Image

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം-3 - ഒരു അമേരിക്കന്‍ മലയാളി കുടുംബം (ജെയിന്‍ ജോസഫ്‌)

Published on 10 December, 2014
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം-3 - ഒരു അമേരിക്കന്‍ മലയാളി കുടുംബം (ജെയിന്‍ ജോസഫ്‌)
ചാക്കോസ് ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ് അനില്‍ ചാക്കോ , സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍
ഭാര്യ നീന ചാക്കോ , ഹൌസ് വൈഫ്
മകള്‍ ലിയ, പതിനൊന്നു വയസ്,
മകന്‍ റോഷന്‍ , നാലുവയസ്
------------------------------------
മഞ്ഞയും, ഓറഞ്ചും, തവിട്ടും കലര്‍ന്ന ഇലകള്‍ ഒരു ചാറ്റല്‍ മഴ പോലെ വീണു കൊണ്ടേയിരിക്കുന്നു. ഈ രാജ്യത്തെ എന്റെ ഏറ്റവും ഇഷ്‌ടമുള്ള കാലം-
ശിശിരം. സെപ്‌റ്റംബര്‍ ആദ്യം തൊട്ട്‌ പ്രകൃതിയൊരുക്കുന്ന വര്‍ണ്ണവിസ്‌മയം, ഓരോ ഇലയും ഒരു പൂവിനെപോലെ മനോഹരിയാകുന്ന സമയം. നവംബര്‍ പകുതിയാവുമ്പോഴേക്കും മരത്തിലുള്ളതിലും  കൂടുതല്‍ ഇലകള്‍ ഭൂമിയിലായിരിക്കും. ഒരു വര്‍ണ്ണ പരവതാനി വിരിച്ചതുപോലെ !

'Look mummy, I'm helping daddy'. അഭിമാനത്തോടെ റോഷന്‍! അപ്പനും മക്കളും കൂടി ഫ്രണ്ട്‌ യാര്‍ഡിലെ ഇലകള്‍ റേക്ക്‌ ചെയ്യുകയാണ്‌. `റേക്ക്‌? എന്നു വച്ചാല്‍ നിരവധി പല്ലുകളുള്ള, തൂമ്പയുടെ കുടുംബത്തില്‍ പെട്ട ഒരു പണിയായുധം. പുല്ലിനെ നോവിക്കാതെ ഇലകളെ തൂത്തൂ കൂട്ടാന്‍ അത്യുത്തമം. വീടു വാങ്ങിച്ചിട്ടുള്ള ആദ്യത്തെ ഇലപൊഴിയും കാലത്ത്‌, ഒരു ചൂലു വച്ച്‌ ഇലകള്‍ വാരിക്കൂട്ടാന്‍ വിഫലശ്രമം നടത്തുന്ന ഞങ്ങളെ കണ്ട്‌ ദയ തോന്നി അയല്‍വക്കക്കാരന്‍ സായിപ്പാണ്‌ ആദ്യമായി റേക്ക്‌ ഉപയോഗിക്കാന്‍ തന്നത്‌. `Love at first use' ആയിരുന്നു. പിറ്റെ ദിവസം തന്നെ ഞങ്ങളും ഹോം ഡിപ്പോയില്‍ നിന്ന്‌ ഒരു പുതിയ റേക്ക്‌ സ്വന്തമാക്കി.

ഈ രാജ്യത്ത്‌ ഓരോന്നിനും അതിന്റേതായ സാധന സാമഗ്രികള്‍ തന്നെ വേണം. ചെറിയ തണുപ്പിലിടാന്‍ ഫോള്‍ ജാക്കറ്റ്‌, തണുപ്പ്‌ കൂടിയാല്‍ വിന്റര്‍ ജാക്കറ്റ്‌, മഴ പെയ്‌താല്‍ റെയിന്‍ ജാക്കറ്റ്‌, ഇല വാരാന്‍ റേക്ക്‌, സ്‌നോ മാറ്റാന്‍ ഷവല്‍ തുടങ്ങി ഒരു നീണ്ടലിസ്റ്റ്‌ തന്നെ ഉണ്ട്‌. ഇതൊക്കെ ഒന്നു പഠിച്ചു വരുമ്പോഴേക്കും, തികച്ചും വ്യത്യസ്‌തമായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള സ്ഥലത്തേക്ക്‌ പറിച്ചു നടല്‍! പ്രവാസിയുടെ കാര്യം കഷ്‌ടം തന്നെ.

അനിയും ലിയയും കൂടി ഇലകള്‍ പ്ലാസ്റ്റിക്‌ ബാഗുകളിലാക്കിത്തുടങ്ങുന്നു. ഇലകള്‍ വാരി ബാഗുകളിലാക്കി ഗാര്‍ബേജിന്റെ കൂടെ വയ്‌ക്കണം. അതാണ്‌ സിറ്റിയുടെ നിയമം. നാട്ടിലാണെങ്കില്‍ ആരെങ്കിലും ഇല വാരുന്നതിനേക്കുറിച്ച്‌ ചിന്തിക്കാറുണ്ടോ? അത്‌ അഴുകി മരത്തിനു തന്നെ വളമാകും. തണുപ്പ്‌ വലിയ കഠിനമായിട്ടില്ലെങ്കിലും, കുറച്ചു സമയം പുറത്ത്‌ നിന്നപ്പോഴേയ്‌ക്കും എന്റെ കൈയും മൂക്കുമൊക്കെ തണുത്ത്‌ തുടങ്ങി. സമയം നാലരയാവുന്നതേയുള്ളൂ. വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. നവംബറിലെ ഡേലൈറ്റ്‌ സേവിംഗിനായുള്ള സമയമാറ്റം കഴിയുമ്പോള്‍, അഞ്ചാവുമ്പോഴേയ്‌ക്കും, നന്നായി ഇരുട്ടും. സമ്മറിലെ സൂര്യനില്‍ കുളിച്ചു നില്‍ക്കുന്ന നീണ്ടസായാഹ്നങ്ങള്‍ക്കു ശേഷം വരുന്ന നീളം കുറഞ്ഞ പകലുകളുമായി പൊരുത്തപ്പെടാന്‍ എന്റെ പ്രവാസ ഹൃദയത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. പുറത്ത്‌ ഇരുള്‍ പരക്കുമ്പോള്‍ മനസ്സിലെ പ്രകാശം എവിടെയോ ഓടിയൊളിക്കുന്നതു പോലെ.

വിശാലമായ സ്‌കാനിംഗും ചായക്കുടിയും കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചര. 'Guys go get ready, we have to go for Sam uncle?s Thanksgiving dinner.' സാമങ്കിള്‍ അനിയുടെ പപ്പയുടെ കസിനാണ്‌, ഭാര്യ റോസിയാന്റി, ഈ സിറ്റിയിലെ ഞങ്ങളുടെ ഏകബന്ധു, താങ്ക്‌സ്‌ഗിവിംഗിന്‌ ഒരാഴ്‌ച മുമ്പാണ്‌ എല്ലാ വര്‍ഷവും അങ്കിളിന്റെ വീട്ടിലെ പാര്‍ട്ടി. അങ്കിളും അനിയുമായുള്ള കെമിസ്‌ട്രി അത്ര ശരിയല്ല. അനിയുടെ ഭാഷയില്‍ `നല്ല ചൊറിയന്‍?! പ്രശ്‌നം തലമുറയുടെ വിടവു തന്നെ. അങ്കിളിനും ആന്റിക്കും, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നെത്തിയതും, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നതുമായ കമ്പ്യൂട്ടര്‍ പ്രവാസികളെ തീരെ പിടിത്തമില്ല. കാരണം നിസ്സാരമാണ്‌, എഴുപതുകളില്‍ അമേരിക്കയിലെത്തി, കൊടും തണുപ്പ്‌ സഹിച്ച്‌ ബസ്സിലും, ട്രെയിനിലും കയറി നടന്ന്‌ ജോലിയന്വേഷിച്ച്‌ കണ്ടു പിടിച്ച്‌, അനേകം വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയതാണ്‌ അവരുടെ സാമ്രാജ്യം. പക്ഷെ, ഇന്നെല നാട്ടില്‍ നിന്ന്‌ എത്തുന്ന എച്ച്‌ വണ്‍കാരനും നല്ല വീടുകളും ലക്ഷ്വറി കാറുകളും സ്വന്തമാക്കുന്ന വേഗത അങ്കിളിനേയും ആന്റിയേയും വല്ലാതെ അസ്വസ്ഥരാക്കുന്നു. അത്‌ പല രീതിയില്‍ അവര്‍, പ്രത്യേകിച്ച്‌ അങ്കിള്‍ സംഭാഷണങ്ങളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യും.

ആറരയായപ്പോഴേയ്‌ക്കും എന്റെ കുടുംബാംഗങ്ങളെ ഒരു വിധത്തില്‍ വീട്ടില്‍ നിന്നിറക്കി ഞങ്ങളുടെ മിനി വാനില്‍ കയറ്റി. 'Roshy and Liya, think about something you want to say at the dinner,that you are thankful for.'

ഡിന്നറിനു വരുന്ന കുട്ടികളെയെല്ലാവരെയും കൊണ്ട്‌ ഒരു വാക്കെങ്കിലും താങ്ക്‌സ്‌ പറയിപ്പിക്കുക എന്നത്‌ അങ്കിളിന്റെ പാര്‍ട്ടിയിലെ ഒരു ട്രഡീഷനാണ്‌.

'Roshy you can say you are thankful for parents, home, friends, something like that Ok'

' Can I get a dog, so that I can be thankful about may dog atleast ' ലിയയുടെ എത്രയോ ന്യായമായ ആവശ്യം. 'I want doggie.? റോഷിയും ചേച്ചിയെ അനുകൂലിച്ചു.'Can I buy an iphone 6 so thant I can be thankful for something too' അനി ലിയയെ കളിയാക്കി പറഞ്ഞു. ' I want iphone 6 ഷൂസിന്റെ ലേസു കെട്ടാറി'ല്ലെങ്കിലും എല്ലാ വിധ ഫോണുകളെക്കുറിച്ചും ആപ്പുകളെക്കുറിച്ചും എന്റെ നാലു വയസ്സുകാരന്‌ നല്ല വിവരമാണ്‌.

'ഐഫോണ്‍ ഡിക്‌സ്‌ വളയുമെന്ന്‌ കേട്ടല്ലോ ' ഞാന്‍ എന്റെ അറിവ്‌ പങ്കുവച്ചു.

' നീ എന്നെ വളച്ച പോലെ വളയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഐഫോണ്‍ സിക്‌സല്ല, സാംസങ്ങും വളയും.'

അനിയുടെ ഈ ന്യൂജനറേഷന്‍ തമാശ ഭാഗ്യത്തിന്‌ കുട്ടികള്‍ക്ക്‌ മനസ്സിലായില്ല.

സമയം കൃത്യം ഏഴുമണി. സാമങ്കിളിന്റെ ഡ്രൈവേയിലും സ്‌ട്രീറ്റിലുമായി കാറുകളുടെ നീണ്ട നിര. സാമങ്കിളിന്റെ പാര്‍ട്ടിക്ക്‌ എപ്പോഴും ഒരു വന്‍ പട തന്നെ കാണും. കൊട്ടാരം പോലത്തെ ഈ വീട്ടില്‍ അങ്കിളും ആന്റിയും മാത്രം. മക്കള്‍ ജോലിക്കായി മറ്റ്‌ സംസ്ഥാനങ്ങളിലാണ്‌. ഇങ്ങനെയുള്ള പാര്‍ട്ടികളിലാണ്‌ ഈ വീട്‌ ഒന്ന്‌ ഉണരുന്നത്‌.

'വാ വാ'. ചെറുപ്പക്കാര്‍ക്കാണ്‌ സമയനിഷ്‌ഠ തീരെയില്ലാത്തത്‌.

അങ്കിളിന്റെ സ്‌നേഹസ്വാഗതം !

'മക്കളെ നിങ്ങളെന്താ താമസിച്ചത്‌ '

റോസിയാന്റിയുടെ കോറസ്‌'.

'ഏഴുമണിയെന്ന്‌ അങ്കിള്‍ പറഞ്ഞു. ഇപ്പോള്‍ ഏഴ്‌''

എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നില്‍ക്കാതെ റോസിയാന്റി അകത്തേക്ക്‌ നടന്നു. ഞാന്‍ പുറകേയും'.

ഹോള്‍വേയില്‍ നിറഞ്ഞു കിടക്കുന്ന ഷൂസ്സുകള്‍, ബൂട്‌സുകള്‍, ലിയയും റോഷനും സമപ്രായക്കാരെ തേടി ബേസ്‌മെന്റിലേക്ക്‌ പോയി. പുരുഷന്മാരെല്ലാം ഫാമിലി റൂമില്‍, സ്‌ത്രീകള്‍ കിച്ചണിലെ ബ്രേക്‌ഫാസ്റ്റ്‌ ടേബിളിനു ചുറ്റും. കുട്ടികള്‍ ബേസ്‌മെന്റില്‍, ഇതാണ്‌ ഇരിപ്പ്‌ ക്രമം. ബേസ്‌മെന്റിലേക്ക്‌ പോകാനാണ്‌ മനസ്സ്‌ പറയുന്നത്‌. കിച്ചണിലെത്തിയപ്പോള്‍ എന്നെത്തന്നെ നോക്കി ഒരു പതിനാറു മലയാളി മങ്കമാര്‍, പെട്ടെന്ന്‌ ഒരു ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിച്ച അവസ്ഥ!

ഒരറ്റത്ത്‌ നിന്ന്‌ ചോദ്യങ്ങള്‍ തുടങ്ങി. 'മോളിപ്പോള്‍ ജോലി ചെയ്യുന്നുണ്ടോ?' 'നിങ്ങള്‍ക്കിതു വരെ ഗ്രീന്‍ കാര്‍ഡ്‌ കിട്ടിയില്ലേ ? നിങ്ങള്‍ ഏതു പള്ളിയിലാ പോകുന്നത്‌ '

'നിങ്ങളുടെ നൈബര്‍ഹുഡില്‍ വീടിന്റെ വില എങ്ങനെയുണ്ട്‌ ?'

 ഈയിടെയായിട്ട്‌ പള്ളീലൊന്നും കാണാറില്ലല്ലോ?

എന്റെ തൊണ്ടവരളുന്നു. ആന്റി എനിക്ക്‌ കുറച്ച്‌ വെള്ളം, അല്ലെങ്കില്‍ ഞാനെടുത്തോളാം?

ഫ്രിഡ്‌ജില്‍ നിന്ന്‌ വെള്ളമെടുക്കുമ്പോള്‍ ഒരു ഗ്ലാസുമായി അനിയും എത്തി.

നീനാ എനിക്ക്‌ കുറച്ചു വെള്ളം .

ഇത്ര വേഗം അനിയുടെ ഇന്റര്‍വ്യൂ കഴിഞ്ഞോ?

അവരിപ്പോഴും എച്ച്‌ വണ്ണിലാ. ഗ്രീന്‍ കാര്‍ഡിനിയും സമയമെടുക്കും അവരു താമസിച്ചല്ലേ അപ്ലൈ ചെയ്‌തത്‌ ! ഭാഗ്യം, ഇന്റര്‍വ്യൂ ബോര്‍ഡിന്‌ വേണ്ട ഉത്തരങ്ങളൊക്കെ റോസിയാന്റി കൊടുത്തിരിക്കുന്നു !

മേശപ്പുറത്ത്‌ കട്‌ലറ്റും ഉഴുന്നുവടയും പരിപ്പുവടയും നിരന്നിരിക്കുന്നു. റോസിയാന്റിയുടെ കേരളീയ പലഹാരങ്ങളൊക്കെ ബഹു കേമമാണ്‌. ലിയയും റോഷനും സ്റ്റാര്‍ട്ടേഴ്‌സിനായി മേശയ്‌ക്കരികില്‍ എത്തി. റോസിയാന്റി വിളിച്ചുവരുത്തിയതാണ്‌. ലിയ പ്ലേറ്റുമായ ടേബിളിനും ചുറ്റും കറങ്ങി. ഒടുവില്‍ കുറച്ച്‌ നട്‌സ്‌ മാത്രമെടുത്ത്‌ ബേസ്‌മെന്റിലേക്ക്‌ പോയി. റോഷനും ചേച്ചിയെ അനുകരിച്ച്‌ കുറച്ച്‌ നട്‌സെടുത്ത്‌ എന്റയടുക്കല്‍ വന്നു.

 കുട്ടികള്‍ക്ക്‌ ഇന്ത്യന്‍ ഫുഡ്‌ ഒന്നും ഇഷ്‌ടമില്ലേ ? കൂട്ടത്തിലെ തല മൂത്ത ആന്റിയുടെ ചോദ്യം എന്നോടാണ്‌.  അങ്ങനെയൊന്നുമില്ല. വീട്ടില്‍ നിന്ന്‌ ഇപ്പോള്‍ സ്‌നാക്ക്‌ കഴിച്ചതേയുള്ളൂ.

'Roshy you like vada, take one .'

' I hate vada.' എന്നെ പരസ്യവിചാരണയ്‌ക്ക്‌ വിട്ടിട്ട്‌ എന്റെ മകന്‍ പ്ലേറ്റിലെ നട്‌സുമായി അപ്രത്യക്ഷനായി.

'ഈ പ്രായത്തില്‍ ഇന്ത്യന്‍ ഫുഡ്‌ കൊടുത്ത്‌ പഠിപ്പിച്ചില്ലെങ്കില്‍ പിന്നെ കഷ്‌ടപ്പെടും. നാട്ടിലൊക്കെ പോവുമ്പോള്‍ എന്ത്‌ കഴിക്കും?' ലില്ലിയാന്റി കൊളുത്തിയ ദീപശിഖ മോളിയാന്റി ഏറ്റുവാങ്ങി അമ്മിണിയാന്റിക്ക്‌ കൈമാറുന്നു. കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനെക്കുറിച്ച്‌, കേരളീയ ഭക്ഷണം കഴിപ്പിക്കുന്നതിനെക്കുറിച്ച്‌ ഒക്കെ എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കു വയ്‌ക്കുന്നു. കേരളീയ സംസ്‌കാരത്തെക്കുറിച്ച്‌ ഘോരഘോരമായി സംസാരിക്കുന്ന ഇവരില്‍ ചിലരുടെയൊക്കെ മക്കളുടെ കേരളീയ സംസ്‌കാരം ചോറും മോരും കഴിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നും, വീടിനു പുറത്ത്‌ അവര്‍ ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ ഒരു സംസ്‌കാരത്തിനും നിരക്കാത്തതാണെന്നും ഉള്ളത്‌ സങ്കടകരമായ സത്യം !

പിന്നെ, തല്‍ക്കാലം ഞങ്ങളുടെ കുടുംബത്തിന്റെ മുഖ്യപ്രശ്‌നം, കുട്ടികള്‍ കേരളീയ ഭക്ഷണം കഴിക്കാത്തതോ, മലയാളം പറയാത്തതോ അല്ല, മറിച്ച്‌ മാസാമാസം മോര്‍ട്ട്‌ഗേജും മറ്റും ബില്ലുകളും അടയ്‌ക്കാന്‍ പറ്റുക, ഗ്രീന്‍ കാര്‍ഡ്‌ കിട്ടുന്നതു വരെ അനിയുടെ ജോലി നഷ്‌ടപ്പെടാതിരിക്കുക എന്നതൊക്കെ?യാണ്‌.

മോളെ, അങ്കിളിനോട്‌ ടര്‍ക്കി കട്ട്‌ ചെയ്യാമെന്ന്‌ പറ. റോസിയാന്റി എന്റെ രക്ഷയ്‌ക്കെത്തി.

അങ്കിളുമാരുടെ ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുന്ന അനി അസ്വസ്ഥനാണെന്ന്‌ മുഖം കണ്ടാലറിയാം. വിഷയം പള്ളി പൊളിറ്റിക്‌സാണ്‌. കേരളത്തിലെ ഒരു ക്രിസ്‌തീയ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്‌ കൂടുതല്‍ പേരും. ക്രിസ്‌തുവൊഴിച്ച്‌ ബാക്കിയെല്ലാം സംസാര വിഷയമാണ്‌. അച്ചന്റെ ഭരണ പരിഷ്‌കാരങ്ങള്‍, പള്ളി കമ്മറ്റിയുടെ കാര്യക്ഷമത, പള്ളി കഴിഞ്ഞു കൊടുക്കുന്ന ഭക്ഷണത്തിലെ കറികളുടെ എണ്ണം, അങ്ങനെ പലതും. ആവേശം മൂത്ത്‌ എണീറ്റു നിന്നാണ്‌ സാമങ്കിളിന്റെ സംസാരം. അങ്കിളിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എനിക്ക്‌ വളരെ കഷ്‌ടപ്പെടേണ്ടി വന്നു.

കുട്ടികളും മുതിര്‍ന്നവരുമായ എല്ലാവരും ഊണുമുറിയിലെ അതിവിശാലമായ മേശയുടെ ചുറ്റും ഒത്തു കൂടി. ഊണ്‍മേശയുടെ ഒത്ത നടുക്ക്‌ അതികായകനായ ഒരു ടര്‍ക്കി ഉഗ്രപ്രതാപത്തോടെ വിരാജിക്കുന്നു. വെളുത്ത്‌ തുടുത്ത്‌ ഗ്രോസറിക്കടയിലിരുന്ന ഈ അമേരിക്കന്‍ കോഴി റോസിയാന്റിയുടെ അവനില്‍ നാലഞ്ചു മണിക്കൂര്‍ ഇരുന്ന്‌ റ്റാന്‍ ചെയ്യപ്പട്ട്‌ നല്ല ബ്രൗണ്‍ നിറത്തില്‍ ഒത്തയൊരു മലയാളിയായി മാറിയിരിക്കുന്നു.!

സാമങ്കിള്‍ ഗ്രേസ്‌ പറഞ്ഞു. ഇനി കുട്ടികളുടെ ഊഴമാണ്‌. ഓരോരുത്തരായി നന്ദി പറഞ്ഞു തുടങ്ങി. നല്ല സ്‌കൂള്‍ വര്‍ഷത്തിന്‌, കൂട്ടുകാര്‍ക്ക്‌, ഭക്ഷണത്തിന്‌, ഒക്കെ ലിയയും ഏതൊരു അപ്പനും അമ്മയ്‌ക്കും അഭിമാനിക്കാവുന്ന വിധത്തില്‍ നന്ദി പ്രകടിപ്പിച്ചു. അടുത്തത്‌ റോഷിയാണ്‌.

'I wanna thank mm ,,..,spiderman and?. Mommy what was the other thing you told me  I forgot? and ya?for the nuts?.and this thing the turkey. It looks gross? and ?Liya, stop pinching me.'

'Thank you Roshan, Let's cut the turkey. Happy Thanksgiving.'

സാമങ്കിളിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട്‌ കൂടുതല്‍ പരിക്കുകളില്‍ നിന്ന്‌ രക്ഷപ്പെട്ടു.

സത്യസന്ധനായ എന്റെ മകന്‌, ബുദ്ധിശാലിയായ എന്റെ മകള്‍ക്ക്‌, ക്ഷമാശീലനായ എന്റെ ഭര്‍ത്താവിന്‌ ഈ പ്രവാസത്തിലെ പരീക്ഷണങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ തരുന്ന കരുത്തിന്‌ ഒക്കെ.ദൈവമേ നന്ദി.

കടപ്പാട്‌ : മലയാളി മാഗസിന്‍ , നവംബര്‍ ലക്കം




ജെയിന്‍ ജോസഫ്‌
ഓസ്റ്റിന്‍, ടെക്‌സാസ്‌

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യു ഡോട്ട് കോം-3 - ഒരു അമേരിക്കന്‍ മലയാളി കുടുംബം (ജെയിന്‍ ജോസഫ്‌)
Join WhatsApp News
ambiligeorge 2014-12-10 20:08:46
Super..please do write more...Looking forward to read more.Jain hour language is awesome....
Joseph 2014-12-10 21:40:31
വളരെ അഭിനന്ദനീയമായ ഒരു ലേഖനം കാഴ്ച വെച്ച ശ്രീമതി ജയിൻ ജോസഫിന് അഭിനന്ദനങ്ങൾ. അമേരിക്കയിൽ വന്ന മലയാളികളുടെ തനി ഹൃദയത്തുടിപ്പുകൾ തുറന്നു കാണിക്കുന്ന ഇത്തരം ലേഖനങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വളരെ സരസമായി ഹൃദ്യമായ ഭാഷയിലെഴുതിയ ഈ ലേഖനത്തിലെ ഒരു വരിപോലും വായനക്കാരെ ബോറടിപ്പീക്കില്ല. വായിച്ചു കഴിഞ്ഞപ്പോൾ ജയിൻ എഴുതിയത് എനിക്കു ചുറ്റുമുള്ളവരെപ്പറ്റിയാണോയെന്നും തോന്നിപ്പോയി. ഇതെല്ലാം എന്റെ പ്രവാസിജീവിതത്തിലും ഞാനും അനുഭവിച്ചതാണ്‌. "മോളി മോൾ ജോലി ചെയ്യുന്നുണ്ടോ, ഏതു പള്ളിയിലാ പോവുന്നത്, ഇയിടെ പള്ളിയിൽ കാണാറില്ലല്ലോ, തല മൂത്ത ആന്റിയുടെ സ്നാക്ക് പ്രയോഗവും" നന്നായിട്ടുണ്ട്. വരുമാനത്തിൽ കവിഞ്ഞു മേടിച്ച വീടിന്റെ മോർട്ട്ഗേജ് മാസാമാസം കൊടുക്കുന്ന ബദ്ധപ്പാടും നവംബറിലെ ഇലവാരലും സായിപ്പിനോട് 'റേക്ക്' കടം വാങ്ങുന്നതും നമ്മുടെയെല്ലാം അനുദിന ജീവിതത്തിലെ സംഭവങ്ങളാണ്. പള്ളി രാഷ്ട്രീയം, തിരുമേനി, ഇതെല്ലാം ആണുങ്ങളുടെ ഡിപ്പാർട്ട് മെന്റാണ്. ചിലർക്ക് സ്ത്രീകൾക്കൊപ്പം കിച്ചണിൽ നിന്ന് വർത്തമാനം പറഞ്ഞാലെ തൃപ്തി വരുകയുള്ളൂ. ഇങ്ങനെയുള്ള ബഹുമുഖങ്ങളായ നമ്മുടെ സമൂഹത്തെ ഈ ലേഖനത്തിൽ പരിചയപ്പെടാം. വീടുകൾ മേടിക്കുന്നതിനു മുമ്പ് മലയാളിയുടെ മത്സരയോട്ടം കാറുകൾ മേടിക്കാനായിരുന്നു. അന്ന് ഫോർ ഡോർ, ടു ഡോർ, എഞ്ചിൻ, മിറർ, സണ്‍ റൂഫ് ഒക്കെയായിരുന്നു സംസാര വിഷയങ്ങൾ. ആരുടെയെങ്കിലും പുത്തൻ കാറ് പോറിയാൽ കൂട്ടുകാരൻ മലയാളിക്ക് സന്തോഷവും ടെലഫോണ്‍ വഴി നാടു മുഴുവൻ അറിയിക്കുകയും ചെയ്യുമായിരുന്നു. അവിടുന്ന് വീടിന്റെ മോർട്ട്ഗെജു വരെയും സെൽ ഫോണ്‍ വരെയുമേ അന്നത്തെ മലയാളീകൾ വളർന്നിട്ടുള്ളൂ. കമ്പ്യൂട്ടറിനെയും ഈ മെയിലിനെയും ആദ്യ മലയാളികള്ക്ക് പൊതുവേ പേടിയാണ്. എല്ലാം കൊണ്ടും ലക്ഷണമൊത്ത അതി മനോഹരമായ ഒരു ലേഖനം.
വിദ്യാധരൻ 2014-12-11 09:43:36
കഥയെഴുതുവാനുള്ള (ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പ്പികവും ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധം ഇല്ലാത്തവരും എന്ന് കരുതുന്നു ) അസംസ്കൃത വസ്തുക്കൾ അമേരിക്കയിൽ ഇല്ലെന്നു പറഞ്ഞു ബഹളം വയ്ക്കുകയും അക്ബർ കട്ടിക്കലിനെ ചീത്ത വിളിക്കുന്നവരും തീർച്ചയായും ഈ കഥ വായിച്ചിരിക്കണം.  നാം അടങ്ങിയ സമൂഹത്തിൽ ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളെ കൂട്ടി ചേർത്തു കഥാകാരി ഒരു കഥ മെനഞ്ഞപ്പോൾ അത് അനുവാചകന് ആസ്വാദ്യകരമാകുന്നു.  കഥയുടെ പശ്ചാത്തലം ക്രൈസ്തവ കുടുംബങ്ങളെ ചുറ്റിപറ്റിയുള്ളതാണെന്ന ഒരു വ്യത്യാസം മാത്രം.  കഥാകാരി പറഞ്ഞതുപോലെ വാദപ്രതിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ  യേശു എന്നും പുറത്തു തന്നെ . അതുകൊണ്ടായിരിക്കാം അദ്ദേഹം വെളിയിൽ നിന്ന് കേഴുന്നത്, "ഞാൻ നിങ്ങളുടെ വാതിലിൽ മുട്ടുന്നു, നിങ്ങൾ വാതിൽ തുറക്കുമെങ്കിൽ ഞാൻ അകത്തു വരികയും നിങ്ങളോടൊപ്പം അത്താഴം കഴിക്കുകയും ചെയ്യും" (എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാത്തുള്ള ക്ഷമിക്കണം)  മിക്കവാറും ക്രൈസ്തവരായ എന്റെ സുഹൃത്തുക്കളുടെ  താങ്ക്സ്വിംഗ് പാർട്ടിയിലും ക്രിസ്തുമസ് പാര്ട്ടിയിലും , സ്പിരിറ്റ്‌ കുടിച്ചു ആത്മാവ് ഇല്കിയാടുമ്പോൾ ചത്തുപോയ അച്ചന്മാരും തിരുമേനിമാരേം, ജീവിചിരിക്കുന്നവരെയും ചീത്ത വിളിച്ചു മൂന്നു മിനിട്ടുകൊണ്ട് ഉയരത്ത് എഴുന്നെല്പ്പിക്കും. ഞങ്ങളുട ഹൈന്ദവ സഹോദരങ്ങളും മോശമല്ല.  ഞങ്ങൾക്ക്  എല്ലാത്തിനും ഓരോ ദൈവങ്ങൾ, ഉള്ളത് കൊണ്ട് എന്തുവേണമെങ്കിലും പറയാം.  പരദൂഷണം പറയുമ്പോൾ നാരദർ അടുത്തു തന്നെയുണ്ട് (അദ്ദേഹത്തെ ഇടയ്ക്കിടക്ക് ഈ -പേജിലും കാണാം ). ഇത്തിരി കുഴ്ഞാട്ടം മാണെങ്കിൽ ശ്രീകൃഷണ ഭഗവാൻ,  ദേഷ്യം വന്നാൽ ശിവൻ അങ്ങനെ പോകുന്നു അവരുടെ പട്ടിക. നിങളുടെ കഥ ആസ്വദിച്ചതുകൊണ്ടാണ് ഇത്രയും എഴുതിയത്.  അഭിനന്ദനം. 

Vini Sebastian 2014-12-11 12:15:43
Jain,
Thanks for the article... really enjoyed...keep writing...good luck!
Jane Joseph 2015-01-23 08:43:37
Thank you all for accepting 'Chackos'. I really appreciate your feedbacks, it's very motivating.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക