Image

ശ്രീ ജോണ്‍ ഇളമതയുടെ `സോക്രട്ടീസ്‌ ഒരു നോവല്‍' (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 July, 2014
ശ്രീ ജോണ്‍ ഇളമതയുടെ `സോക്രട്ടീസ്‌ ഒരു നോവല്‍' (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
ആരാണ്‌ സോക്രട്ടീസ്‌?

പാശ്‌ചാത്യ തത്വചിതയുടെ മുത്തച്‌ഛന്‍ എന്ന്‌ ലോകം വാഴ്‌ത്തുന്ന ഗ്രീക്കിലെ ഒരു പൗരന്‍. അപ്പന്‍ ദേവന്മാരുടെ പ്രതിമകള്‍ കൊത്തുന്ന ദേവശില്‍പ്പി, അമ്മ പതിച്ചി. സ്വയം വിരൂപനായിരുന്നെങ്കിലും ഭാര്യസുന്ദരി, എന്നാല്‍ വഴക്കാളി. ആതെന്‍സ്‌ നഗരത്തിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു, ഗ്രീക്കിലെ ദൈവങ്ങളില്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കില്‍ മത നിന്ദചെയ്യുന്നു എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി എഴുപത്തിയൊന്നാമത്തെ വയസ്സില്‍ ഒരു കോപ്പഹെംലാക്‌ എന്ന മാരക വിഷം കുടിപ്പിച്ച്‌ അന്നത്തെ ഭരണാധികാരികള്‍ കൊന്നുകളഞ്ഞ ഒരു ഹതഭാഗ്യന്‍. അറിവ്‌ കണ്ടെത്താന്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്ന രീതി കണ്ടുപിടിച്ച അപൂര്‍വ്വപ്രതിഭ. ഇന്നും നമ്മള്‍ ജീവിതത്തിന്റെ എല്ലാതുറകളിലും ആ രീതി ഉപയോഗിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്ന ഒരു കുട്ടിയുടെ പേടിസ്വ്‌പനമാണ്‌ ചോദ്യങ്ങള്‍. ഭരണാധികാരികള്‍പറയുന്നത്‌ അനുസരിച്ചാല്‍ മരിക്കേണ്ടിവരുകയില്ലെന്നറിഞ്ഞിട്ടും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ആദര്‍ശശാലി. ഇത്രയൊക്കെ നമ്മള്‍ ചരിത്രത്തില്‍നിന്നും പഠിക്കുന്നു. കൂടാതെ വളരെ അധികം എഴുത്തുകാര്‍ അവരുടെ വീക്ഷണകോണുകളിലൂടെ നോക്കി കണ്ട്‌ സൃഷ്‌ടിച്ച സോക്രട്ടീസ്‌മാരെപ്പറ്റി നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്‌. പ്രശസ്‌തനോവലിസ്‌റ്റും, കഥാക്രുത്തും, ഫലിതസാമ്രാട്ടുമായ കാനേഡിയന്‍ മലയാളി ശ്രീ ഇളമതയുടെ ഏറ്റവും ഒടുവിലത്തെ നോവലാണ്‌ സോക്രട്ടീസ്‌. ചരിത്രപുരുഷന്മാരുടെ കഥ പുന:സൃഷ്‌ടി ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ള എഴുത്തുകാരനാണ്‌ ശ്രീ ഇളമത. ബുദ്ധന്‍, മരണമില്ലാത്തവരുടെ താഴ്‌വര (ഈജ്‌പ്‌റ്റിലെ ടുട്ടക്‌മോന്‍ രാജാവിനെപ്പറ്റി) തുടങ്ങിയ പുസ്‌തകങ്ങള്‍ ഇദ്ദേഹം രചിച്ചുകഴിഞ്ഞു.

സോക്രട്ടീസ്സിന്റേതായ ലിഖിതങ്ങള്‍ ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യനായ പ്ലാറ്റൊയില്‍നിന്നും സിന്‍ഫൊനെ എന്നയാളുടെ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നുമാണു അദ്ദേഹത്തെകുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുള്ളത്‌. സോക്രട്ടീസിനെ ശ്രീ ഇളമത എങ്ങനെ പരിചയപ്പെടുത്തുന്നു. വിലയിരുത്തുന്നു.? നൂറ്റിമുപ്പത്തിയഞ്ച്‌ പുറങ്ങളിലൂടെ എന്തൊക്കെ വിവരങ്ങള്‍ അദ്ദേഹം നമുക്ക്‌ തരുന്നു എന്ന്‌ നോക്കാം.

ചരിത്രവും ഭാവനയും ഇഴചേര്‍ത്ത്‌പിരിച്ചെടുത്ത ഈ നോവലില്‍ പലയിടത്തും ചരിത്രം പുന:രാഖ്യാനം ചെയ്യുന്നരീതി അവലംബിച്ചിട്ടുള്ളതായി കാണുന്നു. ഭാഷയുടെ മനോഹാരിതകൊണ്ട്‌ ആതെന്‍സ്‌ നഗരത്തിലൂടെ നടക്കുന്ന ഒരു പ്രതീതി വായനക്കാരനു അനുഭവപ്പെടും. ദൃക്‌സാക്ഷി വിവരണങ്ങള്‍ പോലെ ആളുകളുടെ സംഭാഷണങ്ങല്‍ക്കും രംഗങ്ങള്‍ക്കും ഒരു തന്മയത്വമുണ്ട്‌. ചരിത്രത്തിന്റെ ഏടുകളില്‍നിന്നും രണ്ടായിരത്തിഅഞ്ഞൂറ്‌ മേലെ വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ജീവിച്ചിരുന്ന എക്കാലത്തേയും ബുദ്ധിമാനായ ഒരാളെ കുറിച്ചെഴുതുമ്പോള്‍ അത്‌ എത്രത്തോളം നീതിപുലര്‍ത്തിയെന്ന്‌ അറിയാന്‍ വായനകാരനു ആകാംക്ഷയുണ്ടാകും.ഒരു ചരിത്രം വായിക്കുന്ന മുഷിപ്പില്ലാതെ എന്നാല്‍ മുഴുവനും ഒരു നോവല്‍പോലെയല്ലാതെ ഒരു ചരിത്രപുരുഷന്റെ കഥ ശ്രീ ഇളമത ചുരുള്‍ നിവര്‍ത്തുന്നത്‌ കുറെ എഴുതി ഇരുത്തം വന്ന ഒരു നോവലിസ്‌റ്റിന്റെ മികവാടെയെങ്കിലും ചരിത്രം അതേപോലെ സ്വീകരിക്കയാണ്‌ ചെയ്‌തിരിക്കുന്നത്‌ എന്ന്‌ തോന്നുന്നു. ഒരു പക്ഷെ ചരിത്രാന്വേഷണത്തേക്കാള്‍ നോവല്‍ ശാഖയ്‌ക്ക്‌ ഒരു നൂതനാനുഭവം നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരിക്കം ഇത്‌.

ഉപജീവനത്തിനു വേണ്ടിവിഗ്രഹങ്ങള്‍ കൊത്തുന്ന അപ്പനോട്‌ അവ ദൈവീകമായ യാതൊരുശക്‌തിയുമില്ലാത്ത കല്ലിലും മരത്തിലും തീര്‍ത്തു വച്ചിരിക്കുന്നവെറും പ്രതിമകളാണെന്നു പറയിപ്പിച്ചു കൊണ്ടാണു സോക്രട്ടീസിനെ ഇളമത പരിചയപ്പെടുത്തുന്നത്‌. ഗ്രീക്ക്‌ പുരാണങ്ങളും അവരുടെ വിശ്വാസങ്ങളും അറിയുന്നവര്‍ക്കറിയാം ആനാട്ടിലെ ജനങ്ങളുടെ അന്ധവിശ്വാസത്തിന്റെ അളവു്‌. അതിനെചോദ്യം ചെയ്യുന്നസോക്രട്ടീസ്‌ നവ യൗവ്വനപ്രാപ്‌തനാണു.എന്തുകൊണ്ടാണു്‌ അപ്പന്റെനിഴലില്‍ ജീവിതം നയിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു യുവാവ്‌ അന്ന്‌വരെ നിലനിന്നിരുന്ന ഒരു ആചാരത്തെ, വിശ്വാസത്തെചോദ്യം ചെയ്യുന്നത്‌.കാരണം തനിക്ക്‌ ഒന്നുമറിയില്ലെന്ന അറിവ്‌ അയാള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. അങ്ങനെയെങ്കില്‍പിന്നെമറ്റുള്ളോര്‍ പറയുന്നത്‌ േകട്ടാല്‍പോരെ? പോരാ, അറിവുണ്ടെന്ന്‌ പറയുന്നവരോട്‌ സോക്രട്ടീസ്‌ ചോദ്യങ്ങള്‍ ചോദിക്കും. അവര്‍ക്ക്‌ ഉത്തരം മുട്ടുമ്പോള്‍ അവര്‍ക്കും അറിയില്ലെന്ന്‌ സ്‌ഥാപിക്കും.ഇത്‌വിദ്വാന്മാരെന്ന്‌ സ്വയം ചമഞ്ഞ്‌ നടക്കുന്നവര്‍ക്ക്‌ ഒരു ഉപദ്രവമായിരുന്നു.

ചോദ്യങ്ങള്‍ ചോദിച്ച്‌ ഒരു രാഷ്‌ട്രത്തിലെ മുഴുവന്‍ ജനങ്ങളേയും വിഡ്‌ഢികളാക്കാന്‍ ഒരാള്‍ക്ക്‌ കഴിയുക തന്മൂലം അയാളെ വിഷം കൊടുത്ത്‌ കൊല്ലേണ്ടിവരുക. ചിലര്‍ക്കെങ്കിലും അത്‌ അവിശ്വസ്‌നീയമായിതോന്ന വുന്നതാണു. ഒന്നുമറിയില്ലെന്ന്‌ സ്വയം പ്രഖ്യാപിക്കുകയും എന്നാല്‍ ബുദ്ധിപൂര്‍വ്വമായ ചോദ്യങ്ങളിലൂടെ മറ്റുള്ളവരെ വലക്കുകയും ചെയ്യുക. ചരിത്രം നമുക്ക്‌ പകര്‍ന്ന്‌തരുന്ന ഈ അറിവില്‍ ശ്രീഇളമതയും വിശ്വസിക്കുന്നുണ്ട്‌. അദ്ദേഹം അതിനായി നോവലില്‍ പലയിടത്തും സോക്രട്ടീസ്‌ നടത്തുന്ന സിമ്പോസിയത്തെകുറിച്ച്‌ പറയുന്നുണ്ട്‌.ശ്രീ ഇളമത ഒരു ചരിത്രാന്വേഷകനായിട്ടല്ല ഈ പുസ്‌തകം ആവിഷകരിച്ചിരിക്കുന്നത്‌, മറിച്ച്‌ ചരിത്രത്തെ അപ്പടിവിശ്വസിച്ച്‌ അതിനെ ഒരു നോവല്‍ രൂപത്തിലാക്കിയിരിക്കയാണ്‌. അത്‌കൊണ്ടായിരിക്കും അദ്ദേഹം ബുദ്ധിപൂര്‍വ്വം പുസ്‌തകത്തിന്റെ പേര്‌ `സോക്രട്ടീസ്‌ ഒരു നോവല്‍' എന്ന്‌കൊടുത്തത്‌. സോക്രട്ടീസ്‌ ഒരു തത്വജ്‌ഞാനി, സോക്രട്ടീസ്‌ അറിവില്ലെന്ന അറിവുള്ളവന്‍ എന്നൊന്നും പേരുകൊടുക്കാന്‍ നോവലിസ്‌റ്റിനു തോന്നാതിരുന്നത്‌ വ്യക്‌തമായ ഒരു ഉള്‍കാഴ്‌ചയോടെയായിരിക്കും. അതുകൊണ്ട്‌ സോക്രട്ടീസ്‌ എന്ന ആള്‍ ജീവിച്ചിരുന്നൊ, അദ്ദേഹത്തിന്റേത്‌ എന്ന്‌ പറയുന്നതത്വങ്ങളും, ചിന്തകളും അദ്ദേഹത്തിന്റെ തന്നെയാണോ എന്നൊന്നും സ്‌ഥിരീകരിക്കേണ്ട കാര്യമദ്ദേഹത്തിനില്ലായിരിക്കാം. നോവല്‍ കല്‍പ്പിത കഥയാണ്‌. കഥയിലെ കഥാപാത്രം ചരിത്രത്തിന്റെ ഇടനാഴിയില്‍നിന്ന്‌ ഇറങ്ങിവരുന്നു.എന്നാല്‍ ആള്‍ വായനക്കാരനുപരിചിതനാണ്‌ അതുകൊണ്ട്‌ വായനക്കാരന്‍ശ്രദ്ധിക്കുന്നു. വായിച്ചുണ്ടായ അറിവില്‍നിന്നും ചരിത്രകാരന്മാരില്‍നിന്നും കൂടുതലായി ശ്രീ ഇളമത അദ്ദേഹത്തെപ്പറ്റി എന്തുപറയുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ജനങ്ങള്‍ക്ക്‌ അനുവദിച്ചിരുന്ന ഗ്രീക്കിലെഭരണം നിര്‍ദ്ദോഷിയായി നാട്‌ നീളെനടന്നു ജനങ്ങളോട്‌ ചോദ്യങ്ങള്‍ ചോദിച്ച ഒരാളെ എന്തിനുവിഷം കുടിപ്പിച്ചുകൊന്നു. ചരിത്രം എഴുതിവച്ച ന്യായങ്ങള്‍ നോവലിസ്‌റ്റ്‌ ശരിവക്കുന്നു.നോവലിസ്‌റ്റിനു സോക്രട്ടീസ്സിനെ അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടിലൂടെ അവതരിപ്പിക്കാം അല്ലെങ്കില്‍ അപ്പടി ചരിത്രത്തെ ആശ്രയിച്ചെഴുതാം. ഇത്‌ ഒരു പോരായമയായ്‌ കണക്കാക്കാന്‍ കഴിയില്ല. എന്നാലും സോക്രട്ടീസ്സിന്റെ വ്യക്‌തിവൈശിഷ്‌ടത്തെപ്പറ്റി നോവലിസ്‌റ്റ്‌ അദ്ദേഹത്തിന്റേതായ ഒരു വിവരണം നല്‍കുന്നില്ല.അതേ സമയം ഗ്രീക്കിലെ മറ്റുതത്വചിന്തകരുടേയും കവികളുടേയും ദര്‍ശനസംഹിതകളില്‍ സോക്രട്ടീസ്‌ ചായ്‌വ്‌ പുലര്‍ത്തിയിരുന്നു എന്ന്‌ നോവലിസ്‌റ്റ്‌ പറയുന്നുണ്ട്‌. അന്ധനായ കവിഹോമറും, പ്രണയ കവയിത്രിസാഫോയും ശാസ്ര്‌തതത്വചിന്തകനായ പൈതഗോറസ്സും നാടക ക്രുത്തായ അസ്‌ ചിലസും നല്‍കിയ സാംസ്‌കാരിക പാരമ്പര്യം അതിന്റെ ഉന്നതങ്ങളിലേക്ക്‌ ഉയരണമെങ്കില്‍ നമ്മുടെ ദാര്‍ശനിക ചിന്തകളും ഉയരണമെന്ന്‌ സോക്രട്ടീസിനെ കൊണ്ട്‌ അദ്ദേഹം പറയിക്കുന്നുണ്ട്‌.( പി.33)

ഭാഷയുടെ സൗകുമാര്യം നോവലില്‍ ഉടനീളം ഓളംവെട്ടുന്നത്‌ കാണം. കുറ്റം സമ്മതിച്ചാല്‍ രക്ഷപ്പെടമല്ലോ എന്നുസോക്രട്ടീസ്സിനോട്‌ പറയുന്ന ഭാര്യയുടെ വാക്കുകള്‍ മെഡിറ്റേറിയനിലെതിരകള്‍ പോലെ മുറിഞ്ഞുവീണു. സോക്രട്‌റ്റീസ ്‌ഭാര്യയുടെ നീലക്കണ്ണുകളിലൂടെ ഒരു യാത്രനടത്തി എന്നൊക്കെ കാല്‍പ്പനികത കവര്‍ന്നെടുത്ത്‌ പകരുന്നുണ്ട്‌.. ഗ്രീക്കിലെ ദേവിദേവന്മാരുടെ കഥകള്‍ സന്ദര്‍ഭോചിതമായി പലയിടത്തും ഹ്രുദയാവര്‍ജ്‌ജകമായ ഭാഷയിലാണ്‌ വര്‍ണ്ണിക്കുന്നത്‌.. അജ്‌ഞതയുടെ അന്ധകാരത്തില്‍ കഴിയുന്ന ഒരു ജനതയുടെമാനസിക നിലനോവലിസ്‌റ്റ്‌ നല്ല പോലെ മനസ്സിലാക്കികൊണ്ടാണ്‌ ഈ നോവലിന്റെ രചനനിര്‍വഹിച്ചിരിക്കുന്നത്‌ എന്ന്‌ ഇതില്‍ വിവരിക്കുന്ന സംഭവങ്ങളില്‍നിന്നും സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാക്കാം. മനുഷ്യരുടെ സകല ബല-ദൗര്‍ബ്ബല്യങ്ങളുമുള്ള ദേവി-ദേവന്മാര്‍ പ്രണയിച്ചും, വഞ്ചിച്ചും, വ്യഭിചരിച്ചും കഴിയുന്നത്‌ മനുഷ്യരുടെ കഥകള്‍ വിവരിക്കുമ്പോഴാണെന്നുള്ളത്‌ പ്രതിമകള്‍ ഉണ്ടാക്കി നമസ്‌കരിക്കുന്ന മനുഷ്യരോടുള്ള നോവലിസ്‌റ്റിന്റെ ഒരു പരിഹാസമാകാം. മഹാനായ സോക്രട്ടീസ്‌ പോലും, ഈശ്വരന്‍ ഒന്നെയുള്ളുവെന്ന്‌ വിശ്വസിക്കുന്ന അദ്ദേഹം പോലും, സ്വന്തം പത്‌നിതന്റെശിഷ്യനൊത്ത്‌വ്യഭിചരിക്കുന്നത്‌നേരില്‍ കണ്ടപ്പോള്‍ ഓര്‍ത്തത്‌ അഫ്രൊഡിറ്റ്‌ എന്ന ദേവതയെയാണ്‌. അവരുടെ ഭര്‍ത്താവ്‌ വിരൂപനായ ഒരു തട്ടാനായിരുന്നു.തട്ടാന്‍ അവള്‍ക്ക്‌ ഒരു മാന്ത്രിക അരഞ്ഞാണം നല്‍കി. അതിന്റെ മാസ്‌മരികതയില്‍ അവള്‍ ഇഷ്‌ടപുരുഷന്മാരൊത്ത്‌ രതിലീലകള്‍ ആടി തിമര്‍ത്തു.സോക്രട്ടീസ്‌ ആ ദേവതയെ ഓര്‍ത്തെങ്കിലും പിന്നീട്‌ തന്റെ ഭാര്യയുടെ അപഥ സഞ്ചാരത്തിനു കാരണം ആതെന്‍സിലെ വ്യവസ്‌ഥിതിയാണെന്ന്‌ കണ്ടെത്തുന്നു. നോവലില്‍ ഈ സംഭവത്തിനുശേഷം വീടും നാടുമുപേക്ഷിച്ച്‌ വാറുകള്‍പൊട്ടിയ ചെരിപ്പ്‌ ഊരികളഞ്ഞ്‌ നഗ്നപാദ്‌നായി സോക്രട്ടീസ്‌ വിശാലമായ ഈ ലോകത്തേക്ക്‌നടന്നു.

അറിവുകള്‍പകരാനാണു വില്‍ക്കാനല്ലെന്ന്‌ പ്രഖ്യാപനവുമായി.അവസാനം ആതെന്‍സ്‌ നഗരം വധ ശിക്ഷവിധിക്കുംവരെയുള്ള കാലഘട്ടംനോവലിസ്‌റ്റ്‌ ആകര്‍ഷണീയമായഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. മഹാനായ ഒരു തത്വജ്‌ഞാനിയുടെ ജീവ ചരിത്രം എങ്ങനെയായിരുന്നു എന്ന്‌ ചരിത്രത്തിന്റെ ശേഷിപ്പുകളില്‍നിന്നും കണ്ടെടുത്ത അറിവുകള്‍സ്വന്തം സര്‍ഗശക്‌തിയുപയോഗിച്ച്‌ ആഖ്യാനം ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്‌.

ലോകത്തോട്‌ ചോദ്യങ്ങല്‍ചോദിക്കാന്‍പോയ സോക്രട്‌റ്റീസ്‌സ്വന്തം കുടുംബം അവഗണിക്കുന്നുണ്ട്‌. ഭാര്യ പ്രായോഗികത സംസാരിച്ചപ്പോള്‍ അദ്ദേഹം തത്വങ്ങള്‍പറയുകയായിരുന്നു. ജീവിചരിത്രമെന്ന കാഴ്‌ചപ്പടിലൂടെ നോക്കുമ്പോള്‍ സോക്രട്ടീസ്‌ ഒരു മാതൃകയല്ല. കാരണം അറിവ്‌ വില്‍ക്കാനല്ലെന്ന്‌ അയാള്‍ പറയുമ്പൊള്‍ തന്നെ പണമില്ലെങ്കില്‍ എങ്ങനെ ജീവിക്കുമെന്ന ഭാര്യയുടെ ചോദ്യത്തിനു അദ്ദേഹത്തിനുമറുപടിയില്ല. തന്നേക്കാള്‍ പകുതിയിലേറെ വയസ്സ്‌ കുറവുള്ള ഭാര്യ ശാരീരിക സുഖം തേടുമ്പോഴും അത്‌ ആ നഗരത്തിന്റെ വ്യവസ്‌ഥിതിയുടെ പോരായ്‌മയാണെന്ന്‌ സ്വയം ആശ്വസിച്ച്‌ വീടുവിട്ട്‌ അദ്ദേഹം പുറപ്പെടുന്നു.

സോക്രട്ടീസ്സിന്റെ കഥ പറഞ്ഞ്‌പോകുമ്പോള്‍ ഗ്രീക്ക്‌ പുരാണവും, ചരിത്രവും, അവിടത്തെ ജനതയും, ആചാരങ്ങളും, അന്ധവിശ്വാസങ്ങളും വിവരിച്ചു പോകുന്ന ഒരു രീതി ഈ നോവലിലുണ്ട്‌. അത്‌കൊണ്ട്‌ ഇത ്‌വായിക്കുന്ന ഒരാള്‍ ഇത്‌ ചരിത്രമാണോ നോവലാണോ എന്ന്‌സംശയിക്കും. കാരണം വിവരണങ്ങള്‍ക്ക്‌ ആധികാരികതയുണ്ട്‌. സോക്രട്ടീസ്സിന്റെ ചരിത്രം പഠിച്ചവര്‍ക്ക്‌ ഈ നോവല്‍ എന്തുനല്‍കുന്നു.? അതിനുത്തരം - ഗ്രീക്ക്‌പുരാണങ്ങളും, ആതെന്‍സിന്റെ പ്രക്രുതി മനോഹാരിതയും, ജനങ്ങളുടെ ആചാരരീതിയും മെഡിറ്റേറിയന്‍ കടലില്‍ നിന്നും വീശുന്ന ഇളങ്കാറ്റ്‌പോലെ നമ്മുടെ മുന്നില്‍ മിന്നിമറയുന്നു, ഒപ്പം പതിഞ്ഞമൂക്കുള്ള വിരൂപനായ ആ തത്വജ്‌ഞാനിയും. എനിക്കറിവില്ലെന്ന അറിവാണു എന്റെ അറിവ്‌ എന്ന പറഞ്ഞ ആ യുഗപുരുഷന്‍ ഈ നോവലിലെ താളുകളിലൂടെ നഗ്നപാദനായി തന്റെചോദ്യങ്ങളുമായി നടക്കുന്നത്‌വായനക്കരന്‌ കാണാനും അനുഭവപ്പെടാനും സാധിക്കുമെന്നുള്ളത്‌ നോവലിസ്‌റ്റിന്റെ രചനാതന്ത്രങ്ങളിലുള്ള വൈദഗ്‌ദ്ധമായി കരുതാം.

അടിക്കുറിപ്പ്‌: ശ്രീ ഇളമതയുടെ സോക്രട്ടീസ്‌ ഒരു നോവല്‍ഡി.സി. കിഴക്കേമുറിയുടെ ജന്മശതബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മലയാളത്തിലെതിരഞ്ഞെടുത്ത നൂറുഎഴുത്തുകാര്‍ ശ്രേഷ്‌ഠഭാഷയായ മലയാളത്തിനുസമര്‍പ്പിച്ച പുസ്‌തകങ്ങളില്‍ ഒന്നാണ്‌. നൂറുപുസ്‌തകങ്ങളില്‍ നിന്നും ഏറ്റവും അധികം വായനകാരുണ്ടായ പത്തു പുസ്‌തകളിലും ഒന്നു ഈ നോവലായിരുന്നു.
ശ്രീ ജോണ്‍ ഇളമതയുടെ `സോക്രട്ടീസ്‌ ഒരു നോവല്‍' (പുസ്‌തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക