Image

ഇടതിന്റെ ദുഃഖം (ലേഖനം: ജോണ്‍ മാത്യു)

Published on 30 November, 2014
ഇടതിന്റെ ദുഃഖം (ലേഖനം: ജോണ്‍ മാത്യു)
കുതിരലാടത്തിന്റെ രൂപത്തില്‍ ഇരിപ്പിടം ക്രമീകരിച്ചിരുന്ന ഫ്രഞ്ച്‌ നിയമസഭയില്‍ അദ്ധ്യക്ഷന്റെ വലതുവശം പ്രഭുകുടുംബത്തില്‍പ്പെട്ടവര്‍ക്കുള്ളതായിരുന്നു. ഇടതുവശം `കലപില' ശബ്‌ദമുണ്ടാക്കുന്ന ജനപ്രതിനിധികള്‍ക്കും. വലതുവശത്ത്‌ അധികാരമുണ്ട്‌, ഇടത്‌ മുദ്രാവാക്യങ്ങള്‍ മാത്രം!

വലതിനാണ്‌ എന്നും ആഢ്യത്വം, അത്‌ ഏതു മതത്തിലായാലും ഏതു ജീവിതരീതിയിലായാലും. ഭിക്ഷക്കാര്‍പ്പോലും പറയുന്നതുകേട്ടിട്ടില്ലേ: `ഐശ്വര്യമുള്ള ആ വലതുകൈകൊണ്ട്‌ ഇങ്ങു തന്നാട്ടെ കൊച്ചേ' എന്ന്‌.

മുന്‍ കാലങ്ങളില്‍ മാത്രമല്ല ഇന്നത്തെയും ഏറെക്കുറെയുള്ള ആചാരമാണ്‌ വലതുകാലുവെച്ച്‌ കേറുക എന്നത്‌. പ്രത്യേകിച്ചും ദിവസം മുഴുവന്‍ ഉടയാടകള്‍ക്കും തേച്ചുമിനുക്കിയ ചായങ്ങള്‍ക്കകത്തും ശ്വാസംമുട്ടിനില്‌ക്കുന്ന വധു വരന്റെ ഗൃഹത്തിലേക്കു പ്രവേശിക്കുമ്പോള്‍ ആരെങ്കിലും വിളിച്ചുപറയുന്നു `വലതുകാല്‍'. അപ്പോള്‍ പാവം മണവാട്ടിക്ക്‌ തീര്‍ച്ചയുണ്ടോ വലതും ഇടതും. ഇനിയും ഇടതുകാലാണ്‌ വലതെന്ന്‌ കരുതി ചവുട്ടിയാല്‍ ഒന്നുരണ്ടു തലമുറകള്‍ മുഴുവന്‍ നീണ്ടുനില്‌ക്കുന്ന ദുരന്തങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം തന്റെ ചുമലിലായിരിക്കുമെന്ന ചിന്ത വേറെയും. `ഞങ്ങളുടെ പണ്ടത്തെ ഒരു വല്യവല്യമ്മ ഇടതുകാല്‍വെച്ചായിരുന്നു കേറിയത്‌...' കാലിന്റെ ശാസ്‌ത്രം യുഗങ്ങളിലേക്ക്‌ നീണ്ടു നീണ്ടു പോകുകയാണ്‌.

ഈ വലതുകാല്‍ വിശ്വാസം ശുഭമായി പുതിയ ഭവനത്തിലേക്ക്‌ പ്രവേശിക്കുന്നതില്‍ മാത്രമല്ല. ജയിലില്‍ സുഖവാസം വേണമെങ്കിലും ആ ആദ്യചുവട്‌ വലതുതന്നെയായിരിക്കണംപോലും. പക്ഷേ, അവിടെ ഏതു കാലായാലും `നടയടി' തീര്‍ച്ച. മര്‍ദ്ദനം മുറയാക്കിയ പോലീസിനറിയുമോ ഇടതും വലതും! ഇനിയും `ആനകളിച്ച്‌' നാലുകാലില്‍ കേറാമെന്നുകരുതിയാലും തെറ്റി, അപ്പോള്‍ മുതുകിനായിരിക്കും പെടപ്പ്‌.

കേരളത്തിലെ മത-സാമൂഹിക രംഗങ്ങളില്‍ മാത്രമല്ല പ്രസന്നകരമായ ഈ വലതുസങ്കല്‌പം. ബൈബിളില്‍നിന്ന്‌: `രാജാവു തന്റെ വലത്തുള്ളവരോട്‌: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ...' എന്നാണ്‌ വിളിക്കുന്നത്‌.

അപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ്‌ സ്‌പീക്കര്‍ പ്രഭുക്കന്മാരെ തന്റെ വലതുവശത്തിരിക്കാന്‍ തെരഞ്ഞെടുത്തതെന്ന്‌.

രാഷ്‌ട്രീയ കാര്യങ്ങളില്‍ തുടങ്ങി മറ്റ്‌ തലങ്ങളിലേക്ക്‌ കാടുകയറി. അമ്പതുകളില്‍ കേരളത്തില്‍ വളര്‍ന്ന ചെറുപ്പക്കാര്‍ക്ക്‌ ഇടതിനോട്‌ താല്‌പര്യം ഏറും. അവരുടെ ഒഴിവുവേളകള്‍ മുഴുവന്‍ ചിന്തിച്ചിരുന്നത്‌ എങ്ങനെയും സമരം ചെയ്യുന്നതിനെപ്പറ്റിയായിരുന്നു.

തൊഴില്‍ നേടിയവര്‍ ഏറെ ആനുകൂല്യങ്ങള്‍ക്ക്‌ കുടര്‍ന്നും ഇടതിന്റെ സഹായം തേടിക്കൊണ്ടിരുന്നു. ഒരു വിപ്ലവപ്പേടി മനസ്സിലുണ്ടായിരുന്നതുകൊണ്ട്‌ വലതുമുതലാളിമാര്‍ വേതനം വര്‍ദ്ധിപ്പിച്ച്‌ തൊഴിലാളികളെ ഒപ്പം നിര്‍ത്തി.

ഇതിനിടെ ജന്മിത്വവും വ്യവസ്ഥാപിത മുതലാളിത്തവും കമ്മ്യൂണിസവും പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സംഘടിതരും അസംഘടിതരുമായ ജനം മുഴുവന്‍ ചോദിച്ച ചോദ്യമാണ്‌ ആ `നല്ല നാളെ' അത്‌ നാളെയല്ല ഇന്നുതന്നെയാണല്ലേയെന്ന്‌? ആ തിരിച്ചറിവാണ്‌ `നവ മുതലാളിത്തം' എന്ന പ്രസ്ഥാനത്തിന്റെ സൃഷ്‌ടി.

മുദ്രാവാക്യം മുഴക്കി സമൂഹത്തെ ഉദ്ധരിക്കാമെന്ന വ്യാമോഹം സാദ്ധ്യമല്ലെന്നും, ഇനിയും അങ്ങനെ ഒരു ഉദ്ധാരണം നടന്നാല്‍പ്പോലും അതില്‍ `എന്റെ' ഓഹരിയെന്ത്‌ എന്നുമായിരുന്നു അടുത്ത ചോദ്യം.

തെരഞ്ഞെടുപ്പില്‍ ഒരു കക്ഷി പരാജയപ്പെടുന്നതിനും അല്ലെങ്കില്‍ മറ്റൊരു കക്ഷി വിജയിക്കുന്നതിനും കാരണങ്ങള്‍ പലതായിരിക്കാം. പരാജയപ്പെടുന്നതിനെ കെടുംകാര്യസ്ഥതയെന്നോ അഴിമതിയെന്നോയൊക്കെപ്പറഞ്ഞ്‌, മാപ്പു പറഞ്ഞ്‌, അണികളില്‍ ഇനിയും പ്രതീക്ഷ വളര്‍ത്തുകയും ചെയ്യാമായിരിക്കാം.

ജന്മിത്വത്തോടും മുതലാളിത്തത്തോടും പൊരുതി ജയിച്ചവര്‍ തങ്ങള്‍ സമ്പന്നരാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഇത്രയും നാള്‍ ഉത്തേജനം നല്‌കിക്കൊണ്ടിരുന്ന ഇടതുപ്രസ്ഥാനത്തോട്‌ വിട പറയുന്നു. ഇനിയും സ്വന്തം സമ്പാദ്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്‌ ശ്രദ്ധ, അതിന്‌ ഒത്താശ നല്‌കുന്ന കക്ഷികളെയാണ്‌ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത്‌. അതായത്‌ ഇടതുകക്ഷികള്‍ നേടിത്തന്ന സമ്പന്നത നിലനിര്‍ത്താന്‍ വലതിന്റെ സഹായം വേണം!

ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, യു.എസ്‌.എ. തുടങ്ങിയ രാജ്യങ്ങളിലും പിന്നെ ഇന്ത്യയിലും നിയമനിര്‍മ്മാണ സഭകളില്‍ വലതുകക്ഷികള്‍ക്കുതന്നെ ഇപ്പോള്‍ ആധിപത്യം. അധികാരം നേടാന്‍ ജാതി-മത-യാഥാസ്ഥിതികരെ ഒപ്പം കൂട്ടുന്നത്‌ അവരുടെ സാമര്‍ത്ഥ്യം!

ഇടതുപ്രസ്ഥാനങ്ങളുടെ നന്മ അനുഭവിച്ച്‌ ഉന്നതവിദ്യാഭ്യാസം നേടിയവര്‍, മെച്ചമായ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവര്‍, സൗകര്യംപൂര്‍വ്വം വലതുവശത്തേക്ക്‌ മാറുമ്പോള്‍ ഇടതന്മാര്‍ എങ്ങനെ ദുഃഖിക്കാതിരിക്കും. ഈ അവസ്ഥക്ക്‌ `റയില്‍വേ കംപാര്‍ട്ടുമെന്റ്‌ സിന്‍ഡ്രം' എന്ന്‌ ഞാന്‍ പേരു കൊടുക്കുകയാണ്‌. പുറത്തു നില്‌ക്കുന്നവരെ അകത്തേക്ക്‌ കടക്കാന്‍ വിസമ്മതിക്കുകയും ഇനിയും എങ്ങനെയോ കടന്നുകൂടുന്നവര്‍ തുടര്‍ന്നു വരുന്ന സ്റ്റേഷനുകളില്‍ ഉള്ളില്‍നിന്ന്‌ മേലാളന്മാരായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ.

ഇത്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതാണ്‌ ഇടതിന്റെ ദുഃഖം, അതുകൊണ്ട്‌ ഇപ്പോള്‍ ഇടതുപക്ഷങ്ങളും ചോദിക്കാന്‍ തുടങ്ങി ഇനിയും ആര്‍ക്കുവേണ്ടിയാണ്‌ വൃഥാ അദ്ധ്വാനിക്കേണ്ടത്‌ എന്ന്‌.

-0-
ഇടതിന്റെ ദുഃഖം (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക