Image

എഴുത്തുകാരന്‍ എന്ത് എഴുതണം? (ജോണ്‍മാത്യു)

ജോണ്‍മാത്യു Published on 08 October, 2014
എഴുത്തുകാരന്‍ എന്ത് എഴുതണം? (ജോണ്‍മാത്യു)
അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക് കേരളത്തില്‍ നടന്ന ലാനാ സമ്മേളനത്തില്‍നിന്ന് 'വിലതീരാത്ത' ഒരു ഉപദേശമാണ് കിട്ടിയത്!
'കുടിയേറ്റ അല്ലെങ്കില്‍ പ്രവാസി എഴുത്തുകാര്‍ തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാടിനെപ്പറ്റി എഴുതുക, ഇവിടെയുള്ള (കേരളത്തിലെ) കാര്യങ്ങള്‍ എഴുതാന്‍ ഞങ്ങളുണ്ട്.'
ഇതൊരു പ്രബോധനമായി പലരും കണക്കാക്കുന്നതുകൊണ്ടാണ് വീണ്ടും പ്രതികരിക്കുന്നത്. വീണ്ടും എന്നെഴുതിയത് അറിഞ്ഞുകൊണ്ടുതന്നെ. തുഞ്ചന്‍പറമ്പിലെ സമ്മേളനവേദിയില്‍ അക്ബര്‍ കക്കട്ടിലാണ് ഈ പ്രസ്താവന ചെയ്തത്. തുടര്‍ന്നും ഇത് ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. അന്ന് ഈ ലേഖകന്‍ അതിനുകൊടുത്ത മറുപടി എവിടെയോ മറന്നുകളഞ്ഞു. എങ്കിലും, ആ വാക്കുകള്‍ ഏകദേശമായി ഇങ്ങനെ:
'അമേരിക്കയില്‍ ദീര്‍ഘകാലം ജീവിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഇതിനിവിടെ മറുപടി പറഞ്ഞേതീരൂ. നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും ഞങ്ങള്‍ അമേരിക്കയിലെ ജീവിതം എഴുതുന്നില്ലെന്ന്.'
എന്റെ പക്കലുണ്ടായിരുന്ന സ്വന്തം കഥകളും തെക്കേമുറിയുടെ നോവലും ഉദാഹരണമായി എടുത്തു. കഥാസന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചു. സദസ്സ് നിശബ്ദമായിരുന്നതല്ലാതെ പ്രതികരണം ഉണ്ടായില്ല. സാധാരണക്കാരുടെ ശബ്ദത്തിന് എവിടെ വില, എവിടെ അംഗീകാരം?
ആയിരത്തിതൊള്ളായിരത്തിയെഴുപതുമുതല്‍ ഇവിടെ ജീവിക്കുന്ന എഴുത്തുകാരുണ്ട്. അവരില്‍ എത്ര പേരാണ് തുടര്‍ച്ചയായി 'കേരളീയ ജീവിതം' മാത്രം എഴുതിക്കൊണ്ടിരിക്കുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്ക് കൊടുക്കേണ്ടുന്ന ഉപദേശം കവികള്‍ക്കും കഥാകാരന്മാര്‍ക്കും കൊടുത്തത് ഒട്ടും പന്തിയായില്ലെന്ന് അടിവരയിട്ടുതന്നെ ഞാന്‍ പറയുകയാണ്. 'അവാര്‍ഡും ആടയും' ലക്ഷ്യമിടാത്തതുകൊണ്ടാണ് ഇതിവിടെ തുറന്നെഴുതാന്‍ കഴിയുന്നത്.
എഴുത്തുകാരന്‍ എന്തെഴുതണമെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? ലണ്ടനില്‍ താമസിക്കുന്ന സല്‍മാന്‍ റഷ്ദിയോടും വി.എസ്. നയ്പാലിനോടും ഇന്ത്യന്‍നഗരങ്ങളിലെ തെരുവുകളെപ്പറ്റി എഴുതരുതെന്ന് ആരെങ്കിലും ഉപദേശിക്കുമോ?
ഇത് ഒരു വശം മാത്രം.
മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ ഞാന്‍ അക്ബര്‍ കക്കട്ടിലിനെ കുറ്റം പറയുകയില്ല. അമേരിക്കയിലെ മലയാളം എഴുത്തുകാരെന്ന് ഭാവിക്കുന്നവര്‍ എന്തെല്ലാം കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്. അവരെയാണ് നാട്ടിലെ വായനക്കാര്‍ അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ പ്രതിനിധികളായി കാണുന്നത്, അവരുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ക്കൊപ്പം പ്രസിദ്ധീകരിക്കപ്പെടുന്നത്.
നമ്മുടെ സാഹിത്യ ചര്‍ച്ചകള്‍ അക്കാദമിക്ക് നിലവാരത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചു. അവയെല്ലാം തുടങ്ങിയിടത്തുതന്നെ നില്ക്കുന്നു. പലവിധത്തിലും സാമൂഹിക സംഘടനകളെ പിന്‍തുടരുന്നു. എഴുത്തുകാര്‍ അംഗീകാരത്തിനുവേണ്ടി ഓടിനടക്കുന്നു. പത്തിരുപത്തിയഞ്ച് വര്‍ഷമായി പലരും ഇതിനെതിരായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഈയ്യിടെ പ്രസിദ്ധീകരിച്ച മുരളി ജെ. നായരുടെ ലേഖനം വരെ ഈ സ്വയം വിമര്‍ശനത്തിന്റെ ഭാഗമാണ്.
എന്തിന് ചില എഴുത്തുകാരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. മാധ്യമങ്ങള്‍ തങ്ങള്‍ക്കുപിടിക്കാത്ത ലേഖനങ്ങള്‍ മുക്കിക്കളയുന്നില്ലേ. ഇത് ഇന്നത്തെ കഥ മാത്രമല്ല. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വിതുര ബേബിയുടെ 'സത്യത്തിന്റെ അടിവേരുകള്‍' എന്ന പുസ്തകം ഇങ്ങനെയുള്ള നിരവധി സംഭവങ്ങളിലേക്കുംകൂടി വെളിച്ചും വീശുന്നുണ്ട്. പുരോഗമനവാദികളെന്ന് പേരുകേട്ട പത്രാധിപന്മാര്‍പ്പോലും തഴഞ്ഞുകളഞ്ഞ വാര്‍ത്തകളുടെ കഥകള്‍ അനേകം.
ഇന്ന് എല്ലാവര്‍ക്കുമറിയാം നാലു പേരറിയണമെങ്കില്‍ അത് അമേരിക്കയിലെ മാധ്യമങ്ങളില്‍ക്കൂടിത്തന്നെ കയറിയിറങ്ങണമെന്ന്. പഞ്ചായത്തുപ്രസിഡന്റും കോളേജ് പ്രൊഫസറും തുടങ്ങി മെത്രാന്‍ വരെ അമേരിക്കയില്‍ പ്രസംഗിച്ചെങ്കിലേ പത്രത്തില്‍ വാര്‍ത്ത വരൂ.
എഴുത്തുകാരനിലേക്ക് മടങ്ങിവരികയാണ്. നാമെല്ലാം വാചാലരാവുന്നത് ചെറുപ്പകാലങ്ങളെപ്പറ്റി പറയുമ്പോഴാണ്. എഴുത്തുകാരും അങ്ങനെതന്നെ. പഠിച് സ്‌കൂളും കോളജും മാത്രമല്ല നാട്ടിന്‍പുറത്തെ ഓരോ മണല്‍ത്തരിയും നമ്മുടെയൊപ്പമുണ്ട്. അവിടത്തെ നീരൊഴുക്കും മരങ്ങളും കിളികളും നമുക്ക് സ്വന്തം! എന്നാല്‍, നഗരത്തിലെ കൃത്രിമ തടാകം നമ്മുടേതല്ല. പാര്‍ക്കിലെ മരങ്ങളും അതിലെ പക്ഷികളും നമ്മുടേതല്ല. എത്രകാലം വിദേശത്തുവസിച്ചാലും എഴുത്തിലെ ഉപകഥകളില്‍ സ്വന്തം ബാല്യവും കൗമാരവും ഉണ്ടായിരിക്കും. ആ അനുഭവങ്ങളുടെ ഓര്‍മകള്‍ മറ്റാര്‍ക്കെങ്കിലും കടംകൊടുക്കുമോ? ഇതെല്ലാം എഴുതാന്‍ 'ഇവിടെ ഞങ്ങളുണ്ട്' എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?
ഓരോ ജനപദവും അവരില്‍ത്തന്നെയാണ് ജീവിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിലുള്ളവര്‍ പോലും തങ്ങളുടെ വീടിനുള്ളില്‍ ഭക്ഷണംപാകം ചെയ്യുന്നതുമാത്രമല്ല ഉപകരണങ്ങളുടെ സംവിധാനങ്ങള്‍ക്കുംകൂടി ഗോത്രത്തിന്റെയും പാരമ്പര്യത്തിന്റെയും നിറംകലര്‍ത്തിയിട്ടുണ്ടായിരിക്കും. സന്ദര്‍ശിക്കുന്ന വീടുകള്‍ സ്വന്തംകൂട്ടരുടേതുതന്നെയായിരിക്കും. ചുരുക്കമായി പറയട്ടെ നമുക്ക്, സാധാരണക്കാര്‍ക്ക്, മറ്റുജനവിഭാഗങ്ങളുടെ ജീവിതത്തെപ്പറ്റി എന്തറിയാം?
ഈയൊരു സാഹചര്യത്തില്‍ നാട്ടില്‍നിന്ന് പുതിയതായി വന്നുചേരുന്ന മലയാളം എഴുത്തുകാരില്‍നിന്ന് വിശാലമായ വിദേശരീതികള്‍ പ്രതീക്ഷിക്കുന്നത് കുറേയധികമല്ലേ. ഇനിയും ഒരു ഉത്സവപ്പറമ്പോ സര്‍പ്പക്കാവോ അമ്മൂമ്മക്കഥകളോ എഴുതാന്‍ പാടില്ലെന്നോ?
കുടിയേറ്റ ഭൂമിയുമായി അഗാധവും സൂക്ഷ്മവുമായി ബന്ധം ഉണ്ടാക്കാന്‍ കഴിവില്ലാത്തതും അതേസമയം വന്നുചേര്‍ന്ന സുഭിക്ഷത അനുഭവിച്ചുകൊണ്ട് സ്വന്തം മാളത്തില്‍ത്തന്നെ ഒളിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അപ്പോള്‍ എഴുത്തുകാരന്‍ ജീവിതഗന്ധിയായ അനുഭവങ്ങള്‍ക്കുവേണ്ടി ഒന്ന് തിരിഞ്ഞുനോക്കരുതെന്നാണോ? നമ്മുടെ സാഹിത്യക്കൂട്ടങ്ങളില്‍ ഇതൊരു ചര്‍ച്ചാവിഷയമാകട്ടെ.
Join WhatsApp News
Thomas K.Varghese 2014-10-08 12:58:59
Very good reply. Are they afraid of "Pravasi Writters " to exclude us from Malayalam. In future they may say, "only people who live in Kerala are allowed write in Malayalm".
വിദ്യാധരൻ 2014-10-08 13:36:46
ജോണ് മാത്യു എഴുതാപ്പുറം വായിക്കുകയാണ്. ഈ ലേഖനത്തിൽ അക്ബർ കക്കട്ടിലിനോടുള്ള അവജ്ഞയും ലേഖകന്റെ നിരാശയും പ്രകടമാണ്. എഴുത്തുകാർ അവർ ജീവിക്കുന്ന നാട്ടിലെ അനുഭവങ്ങളുടെ ബന്ധത്തിൽ കഥയും നോവലും ഒക്കെ എഴുതുന്നതായിരിക്കും നല്ലത്. കേരളത്തിലെ എഴുത്തുകാർ ഇവിടെ വന്നു പോയിട്ട് യാത്രാ വിവരണമോ ലേഖനമോ എഴുതികൊള്ളട്ടെ അല്ലാതെ ഒരു നോവൽ എഴുതി പിടിപ്പിച്ചാൽ, അതിനെ തള്ളിക്കളയാൻ തക്കവണ്ണം പ്രാപ്തരും ശക്തരുമാണ് വായനക്കാർ. നാട്ടിൽ നിന്ന് വന്നു പത്തും മുപ്പതും വർഷം കഴിഞ്ഞിട്ടും, നാടുമായി ബന്ധപ്പെട്ട കഥകളും നോവലുകളും എഴുതുന്നെങ്കിൽ അതിനു കാരണം, നാട്ടിലുള്ള എഴുത്തുകാരുടെ അംഗീകാരം കിട്ടണം, അതാണ്‌ ഒരു എഴ്ത്തുകാരനെ ഒരു യഥാർത്ഥ എഴുത്തുകാരാൻ ആക്കുന്നത് എന്ന തെറ്റായ ധാരണയാണ്. ഇവിടെ നിങ്ങൾ മറന്നു കളയുന്നത് നാട്ടിലെയും ഇവിടെയും ഉള്ള വായനക്കാരെയാണ്. ബനിയാമിന്റെ ആട് ജീവിതം വിറ്റഴിഞ്ഞതും പ്രശസ്തമായതും, കൂടുതൽ വായനക്കാർ ഉണ്ടായതുകൊണ്ടാണ്‌ അല്ലാതെ പണവും, മാധ്യമങ്ങളും, അവാര്ടുകളും ഉണ്ടായതുകൊണ്ടല്ല. "ലക്ഷകണക്കിനു മലയാളികള് ഗള്ഫില് ജീവിക്കുന്നു, ലക്ഷങ്ങള് ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില് എത്ര പേര് മരുഭൂമിയുടെ തീക്ഷ്ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്റ്റ് ബെന്യാമിന് പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരേട്."- ആയിരത്തി തൊള്ളായിരത്തി എഴുപതു തുടങ്ങി എഴുതുന്നുണ്ടെങ്കിലും, എന്തുകൊണ്ട് ആടുജീവിതം പോലെ വേറിട്ട്‌ നില്ക്കുന്ന, വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കഥയോ നോവോലോ അമേരിക്കയിലെ എഴുത്തുകാർക്ക് വായനക്കാർക്കായി നല്കാൻ കഴിഞ്ഞില്ല എന്നതിന്റെ കാരണം ഒരു ഗവേഷണ വിഷയം ആക്കേണ്ടതാണ്. ഒരു എഴുത്തുകാരൻ, 'ഞാൻ' അമേരിക്കാൻ ജീവ്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കഥ എഴുതിയിട്ടുണ്ട് എന്ന് പറയണ്ടാതായി വരുമ്പോൾ ആ എഴ്ത്തുകാരന്റെ ഗതികേട് മന്സിലാക്കാവുന്നതെയുള്ളൂ. ഒരു പെട്ടിയും അഞ്ചു ഡോളറുമായി അമേരിക്കയൽ വന്നതിന്റെ കഥ വളരെ കേട്ടിട്ടുണ്ട്, രണ്ടു ജോലി ചെയ്തു കുഞ്ഞുങ്ങളെ വളര്ത്തിയതിന്റെ കഥ കേട്ടിട്ടുണ്ട്, പ്രതീക്ഷകളോടെ വളർത്തിയ മക്കൾ മാതപിത്താകളുടെ സ്വപ്നങ്ങളെ തല്ലി തകർത്ത് എവിടെയോ പോയി മറയുന്നതിന്റെ, മാക്ക് മരുന്നിൽ കുടുങ്ങിപോയവരുടെ, മദ്യത്തിന്റെയും പെണ്ണിന്റെയും പുറകേപോയി ജീവിതവും കുടുംബവും തുലച്ചവരുടെ, അമേരിക്കാൻ സ്വപ്ന ത്തെ അനുധാവനം ചെയ്യാനുള്ള പരക്കം പാച്ചിലിൽ ജയിലറകളിൽ അടക്കപീട്ടവരുടെ, അങ്ങനെ എത്ര എത്ര കഥകൾ കേട്ടിട്ടുണ്ട് പക്ഷെ അതൊന്നും പുസ്തക രൂപത്തിൽ കണ്ടിട്ടില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അത് വായിക്കാന് കഴിഞ്ഞിട്ടില്ല. കാരണം എന്താണെന്ന് എഴുത്തുകാർ സ്വയം വിലയിരുത്തെണ്ടാതാണ്. ഒരു പക്ഷെ എഴുതാൻ ഉൾവിളി ഇല്ലാത്തവർ എഴുതുന്നത്‌ കൊണ്ടായിരിക്കും? അമേരിക്കയിലെ മലയാളികളുടെ കണ്ണിൽ പൊടിയിട്ടു മാധ്യമത്തിലൂടെം, അവാർഡുകൾ കര്സ്ഥമാക്കിയും എഴുത്തുകാരൻ എന്ന പേര് എടുക്കാം പക്ഷെ അക്ബർ കക്കട്ടിലിനെപ്പൊലെ ചങ്കൂറ്റം ഉള്ളവരെ പറ്റിക്കാം എന്ന് നോക്കണ്ട? അദ്ദേഹം വടി എടുത്തു പ്രഹരിചില്ലല്ലോ? അത് ഭാഗ്യം നിങ്ങളെപ്പോലെ തലമൂത്ത എഴുത്തുകാർ പ്രതികരിക്കുന്നവർക്ക് കൂട്ട് നില്ക്കുകയല്ല വേണ്ടത്, അവാർഡുകളുടേം, ബന്ധങ്ങളുടെയും, പുറകെ പോകാതെ എവിടെയെങ്കിലും പോയിരുന്നു അത്മാര്തമായി, പച്ചയായ് മനുഷ്യരുടെ കഥ എഴുതുവാൻ, വഴിപിഴച്ചു പോയിക്കൊണ്ടിരിക്കുന്ന ഈ പുതിയ തലമുറയിലെ എഴുത്തുകാരെ ഉപദേശിക്കുകയാണ് വേണ്ടത്.
നാരദർ 2014-10-08 17:21:33
വിദ്യാധരൻ കലക്കി !
വയലാർ 2014-10-08 17:50:58
"ചെറുതാമൊരു പേനാക്കത്തി കാണുമ്പോൾപ്പോലും വെറുതെ വിറയ്ക്കുന്ന ച്ചുണകേട്ടവർ നിങ്ങൾ വീമ്പടിക്കുന്നു നീളെ നാളത്തെ വസന്തങ്ങൾ നാമ്പിടും യുഗത്തിന്റെ ഭാരവാഹികളായി ഒന്ന് ഞാൻ ചോതിക്കട്ടെ കൈവശം നിങ്ങൾക്കെന്തു- ണ്ടിന്നിനെ ജീവിക്കുന്നോരിന്നിനെ പ്പകർത്തുവാൻ മന്യരാം കവികളെ തളർന്നില്ലെന്നോ നിങ്ങൾ ശൂന്യതകളെ ചൊല്ലി താളുകള നിറച്ചിട്ടും എഴുതി കുഴഞ്ഞീലെ പേനയും കൈയും, നാളെ - ക്കൊഴിയാൻ വിടരുന്ന ലില്ലിപ്പൂകളെപ്പറ്റി നിങ്ങളൊക്കെയുമാണ്‌ നാടിന്റെ നിർമ്മാതാക്ക- ളെങ്കിൽ ഞാൻ കലയുടെ മുഖത്തു നീട്ടിത്തുപ്പും അല്ലെങ്കിൽ പുതിയൊരു പീടിക തുറക്കും ഞാൻ കൊള്ളയും ചതിയും കൊണ്ടെൻ കീശ നിറയട്ടെ" (എഴുത്തുകാരോട്)
Mathew Varghese, Canada 2014-10-09 06:57:51
ഒരു പലുകുപാത്ര സമാനമായ ജീവിതം ഏതു നിമിഷവും തകർന്നുപോകാൻ സാദ്യതയുണ്ട് അത്രക്ക് പ്രതിസന്ധികളും ഉള്ള ഒരു സാഹചര്യത്തിൽ ഭാഷകൊണ്ടും, ശൈലികൊണ്ടും അനുഗ്രഹീതനായ ഒരു എഴുത്ത്കാരന് വിഷയ ദാരിദ്ര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിദ്യാധരൻ പറഞ്ഞതുപോലെ, എഴുതുന്ന ആൾ ലോകത്തിലെ എല്ലാ മലയാളി വായനക്കാരെയും മുന്നിൽ കണ്ടു എഴുതുകയാണെങ്കിൽ തീർച്ചയായും കൃതികൾ ശ്രദ്ധിക്കപെടും. വായനാശീലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വായനക്കാരനെ ക്ഷമയോടെ ഇരുത്തി വായിപ്പിക്കതക്ക വകകൾ ഇല്ലെന്കിലെത്തെ കാര്യം പറയുകയും വേണ്ട. അല്ലാതെ അവാർഡുകളുടെയും പ്രശ്തരായ എഴുത്തുകാരുമായുള്ള ചങ്ങാത്തത്തെയും അടിസ്ഥാനമാകി തന്റെ കൃതി കേരളത്തിലെ കൃതികൾക്ക് തുല്യമാണെന്ന് മനസ്സില് ഉറപ്പിച്ചു, അക്ബർ കട്ടികാടിനോട് തട്ടികയറാൻ പോകുന്നത് അപക്വമായ ഒരു സമീപനമാണ്. എഴുത്തുകാർ ആരാണെന്ന് സ്വയം വിലയിരുത്തി കുറവുകൾ പരിഹരിച്ചു എഴുതുമ്പോൾ, വായനക്കാർക്ക് അത് നിഷേധിക്കാനാവില്ല. വായനക്കാർ ഒരിക്കൽ അംഗീകരിച്ചതിനെ 'അക്ബർ കട്ടിക്ക്കലിനെപോലുള്ളവരക്കും നിഷേധിക്കാനാവില്ല. വിദ്യാധരൻ ആരായിരുന്നാലും അദ്ദേഹത്തിൻറെ കമന്റുകൾ സാഹിത്യ ചർച്ചയെ ഈ-താളുകളിൽ സജ്ജിവമാക്കി നിറുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക