Image

ചിരിപ്പിക്കാനെത്തുന്ന റോസാപ്പൂ

Published on 12 March, 2018
ചിരിപ്പിക്കാനെത്തുന്ന റോസാപ്പൂ
മലയാളത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ധാരാളം ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയവയുമാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചലച്ചിത്രം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ആ ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമല്ല റോസാപ്പൂ. ഇക്കിളിപ്പടങ്ങളുടെ അവതരണം. അതിന്റെ പിന്നിലെ കഥയും സംഭവങ്ങളും. പ്രമേയപരമായി വലിയ മേന്‍മ അവകാശപ്പെടാനില്ലെങ്കിലും അല്‍പ സമയം സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകര്‍ക്ക് എന്തു കൊണ്ടും ഒരു നല്ല സിനിമാ അനുഭവം നല്‍കും റോസാപ്പൂ എന്നതില്‍ സംശയമില്ല.

സമീപകാലത്ത് അല്‍പം ഉഡായിപ്പും നന്‍മയും തമാശയുമൊക്കെയായി ഏതാണ്ട് ഒരു ടൈപ്പ് ലെവലില്‍ വരുന്ന ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഷാജഹാന്‍ എന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ നായകന്‍. നാട്ടിലുള്ള മുഴുവന്‍ ആലുകളോടും കടം വാങ്ങി നട്ട ദാരിദ്ര്യം പിടിച്ച് നടക്കുന്ന ചെറുപ്പക്കാരന്‍. സിനിമാ സംവിധായകനാകുന്നതു സ്വപ്നം കണ്ടു നടക്കുന്ന ആംബ്രോസാണ് അയാളുടെ ഏറ്റവുമടുത്ത കൂട്ടുകാരില്‍ ഒരാള്‍. പിന്നൊരാള്‍ ഭാനുവാണ്. ഉട്ടോപ്യന്‍ ആശയങ്ങളുടെ ഒരു കൂടാരമാണ് കക്ഷിയുടെ മനസ്. തന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ മറ്റുള്ളവരില്‍ ഒരു ദയവുമില്ലാതെ അടിച്ചേല്‍പ്പിക്കുകയാണ് കക്ഷിയുടെ വിനോദം.

ജീവിക്കാന്‍ വേണ്ടി ഷാജഹാന്‍ പല ജോലികളും ചെയ്യുന്നുണ്ട്. ചന്ദനത്തിരി മുതല്‍ മുട്ടക്കച്ചവടം വരെ അതില്‍ പെടും. പക്ഷേ ഷാജഹാന്‍ രക്ഷപെട്ടില്ല എന്നതാണ് സത്യം. അങ്ങനെ ജീവിതത്തില്‍ എല്ലാം നശിച്ചു നില്‍ക്കുമ്പോഴാണ് ഒരു സിനിമ സംവിധാനം ചെയ്ത് കോടികള്‍ സമ്പാദിച്ചു രക്ഷപെടാം എന്ന് ഷാജഹാന്‍ സ്വപ്നം കാണുന്നത്. സാധാരണ സിനിയെടുക്കാന്‍ ധൈര്യം പോര. മുടക്കിയ പണം തിരിച്ചു കിട്ടണമെങ്കില്‍ അത് ഇക്കിലി പടമായിരിക്കണം എന്ന വക്ര ബുദ്ധി തെളിയുന്നതോടെ ഇക്കിളി പടം സംവിധാനം ചെയ്തു ലക്ഷങ്ങളും കോടികളും സമ്പാദിക്കാം എന്ന ആഗ്രഹത്താല്‍ അവര്‍ മൂവരും ചെന്നൈയിലേക്ക് പുറപ്പെടുകയാണ്. അതും ആള്‍ക്കാരോട് കടം വാങ്ങിയാണ് സിനിമ പിടിക്കാന്‍ പോകുന്നത്. അങ്ങനെ ലൈല എന്ന നടിയെ വച്ച് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. ഷാജഹാനും കൂട്ടര്‍ക്കും സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമോ, അതോ പതിവു പോലെ ഇതും പൊട്ടുമോ...എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുത്തരമാണ് പിന്നീടുള്ള കഥയുടെ സഞ്ചാരം.

തട്ടിപ്പും വെട്ടിപ്പുമായി ഇത്തവണയും ബിജു# മേനോന്‍ കസറിയെന്നു പറയാതെ വയ്യ. സിനിമയിലെ വെള്ളിവെലിച്ചത്തിനു പിന്നിലെ ചതികളും പാരകളും തുറന്നു കാട്ടുന്നുണ്ട് റോസാപ്പൂ. നടിമാര്‍ക്കായി സമര്‍പ്പിക്കുന്ന സിനിമയില്‍ നടിമാര്‍കകു നേരെയുണ്ടാകുന്ന അക്രമങ്ങളെ കുറിച്ച് ചിത്രത്തിന്റെ പ്രമേയത്തോടു ചേര്‍ത്തു പറയുന്നുണ്ട്. ആംബ്രോസായി നീരജ് മാധവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി സൗബിന്‍ താഹിറും മികച്ച അഭിനയം കാഴ്ച വച്ചു. ആരാധകര്‍ ഏറെയുണ്ടെങ്കിലും നടിമാരുടെ അരക്ഷിതാവസ്ഥയെ കുറിച്ചും അതിജീവനത്തിനിടയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമൊക്കെ വളരെ നന്നായി പറഞ്ഞു പോകുന്നുണ്ട് ചിത്രത്തില്‍. നായികായി അഞ്ജലി റശ്മിയും കഥാപാത്രത്തോട് നീതി പുലര്‍ത്തി. കൂടാതെ സലിം കുമാര്‍, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, അലന്‍സിയര്‍, ബേസില്‍ ജോസഫ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. നര്‍മം അവതരിപ്പിക്കുന്നതില്‍ ഇവരുടെ കഥാപാത്രങ്ങളും മുന്നിട്ടു നിന്നു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ സംഭാഷണവും മികച്ചതായി. ജെബിന്‍ ജേക്കബിന്റെ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്റെ എഡിറ്റിങ്ങും മികച്ചു നിന്നു. 2000 കാലഘട്ടം പുനരാവിഷ്‌ക്കരിച്ച വിനേഷ് ബംഗ്‌ളന്റെ കലാസംവിധാനവും ചിത്രത്തോടു നീതി പുലര്‍ത്തി. സുഷിന്‍ ശ്യാമിന്റെ സംഗീതം ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക