Image

മതേതര ആത്മീയത-മാനവീകതയിലേയ്ക്കുള്ള വഴികാട്ടി (ഫോമ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവതരിപ്പിച്ചത്: കോരസണ്‍ വര്‍ഗീസ്)

കോരസണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്) Published on 01 August, 2014
മതേതര ആത്മീയത-മാനവീകതയിലേയ്ക്കുള്ള വഴികാട്ടി (ഫോമ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവതരിപ്പിച്ചത്: കോരസണ്‍ വര്‍ഗീസ്)
ഫോമയുടെ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവതരിപ്പിച്ച ചിന്തകള്‍ 

എല്ലാ മത വിശ്വാസങ്ങളിലുമുള്ള നന്മകള്‍ സാംശീകരിച്ച് ബഹുസ്വര സംസ്‌കാരത്തില്‍ , നിലനില്‍പ്പിന്റേതായ ഒരു ആത്മീയതലം സൃഷ്ടിയ്ക്കുകയാണ് മതേതര ആത്മീയത കൊണ്ട് ഉദ്ദേശിക്കുന്നത് . എന്റെ ദൈവം ഒരു കത്തോലിക്കനല്ല എന്ന് പറഞ്ഞ പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകളെ പിന്‍തുടര്‍ന്നു പറയട്ടെ, ഞാന്‍ ഒരു കൃസ്തുവിശ്വാസിയാണ് പക്ഷേ എന്റെ ദൈവം കൃസ്ത്യാനിയല്ല, പിന്നെ എന്റെ ദൈവം ആരാണ് ? ഏതു ദൈവ ഭാഷയിലാണ് ഞാന്‍ സംവദിക്കേണ്ടത് ? എവിടേക്കാണ് ഞാന്‍ ശാന്തിക്കായി തിരിയേണ്ടത് ? അത്യന്തം ഗുരുതരമായ സ്ഥിതി വിശേഷമാണിത്.

വര്‍ത്തമാനകാല ആത്മീയലോകം കച്ചവടത്തിലേക്കു പൂര്‍ണ്ണമായും അധഃപതിച്ച കാലത്താണ് നാം ആത്മീയതയെ അന്വേഷിക്കുന്നത്. ആത്മീയലോകം ഭയാനകമാം വിധം വളര്‍ന്നിരിക്കുന്നു. കൊട്ടാര സദൃശ്യമായ ആശ്രമങ്ങളും അരമനകളും രാജാക്കന്മാരെപോലുള്ള ഗുരുക്കന്മാരും മതമേലദ്ധ്യക്ഷന്മാരും ! പണത്തിന്റെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും മഹാപ്രപഞ്ചം ! സംശയത്തോടെയും ഭീതിയോടെയുമല്ലാതെ നമുക്കവിടെ പ്രവേശിക്കാനാവില്ല. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? “യതിയനുഭവം” എന്ന ലേഖനത്തില്‍ ശ്രീ.ഷൗക്കത്ത് ഉയര്‍ത്തിയ ആത്മീയ ചോദ്യങ്ങള്‍ക്കു മറുപടി കൊടുക്കാന്‍ ആര്‍ക്കാണ് ഇന്ന് ധൈര്യമുള്ളത്?

മതങ്ങള്‍ , മനുഷ്യന്റെ ശക്തമായ അതിജീവനത്തിന്റെ പൊരുത്തപ്പെടലുകളാണ്. അനുദിനജീവിതത്തില്‍ അവന്റെ സന്തോഷസന്താപങ്ങളെയും മോഹങ്ങളെയും ഭീതിയെയുമൊക്കെ ആചാരാനുഷ്ഠാനങ്ങളുമായി നിരന്തരം ഇടപെട്ട് പ്രതീക്ഷയുടെ ഒരു ആത്മീയതലത്തിലേക്ക് ഉയര്‍ത്തുകയാണ് മതധര്‍മ്മം. ജീവിതത്തെപ്പറ്റി മൗനം ചെയ്യുവാന്‍ അവനെ പ്രേരിപ്പിക്കുന്ന ഘടകമാണ് മതം. ഓരോ സമൂഹവും നിലനില്‍ക്കുന്നത് ഇത്തരം ഘടകങ്ങളിലൂടെയാണ്. മതങ്ങളില്‍ നിന്നാണ് മൂല്യബോധം സൃഷ്ടിക്കപ്പെടുന്നത്. ഗുരുനിത്യ ചൈതന്യയതിയുടെ ഭാഷയില്‍ ജീവിതത്തിന്റെ സൗന്ദര്യത്തെ അറിയലും  അനുഭവിക്കലുമാണ.് യഥാര്‍ത്ഥ ആത്മീയത-അനുകമ്പയാണ് എല്ലാ മതങ്ങളൂടെയും സാരാംശം.

മതത്തിലൂടെ ആത്മീയതയിലേക്കും, ആത്മീയതയിലൂടെ മാനവികതയിലേക്കും ചവിട്ടിക്കയറാനാവണം അതിന് വിഘാതമായ , വിഭജന അരാഷ്ട്രീയത നിറഞ്ഞ മതമാണെങ്കില്‍ തിരസ്‌കരിക്കുക തന്നെ വേണമെന്നാണ് ബോണ്‍ഹോഫറില്‍ ചിന്തകനായിരുന്ന ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് പറഞ്ഞത്.

മതേതരതയിലൂന്നിയ ആത്മീയത(സെക്യൂലര്‍ സ്പിരിച്ച്വാലിറ്റി)യെപ്പറ്റി നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കാന്‍ ഘടകങ്ങള്‍ നിരവധിയാണെങ്കിലും ചില സാഹചര്യങ്ങള്‍ വളരെ ചിന്തനീയമാണ്.

1. ജാതിയും വര്‍ഗ്ഗവുമായി വിഭജിക്കപ്പെട്ട സമൂഹം(കാസ്റ്റ് ഐഡന്റിഫൈഡ് വിത്ത് റിലീജിയന്‍) ഇന്നു ജാതികള്‍ക്കുള്ളില്‍ നാം തളച്ചിടപ്പെട്ടിരിക്കുകയാണ്. ദളിതര്‍ ഇന്നും കാലത്തോടു കലഹിച്ചുകൊണ്ടേയിരിക്കുന്നു. രൂക്ഷവും സ്‌ഫോടനാത്മകവുമായ വര്‍ഗ്ഗീയ അതിര്‍വരമ്പുകളാല്‍ നാം വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടങ്ങളും മതപൗരോഹിത്യവും തമ്മില്‍ അവിശുദ്ധബന്ധം നിലനില്‍ക്കുന്നു. മലയാളി സംഘടകളുടെ ഒത്തുചേരലിലും തിരഞ്ഞെടുപ്പുകളിലും ഈ വര്‍ഗ്ഗീയ വേര്‍തിരിവ് ഒളിഞ്ഞും തെളിഞ്ഞും കാണാനാവും. അടുത്തകാലത്ത് അമേരിക്കന്‍ മലയാളി സമൂഹത്തെ നടുക്കിയ ചെറുപ്പക്കാരുടെ തിരോധാനവും, ദുര്‍മരണങ്ങളും . ഒരു സഭാ സമ്മേളനത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ഒരു മത നേതാവിന്‍ നിന്നും പുറത്തുവന്ന പൈശാചിക പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ”ആ കൂട്ടത്തില്‍ നമ്മുടെ കുട്ടികള്‍ ഒന്നും ഇല്ലല്ലോ -പിന്നെ എന്താണ് ? “
2. മതഭീകരത ലോകത്തില്‍ ഓരോ നിമിഷവും ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്ര അനുഭവമാണ് മതതീവ്രവാദം. നൈജീരിയയില്‍ നൂറുകണക്കിനും പെണ്‍കുട്ടികള്‍ തട്ടിപോകപ്പെട്ടു, ഇസ്രായേലിലും പാലസ്തീനിലും  വര്‍ഗ്ഗവിരോധം തീര്‍ക്കപ്പടുന്നതു കുട്ടികളെ ജീവനോടെ ചുടുന്നതിലും കൊന്നു തള്ളുന്നതിലും സുഡാനില്‍ ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്ത കുറ്റത്തിനും ഗര്‍ഭിണിയായ ഡോ.മെറിയം യോഹ ഇബ്രാഹിമിനെ വധശിക്ഷക്കു വിധിച്ചു. എഷ്യായിലും മദ്ധ്യപൂര്‍വ്വ ഏഷ്യയിലും നടമാടുന്ന മതഭീകരത മറ്റൊരു അളവില്‍ നമ്മുടെ ഇടങ്ങളിലും സമൂഹത്തിലും ചിറകു വിരിക്കുന്നു എന്നതാണ് ഏറെ ആശങ്ക ! ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ നമ്മിലോരോരുത്തരിലും വര്‍ഗ്ഗീയതയുടെ മുനമ്പുകള്‍ നാമറിയാതെ നീട്ടപ്പെടുന്നുണ്ട്. മതത്തിനു പുറത്ത്  ആത്മീയതയുടെ പൊരുളുകള്‍ നാം കണ്ടെത്തണം. രാഷ്ട്രീയവും , സാംസ്‌കാരികവും മതപരവുമായ നിരന്തര സംഘര്‍ങ്ങള്‍ ഇന്നത്തെ മനൂഷ്യന്റെ പ്രതിസന്ധിതന്നെയാണ്.
3. കച്ചവട സംസ്‌കാരവും അനാചാരങ്ങളും
സാക്ഷര കേരളത്തിലും മറുനാടന്‍ മലയാളികള്‍ക്കിടയിലും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ച ആവേശശത്തോടെ തിരിച്ചു വന്നിരിക്കുകയാണ്. ജോത്സ്യത്തിലേക്കും മഷിനോട്ടത്തിലേക്കും പ്രാകൃതമായ  അനാചാരങ്ങളിലേക്കും മതത്തിന്റെ കെട്ടുപാടുകള്‍ ചുരുങ്ങുമ്പോള്‍ യഥാര്‍ത്ഥ ആത്മീയത അസ്തമിക്കുകയാണ്. ഇതിനെതിരെ വിരല്‍ ചൂണ്ടിയ നരേന്ദ്ര ഡബേങന്റക്കറെന്ന വൃദ്ധെ പ്രഭാത സവാരിക്കിടെ വെടിവെച്ചു കൊന്നതിനാല്‍ മഹാരാഷ്ട്രയില്‍ ഇത്തരം പ്രവണതക്കെതിരെ നിയമം കൊണ്ടുവന്നു. ഇന്നും നമ്മുടെ സമൂഹത്തില്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുന്നില്ല, പകരം, തീര്‍ത്ഥാനടനങ്ങളും , കെട്ടി എഴുന്നള്ളത്തുകളും, ജനജീവിതം സ്തംഭിപ്പിക്കുന്ന നിറം നിറഞ്ഞ പൊങ്കാലകള്‍ ഇവ മലയാളി ജീവിതത്തെ അലങ്കോലമാക്കുകയാണ്.ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മുഖതരിതമായ സുവിശേഷയോഗങ്ങള്‍ മനുഷ്യന്റെ സ്വസ്ഥത കെടുത്തുന്ന പ്രവണതയാണ് കാണുന്നത്. മനുഷ്യന്റെ സ്വകാര്യതയില്‍ പ്രകാശിക്കുന്ന ആത്മീയതക്കു പകരം ഇന്ന് ആരോടൊക്കെയോ വാശിതീര്‍ക്കുന്ന രീതിയിലുള്ള സമ്മേളനങ്ങളും കച്ചവടതന്ത്രങ്ങളുമാണ് നടമാടുന്നത്. ഉപപഭോക്തൃ സമൂഹമാകയാല്‍ ഒരു സമൂഹത്തിനു അനുയോജ്യമായ സ്പിരിച്ച്വാലിറ്റി പാക്കേജുകള്‍ ഇന്ന് സുലഭമാണ്. ഈ സാമൂഹിക അപചയങ്ങള്‍ നമ്മള്‍ കാണേണ്ടിവരുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
4. എന്നും വിധേയപ്പെട്ടു ജീവിക്കുവാനുള്ള നമ്മുടെ ചേതന
അടിമകളായി, വിധേയരായി, ജീവിക്കുവാനുള്ള മനുഷ്യന്റെ ആന്തരിക പ്രേരണ ചൂഷണം ചെയ്ത , അജ്ഞതയില്‍ തപ്പിത്തടയുന്ന ഒരു കൂട്ടം ആളുകളെ ഉപയോഗിച്ച് പണത്തിനും അധികാരത്തിനുമായ തങ്ങളുടെ സംവിധാനത്തെ ഉപയോഗിക്കുന്നതാണ് ഇന്ന് നാം കാണുന്ന മതസംസ്‌കാരത്തിന്റെ ജീര്‍ണ മുഖം. സംഘടനാ സ്വഭാവമുള്ള ഇത്തരം ആത്മീയത നമ്മെ വെറും ഉപഭോഗവസ്തുക്കളാക്കി കാണുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. യഹൂദ ദേവാലയത്തില്‍ നീതി നിഷേധത്തില്‍ പ്രതികരിച്ച ക്രിസ്തുവും വ്യവസ്ഥാപിത  ഹിന്ദു പാരമ്പര്യവുമായി മല്ലടിച്ച ശ്രീനീരായണ ഗുരുവും വിരല്‍ ചൂണ്ടിയത് ഒന്നു തന്നെയായിരുന്നു. ജീവിത്തിന്റെ സ്വരലയം ഉണ്ടാക്കാന്‍ മതങ്ങള്‍ക്കാവണം, അല്ലെങ്കില്‍ നാം അവയെ അവഗണിക്കുക തന്നെ വേണം(യതി)
5 പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി     തിരിച്ച് വിതിച്ചിരിക്കുന്നതിനാല്‍, പണ്ടുണ്ടായിരുന്ന പൊതു പ്രാര്‍ത്ഥനകള്‍ക്കു പകരം ഓരോ മതത്തിന്റെയും പ്രാര്‍ത്ഥനകളിലും ചിഹ്നങ്ങളിലും ചുരുക്കപ്പെട്ടു. 2007-ന് ശേഷം ഇന്ത്യയില്‍ ഒരു ദേശീയ പാധ്യപദ്ധതി തന്നെ പരിഷ്‌കരിക്കപ്പെട്ടിട്ടില്ല. മതമില്ലാത്ത ജീവനം അതിനൊപ്പം നടന്ന നിഷ്ഠൂരമായ കലാപങ്ങളും നാം കണ്ടതാണ്. പൊതു വിദ്യാഭ്യാസത്തിലെ മതത്തിന്റെ അതിപ്രസരം മനുഷ്യന്റെ സാമൂഹിക ബോധത്തെ തച്ചുടക്കുകയാണ് ചെയ്തത്. ഇന്ന് അമേരിക്കന്‍ മലയാളി സമൂഹത്തിലും മതസമ്മേളനങ്ങള്‍ ശക്തമാകുന്നു. മതേതരസമ്മേളനങ്ങള്‍ ദുര്‍ബ്ബലമാകുന്നു എന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. മതത്തെ അതിന്റെ പാട്ടിനും സാംസ്‌കാരിക കൂട്ടായ്മകളെ അതിന്റെ വഴിക്കും പോകാന്‍ അനുഭവിക്കുക എന്നതാണ് ഗുണകരമായ മാര്‍ഗം. പലപ്പോഴും വേദിയിലിരിക്കുന്നത് ഒരേ നേതാക്കളാവുമ്പോള്‍ ഏതാനും സമ്മേളനം എന്നു തന്നെ തിരിച്ചറിയാനാവാത്ത അവസ്ഥ എത്ര അസുഖകരമായ സാമൂഹിക അപചയമാണ് !
സമൂഹം എന്നും വ്യക്തികളുടെ കൂട്ടമാണ്. കൂട്ടത്തിനു ശക്തി പകരുന്നത് പരസ്പരം പുലര്‍ത്തുന്ന വിശ്വാസത്തിലാണ്. ഓരോരുത്തരിലും , സ്വാര്‍ത്ഥതക്കപ്പുറം ചിന്തിക്കുന്ന , സാമൂഹിക ബോധം നിറഞ്ഞ ഒരു സത്വം നിലനില്‍ക്കുന്നുണ്ട്. ഞാന്‍, കഴിഞ്ഞാല്‍, അതു ചിന്തകളെ വൈരരഹിതമാക്കും. സാധ്യതകള്‍ വറ്റിയ ഒരു ലോകത്തല്ല നമ്മള്‍ ജീവിക്കുന്നത്.വികാരപരമായ ചിന്തിക്കാതെയുള്ള വിചാരധാരകളാണ് നമ്മെ നയിക്കേണ്ടത്.

"ദുരിതങ്ങള്‍ കൂത്താടും  ഉലകത്തില്‍ നിന്റെ 
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി ഒരു മത ഒരു ദൈവമേവം 
പരിശുദ്ധ വേദാന്തം സഫലമായ് തീരാം"
(മഹാകവി പന്തളം കെ. പി)

മതേതര ആത്മീയത-മാനവീകതയിലേയ്ക്കുള്ള വഴികാട്ടി (ഫോമ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവതരിപ്പിച്ചത്: കോരസണ്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക