Image

ചാക്കോസ്‌ @ 5018 ചെസ്റ്റ്‌ നട്ട്‌ അവന്യൂ ഡോട്ട്‌കോം (ജയിന്‍ ജോസഫ്‌, ഓസ്റ്റിന്‍)

Published on 22 March, 2015
ചാക്കോസ്‌ @ 5018 ചെസ്റ്റ്‌ നട്ട്‌ അവന്യൂ ഡോട്ട്‌കോം (ജയിന്‍ ജോസഫ്‌, ഓസ്റ്റിന്‍)
ചാക്കോസ്‌ : ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ്‌ : അനില്‍ ചാക്കോ , സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍
ഭാര്യ: നീന ചാക്കോ , ഹൌ സ്‌ വൈഫ്‌
മകള്‍: ലിയ, പതിനൊന്നു വയസ്‌,
മകന്‍: റോഷന്‍ , നാലുവയസ്‌

"Mummy Reno peed on the carpet "

 റോഷന്റെ കോലാഹലം കേട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ കാര്‍പ്പറ്റില്‍ `ഒന്ന്‌' സാധിച്ചതിനു ശേഷം `രണ്ടി'നായി പൊസിഷന്‍ ചെയ്യുന്ന റീനോയെയാണ്‌.

'Reno No? stop it. I say No?''

പ്രാഥമിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ തടസ്സപ്പെടുത്തിയതിന്റെ പ്രതിഷേധത്തോടെ നില്‍ക്കുന്ന റീനോയെ ഒരു വിധത്തിലാണ്‌ വലിച്ച്‌ ബാക്ക്‌ യാര്‍ഡിലെത്തിച്ചത്‌.

'Go ahead Reno, now you can do your business'.

ബാക്ക്‌ യാര്‍ഡിലെത്തിയതും റീനോ കളിക്കാനുള്ള മൂഡിലായി. അവിടെ കിടന്ന ബോള്‍ മൂക്കുകൊണ്ട്‌ തട്ടിത്തുടങ്ങിയപ്പോഴേക്കും റോഷനും കൂട്ടിനെത്തി.

റീനോ എന്ന വൈറ്റ്‌ ലാബ്രഡോര്‍ പട്ടിക്കുട്ടി ഞങ്ങളുടെ കുടുംബത്തിലെ അംഗമായിട്ട്‌ ഏതാണ്ട്‌ ഒന്നര മാസമാകുന്നു. ഈ കുറഞ്ഞ സമയം കൊണ്ട്‌ തന്നെ എല്ലാവരുടെയും ഹൃദയത്തില്‍ റീനോ സ്ഥാനം പിടിച്ചുവെങ്കിലും വീട്ടിലെ നിയമസംഹിതകളുമായി ആളിതുവരെയും പൊരുത്തപ്പെട്ടിട്ടില്ല. പോട്ടി പ്രശ്‌നമാണ്‌ അതില്‍ മുഖ്യം. ലാബ്രഡോര്‍ ഇനം പട്ടികള്‍ വളരെയധികം ബുദ്ധി സാമര്‍ത്ഥ്യം ഉള്ളവരാണെന്നാണ്‌ വെപ്പ്‌. അനിലിന്റെ കൊളീഗിന്റെ ലാബ്രഡോര്‍ പട്ടിക്കുട്ടി പത്താഴ്‌ച പ്രായമായപ്പോഴേക്കും പുറത്തുപോകേണ്ട സമയമാകുമ്പോള്‍ ബാക്ക്‌ ഡോറില്‍ കെട്ടിത്തൂക്കിയ മണി തട്ടി ശബ്ദമുണ്ടാക്കും പോലും!. അതു കേട്ട്‌ ഞങ്ങളും വാങ്ങിത്തൂക്കി ഒരു മണി.

പിന്നെ വീട്ടില്‍ നിരന്തരം മണിയടി ശബ്ദമായിരുന്നു. ആ മണി റീനോയുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറി. മുഴുവന്‍ സമയവും അതില്‍ തൂങ്ങിയായി ആളുടെ കളികള്‍. റോഷനും ആ വഴി പോവുമ്പോഴൊക്കെ മണിയടിക്കുന്നത്‌ ഒരു രസമായി മാറി. മണിക്കു മുടക്കിയ മണി പോയതു മിച്ചം! പിന്നെയും പല ഡോഗ്‌ എക്‌സപേര്‍ട്ട്‌സിന്റെയും ഉപദേശപ്രകാരം പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചുവെങ്കിലും, ഇപ്പോഴും തരം കിട്ടുമ്പോഴൊക്കെ റീനോ കാര്‍പെറ്റില്‍ കാര്യം സാധിക്കുന്നു. അതുമാത്രമല്ല ഒരു സാധനവും നിലത്തുവയ്‌ക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. റോഷന്റെ പല ഷൂസുകളും ഇതിനോടകം കക്ഷി ശാപ്പിട്ടു. കൂടാതെ ന്യൂസ്‌പേപ്പര്‍ ബോക്‌സ്‌, ടിഷ്യൂബോക്‌സ്‌ എന്നു വേണ്ട വീട്ടിലുള്ള എല്ലാ സാധനങ്ങളും റീനോയ്‌ക്ക്‌ ടോയ്‌സാണ്‌. ലിയയുടെയും റോഷന്റെയും കാണാതാകുന്ന സോക്‌സുകള്‍ വരും ദിവസങ്ങളില്‍ ബാക്ക്‌യാര്‍ഡില്‍ പല രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടു വന്നു.

ഒരു ഗുണമുണ്ടായത്‌ റോഷന്‍ കളി കഴിഞ്ഞാല്‍ ഒരു ടോയ്‌ പോലും നിലത്തിടാതെ ടോയ്‌ ബിന്നിലിട്ടു തുടങ്ങി. കളിക്കുന്നതുതന്നെ ഡൈനിംഗ്‌ ടേബിളില്‍ വച്ചായി.

നല്ല തണുപ്പ്‌, അധികനേരം പുറത്തുനില്‍ക്കാന്‍ പറ്റുന്നില്ല.

'Roshy bring him inside, I?m going in'

കിച്ചണില്‍ ലിയ സ്‌നാക്ക്‌ ബോക്‌സുകള്‍ പരതുന്നു. സ്‌കൂളില്‍ നിന്നു വന്ന വേഷം മാറിയിട്ടുണ്ട്‌. ബ്ലാക്ക്‌ ലെഗ്ഗിംഗ്‌സും റെഡ്‌ ടോപ്പും, സില്‍വര്‍ ബെല്‍റ്റും! മുടി അഴിച്ചിട്ടിരിക്കുന്നു. ഇന്ന്‌ ലിയയുടെ സ്‌കൂളിലെ വാലന്റയിന്‍സ്‌ ഡാന്‍സ്‌ പാര്‍ട്ടിയാണ്‌. വൈകുന്നേരം ഏഴുതൊട്ട്‌ എട്ടരവരെ. എലിമെന്ററി സ്‌കൂളില്‍ ഇല്ലാതിരുന്ന കാര്യം. ലിയ ആകെ എക്‌സൈറ്റഡ്‌ ആണ്‌.

'Liya, Look at me? did you put on make up'

'Mom, esay? I just put a little bit of blush ok?'

'You used my make up? without asking me?'

എന്റെ മേക്കപ്പ്‌ കിറ്റ്‌ എടുത്ത്‌ കാര്യമായിട്ട്‌ പെരുമാറിയിട്ടുണ്ടെന്ന്‌ മുഖം കണ്ടാലറിയാം.

'I told you not to use make up, you?ll get pimples. You look pretty without makeup'.

'Then why do you wear make up, mom?'

ഉത്തരം ചോദ്യരൂപേണ.

'I only gave permission to go for the dance, not to put make up, ok'

അമ്മയുടെ പരമാധികാരം ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു. ഈ ആറാം ക്ലാസ്സുകാര്‍ക്ക്‌ എന്തിനാണ്‌ വാലന്റയിന്‍സ്‌ ഡാന്‍സ്‌ പാര്‍ട്ടി? ഫ്രണ്ട്‌സ്‌ എല്ലാവരും പോകുന്നുണ്ടെന്ന്‌ പറഞ്ഞ്‌ കൊഞ്ചിയപ്പോഴാണ്‌ അനുവാദം കൊടുത്തത്‌. എത്ര നാളാണ്‌ ചിറകിനടിയില്‍ പൊതിഞ്ഞു വയ്‌ക്കുന്നത്‌? എന്നാണെങ്കിലും തനിയെ പറക്കണമല്ലോ? ഉള്ളില്‍ പലതില്‍ നിന്നും വിലക്കാന്‍ വെമ്പുന്ന ഭാരതീയ സംസ്‌കാരത്തിന്റെ കരുത്തുറ്റ വേരുകള്‍; പുറത്ത്‌ അമേരിക്കന്‍ ആകാശത്തേക്ക്‌ തഴച്ച്‌ വളരുന്ന പുരോഗമന ചിന്താഗതിയുടെ ശിഖരങ്ങള്‍! രണ്ട്‌ സംസ്‌കാരങ്ങളുടെ ഇടയില്‍ വിങ്ങുന്നത്‌ ഇവിടെ വളരുന്ന കുട്ടികളല്ല, ഇവിടെ കുട്ടികളെ വളര്‍ത്തുന്ന പാവം പ്രവാസി മാതാപിതാക്കളാണ്‌!

ഡ്രൈവേയില്‍ കാര്‍ വന്ന്‌ നില്‍ക്കുന്ന ശബ്ദം. അനില്‍ എത്തിയിരിക്കുന്നു.

'Dad?s here'.

അനില്‍ അകത്തെത്തിയപ്പോഴേക്കും റോഷനും റീനോയും അടുത്തെത്തി. റോഷനെ ഒരു കൈയില്‍ എടുത്ത്‌ അകത്തേക്ക്‌ നടക്കുന്ന അനിലിന്റെ കാലില്‍ എത്തിയെത്തി ചാടുന്ന റീനോ. അനിലിന്‌ ഇത്‌ ഒരു പുതിയ അനുഭവമാണ്‌. അനിലിന്റെ നാട്ടിലെ വീട്ടില്‍ ആകെയുണ്ടായിരുന്ന വളര്‍ത്തുമൃഗം കോഴിയായിരുന്നു. പട്ടിയെന്ന വളര്‍ത്തുമൃഗത്തിന്റെ സ്‌നേഹം ഏറെ അനുഭവിച്ച്‌ വളര്‍ന്ന എന്റെ ഒരു ഉറപ്പിലാണ്‌ റീനോയെ വാങ്ങിയത്‌ തന്നെ. എന്നാല്‍ കഴിഞ്ഞ ഒരു മാസം കൊണ്ട്‌ റീനോ അനിലിന്റെ ഹൃദയം കവര്‍ന്നു എന്നു തന്നെ പറയാം. റീനോയെ പരിശീലിപ്പിക്കുക എന്ന പണി വിചാരിച്ചതിലും ക്ലേശകരമായിപ്പോയില്ലേ എന്നൊരു സംശയം എനിക്കില്ലാതില്ല.

വാലന്റയിന്‍സ്‌ പാര്‍ട്ടി കഴിഞ്ഞ്‌ എത്തിയ ലിയ ആകെ സന്തോഷത്തിലായിരുന്നു. എഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും ചില കുട്ടികള്‍ പാര്‍ട്ട്‌നേഴ്‌സിന്റെ കൂടെയാണ്‌ ഡാന്‍സ്‌ ചെയ്‌തതെന്നും അല്ലാത്തവര്‍ ഗ്രൂപ്പായി ഡാന്‍സ്‌ ചെയ്‌തെന്നും തുടങ്ങി പുതിയ ലോകത്ത്‌ നിന്ന്‌ ലഭിച്ച പുതിയ അറിവുകള്‍ ലിയ ഞങ്ങള്‍ക്കായി പങ്കുവച്ചു. ആറാം ക്ലാസ്സിലെ പേരറിയാത്ത ഒരു ബോയ്‌, കൂടെ ഡാന്‍സ്‌ ചെയ്യാമോയെന്ന്‌ ചോദിച്ചെന്നും, താന്‍ പറ്റില്ലായെന്ന്‌ പറഞ്ഞെന്നും ലിയ പറഞ്ഞു. ഞാനും അനിലും അഭിമാനത്തോടെ പരസ്‌പരം നോക്കി. എന്നാല്‍ ആ അഭിമാനം ക്ഷണികമായിരുന്നു. ആ ആണ്‍കുട്ടിക്ക്‌ പകരം ?വില്‍? എന്ന ആണ്‍കുട്ടി ചോദിച്ചിരുന്നെങ്കില്‍ താന്‍ സമ്മതിക്കുമായിരുന്നു എന്ന്‌ ലിയ വെളിപ്പെടുത്തി.

Feb 14, Saturday

വാലന്റയിന്‍സ്‌ ഡേ, പ്രണയദിനം! കട്ടിയുള്ള കംഫര്‍ട്ടറിനടിയില്‍ അനിയോട്‌ ചേര്‍ന്ന്‌ കിടന്ന്‌ പ്രണയത്തെക്കുറിച്ചോര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബാംഗ്ലൂരിലെ സോഫ്‌റ്റ്‌ വെയര്‍ കമ്പനിയുടെ കോറിഡോറില്‍ വച്ച്‌ കണ്ട ആറടിക്കാരനോട്‌ തോന്നിയത്‌ ഇന്‍ഫാച്ചുവേഷന്‍ മാത്രമായിരുന്നു. പിന്നെ ഒരു ടീമില്‍ വര്‍ക്ക്‌ ചെയ്‌തപ്പോഴാണ്‌ ആളെ അടുത്തറിഞ്ഞു തുടങ്ങിയത്‌. എല്ലാ കാര്യങ്ങളും പക്വതയോടെ ചെയ്യുന്ന വ്യക്തി. വളരെ സൗമ്യമായ സ്വഭാവം. ടീം ലീഡ്‌ ആയിരുന്നതിനാല്‍ കുറച്ച്‌ ഡിസ്റ്റന്‍സ്‌ ഇട്ടുള്ള പെരുമാറ്റം. പക്ഷെ സമാനമായി ചിന്തിച്ചിരുന്നതുകൊണ്ട്‌ വളരെ വേഗം ഞങ്ങള്‍ അടുത്തു. അതിനിടയിലാണ്‌ അനില്‍ ന്യൂജേഴ്‌സിയിലെ ഒരു ഓഫ്‌ ഷോര്‍ പ്രോജക്ടിലേക്ക്‌ പോകേണ്ടിവന്നത്‌. എല്ലാ പ്രണയവാക്യങ്ങളും പോലെ, വിരഹം തന്നെയാണ്‌ സുഹൃത്‌ബന്ധത്തിനും അപ്പുറത്തേക്ക്‌ നീളാവുന്ന ഒരവസ്ഥയിലേക്ക്‌ മനസ്സ്‌ എത്തിച്ചേര്‍ന്നുവെന്ന്‌ മനസ്സിലാക്കിത്തന്നത്‌.

പിന്നെ എല്ലാം അറേഞ്ച്‌ഡ്‌ മാര്യേജ്‌ പോലെ തന്നെയായിരുന്നു.

രണ്ട്‌ ക്രിസ്‌തീയ മതവിഭാഗത്തില്‍ പെട്ടവരായിരുന്നതിന്റെ കുറച്ചു പൊട്ടലും ചീറ്റലും ഒഴിച്ചാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ നടന്നു.

' 'Happy Valentine?s day'.

നീനാ, ഞാനൊന്നുറങ്ങട്ടെ, ശല്യപ്പെടുത്താതെ, അനില്‍ തിരിഞ്ഞുകിടന്നു.

കല്യാണത്തിനു മുമ്പ്‌ അനില്‍ അമേരിക്കയിലും ഞാന്‍ ഇന്‍ഡ്യയിലുമായിരുന്ന കാലം മനസ്സിലേക്ക്‌ വന്നു. രാത്രിയും പകലും ഇടവിടാതെ ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ ഇന്നിപ്പോള്‍ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ പ്രണയം പക്വതയുള്ള ഒരു വ്യക്തിയെപ്പോലെ ഒതുങ്ങിമാറി ഊഴം കാത്ത്‌ നില്‍ക്കുന്നു; വെയിലും മഴയും ഒഴിഞ്ഞ തെളിഞ്ഞ പകലുകള്‍ക്കായ്‌

'Mom, dad wake up'

റോഷനും റീനോയും ചാടി ബഡ്ഡില്‍ക്കയറി

'Roshy did you take him outside?'

പതിവ്‌ പോലെ കാര്‍പെറ്റ്‌ ക്ലീന്‍ ചെയ്‌ത്‌ എന്റെ ദിവസം ഞാന്‍ ആരംഭിച്ചു.

Feb 14, Saturday 7 pm

വാലന്റയിന്‍സ്‌ ഡേ, ഈവനിംഗ്‌ 7.00 P.M.

പുറത്ത്‌ പൊടിപൊടിയായി മഞ്ഞ്‌ വീഴുന്നു. വെള്ളത്തുണി വിരിച്ചിരിക്കുന്ന ടേബിളിന്റെ ഒത്ത നടുക്കുള്ള വേസില്‍ ചുവന്ന റോസാപ്പൂക്കള്‍ മങ്ങിക്കത്തുന്ന സുഗന്ധമുള്ള കാന്‍ഡില്‍. ഒഴുകിവരുന്ന ഇന്‍സ്‌ട്രമെന്റല്‍ മ്യൂസിക്‌. മെയിന്‍ സ്‌റ്റ്രീറ്റിലെ പ്രശസ്‌തമായ ഇറ്റാലിയന്‍ റെസ്‌റ്റോറന്റ്‌, മിലാനോസ്‌. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല, അനില്‍ ഞാനറിയാതെ ഇങ്ങനെയൊരു സര്‍െ്രെപസ്‌ പ്ലാന്‍ ചെയ്‌തുവെന്ന്‌. ബേബി സിറ്റിംഗിന്‌ കേറ്റ്‌ലിനെ അറേഞ്ച്‌ ചെയ്‌തതും, ഡിന്നര്‍ റിസര്‍വേഷനെടുത്തതും ഒന്നും ഞാനറിഞ്ഞില്ല. എന്നാല്‍ കുട്ടികള്‍ക്ക്‌ എല്ലാമറിയാമായിരുന്നു താനും. റോഷന്‍ ഉണ്ടായതിനുശേഷം കുട്ടികളില്ലാതെ ഒരു ഡിന്നറിന്‌ പോയിട്ടില്ല.

അനില്‍ വെയിറ്ററോട്‌ ചോദിച്ചറിഞ്ഞ്‌ ഇന്നത്തെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഓരോ ദിവസവും മാറുന്ന മെനു ആണത്രെ ഇവിടത്തെ പ്രത്യേകത. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തെക്കാളുപരി അനിയുടെ കൂടെ കുറച്ചുസമയം സ്വസ്ഥമായി, അതു മാത്രം മതി. ഇടയ്‌ക്കുകയറി പറയാനാരുമില്ലാതെ, ഒരു വാചകം മുഴുവനാക്കാന്‍ സാധിച്ച്‌ അനിയുടെ കണ്ണുകളില്‍ നോക്കി സംസാരിച്ച്‌, ഒരു സെക്കന്റ്‌ ഹണിമൂണ്‍ പോലെ.

മെയിന്‍ കോഴ്‌സ്‌ കഴിഞ്ഞ്‌ ഡിസേര്‍ട്ട്‌ മെനു നോക്കുന്നതിനിടയിലാണ്‌ അനിയുടെ ഫോണിലേക്ക്‌ ആ കോള്‍ വന്നത്‌. ബേബി സിറ്റര്‍ കേറ്റ്‌ലിനായിരുന്നു മറുവശത്ത്‌. അനിലിന്റെ മുഖത്ത്‌ പരിഭ്രമം.

'We will be right there'

എന്താ അനീ, എന്തുപറ്റി?

നീനാ, ടെന്‍ഷനടിക്കേണ്ട കാര്യമൊന്നുമില്ല. കിച്ചണില്‍ ചെറിയ ഒരു ഫയര്‍. കേറ്റ്‌ലിന്‍ 911 വിളിച്ചു. കുഴപ്പമൊന്നുമില്ല.

അനില്‍ പിന്നെയും എന്തൊക്കെയോ പറയുന്നു. എനിക്ക്‌ ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല. വീട്ടിലേക്കുള്ള പതിനഞ്ച്‌ മിനിറ്റ്‌ െ്രെഡവ്‌ പതിനഞ്ച്‌ മണിക്കൂര്‍ പോലെ.

വീടിനു മുമ്പില്‍ ഫയര്‍ ട്രക്കും പോലീസ്‌ കാറുകളും, ആകെ ബഹളം. കുട്ടികളും, കേറ്റ്‌ലിനും, റീനോയും ഒരു പോലീസ്‌ കാറിനുള്ളില്‍ നിന്ന്‌ ഇറങ്ങിവന്നു. ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്റെ ഹൃദയമിടിപ്പ്‌ സാധാരണഗതിയിലായി.

സംഭവിച്ചതിതാണ്‌. കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍ കഴിക്കണമെന്ന ലിയയുടെ ആഗ്രഹപ്രകാരം കേറ്റ്‌ലിന്‍ കാന്‍ഡില്‍ കത്തിച്ചു. എല്ലാവരും പിസ്സ കഴിച്ചു. അതിനുശേഷം ടിവി കാണാനായി ഫാമിലി റൂമിലേക്ക്‌ പോയി. കിച്ചണിലെ ടേബിളിലിരുന്ന്‌ കത്തിയ കാന്‍ഡില്‍ മറിച്ചിട്ടത്‌ റീനോ ആയിരിക്കും എന്നാണ്‌ നിഗമനം. ടേബിള്‍ ക്ലോത്തില്‍ തീ പിടിച്ച്‌ ആളിപ്പടര്‍ന്നു. റീനോ തന്നെ കുരച്ച്‌ വിവരം അറിയിച്ചു. തടിയുടെ ടേബിളായതുകൊണ്ട്‌ അത്‌ കുറച്ച്‌ കത്തിപ്പോയി. കിച്ചണിലെ ഭിത്തിയില്‍ കുറച്ച്‌ കരിയും പുരണ്ടു. അത്രമാത്രം.

ഫയര്‍ ഫൈറ്റേഴ്‌സിനും, പോലീസ്‌ ഓഫീസേഴ്‌സിനും നന്ദി പറഞ്ഞ്‌ അവസരത്തിനൊത്ത്‌ പ്രവര്‍ത്തിച്ച കേറ്റ്‌ലിന്‌ ബേബി സിറ്റിംഗ്‌ ഫീസിനു പുറമെ ഒരു ഗിഫ്‌റ്റ്‌ ചെക്കും കൊടുത്ത്‌ യാത്ര അയച്ചു.

'Mummy can In sleep with you today? 'ലിയയാണ്‌.

മുറിയിലെത്തിയപ്പോള്‍ റോഷനും റീനോയും കട്ടിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അനിയും ഞാനും എന്റെ രണ്ട്‌, അല്ല മൂന്നു കുട്ടികളും കിടന്നിട്ടും ഈ കിംഗ്‌ബെഡ്ഡില്‍ ഇനിയും സ്ഥലം ബാക്കി!

'Happy valentine day', അനി എന്റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട്‌ പറഞ്ഞു.

പ്രണയം ഏറ്റം മനോഹരമാകുന്നത്‌ ജീവിതത്തോട്‌ ചേര്‍ത്ത്‌ വയ്‌ക്കുമ്പോഴാണ്‌; വെയിലും മഴയും പോലെ ജീവിതവുമായി ഇടകലരുമ്പോഴാണ്‌.

കടപ്പാട്‌: മലയാളി മാഗസിന്‍.
Join WhatsApp News
BJoh 2015-03-22 16:33:21
Jain-
You are writing well. Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക