Image

ഫൊക്കാനയുടെ തേരോട്ടം; ഒരു ചെറുപുഞ്ചിരിയില്‍ എല്ലാം ഭദ്രം

അനില്‍ പെണ്ണുക്കര Published on 05 October, 2014
ഫൊക്കാനയുടെ  തേരോട്ടം; ഒരു ചെറുപുഞ്ചിരിയില്‍ എല്ലാം ഭദ്രം
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ 2016 ഉത്സവത്തിന് കാലേകൂടിതുടക്കമാകുന്നു. മലയാളി സംഘടനകളുടെ മാതാവായ ഫൊക്കാനായുടെ 2016 ലെ കണ്‍വന്‍ഷന് വേദിയാകുന്ന ടൊറന്റോ നഗരം ഉത്സവഛായയിലേക്ക്… ഇനിയുള്ള രണ്ട് വര്‍ഷം നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും ടൊറന്റോയില്‍ കൂടിയ നാഷണല്‍ കമ്മറ്റി ഏകസ്വരത്തോടെ മുന്നോട്ട്.

1968 ല്‍ മലയാളിയുടെ അമേരിക്കന്‍ കുടിയേറ്റ സമയത്ത് ആരംഭിച്ച കൂട്ടായ്മയാണ് കാനഡയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്‍ ആയ മലയാളി സമാജത്തിന്റെ രൂപീകരണം. അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തോളം പഴക്കമുള്ള സംഘടന. ഇന്ന് 500ല്‍ പരം അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം. സ്വന്തമായി രണ്ട് ബില്‍ഡിംഗ്. കൂട്ടായ്മയുടെ കഥ നീളുന്നു. ജാതിയും മതവുമില്ലാതെ ഓണവും, ക്രിസ്തുമസും, വിഷുവും പെരുന്നാളുമൊക്കെ ആഘോഷിച്ച നാളുകള്‍. ഇന്നും ഭംഗിയായി ആവര്‍ത്തിക്കുന്നു. പരാതികളും പരിഭവങ്ങളുമില്ലാതെ… ഇന്നിപ്പോള്‍ മലയാളി സമാജത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ച ഒരു വലിയ മനുഷ്യന്റെ തണലില്‍ ഫൊക്കാനയുടെ 2016 ലെ കണ്‍വന്‍ഷന് ഉജ്ജ്വലമായ തുടക്കം കൂടിയാകുന്നു.

ജോണ്‍ പി. ജോണ്‍…
ഫൊക്കാനായുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ എതിരില്ലാതെ തെരഞ്ഞെടുത്ത സൗമന്യനായ തേരാളി. അമേരിക്കയില്‍നിന്ന് കാനഡയിലേക്ക് ഫൊക്കാനാ കണ്‍വന്‍ഷന്‍ വരുമ്പോള്‍ ചരിത്രം തിരുത്തപ്പെടുകയാണ്.ടൊറാന്റോയുടെ മലായാളി മുത്തച്ഛന്‍ മലയാളി സമാജം നേതൃത്വംനല്‍കുന്ന, ഒപ്പം കൂടുന്ന സഹോദര സംഘടനകളും മത്സരങ്ങളില്ലാതെ കാഴ്ച വയ്ക്കുന്ന കലാവിരുന്നിനും, പുതിയ അറിവുകള്‍ക്കുമായി ജോണ്‍ പി ജോണ്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആയിരങ്ങള്‍ പിന്നില്‍ നിലയുറക്കുന്നു.

സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം പിടിച്ച ജോണ്‍ പി. ജോണ്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് അംഗം, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് വൈസ്‌ ചെയര്‍മാന്‍, ടൊറാന്റൊ മലയാളി  സമാജം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി സാംസ്‌കാരിക, സാമൂഹ്യ, മത സംഘടനകളിലൂടെ തന്റെ സൗമ്യ സാന്നിദ്ധ്യം തെളിയിച്ച വ്യക്തിത്വമാണ്. കാനഡ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്നതിനായി  കാനഡയിലെ മറ്റ് മലയാളി സംഘടനകളായ ടൊറാന്റോ മലയാളിസമാജം, ഹാമില്‍റ്റണ്‍ മലയാളം സമാജം, മിസ്സിസോഗ കേരള അസോസിയേഷന്‍, ബ്രാംപ്റ്റണ്‍ മലയാളി സമാജം, നയാഗ്രാ മലയാളി അസോസിയേഷന്‍ ജോണ്‍ പി ജോണിനൊപ്പം നിലയുറക്കുമ്പോള്‍ നയാഗ്രയുടെ വശ്യതപോലെ തിളക്കമാര്‍ന്ന ഒരു കണ്‍വന്‍ഷനും ഭാവി പ്രവര്‍ത്തനങ്ങളുമാകും അമേരിക്കന്‍ മലയാളികള്‍ ഇനി കാണാന്‍ പോവുകയെന്ന് ജോണ്‍ പി. ജോണ്‍ Eമലയാളിയോട് പറഞ്ഞു.

കോട്ടയം കളത്തില്‍ പടി സ്വദേശിയായ ജോണ്‍ പി. ജോണ്‍ കനേഡിയന്‍ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും തന്റെ സൗമ്യതകൊണ്ട് ഏതൊരു വ്യക്തിയുടെയും ഹൃദയം കീഴടക്കുന്ന വ്യക്തിത്വം കൂടിയാണ്. പത്തനംതിട്ട ഏഴംകുളം ഗുരുകുലം വിദ്യാപീഠത്തില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കോട്ടയം ബസേലിയോസ് കോളജില്‍ നിന്ന് ബി.എസ്.സി.യും, കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുവോളജിയില്‍ മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1976 ല്‍ കാനഡയിലേക്ക് കുടിയേറി. മലയാളി സമാജത്തിന്റെ സജീവപ്രവര്‍ത്തകനായി. കനേഡിയന്‍ മാര്‍ത്തോമാ ഇടവകയുടെ സജീവ അംഗവുമാണ്. തന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി സഹധര്‍മ്മിണി ആന്‍ ജോണ്‍ ഒപ്പമുണ്ട്.

ചിക്കാഗോയില്‍ നടന്ന ഫൊക്കാനയുടെ ചരിത്ര കണ്‍വന്‍ഷന്റെ പൊലിമ ഒട്ടും ചോര്‍ന്നു പോകാതെ ടൊറോന്റോയില്‍ ഫൊക്കാനായുടെ വിജയകുതിപ്പിനായി തയ്യാറെടുക്കുമ്പോള്‍ വലിയ ഉത്തരവാദിത്വമാണ് അമേരിക്കന്‍ മലയാളികള്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഓരോ ചെറുപുഞ്ചിരിയിലും ജോണ്‍ പി ജോണ്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ പുഞ്ചിരിയിലാണ് ഇനി ഫൊക്കാനായുടെ കടിഞ്ഞാണ്‍…
ഫൊക്കാനയുടെ  തേരോട്ടം; ഒരു ചെറുപുഞ്ചിരിയില്‍ എല്ലാം ഭദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക