം കാമദേവനാണെന്നറിഞ്ഞ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചു. പിന്നീട് പാര്‍വ്വതിദേവിയുടെ സ്‌നേഹം അചഞ്ചലമാണെന്നറിഞ്ഞ ശിവന്‍ ദേവിയെ പരിണയിച്ചു. അതേപോലെ ദിവാകരയോഗിനല്ല ഹൈമവത ഭൂവില്‍ വച്ച് നളിനിയെ പരിണയിക്കുമെന്നവള്‍ ആശിച്ചു. അവള്‍ എല്ലാം പറഞ്ഞിട്ടും യോഗി അവള്‍ക്ക് മംഗളങ്ങള്‍ നേര്‍ന്ന് ഇനിയും കണ്ടുമുട്ടാന്‍ ഇടയായാല്‍ കണ്ടുമുട്ടാം എന്ന് പറഞ്ഞ് നടക്കയാണു് ചെയ്തത്.യോഗിയോട് നളിനി അഭിമാനബോധം വിട്ടു കേണപേക്ഷിച്ചു, തന്നെ വിട്ടു പോകരുത്.  അപ്പോള്‍ യോഗി അവളെ സമാധാനിപ്പിക്കുന്നു. നളിനിയിലെ പ്രസിദ്ധമായ വരികളിലൂടെ. 'സ്‌നേഹമാണിലസാരമൂഴിയില്‍, സ്‌നേഹസാരമിഹ സത്യമേകമാം , മോഹനം ഭുവന സംഗമമിങ്ങതില്‍ , സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍.' ഈ ഭൂമിയിലെ എല്ലാ നന്മകളുടേയും സത്തായിട്ടുള്ളത് സ്‌നേഹമാണു്. എല്ലാവരേയും മോഹം കൊണ്ട് അന്ധരാക്കുന്ന ലൗകിക സ്‌നേഹബന്ധങ്ങളേല്ലാം ഞാന്‍ ഉപേക്ഷിച്ചു. വാക്കിനാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത തത്ത്വമസി എന്ന വാക്യത്തിന്റെ  സാരാംശം യോഗി അവളെ ഗ്രഹിപ്പിച്ചു. അവളുടെ ഉള്‍ത്തടങ്ങളില്‍വികാരം അലതല്ലി. അവള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ യോഗി അവളെ താങ്ങി.  അതിനെ കവി എത്ര മനോഹരമായിട്ടാണു വിവരിക്കുന്നത് എന്നു നോക്കുക. അടങ്ങികഴിഞ്ഞ തിരയില്‍ മറ്റൊരു തിര ചെന്നു ചേരുന്നപോലെ,  മനോഹരമായ നാദത്തില്‍ മറ്റൊരു നാദം ലയിക്കുന്ന പോലെ ഒരു ശോഭയില്‍ മറ്റൊരു ശോഭ കലരുന്ന പോലെ നളിനി യോഗിയെ കൈകോര്‍ഥ് ആശ്ലെഷിച്ചു. തപോഭംഗം കൂടാതെ യോഗിക്ക് അവളെ താങ്ങാന്‍ കഴിഞ്ഞത് ലൈംഗികതെയെ അദ്ദേഹം തിരസ്‌കരിച്ചത്‌കൊണ്ടാണു്.  അവളുടെ മുത്ത് നിന്നും ഓങ്കാരം പുറപ്പെട്ടു, അവള്‍ ജീവന്‍ വെടിഞ്ഞു.  ഇവിടെ യോഗി നിര്‍വ്വഹിച്ചത് ഉദാത്തമായ ഒരു കര്‍മ്മമാണു്. അല്ലാതെ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ കെട്ടിപിടിച്ച് കേണ അബലയായ ഒരു സ്ര്തീയെ തിരസ്‌കരിക്കയല്ല. കൂടാതെ ബാല്യകാല ലീലകളെ ഗൗരവമായി എടുത്തതും നളിനിയാണു. പൂമൊട്ടില്‍ തേനുള്ളപോലെ നിന്റെ ഹ്രുദയം പ്രേമാര്‍ദ്രമായിരുന്നത് ഞാന്‍ അറിഞ്ഞില്ലെന്നു യോഗി വ്യക്തമാക്കുന്നുണ്ട്.

ആശാന്റെ അവസാനത്തെ ക്രുതിയായ കരുണയില്‍ മതിമോഹിനിയും മജ്ഞുളാംഗിയുമായ ഒരു വാരസുന്ദരിക്ക് ബുദ്ധദേവന്റെ ശിഷ്യനായ ഉപഗുപ്തനില്‍ ആസക്തി ജനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു ഇതിവൃത്തം. കുലാചാരവിരുദ്ധമായ ഒരു പ്രണയം എന്ന് വേണമെങ്കില്‍ പറയാം. ഉപഗുപ്തന്റെ സൗന്ദര്യ്‌വും ആകാരവടിവുമാണു അവളില്‍ അഭിനിവേശം ജനിപ്പിക്കുന്നത്. അവളുടെ വാക്കുകളില്‍ കവി പറയുന്നു: കമനീയ കായകാന്തി കലരും ജനമിങ്ങനെ, കമനീവിമുമായാല്‍ കഠിനമല്ലേ?പിന്നേയും ആ യുവഭിക്ഷുവിന്റെ ദര്‍ശനം അഭിലഷിച്ച്‌കൊണ്ടവള്‍ സഖിയോട് ചോദിക്കുന്നു: യതിമര്യാദ്യയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍ സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ? അത് ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിയ്ക്കാ,മധുരാക്രുതിയെ നോക്കിലയിക്കാമല്ലോ. അടങ്ങാത്ത കാമത്തിന്റെ അലകളില്‍ ഉന്മാദ ന്രുത്തം വക്കുന്ന ചപല മനസ്സിലെ വ്യാമോഹങ്ങള്‍. പക്ഷെ അയാള്‍ സമയമായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറി. ഇന്നത്തെ കാലത്തുള്ളവര്‍ ഒരു പക്ഷെ ഭിക്ഷു ഷണ്ഡനായത് കൊണ്ടാണെന്ന് കുറ്റപ്പെടുത്താം. കാരണം താരണി മണി മഞ്ചം നീ വിരിച്ചീടുകില്‍ പോരാതിരിക്കുമോ കണ്ണന്‍ എന്നു പറഞ്ഞ് ഈശ്ര്വന്റെ പ്രതിനിധികളായ ആള്‍ദൈവങ്ങള്‍ ഇപ്പൊള്‍ അങ്ങനെ ഒരു ക്ഷണം കാത്തിരിക്കയല്ലേ.ക്ഷണം സ്വീകരിക്കുവാന്‍സമയമായില്ലെന്ന പല്ലവി അവന്‍ പാടികൊണ്ടിരുന്നപ്പോള്‍ വാരസുന്ദരി ചൊടിച്ച്‌കൊണ്ട് പറയുന്നുണ്ട്. അതില്‍ അവളുടെ അമര്‍ഷവും അക്ഷമയും പ്രകടമാണു്. കാടുചൊല്ലുന്നതാമെന്നെ കബളിപ്പിക്കുവാന്‍ കയ്യിലോടുമേന്തി നടക്കുമീ ഉല്‍പ്പലബാണന്‍.സമയമായപ്പോള്‍ ഉപഗുപ്തന്‍ വാസവദത്തയെ സന്ദര്‍ശിക്കുന്നു.അത് പക്ഷെ അവളുടെ ചിരകാല കാമിതം സഫലമാക്കാനായിരുന്നില്ല.അപ്പോഴും ആശാന്‍ ഭിക്ഷുവിന്റെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ മറക്കുന്നില്ല.  പടിഞ്ഞാറു വീശുമൊരു ഭാസുരാക്രുതി, നടക്കാവൂടെ വരുന്നു, ഭാനുമാനില്‍ നിന്നു കാറ്റില്‍ കടപൊട്ടിപ്പറന്നെത്തും കതിരു പോലെ, പാവനമാം മുപരിവേഷമാര്‍ന്ന മുഗ്ധയുവ ഭാവമോടും കൂറെഴും വാര്‍മിഴികളോടും...

മറ്റൊരു ബുദ്ധഭിക്ഷുവായ ആനന്ദനെ കണ്ട് ഒരു ചണ്ഡാലബാലിക പ്രേമപരവശയായി.ഭിക്ഷുവിനെ വര്‍ണ്ണിക്കുന്നത് ഇപ്രകാരം.  മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു, മഞ്ജുപൂവാടയാല്‍ മേനി മൂടി, മുണ്ഡനം ചെയ്ത ശിരസ്സും  മുചന്ദ്ര മണ്ഡലം മസ്രുണമാക്കി, ഉറ്റമരത്തണലെത്തുന്നു ഭിക്ഷുവൊരൊറ്റച്ചിറകേലും ദേവതപോല്‍. ഭിക്ഷുവിനു ജലം നല്‍കിയതിനു ശേഷം ചണ്ഡാലബാലികയില്‍ ആദ്യാനുരാഗത്തിന്റെ വെമ്പലുണ്ടായി. അവള്‍ കുടം നിറച്ച് പോകാതെ ഭിക്ഷുവിനെ നോക്കി പൂത്ത വാകയുടെ ചുവട്ടില്‍ ഇടത്ത് തോള്‍ ചരിച്ച് ചരിഞ്ഞ മിഴികളാല്‍ ദൂരെയിരിക്കുന്ന ഭിക്ഷുവിനു കരുംതാരണിമാല കോര്‍ത്തു. വെയിലാറി ഭിക്ഷു പോയി. അവള്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും അത്യ്ന്തിന്നയായിരുന്നു. കവി പറയുന്നു പൊറുതിയുണ്ടായില്ല് രാവിലുമ ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല.കണ്ണടച്ചാലും ഇല്ലെങ്കിലും കാണുന്നതൊക്കെ ഭിഷുവും, കിണറും പേരാലുമൊക്കെ. നേരം പുലരുമ്മുമ്പേ ഭിക്ഷുവിന്റെ പാദമുദ്രകള്‍ നോക്കി അവള്‍ നടന്നു. എന്നാല്‍ പാദമുദ്രകള്‍ തെളിയാതിരുന്നത് കൊണ്ട് അവള്‍ കഷ്ടപ്പെട്ടു. ഒരു വിധം അവള്‍ ഒരു ബുദ്ധവിഹാറില്‍ എത്തിചേര്‍ന്നു. എന്നാല്‍ അവളുടെ പ്രേമം സാക്ഷാത്കരിക്കയല്ല ആ ഭിക്ഷുവുംചെയ്തത്. അവളെ, ആ അനുരാഗിണിയെ ശ്രമണിയാക്കി. ജനിമരണാര്‍ത്തിദമാകുംത്രുഷ്ണ അവള്‍ക്കില്ലാതാകട്ടെ എന്ന അനുഗ്രഹമാണു ഭഗവാന്‍ ബുദ്ധന്‍ അവള്‍ക്ക് നല്‍കിയത്. നിഷ്‌ക്കളങ്കയായ ഒരു പ്രേമഭിക്ഷുകിയെ അവളുടെ ചപലവികാരങ്ങളില്‍ നിന്ന് മോചിപ്പിച്ച ബുദ്ധഭിക്ഷു ഹൃദയശൂന്യനാണെന്ന് പറയാന്‍ കഴിയില്ലല്ലോ?

മലബാറില്‍ നടന്ന മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ആശാന്‍ എഴുതിയ കാവ്യമാണ് ദുരവസ്ഥ. നമ്പൂതിരി യുവതിയായ അതിലെ നായിക മാപ്പിളമ്മാരെ പേടിച്ച് ഒരു പുലയക്കുടിലില്‍ അഭയം തേടുന്നു. അവിടെ ചാത്തന്‍ എന്ന പുലയ യുവാവ് അവള്‍ക്ക് വേണ്ട പരിചരണവും സംരക്ഷണവും നല്‍കി. ആ പുലയക്കുടിലില്‍ അവര്‍ ഒരു മുറിയില്‍ ശയിച്ചിട്ടും അരുതാത്തത് ഒന്നും സംഭവിച്ചില്ല. ആരുമറിയാതെ കുടിലില്‍ വന്ന ഒളിച്ചിരുന്ന അവളെ ചാത്തന്‍ ഒരു കോട്ടയിലെന്ന പോലെ കാത്ത് സൂക്ഷിച്ചു  നിത്യവും കായ്കനികളും ശുദ്ധജലവും അവള്‍ക്ക് കൊണ്ട് കൊടുക്കുന്നു പ്രത്യുപകാരം പ്രതീക്ഷിക്കാതെ. അവര്‍ ഒടുവില്‍ വിവാഹിതരായെങ്കിലും അത് വരെ എത്രയൊ രാത്രികള്‍ ഒരു മുറിയില്‍ കിടന്നുറങ്ങി. അന്തികത്തെങ്ങാനും തങ്ങിയുറങ്ങുന്നു ചിന്ത വേറില്ലാത്ത പൈതല്‍ പോലെ എന്നാണു ആശാന്‍ ചാത്തനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഒരു മനുഷ്യന്റെ നന്മ അവന്റെ കുലത്തെ ആശ്രയിച്ചല്ല. ഫ്രോയിഡന്‍ തത്വങ്ങള്‍ വിളമ്പുന്നവര്‍ ചാത്തനും സാവിത്രി എന്ന അന്തര്‍ജ്ജനവും രതിയില്‍ ഏര്‍പ്പെടാതെ പൂര്‍വ്വപല്‍ പരിശുദ്ധരായി കഴിഞ്ഞു എന്നു വിശ്വസിക്കാന്‍ അശക്തരാണു. ഒരു രാവല്ല അവര്‍ ഒരുമിച്ച് കഴിഞ്ഞത്.  സാവിത്രി ചാത്തനോട് പറയുന്ന വരികളില്‍ നിന്നു കാലദൈര്‍ഘ്യം മനസ്സിലാക്കാം. കാലമൊട്ടേറെയായല്ലോ നീ എനിക്കായി ജോലി ചെയ്യുന്നു. ഇപ്പോള്‍ ഹേമന്തം കാലം കഴിഞ്ഞു കുളങ്ങളില്‍ താമര പൂത്ത് തുടങ്ങിയല്ലൊ. കന്നിമാസത്തില്‍  പട്ടിയെ കാണുമ്പോള്‍ ഇണ ചേരാന്‍  ഒരുങ്ങി പുറപ്പെടുന്ന നായയെപോലെയല്ലല്ലോ ആശാന്റെ പുരുഷ കഥാപാത്രങ്ങള്‍.

ആശാന്റെ നായകന്മാരെല്ലം സാത്വിക ഭാവമുള്ളവരും ലൗകിക തലത്തില്‍ നിന്നും വളരെ ഉദാത്തമായ ഒരു തലത്തില്‍ നില്‍ക്കുന്നവരും ഉല്‍ഫുല്ലബാലരവിപോലെ കാന്തിമാന്‍ മാരുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ ശ്രദ്ധിച്ച് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കവുന്നതാണ്.




ഉല്‍ഫുല്ലബാലരവിപോലെ കാന്തിമാന്‍- സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
Dr.Sasi 2014-07-08 06:23:41
Excellent !!
(Dr.Sasi)
Vayanakaaran 2014-07-08 08:31:51
അപ്പോൾ ആശാന്റെ നായകന്മാർ കൊഞ്ഞാണന്മാരും ഉണൂണ്ണികളുമല്ലെന്നാണോ?
പ്രൊഫസ്സര്‍ കുഞ്ഞാപ്പു 2014-07-08 11:13:46

നല്ല വിശകലനം!  ആശാന്‍റെ നായകന്മാര്‍, വിഷയദാരിദ്ര്യരേഖയ്ക്കു കീഴേ കിടക്കുന്നതുകൊണ്ടല്ല നായികമാരെ ആടുമേയ്ക്കാന്‍ കൊണ്ടുപോകാഞ്ഞതെന്ന കണ്ടെത്തല്‍, പുതിയതല്ലെങ്കിലും, ഓര്‍മ്മ പുതുക്കല്‍ കാലാനുസൃതമെന്നു തോന്നുന്നു.

അമേരിക്കന്‍ മലയാളസാഹിത്യം ആശാനില്‍നിന്ന് ഒരിഞ്ച് മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത അന്തരീക്ഷത്തിനു നല്ല അനുബന്ധം!

പ്രൊഫസ്സര്‍ കുഞ്ഞാപ്പു    

Mathew Varghese, Canada 2014-07-08 19:38:53
A tribute to Kumaranashaan, one of the greatest poets of Kerala probably India by Mr. Sudheer Panikkaveettil and Mr. Vidyaadharan.
വിദ്യാധരൻ 2014-07-08 17:37:32
മലയാളത്തിന്റെ കാവ്യവിഹായസ്സിൽ ഒരു ജ്യോതിസ്സായി വിളങ്ങി നില്ക്കുന്ന മഹാകവി കുമാരനാശാൻറെ കവിതകളായ ലീല, നളിനി, ദുരവസ്ഥ തുടങ്ങിയ കവിതകളിലൂടെ ഒരു ഓട്ടപ്രതിക്ഷണം നടത്തി സഹൃദയരായ വായനക്കാരുടെ ചിന്തയെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിട്ടതിന് ആദ്യമായി ശ്രീ . സുധീർ പണിക്കവീട്ടിലിനു നന്ദി.കവി കാലയവനികക്കുള്ളിൽ മറഞെങ്കിലും കവിതയ്ക്ക് പരിണാമം സംഭവിക്കാതെയും പുതുമ നശിക്കാതെയും ഏതുകാലത്തിനും ഉതകുന്ന രീതിയിൽ ആശാന്റെയും അതുപോലെയുള്ള കവികളുടെയും കവിതകൾ ഇന്നും തുടരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വേദങ്ങളിലേയും, ഗീതയിലെയും, സംങ്കീർത്തനങ്ങളിലേയും കാവ്യശകലങ്ങൾ മനുഷ്യർ ഹൃദ്യസ്ഥമാക്കുകയും ജീവിതത്തിന്റെ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ഉരുവിടുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നത്. ശ്രീ. പണിക്കവീട്ടിൽ പറഞ്ഞത്പോല്ലേ സ്നേഹത്തിന്റെ 'കാമ' വിമുക്തമായ വശത്തെ വളരെ അധികം സ്ഥലങ്ങളിൽ ഉയർത്തി പിടിച്ച കവിയാണ്‌ ശ്രീ. കുമാരനാശാൻ എന്നത് അദ്ദേഹത്തിൻറെ കവിതകൾ മനസ്സിരുത്തി വായിച്ചിട്ടുള്ള ഏതു വായനക്കാർക്കും മനസ്സിലാകും. "സ്നേഹമാണഖില സാരമൂഴിയിൽ", "ബ്രഹ്മംതൊട്ടണ് ജീവിയല്ല പരമാണുക്കൾക്കും ഉൾക്കാമ്പതിൽ ചെമ്മേ നില്പതഖണ്ഡമായ് വിലസിടുന്ന സ്നേഹമല്ലോ സഖേ' "സ്നേഹവ്യാഹതി (നാശം)തന്നെ മരണം" എന്നൊക്കൊയുള്ള കവിത ശകലങ്ങൾ മേൽപ്പറഞ്ഞ വാദത്തെ സംശയമെന്യ ന്യായികരിക്കുന്നു. എന്നാൽ വിദ്യാസമ്പന്നരും ചില കവിതാ പണ്ഡി തന്മാർ എന്ന് സ്വയം ഉദുഘോഷിച്ചു നടക്കുന്നവരും അതിനു അവരുടെതായ ഭാഷ്യം കൊടുത്ത് അവതരിപ്പിക്കും. ഇതേ വിഷയത്തെക്കുറിച്ച് ഡോക്ടർ ഷീല നൽകിയ വ്യാഖാനത്തിനു ഞാൻ എന്റെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. നമ്മളുടെ മനസ്സ് ഒരു വലിയ കള്ളനോ കല്ലിയോയാണ്. അവസരത്തിനൊത്തു അത് ചാഞ്ചാടും. കാമപൂർത്തി (ആഗ്രഹം ) ലഭിക്കാതെ വരുമ്പോൾ സാധാരണ മനുഷ്യർ ഇണയെ ചീത്ത വിളിക്കും. അതല്ലെങ്കിൽ മാതാപിതാക്കളെ ചീത്ത വിളിക്കും. എന്തായാലും ആരെയെങ്കിലും ചീത്ത വിളിച്ചിരിക്കണം എന്നത് നിർബന്ധമാണ്. അങ്ങനെയൊരു പ്രതികരണം ആയിട്ടാണ് ഡോക്ടർ ഷീല ഈ വിഷയത്തെക്കുറിച്ച് നടത്തിയ വിശകലനത്തിൽ നിന്ന് എനിക്ക് തോന്നിയത്' അല്ലെങ്കിൽ കുമാരനാശാന്റെ ആണ് കഥാപാത്രങ്ങളെ എടുത്തു കോഞ്ഞാണ്ടൻ. മണ്ണൂണി എന്നൊക്കെ വിളിക്കാൻ കഴിയും? കേരളത്തിൽ ആയിരുന്നെങ്കിൽ അവർക്കിതിനു ചങ്കൂറ്റം തോന്നുകയില്ലായിരുന്നു. ഒരുപക്ഷെ ഇവിടെയുള്ള, പേരിന്റെ അറ്റത്തു ഒരു വാല് കണ്ടാൽ ഉടനെ കവാത്ത് മറക്കുന്ന മലയാളി സായിപ്പിന്മാരായ കൊഞ്ഞാണ്ടന്മാരും, മണ്ണൂണികളും അവാർഡുകൾക്ക് പുറകെ ചെത്തില പട്ടികളെ പോലെ പായുന്ന എഴുത്തുകാർക്ക്‌ ഇത്രയും മതിയെന്ന് വിചാരിച്ചു കാണും. ഇത്തരം എഴുത്തുകൾ കുമാരനാശാനെക്കുറിച്ച് കേട്ടില്ലാത്ത ചില പുത്തൻ എഴുത്ത്കാരെയും വായനക്കാരെയും വഴി തെറ്റിക്കാനെ ഉപകരിക്കുകയുള്ളു. കൂടാതെ യെശ്ശശരീരനായ മഹാകവി കുമാരനാശാനോട് ചെയ്യ്ത കടുത്ത അപരാധവും. എന്തായാലും സുധീർ പണിക്കവീട്ടിൽ ആ കവിയുടെ മാനം കാത്തു . നന്ദി നമസ്ക്കാരം. "ഉള്ളത്തിൽ കനിവൊട്ടുമെന്ന്യെയതി നീചത്വത്തൊടും നല്ല തേൻതുള്ളിക്കൊത്ത മതൃത്തെഴും മൊഴിയൊടും നഞ്ചൊത്ത നെഞ്ചത്തൊടും കള്ളം തന്നെ നിറഞ്ഞു നേരകലെയായി തന്നെഭരിപ്പാൻ സ്വയം തള്ളിക്കേറുംമൊരുത്തനാകിലിവിടെ സൗഖ്യം നിനക്കും സഖേ " (ഒരു എഴുത്ത് -ആശാൻ )
കുഞ്ഞു വറീത് 2014-07-09 17:11:35
എന്റെ പ്രിയ വായനക്കാരെ കുറച്ചു നാളായി ഞാൻ ധർമ്മസംഘടത്തിൽ ആയിരുന്നു. എന്നാൽ ഇന്നാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഞാനും എന്റെ ഭാര്യയും സ്ഥിരം കലഹത്തിലാണ്. പലപ്പോഴും വഴക്ക് മൂക്കുമ്പോൾ അൽപ്പം സമാധാനം കിട്ടാൻ 'ലീലയിലെ മദനെ പോലെ വീടിന്റെ പിന്നാമ്പുറത്തുള്ള കാട്ടിൽ പോയി ഇരിക്കുമായിരുന്നു എന്നാൽ എന്റെ ഭാര്യ ലീലാമ്മ അവിടെ വന്നു വഴക്ക് ഉണ്ടാക്കുമായിരുന്നു. 'എന്നാൽ രാത്രിയിൽ ഞാൻ പതുക്കെ മയങ്ങി തുടങ്ങുമ്പോൾ അവൾ സ്നേഹത്തോടെ 'കുഞ്ഞേട്ടൻ; കുഞ്ഞേട്ടൻ (കുഞ്ഞ് വറീത് എന്നാണു എന്റെ പേര്) എന്ന് എന്റെ പേര് പല പ്രാവശ്യം ഉഛരിക്കുമായിരുന്നു. ഇത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു. എന്തായാലും ഞാൻ എത്ര വഴക്കുണ്ടാക്കിയാലും ലീലാമക്ക് എന്നോട് സ്നേഹമാണെന്ന് ഞാൻ സമാധാനിക്കുകയും ചെയ്യുത്. പക്ഷേ ഈ അടുത്ത ഇടയ്ക്കു കുമാരനാശാന്റെ ലീലയെ കുറിച്ചുള്ള ലേഖനങ്ങളും അഭിപ്രായങ്ങളും ഇ-മലയാളിയിൽ വായിച്ചപ്പോൾ തുടങ്ങി ഞാൻ ഉറക്കം നടിച്ചു കിടന്നു എന്റെ ഭാര്യ പറയുന്നത് ശ്രദ്ധിക്കുമായിരുന്നു. അപ്പോഴാണ്‌ എനിക്ക് മനസിലായത് അവൾ എന്നെ കുഞ്ഞേട്ടൻ എന്നല്ല വിളിച്ചിരുന്നത്‌ കൊഞാണ്ടൻ കൊഞാണ്ട്ൻ എന്ന വിളിച്ചിരുന്നത്‌ എന്ന്. വിദ്യാധരൻ പറയുന്നതുപോലെ എനിക്ക് അവളുടെ അഗ്രങ്ങൾ സാധിച്ചുകൊടുക്കാൻ, പ്രായക്കൂടുതൽകൊണ്ട് സാധിക്കും എന്ന് തോന്നുന്നില്ല. ഞാനും ഏതെങ്കിലും, ലീലാമ്മ വരാത്ത കാട്ടിൽ പോയി തപ്സിരിക്കാൻ പോകയാണ്. ഇത് വായനാക്കാരുടെയും എഴുത്തുകാരുടെയും അറിവിലേക്ക് എഴുതുന്നു. നിങ്ങൾ എന്നെങ്കിലും ഒരു കവിത എഴുതിയാൽ ദയവു ചെയ്തു ലീലാമ്മ എന്ന പേര് കൊടുക്കരുത് . കുമാരനാശാന്റെ ഒരു ലീലാമ്മ് ഉണ്ടല്ലോ അതുകൊണ്ട് 'കുഞ്ഞേട്ടൻ എന്ന കൊഞാണ്ടൻ' എന്ന പേര് കൊടുക്കണം. ഇന്ന് രാത്രി പ്രന്ത്രണ്ട് മണിക്ക് ഞാൻ കാട് കേറും. ഇനി ഒരിക്കലും ഭൗതിക ജീവിതത്തിലേക്ക് ഒരു മടക്ക യാത്രയില്ല.
G. Puthenkurishu 2014-07-09 19:02:06
A brilliant analogy on Kumaranaashaan's poems.
ഉണ്ണൂണി 2014-07-10 06:52:39
അങ്ങനെ കുഞ്ഞു വറീത് രക്ഷപെട്ട്. നമ്മള് നളിനിയുടെ കയ്യിൽ കുടുങ്ങി. എന്റെ കൂട്ടുകാർ പറയുന്നത് 'ഇട്ടേച്ചു പോടാ മണ്ണൂണി' എന്നാണു
കുഞ്ഞുണ്ണി 2014-07-10 08:23:01
കുഞ്ഞു വറീത്തിനും ഉണ്ണൂണിക്കും ഓരോരത്തുടെ കാര്യം നോക്കിയാൽ മതി എന്റെ കാര്യമാണ് കഷ്ടം! രണ്ടു ഭാര്യയുള്ള കുഞ്ഞുണ്ണി എന്ന എന്നെ അവർ വിളിക്കുന്നത്‌ കൊഞാണ്ടൻ-മണ്ണൂണി എന്നാണു.
G.Puthenkurishu 2014-07-10 13:27:59
Brilliant analitical study, I meant, on Ashaan's three poems. Editor please disregard the earlier comment.
John Varughese 2014-07-10 19:41:18
നളിനിയേയും ലീലയെയും ചുറ്റിപറ്റി നർമ്മം തുളുമ്പുന്ന കമന്റുകൾ
Teresa Antony 2014-07-16 06:34:30
A good review of the poems of Kumaran Ashan. Very informative for those who have not read or forgotten about the poems they learned in high school. Thanks for keeping the poems alive 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക