Image

പഠിപ്പ്‌ മുടക്കല്‍ (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 26 July, 2014
പഠിപ്പ്‌ മുടക്കല്‍ (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
പഠിപ്പ്‌ മുടക്കിയില്ലേല്‍ എന്തൊരു സമരം സഖേ
പഠിപ്പ്‌ മുടക്കാ സമരം പിണത്തിനു തുല്യമെന്നറിയൂ
കാലഹരണപ്പെട്ട സമരമുറയെന്നോ? ധിക്കാരം പറയാതെ
ഉടവാളെടുത്തീടും ഉറഞ്ഞങ്ങുതുള്ളും സംഘം

ആഹ്വാനം എവിടുന്നോ വന്നു, കാരണം അഞ്‌ജാതവും
കാഹളം മുഴക്കി കൂവി ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍
ദരിദ്രനാം കൃഷ്‌ണന്‍ മകന്‍ പുസ്‌തക ഭാണ്ഡം പേറി
തിരിക്കുന്നു വീട്ടിലേക്കു, ഇന്നത്തെ വരവും നഷ്ടം

വീട്ടിലങ്ങേത്തിച്ചേര്‍ന്നാല്‍ അച്ഛനെ സഹായിക്കാം
അഷ്ടിക്കു വകയൊത്താല്‍ അത്രയും ആശ്വാസവും
കരിങ്കല്ലില്‍ പടവെട്ടി, പാടത്തെ ചെളിക്കുത്തില്‍
അവനങ്ങാഘോഷിച്ചു നേതാവിന്‍ സമരാഹ്വാനം

നേതാക്കള്‍ക്കാശ്വാസമായി, ക്ലാസുകള്‍ എല്ലാം വിട്ടു
ഇനി നമ്മള്‍ ചിന്തിക്കേണം ജീവിതം പ്രാക്ടിക്കലായി
അടുത്തൊരു കൂള്‍ബാറിലെ കോളയോന്നകത്താക്കി
ട്യൂഷന്‍ ക്ലാസ്സിലേക്ക്‌ ഓടുന്നു നേതാക്കന്മാര്‍

പ്രൊഫെസര്‍മാര്‍ നടത്തുന്നുണ്ട്‌ ക്ലാസുകള്‍ പലതരം
പാരലെല്‍ കോളേജിലുംപലതുണ്ട്‌ തിരഞ്ഞെടുക്കാന്‍
കുട്ടിനേതാക്കള്‍ പഠിച്ചങ്ങ്‌ മത്സരിച്ചു
കൃഷ്‌ണന്റെ മകനോ, എല്ലിനെവെള്ളമാക്കി

കാലങ്ങളേറെച്ചെന്നു നേതാക്കള്‍ ഉദ്യോഗസ്ഥര്‍
അരിമണിയില്ല കൃഷ്‌ണന്‍ ഇന്നുമാ ചെളിക്കുണ്ടില്‍
പ്രതിഷേധമറിയിച്ചീടാന്‍ മാര്‍ഗങ്ങള്‍ വേറെയില്ലേ ?
ചിന്തിക്കാന്‍ സമയമായ്‌, ജയരാജാജയിച്ചീടൂ ...

ശശിമാര്‍ പലതും ചൊല്ലും ഇന്ദ്രന്മാര്‍ ശശിയാകും
വികൃതമാം സത്യത്തെ എതിര്‍ക്കാന്‍ പലരും വരും
പടയോ പാളയത്തില്‍, പടവെട്ടി മുന്നേറുക
വേറിട്ട ചിന്തകള്‍ പിറക്കട്ടെ രണഭൂവില്‍ ..
പഠിപ്പ്‌ മുടക്കല്‍ (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക