Image

ഇന്‍ക്വിലാബ് സിന്ദാബാദ് (കഥ: ജിന്‍സന്‍ ഇരിട്ടി)

Published on 21 May, 2018
ഇന്‍ക്വിലാബ് സിന്ദാബാദ് (കഥ: ജിന്‍സന്‍ ഇരിട്ടി)
'കമ്മ്യൂണിസം ചത്ത് തുലയട്ടെ '
ഇ എം എസിന്റെ ഭൂപരിഷ്ക്കരണ പ്രസംഗം റേഡിയോയില്‍ കേട്ട പൗലോസ് പാതിരി റേഡിയോ ചവിട്ടി പൊളിച്ചു .എന്നിട്ട് ചുരുട്ടും കത്തിച്ച് കൂരാ കൂരിരുട്ടത്ത് ഒറ്റ നടപ്പാണ്.
പാതിരിയുടെ പോക്ക് കണ്ട് പള്ളിമേടയ്ക്കു മുന്നിലെ നീളന്‍ റാന്തലിനു എണ്ണയൊഴിച്ചുകൊണ്ടിരുന്ന മത്തായിക്ക് കാര്യം പിടികിട്ടി. അയാള്‍ പറങ്കി വാറ്റിന്റെ കെട്ടുമായി ചൂട്ടും കത്തിച്ച് പുറകെ ഓടി.
തോട് കടന്ന് അന്ത്രോസ് മലയിലെക്കു കയറിയപ്പോള്‍ വെട്ടു വഴിയിലെക്കു വളഞ്ഞു കുത്തി കിടക്കുന്ന തെരുവ് പുല്ലിനിടയില്‍ നിന്ന് കാലിലെന്തോ തടഞ്ഞു
കരി മൂര്‍ഖന്‍
'ഭാഗ്യം കടിച്ചില്ല'
പാതിരി തല നോക്കി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി പിടിച്ചിട്ടു പറഞ്ഞു
'വിട്ടാലിവന്‍ കമ്മ്യുണിസ്റ്റുകളെ പോലെ അപകടകാരിയാ '
പാതി ചതഞ്ഞ തലയോടെ പുറത്തേയ്ക്കു നാക്കു നീട്ടിയപ്പോള്‍ പാതിരി അവനെ വാലില്‍ തൂക്കി പാറക്കല്ലില്‍ ഒറ്റയടിക്ക് നടുവൊടിച്ചു.
എന്നിട്ടു തൂക്കി എടുത്ത് അരികിലെ പൊന്തക്കാട്ടില്‍ തലയെടുത്ത് നില്‍ക്കുന്ന പാല മരത്തിന്റെ കൊമ്പില്‍ കെട്ടി തൂക്കി
'പീറ കമ്മ്യൂണിസ്റ്റുകളെ ഇത്‌പോലെ തല്ലികൊന്ന് തൂക്കണം'
ഇതും പറഞ്ഞു തൊട്ടടുത്ത കമ്മ്യുണിസ്റ്റ് ചപ്പിനിട്ടൊരു തൊഴിയും കൊടുത്ത് പാതിരി നേരെ നടന്നു
ഓലിപറമ്പില്‍ കത്രിനയുടെ വീടാണ് ലക്ഷ്യം
കാഴ്ചയില്‍ നിന്ന് മറയുന്നതുവരെ മത്തായി ഇരുട്ടില്‍ കൊള്ളിയാന്‍ മിന്നുന്നത്‌പോലെ കിടന്നു പിടയുന്ന കരിമൂര്‍ഖനെ തിരിഞ്ഞു നോക്കി നടന്നു
മല പാതി ചവിട്ടിയപ്പഴേക്കും നിലാവ് വന്നു .കൈതപൊന്തയില്‍ നിന്ന് ചീവീടുകള്‍ ജനിച്ചു വീണ ശിശുക്കളെപോലെ നിര്‍ത്താതെ അലമുറയിട്ടുകൊണ്ടേയിരുന്നു . മത്തായി കൈയിലിരുന്ന ചൂട്ടില്‍ നിന്നൊരു ബീഡി കത്തിച്ചപ്പോള്‍ പൊടുന്നനെ കാല്‍ ച്ചുവട്ടിലൂടെയൊരു മുട്ടന്‍ പന്നിയെലി പാഞ്ഞുപോയി
കത്രിനയുടെ മുറ്റത്തിന് താഴത്തെ നാരക ച്ചുവട്ടില്‍ എത്തിയപ്പഴേ കാര്യം പിടികിട്ടി.അകത്ത് ആളുണ്ട് ,റാവുത്തര്‍ പോലീസ്
മത്തായോട് ചൂട്ടു കെടുത്താന്‍ പറഞ്ഞിട്ട് ,പാതിരി നാരകത്തിന്റെ മറപറ്റി.
'റാവുത്തര്‍ പോയിട്ടു കേറാം . റാവുത്തറാണെങ്കിലും പോലീസിനെ നമ്പാന്‍ കൊള്ളില്ല എപ്പഴാ കാലുവാരുന്നതെന്നു പറയാനൊക്കത്തില്ല '
'നാരകത്തിലുറുമ്പുണ്ട് '
ട്രൗസറിന് ഉളളില്‍ കയറി കൂടിയ ഒരു നീര്‍ ഉറുമ്പിനെ തിരുമ്മി കൊന്നിട്ട് പാതിരി പറഞ്ഞു.
കഥകിലെ പതിഞ്ഞ മുട്ട് കേട്ടപ്പഴേ കത്രീനയ്ക്ക് ആളെ പിടികിട്ടി
മത്തായോട് ചാണകം മെഴുകിയ ഇറയത്തിരിക്കാന്‍ കൈ ചൂണ്ടിയിട്ട് പാതിരി അകത്ത് കയറി കതക് അടച്ചു
മത്തായി ഇറയത്തെ പൊടി പിടിച്ച റാന്തലിന്റെ തിരിതാഴ്ത്തി.എന്നിട്ടു അരയില്‍ നിന്നൊരു ബീഡിയെടുത്ത് കത്തിച്ച് അകത്ത് നടക്കുന്ന ശബ്ദങ്ങളൊന്നും കേള്‍ക്കാത്തപോലെയിരുന്നു .മുറ്റത്തേയ്ക്ക് ചില്ല നീട്ടിനിന്ന കൂറ്റന്‍ മൂവാണ്ടന്‍ മാവ് നിഴലില്‍ പൊതിഞ്ഞയൊരു ഭീകര ജീവിപോലെ ഇലയനക്കം നിര്‍ത്തി അയാളെ പകച്ച് നോക്കി നിന്നു. നിലാവ് സാവധാനം പന്ത്രണ്ട് മാണി യവ്വനത്തിലെക്ക് കടന്നപ്പോള്‍ മത്തായി ചാണക തറയില്‍ കുത്തിച്ചാരി വച്ച പറങ്കി വാറ്റിന്റെ കുപ്പി എടുത്ത് വായിലെക്ക് കമഴ്ത്തി .
കിതച്ച് കൊണ്ട് കത്രീനയുടെ വിയര്‍പ്പില്‍ പറ്റിപിടിച്ച് കിടന്നു
'ഇതൊന്നുവല്ല പോരാട്ടം എന്റെ കത്രിനെ .ഇനിയെന്താ വരാപോന്നെന്നു കമ്മ്യൂണിസ്റ്റ്കാരു കാണാനിരിക്കുന്നേയുള്ളു '
പാതിരി പറഞ്ഞിട്ട് ളോഹ വലിച്ച്‌കേറ്റി പുറത്തേയ്ക്കിറങ്ങി മത്തായെയും വിളിച്ച് നേരെ നടന്നു
അന്ത്രോസ് മലയിറങ്ങിയപ്പോള്‍ പാലമരത്തില്‍ കെട്ടി തൂക്കിയ മൂര്‍ഖന്‍ മരങ്ങള്‍ക്കിടയിലൂടെ ഇറങ്ങി വന്ന തണുത്ത കാറ്റില്‍ ആടുന്നുണ്ടായിരുന്നു . മത്തായി കണ്ണുമഞളിച്ചപോലെ അതിനെ നോക്കി നിന്നപ്പോള്‍ അവന്റ ഉടലിനു പതുക്കെ ജീവന്‍ വച്ചു . കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ചുവന്ന ഗോളങ്ങള്‍ ഉരുണ്ട് വന്നു . അതില്‍ ചോരയില്‍ അടയാളപ്പെടുത്തിയ ഭൂപടത്തില്‍ നിന്ന് ഒരുപാട് ചിവിട്ടേറ്റ കരിമൂര്‍ക്കന്‍മ്മാര്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നത് അയാള്‍ കണ്ടു .മത്തായി ഭീതിയോടെ പാതിരിയുടെ ളോഹയുടെ അറ്റത്ത് പിടിച്ചു നടക്കുന്നതിനിടയില്‍ മത്തായുടെ പുറം കാലു തട്ടി പാതിരി വീഴാന്‍ പോയപ്പോള്‍ പതിരി മായുംപായും കൂട്ടി ഒരു മുട്ടന്‍ തെറി
.അപ്പോള്‍ അന്ത്രോസ് മലയുടെ അങ്ങേ അറ്റത്തെ ചെത്ത്കാരന്‍ നാണുവിന്റെ വീട്ടില്‍ നിന്ന് വിപ്ലവ ഗാനങ്ങള്‍ മുഴങ്ങി . കൂടെ ഏതോ സമരമുഖത്തെന്നപോലെ പല തരം മുദ്രാവാക്ക്യങ്ങള്‍ ആര്‍ത്തിരമ്പി .
പാതിരി അത് കേട്ട് പ്രാകി ,വായില്‍ വന്ന കുറെ മുട്ടന്‍ തെറികൂടെ പറഞ്ഞു .
ളോഹ പൊക്കി തോട് മുറിച്ച് കടക്കുമ്പോള്‍ പതിരി പറഞ്ഞു
'വെറും വാചക കസര്‍ത്ത്‌കൊണ്ട്മാത്രം സമരം വിജയിക്കില്ല.അതിനെല്ലാ തൊഴിലാളികളെയും കുടിയന്‍മ്മാരെയും കൂടെ കൂട്ടണം ,അവര്‍ക്കു തോന്നണയിതവരുടെ പ്രശ്‌നാന്ന് '
പാതിരി പറഞ്ഞതിന്റെ പൊരുള്‍ മത്തായിക്ക് മനസില്ലെങ്കിലും വെറുതെ എല്ലാം മനസിലായെന്ന മട്ടില്‍ മൂളി
രാഷ്ടിയ ഇടയലേഖനങ്ങള്‍ കൊള്ളിയാന്‍ പോലെ പാഞ്ഞു.പള്ളിയിലെ പ്രാര്‍ഥനാ കൂട്ടങ്ങള്‍ അരമനയുടെയും പള്ളിയുടെയും സ്വത്ത് സംരക്ഷിക്കാന്‍ വിശ്വാസികളെ കൂടെകൂട്ടാനുള്ള വേദികളായി മാറി
'വൈദികന്‍ ക്രിസ്തുന്റെ പ്രതിപുരുഷനാണ്.സഭയുടെ സ്വത്ത് സംരക്ഷിക്കുകയെന്നു വച്ചാല്‍ കര്‍ത്താവിന്റെ സ്വത്ത് സംരക്ഷിക്കലാണ് '
പള്ളിയിലെ യോഗത്തില്‍ പാതിരി അര്‍ത്ഥ ശങ്കയ്ക്കു ഇടയില്ലാതെ പറഞ്ഞപ്പോള്‍ ലൂക്കോസ് ചോദിച്ചു
' അച്ചോ കര്‍ത്താവിനെന്തിനാ സ്വത്ത് '
ചോദ്യം ഇഷ്ടപെടാത്തപോലെ പാതിരി അമര്‍ഷത്തോടെ അയാളെ നോക്കി.അത് വകവയ്ക്കാതെ ലൂക്കോസ് എണിറ്റു നിന്നിട്ടു വീണ്ടും പറഞ്ഞു
'ഇ എം സിന്റെ കുടിയൊഴിപ്പിക്കല്‍ നിരോധനവും , ഭൂപരിഷ്കണവുമൊക്കെ നടപ്പിലായാ നേട്ടം ഞങ്ങലെപോലുള്ള പാവപ്പെട്ടവര്‍ക്കല്ലെ അച്ചോ "
മത്തായി അവനെ പിടിച്ചിരുത്തികൊണ്ട് പാഞ്ഞു
"ഇവന്‍ തല തെറിച്ച കമ്മ്യൂണിസ്റ്റാ.ഇവനെ പള്ളിന്നു പുറത്താക്കണം '
അത് കേട്ട് പര്‍വ്വതം പോലെ തള്ളി നില്‍ക്കുന്ന കുടവയറിനടിയില്‍ പെട്ട് ച്ചുളുങ്ങിപറിഞ്ഞ അരകെട്ട് വലിച്ച് നിവര്‍ത്തിട്ട് ബിഷപ്പ് എണിറ്റു
' അതെ കമ്മ്യൂണിസ്റ്റുകാരടെ അടവാ ,ആദ്യം ഭൂമി തരാന്നു പറയും ,നമ്മളൊന്നു അറിയാതെ കൂടെ ചെല്ലുമ്പോ വിശ്വാസം പറിച്ച്മാറ്റി കമ്മ്യൂണിസം അടിച്ചേപ്പിക്കും.പള്ളിടെ സ്വത്ത് പിടിച്ചെടുത്താ വിശ്വാസം നശിപ്പിക്കാന്നാ ഇ എം എസ് വിചാരിക്കുന്നെ.നമ്മളിന്നിവിടെ കമ്മ്യൂണിസത്തെ വേരോടെ പിഴുതെറിഞ്ഞാ ,ഇവരെ ഏഷ്യാ ഭൂഖണ്ഡത്തിന്നു തന്നെ തുടച്ചു നീക്കാം.ലൂക്കോസിന് തീരുമാനിക്കാം കമ്മ്യൂണിസം വേണോ , അതോ മ്മടെ വിശ്വാസം വേണോന്ന് '
ലൂക്കോസ് മിണ്ടാട്ടം ഇല്ലാതെ ഇരുന്നു
അപ്പോള്‍ അള്‍ത്താരയിലെ പീലാസയ്ക്കു താഴെ പാതി കത്തിയ ഒരു മെഴുകു തിരി മേശ വിരിയില്‍ വീണു തീ പടരാന്‍ തുടങ്ങുന്നത് കണ്ട് മത്തായി ഓടിച്ചെന്നു കെടുത്തി
മന്നത്ത് പത്മനാഭന്‍ വിമോചനസമരം ഉദ്ഘാടനം ചെയ്ത അന്ന് തെരുവില്‍ നിന്ന് മത്തായി ആകാശത്തേയ്ക്ക് മുഷ്ടിച്ചുരുട്ടി ഞെരമ്പുകള്‍ വലിഞ്ഞു മുറുകിപൊട്ടുമാറു ഉച്ചത്തില്‍ വിളിച്ചു
'കമ്മ്യൂണിസ്റ്റുകള്‍ തുലയട്ടെ ,സാമൂഹ്യ നീതിസിന്ദാബാദ്
മന്നത്തപ്പന്‍ നേതാവെങ്കി സമരം ഞങ്ങള്‍ വിജയിപ്പിക്കും '
സമരക്കാര്‍ അതിരു വിട്ടാല്‍ ,എല്ലാത്തിനെയും അടിച്ചൊതുക്കും എന്ന മട്ടില്‍ ട്രൗസറിട്ട കാക്കിപ്പട ലാത്തിയും കറക്കി നിന്നു
സമരത്തിന്റെ മുന്നാം നാള്‍ , ഇന്ദിരഗാന്ധി ഡല്‍ഹിയില്‍ രഹസ്യ യോഗം ചേര്‍ന്നതിന്റെ പിറ്റേന്ന് അത്രോസ് മലയുടെ അടിവാരത്ത് പാതിരിയുടെ മണ്ണില്‍ പാട്ടത്തിന് നട്ട കപ്പ പറിക്കുന്നതിനിടയില്‍ മത്തായി കെട്ടിയോളോട് പറഞ്ഞു
' മേരിയെ നിനക്കറിയോ ,സമരം വിജയിച്ചാ അച്ഛന്‍ പറഞ്ഞെ നമുക്കി മണ്ണ് തരുന്നാ '
'ഉള്ളതാണോ '
"അതെടി അച്ഛന്‍ വേദപൊസ്തകത്തില്‍ തൊട്ടാ സത്യം ചെയ്‌തെ , ഇവിടെ മാത്രം അല്ല സഭടെ കീഴിയുള്ള എല്ലാ കുടിയാന്‍മാര്‍ക്കും കൊടുക്കുന്നാ പറഞ്ഞെ '
അത് കേട്ട് നെടുവീര്‍പ്പോടെ മേരി പറഞ്ഞു
"എനിക്കി മണ്ണി കിടന്നു മരിച്ചാ മതി "
ഇറക്കം തുടങ്ങിയ സൂര്യന്‍ അവസാനമായി തല എടുത്ത് നിന്ന ആഞ്ഞിലി മരത്തിന്റെ ചില്ലയിലുടെ അവരെയൊന്നു നോക്കി കണ്ണ് ചിമ്മി. ഇരുട്ട് വീഴാന്‍ കാത്തിരുന്ന കടവാവലുകള്‍ അന്ത്രോസു മലയുടെ മുകളില്‍ വട്ടമിട്ടു പറന്നു .
പാതിരി കണക്ക് കൂട്ടിയത് പോലെ സമരത്തിന്റെ രൂപം മാറി. പോലീസിന്റെ തോക്കിന്‍ കുഴല് ഭൂമിയുടെ അങ്ങേ അറ്റത്തേയ്ക്കു തീ തുപ്പി.
രാവിലെ മുതല്‍ റേഡിയോയുടെ മുന്നില്‍ കുത്തിയിരുന്ന പാതിരിയുടെ ചെവിയിലേക്ക് അപ്രതീക്ഷിതമായി ആ വാര്‍ത്ത വന്നു
'' വെടി വെപ്പിലൊരു ഗര്‍ഭിണി കൊല്ലപ്പെട്ടു ''
പാതിരി കസേരയില്‍ നിന്ന് ചാടി എണിറ്റു തുള്ളി
'അത് മതി , ബാക്കി ഞങ്ങള് കാട്ടിതരാം'
അപ്പോള്‍ മത്തായി അസ്വസ്ഥനായി ,ദുഃഖം കനം കെട്ടിയ മുഖത്തോടെ അവിടെയ്ക്ക് പാഞ്ഞു വന്നു
'അച്ചോ ഇവിടെം വെടിവെപ്പുണ്ടായി , തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റു മേരിയിടെ നടുവ് തളന്നു ''
മത്തായി വികാരാധിനനായി പറഞ്ഞു .
'നീ പേടികണ്ടടാ അവളുടെ കാര്യം ഞങ്ങള് നോക്കിക്കോളാം, വാ നമുക്കവളെ ആശൂത്രി എത്തിക്കാം '
പാതിരി ലാഘവത്തോടെ പറഞ്ഞിട്ട് ലോഹ എടുത്തിട്ട് മാത്തായുടെ ഒപ്പം ഇറങ്ങി.
മേരിയെ പാതിരിയുടെ കാറില്‍ ആശുപത്രിയില്‍ ആക്കിയിട്ടു മത്തായെ എന്തോ പറയാന്‍ ഉള്ളത്‌പോലെ അടുത്ത് വിളിച്ചു
'നീ നാളത്തെ സമരത്തിന്റെ മുന്നില് തന്നെ വേണം , മേരിയിടെ കൂടെ നിക്കാന്‍ ഞാന്‍ വേറെ പെണ്ണുങ്ങളെ ഏര്‍പ്പാട് ചെയ്യാം '
മത്തായി മറിച്ചൊന്നും പറയാതെ പാതിരിയുടെ ഒപ്പം നടന്നു
ആശുപത്രിക്കു പുറത്തെ ചെമ്മണ്ണിന് മുകളില്‍ കല്ലുപാകിയ റോഡില്‍ നിര്‍ത്തിയിട്ട കാറിനു അടുത്ത് എത്തിയപ്പോള്‍ പാതിരി മത്തായുടെ ചെവി ചേര്‍ത്ത് പിടിച്ചിട്ടു പറഞ്ഞു
'' നമുക്കാ ഗര്ഭിണിടെ മരണത്തി പിടിച്ച് കേറണം ,ചത്തത് മ്മടെ ആളാണെങ്കിലും ഇനിയും പുറത്തേയ്ക്കു വരാന്‍ മടിച്ച് നിക്കുന്ന എല്ലാ നായമ്മാരേം കോണ്ഗ്രസ്കാരേം ഇത് വച്ചിളക്കണം, നൂറുദിന്‍ മോസല്യയാരോട് ബിഷപ്പ് സംസാരിച്ചിട്ടുണ്ട് നാളെ സമരത്തിന് അവരും ഉണ്ടാകും "
മത്തായി രണ്ടും കല്‍പിച്ച് പാതിരിയുടെ നിര്‌ദേശം അപ്പാടെ പാലിച്ച് വിശ്വാസികളേയും കൂട്ടി അന്ത്രോസ് മലയിലെ ഇല്ലി കാട്ടില്‍ നിന്ന് മുള ചെത്തി കൂര്‍പ്പിച്ച്, അറ്റത്ത് സമാധാനത്തിന്റെ കൊടി കെട്ടി സമരത്തിന് ഇറങ്ങി .
സമരകടലായ തെരുവീധിയില്‍ നിന്ന് തീ മഴ പോലെ പെയ്ത മുദ്രാവാക്ക്യം മത്തായി ഏറ്റു വിളിച്ചു :
' തെക്കു തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്‌ലോറിയെന്നൊരു ഗര്‍ഭിണിയെ
വെടി വച്ച്‌കൊന്നരു സര്‍ക്കാരെ
ഞങ്ങടെ ചങ്കിലെ ചോരയ്ക്ക്
നിങ്ങടെ കൊടിയുടെ നിറമെങ്കില്‍
പകരം ഞങ്ങള്‍ ചോദിക്കും '
സമര വീര്യം മുറുകിയപ്പോള്‍ പാതിരി കണ്ണിറുക്കി കാട്ടിയത് സൂചനയായി കണ്ട് മടിയില്‍ കരുതിയ ഉരുളന്‍ കല്ലെടുത്ത് മത്തായി പൊലീസിന്നേരെ എറിഞ്ഞു. പിന്നെ കൂട്ട ഏറായി . പോലീസ് സ്‌റ്റേഷന്റെ അരമതില്‍ തകര്‍ത്ത് ചോര തുപ്പിയ സമരത്തിന് നേരെ പോലീസിന്റ തോക്ക് ഉയര്ന്നു.
തലയ്ക്ക് അടിയേറ്റ മത്തായിക്ക് ബോധം തെളിഞ്ഞത് ജയിലില്‍ വച്ചാണ്.
നനഞ്ഞ പരുക്കന്‍ സിമന്റ് തറയില്‍ കമന്നു കിടന്ന മത്തായി കൈ ഊന്നി പതുക്കെ തല ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട് ഇടനാഴിയിലെ വട്ട കസേരയില്‍ ഭിത്തിയോട് ചേര്‍ന്ന് ചാരി ഇരുന്നു പത്രം വായിക്കുന്ന പാറാവു കാരന്‍ പരിഹാസത്തോടെ ചരിച്ചു . എന്നിട്ട് കൈയിലെ പത്രത്തില്‍ നോക്കി ശവം എണ്ണി
"ഒന്ന് ,രണ്ട്....എഴ് "
മത്തായി ചെറിയ ഞരക്കത്തോടെ നിലത്ത് കുത്തിയിരുന്നത് കണ്ട് പാറാവു കാരന്‍ പറഞ്ഞു
"നീയൊക്കെ ചാകാന്‍ നടന്ന സാമുദായ നേതാക്കള്‍ക്കെത്രപേര്‍ക്കു വേടിയേറ്റു ,എത്ര പേര്‍ക്ക് ലാത്തിയടികിട്ടി... "
മത്തായി മിണ്ടാട്ടമില്ലാതെ അയാളെ തന്നെ നോക്കിയിരുന്നു .
' അവര്‍ക്കൊന്നും നടഷ്ടപ്പെടാതിരിക്കണുങ്കി നിങ്ങടെ ചോരവേണം ,അതാണിപ്പോ നടക്കുന്നെ .നിങ്ങളൊക്കെ വെറും വിഢ്ഢികള്‍'
പാറാവു കാരന്‍ പറഞ്ഞതൊന്നും മത്തായിക്ക് മനസിലായില്ല. മേരിയിടെ കാര്യം ഓര്‍ ത്തപ്പോള്‍ മത്തായ്ക്ക് തലയില്‍ ആധി കേറി.പാതിരി ഒന്നിവിടെ വന്നിരുന്നെങ്കില് മേരിയിടെ കാര്യം ചോദിക്കാമായിരുന്നു
ശരിരത്തൂടെ അരിച്ചിറങ്ങി കൊണ്ടിരുന്ന വേദന അല്പം ശമിച്ചപ്പോള്‍ മത്തായി ജയില്‍ അഴികളില്‍ പിടിച്ച് എണീറ്റു. പുറത്തെ വരാന്തയിലൂടെ നടന്നു പോയ കൊമ്പ മീശ കാരനായ പോലീസുകാരനോട് മത്തായി ചോദിച്ചു
'സാറെ പൗലോസ് പാതിരിയെങ്ങാനും വന്നിരുന്നോ '
അയാള്‍ രൂക്ഷമായൊന്നു ഒന്ന് നോക്കിയിട്ടു പറഞ്ഞു
'ഒരവനും വന്നില്ല '
മത്തായി നിരാശനായി നിലത്ത് കുത്തിയിരുന്നു
പാതിരിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായി
പാതിരി ഒരിക്കലും വന്നില്ല
ജയിലറ ലോകത്തിന്റെ അവസാനം ആണെന്ന് മത്തായിക്ക് തോന്നി തുടങ്ങി
പോലീസ്കാര്‍ പരസ്പരം അടക്കം പറഞ്ഞത് കേട്ടാണ് മത്തായി ഒരു ദിവസം മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്

'ഇ എം എസിനെ പിരിച്ച് വിട്ടു.എല്ലാ സമരക്കാരെയും വിട്ടയ്ക്കാനാണ് ഓര്‍ഡര്‍ '

'അപ്പോ ഭൂപരിഷകരണവും ,വിദ്യാഭ്യാസ ബില്ലുമൊക്കെ പൊളിഞ്ഞല്ലെ '

'ഉം '

മത്തായി ജയിലിന്ന് ഇറങ്ങിട്ട് അസ്വസ്ഥമായ മനസോടെ മേരിയെ കുറിച്ച് ഓര്‍ത്ത് നേരെ വീട്ടിലെക്കു നടന്നു. മാറാലയും ,എലിയും കൈയേറിയ വീട്ടില്‍ താനും മേരിയും അധിക പറ്റാണെന്നു അയാള്‍ക്ക് തോന്നി . മണ്‍കട്ടയ്ക്കു ഇടയില്‍ നിന്ന് ശില്‍ക്കാരത്തോടെ കൊത്താന്‍ ചീറ്റിയ മൂര്‍ഖനെ കയ്യില്‍ കിട്ടിയൊരു വിറകുകൊള്ളി കൊണ്ട് അടിച്ചോടിച്ചു .
മേരി ആശുപത്രിയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് അയാള്‍ ആശുപത്രിയില്‍ ചെന്നത് പക്ഷെ അവിടെക്കാണാഞ്ഞപ്പോള്‍ മത്തായുടെ തലപെരുത്ത്കയറി .
'സമരത്തിനിടയ്ക്ക് ഒരുപാട് പേര് കൈയൊടിഞ്ഞു ,കാലൊടിഞ്ഞും ,നടുവോടിഞ്ഞുമൊക്കെ വന്നിട്ടുണ്ട് അവരുടെയൊക്കെ ഡിറ്റയില്‍സ് തപ്പാനിപ്പം സമയില്ല'
നഴ്‌സിന്റെ മുഖത്തടിച്ചത്‌പോലുള്ള മറുപടികേട്ടപ്പോള്‍ ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ലന്ന് അയാള്‍ക്ക് മനസിലായി
എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ മത്തായി നേരെ പള്ളി മേടയിലെക്കു നടന്നു .അവിടെ ചെന്നപ്പോള്‍ പാതിരിയില്ല . മത്തായെ കണ്ട് കുശിനിക്കാരന്‍ ദേവസ്യ ഓടി വന്നു ശബ്ദം താഴ്ത്തി പറഞ്ഞു
' മേരി മരിച്ചുപോയി '
അയാളുടെ വാക്കുകള്‍ ആണിപാകിയ ഇരുമ്പുച്ചുറ്റികകൊണ്ട് ഹൃദയത്തില്‍ ആഞ്ഞടിക്കുന്നത്‌പോലെ മത്തായിക്ക് തോന്നി .
പാതിരി നന്ദിയില്ലാത്താളാ, ആരും തിരിഞ്ഞു നോക്കാനില്ലാതെ നരകിച്ചാ മേരി പോയെ '
മത്തായി ഒന്നും പറയാന്‍ ആവാതെ വിറയലോടെ നിലത്ത് കുത്തിയിരുന്നപ്പോള്‍ ദേവസ്യ അകത്ത് പോയി കോപ്പയില്‍ വെള്ളം കൊണ്ട് വന്നു .അത് വേണ്ടന്നു പറഞ്ഞു മത്തായി അവിടെനിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പാതിരിയുടെ കാര്‍ ഇരച്ചു വന്നു മുന്നില്‍ നിന്നു
മത്തായെ കണ്ട് പൊടുന്നനെ.പാതിരി കൃത്രിമമായ ഒരു ദുഃഖം മുഖത്ത് വരുത്തി .
'മേരിയെ കര്‍ത്താവ് വിളിച്ചു , തമ്പുരാന്‍ അവള്‍ക്കത്രയെ ആയുസ് കൊടുത്തൊള്ളുന്നു വിചാരിക്ക് , സമരത്തിന്റെ തിരക്കിനിടയില്‍ എനിക്ക് മത്തായെ അറിയിക്കാന്‍ പറ്റിയില്ല , അല്ലാ അറിയിച്ചാലും ജയിലിന്നു വിടത്തൊന്നുയില്ലല്ലോ '
മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഉരുള്‍പൊട്ടല്‍പോലെ ഉരുണ്ടു വന്ന ദേഷ്യത്താല്‍ മത്തായിയുടെ മുഖം ചുവന്നു.
' അത്രോസ് മലയിലെ എസ്‌റ്റെറ്റ് ഞാന്‍ പാപ്പച്ചന് മുതലാളിക്ക് വിറ്റു, അതല്ലെല്‍ തന്നെ വലിയ ലാഭത്തിലൊന്നുവല്ലായിരുന്നല്ലോ ,പാപ്പച്ചന്‍ മുതലാളി നിങ്ങക്ക് വേറെ പുറം പോക്കില്‍ പെര വക്കാന്‍ കാശ് തരാന്ന് പറഞ്ഞിട്ടുണ്ട് . സഭയുടെ സ്വത്തൊക്കെ ,കുടിയന്‍മ്മാര്‍ക്ക് എഴുതികൊടുത്താല്‍ ,സഭയുടെ സാമ്പത്തിക അടിത്തറ തകരുന്നാ തിരുമേനി പറയുന്നേ . ഒന്നാലോചിച്ച് നോക്കിക്കെ തിരുമേനി പറയുന്നതിലും കാര്യയില്ലെ'
അത് കേട്ട് മത്തായുടെ വായില് തീകട്ടി വന്ന ഓക്കാനം പാതിരിയുടെ മുഖത്ത് നീട്ടി തുപ്പിയിട്ട് അവിടുന്ന് ഇറങ്ങി .
അന്ത്രോസ് മലയിലെ സെമിത്തെരില്‍ എത്തിയപ്പഴേക്കു മഴ തുടങ്ങി
കാട് കയറിയ മേരിയുടെ കുഴിമാടത്തിനു മുന്നില്‍ പാതിരി നാട്ടിയ കുരിശു മത്തായെ അലോസരപ്പെടുത്തി
കോരി ചൊരിയുന്ന മഴയില്‍ കുരിശിലെ കൂട്ട ചിരി അന്ത്രോസ് മലയില്‍ വെള്ളിടി കൊണ്ടു .
മത്തായുടെ തല പെരുത്ത് കയറി.
അയാള്‍ ഒരു അലര്‍ച്ചയോടെ പാതിരിയുടെ കുരിശ് വലിച്ചൂരി ആകാശത്തിലെ കൊള്ളിയാനു നേര്‍ക്ക് എറിഞ്ഞു. പരിഹാസത്തിന്റെ വെള്ളിയിടിയോടെ അത് അടിവാരത്തിലെ പാറക്കൂട്ടത്തില്‍ ചിന്നി ചിതറുന്ന ശബ്ദം മത്തായുടെ ചെവിയില്‍ പതിഞ്ഞു ഇല്ലാതായി.
അയാള്‍ കുഴിമാടത്തില്‍ നിന്ന് ഒരുപിടി മണ്ണ് എടുത്ത് നെഞ്ചോടു ചേര്‍ത്ത് വിങ്ങി പൊട്ടി.
മത്തായുടെ ഹൃദയം കുറ്റബോധത്തില്‍ നീറി .ഒന്നും വേണ്ടിരുന്നില്ല. തെറ്റ് തിരുത്താന്‍ ഇനി കഴിഞ്ഞ കാലത്തേയ്ക്ക് തിരിച്ച് നടക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം അയാളുടെ ഹൃദയത്തെ നെരിപ്പോടുപോലെ പൊള്ളിച്ചു.
ശരീരത്തിലൂടെ ഇഴയുന്ന മഴയ്ക്ക് തന്നെപോലെ ഒരുപാട് ഒരുപാട് നിന്ദിതരുടെയും ,പീഡിതരുടെയും ,ചൂഴിതരുടെയും ചോരയുടെ മണമാണെന്നു മത്തായിക്ക് തോന്നി
മഴ പിന്നെയും കനത്തു .കൊടും കാറ്റില്‍ അന്ത്രോസ് മലയിലെ മരങ്ങള്‍ കൊമ്പ് കോര്‍ത്തു .വെള്ളിടിക്കു ശക്തി കൂടി.ചിന്തകളുടെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ നിന്ന് ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ തീമഴ പോലെ ഹൃദയത്തിന്റെ ഉള്ളറകളെ പൊള്ളിക്കുന്നത് മത്തായി അറിഞ്ഞു.
എന്തോ തിരുമാനിച്ചു ഉറച്ചത് പോലെ അവസാനം അന്ത്രോസ് മലയെ പ്രകമ്പനം കൊള്ളിച്ച വെള്ളിടികള്‍ക്കു മേല്‍ മുഷ്ടിച്ചുരുട്ടി ഒരു ഗദ്ഗതം പോലെ മത്തായി വിളിച്ചു:
' ഇന്‍ക്വിലാബ് സിന്ദാബാദ്.. '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക