Image

ഫിലിപ്പോസ് ഫിലിപ്പ്; അതിരുകള്‍ക്കപ്പുറത്തെ യോജിപ്പിന്റെ ശബ്ദം

അനില്‍ പെണ്ണുക്കര Published on 11 October, 2014
ഫിലിപ്പോസ് ഫിലിപ്പ്; അതിരുകള്‍ക്കപ്പുറത്തെ യോജിപ്പിന്റെ ശബ്ദം
ഒരു വലിയ ചിരിയില്‍ എല്ലാം തീരുമാനമാക്കുന്ന ഈ അടൂര്‍ നിവാസിയെ ഒരിക്കല്‍ പരിചയപ്പെടുന്നവര്‍ പിന്നെ മറക്കില്ല. ഫിലിപ്പോസ് ഫിലിപ്പിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക അദ്ദേഹത്തിന്റെ ഇടിമുഴക്കം പോലെയുള്ള ചിരിയാണ്. ചില സദസുകളില്‍ ഈ ചിരി അദ്ദേഹത്തിന് ഗുണവും ചെയ്തിട്ടുണ്ട് എന്നത് സത്യം. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്ന പദവി ഫിലിപ്പോസ് ഫിലിപ്പിനെപ്പോലെ ഒരാള്‍ സ്വീകരിക്കുമ്പോള്‍ അദ്ദേഹം അമേരിക്കന്‍ മലയാളി സമൂഹത്തിന് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. പദവിയല്ല കാര്യം, പ്രവര്‍ത്തനത്തിലും അത് പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയിലുമാണ് എന്ന്.

ഫൊക്കാനായുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നു എന്ന് തീരുമാനിച്ചുറച്ച അദ്ദേഹം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയപ്പോഴും ഫൊക്കാനായുടെ വളര്‍ച്ച മാത്രമാണ് അദ്ദേഹത്തിന്റെ മനസില്‍. വിവിധ രംഗങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച സര്‍വ്വസമ്മതന്‍. ഒരു പക്ഷേ എല്ലാവര്‍ക്കും ഇത്തരം അംഗീകാരങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ നല്‍കാറില്ല. മനസ്സുകൊണ്ട് അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നവര്‍ ഫൊക്കാനയിലും ഫോമയിലുമുണ്ട് എന്നത് പച്ചപരമാര്‍ത്ഥം.

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലി നോക്കവെ 1989 ലാണ് ഫിലിപ്പോസ് ഫിലിപ്പ് അമേരിക്കയിലെത്തിയത്. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം അമേരിക്കയിലെത്തി ആദ്യം ചെയ്തത് ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷനില്‍ അംഗത്വമെടുക്കുകയായിരുന്നു. മനസിനുള്ളിലെ നേതാവിനെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പിലിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് ദാ… ഇവിടെ വരെ.

ഹഡ്‌സണ്‍വാലി അസോസിയേഷന്‍ പ്രസിഡന്റില്‍ തുടങ്ങി പദവികളുടെ ഘോഷയാത്രയുമായി മുന്‍പോട്ടുനീങ്ങിയ അദ്ദേഹത്തെ ഈ പദവികളൊന്നും ഭരിച്ചിരുന്നില്ല എന്നത് സത്യം.
ആല്‍ബനിയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ(KEAN) സ്ഥാപക സെക്രട്ടറി, പ്രസിഡന്റ്, ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നതാധികാര സമിതിയായ സഭമാനേജിംഗ് കമ്മിയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തനം, ഇപ്പോള്‍ ഡയോസിസ് കൗണ്‍സില്‍ അംഗം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് പബ്ലിക് എംപ്ലോയീസ് ഫെഡറേഷന്റെ ഡിവിഷന്‍ 312 ന്റെ സെക്രട്ടറി… പദവികള്‍ അവസാനിക്കുന്നില്ല. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനസഹായം എത്തിക്കുന്നതിന് KEAN നടത്തുന്ന നിശബ്ദ കാരുണ്യ പ്രവര്‍ത്തനത്തിന്റെ സൂത്രധാരന്‍മാരില്‍ പ്രഥമഗണനീയന്‍ കൂടിയാണ് ഫിലിപ്പോസ് ഫിലിപ്പ്.

ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങള്‍ പഴയതു പോലെതന്നെ സജീവമായി മുന്നോട്ട് പോകുന്നുവെന്നും പ്രതിസന്ധിഘട്ടങ്ങളില്‍പോലും ഫൊക്കാനയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും വിശ്വസിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. പക്ഷെ മുന്‍പുള്ളതിനേക്കാള്‍ ഫൊക്കാനാ വളര്‍ച്ചയുടെ പാതയില്‍ ഏ െറ മുന്നേറിയതായും അദ്ദേഹം വിശ്വിസിക്കുന്നു. പള്ളികളും  സംഘടനകളും കൂടിയത് സാംസ്‌കാരിക സംഘടനകളെ ബാധിച്ചു എന്ന്  തുറന്നു സമ്മതിക്കുവാനും മടിയില്ല. ഫൊക്കാന പിളര്‍ന്ന് ഫോമയുണ്ടായത് ഒഴിവാക്കാമായിരുന്നു. ഇപ്പോഴും യോജിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വിട്ടുവീഴ്ചയ്ക്ക് ചിലര്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. യോജിപ്പിനുവേണ്ടി സ്ഥാനമാനങ്ങള്‍ വരെ ഉപേക്ഷിക്കാം. ഫൊക്കാന എന്ന പേര് സ്വീകരിച്ച് ഒന്നായി മുന്നോട്ട് പോകണം. പക്ഷെ അതിനുള്ള സാഹചര്യം ഉണ്ടാകുവാന്‍ നേതാക്കള്‍ ശ്രമിക്കില്ല. കൂടുതല്‍ പേര്‍ക്ക് നേതാക്കളാകാന്‍ ലഭിക്കുന്ന അവസരത്തിനാണ് പ്രവാസി സംഘടനകളില്‍ പ്രസക്തി. പക്ഷെ ഫൊക്കാനാ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നു എന്നാണ് ഫിലിപ്പോസ് ഫിലിപ്പിന്റെ തത്വം.

നാളിതു വരെയുള്ള ഫൊക്കാനായുടെ നാഴികക്കല്ലുകള്‍ നാടിനെ മറക്കാത്ത, അമേരിക്കന്‍ മലയാളികളെ മറക്കാത്ത പ്രവര്‍ത്തന പാരമ്പര്യത്തില്‍ ഊന്നിയുള്ളതാണ്. അത് തുടരുകയും ഫൊക്കാനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും നയങ്ങളും ഭംഗിയായി നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ തന്റെ മുന്‍പിലുള്ള അജണ്ട. അതിന് പ്രസിഡന്റ് ജോണ്‍ പി. ജോണിന് ശക്തി പകരുക. അതിനായി പ്രവര്‍ത്തിക്കുക, കാനഡയിലെ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമാക്കുക എന്നിവയാണ് ഇപ്പോള്‍ ഫൊക്കാനായുടെ മുന്‍പിലുള്ള പ്രധാനപ്രവര്‍ത്തനങ്ങള്‍.
സംഘടനയുടെ നേതൃത്വത്തിലേക്ക് വരുന്നവര്‍ കുറച്ചൊക്കെ പണവും ചിലവഴിക്കാന്‍ സന്നദ്ധതയുള്ളവരായിരിക്കണമെന്ന അഭിപ്രായം ഫിലിപ്പോസ് ഫിലിപ്പിനുണ്ട്. അല്ലെങ്കില്‍ സംഘടന ശുഷ്‌കമാകും. പലര്‍ക്കും നഷ്ടങ്ങള്‍ പലവിധത്തിലുണ്ടായിട്ടുണ്ടെങ്കിലും അത് സംഘടനയുടെ വളര്‍ച്ചയ്ക്ക് വേണ്ടി എന്ന് തോന്നുമ്പോള്‍ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ടാകും. കുടുംബത്തിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കണം.

അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക് എന്നും മാതൃകയാണ് ഫൊക്കാന. ഏറ്റവും കൂടുതല്‍ യുവജനങ്ങളെ നേതൃത്വനിരയിലേക്ക് കൊണ്ടുവന്ന സംഘടനയാണ് ഫൊക്കാന. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഫൊക്കാനാ നേതൃത്വത്തില്‍ സ്ഥാനം ലഭിക്കുന്നത് ഫൊക്കാനയുടെ സാംസ്‌കാരിക പാരമ്പര്യത്തെയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്.

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ പ്രധാന നേതൃത്വസ്ഥാനത്തേക്ക് കടന്നു വന്നതോടെ ഫൊക്കാനയ്ക്ക് ഒരു പ്രത്യേക ഓജസും ഉണര്‍വും വന്നിട്ടുണ്ട്. അതിന് മറ്റൊന്നുമല്ല കാരണം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അനുഭവവും അത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തനപാരമ്പര്യവുമാണ്.
ബ്രൂക്ക്‌ലിനിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ഇദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി സ്റ്റേറ്റ് പ്രൊഫഷണല്‍ എഞ്ചിനീയര്‍. ഡോക്ടറും, എഞ്ചിനീയറുമായ രണ്ട് പുത്രന്മാരുമുള്ള സംതൃപ്ത കുടുംബമാണ് ഫിലിപ്പോസ് ഫിലിപ്പിന്റെ ചിരിയുടെ കാവല്‍ക്കാര്‍. അത് ഫൊക്കാനയ്ക്ക് കരുത്താകുമ്പോഴാണ് ഈ ചിരിയുടെ പ്രത്യേകത അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയുന്നത്.
ഫിലിപ്പോസ് ഫിലിപ്പ്; അതിരുകള്‍ക്കപ്പുറത്തെ യോജിപ്പിന്റെ ശബ്ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക