Image

മന്ഥരയില്ലെങ്കില്‍ രാമായണം ഇല്ല (രാമായണ ചിന്തകള്‍ -7-അനില്‍ പെണ്ണുക്കര)

Published on 23 July, 2018
മന്ഥരയില്ലെങ്കില്‍ രാമായണം ഇല്ല  (രാമായണ ചിന്തകള്‍ -7-അനില്‍ പെണ്ണുക്കര)
മന്ഥരയില്ലാത്ത രാമായണത്തെക്കുറിച്ചു ഒന്നാലോചിച്ചു നോക്കു.മന്ഥര ഇല്ലങ്കില്‍ രാമായണ കഥ ഇല്ല ,അല്ലങ്കില്‍ രാമായണം കഥ ഉണ്ടാകുമായിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു. അത് നാം അംഗീകരിക്കുമ്പോഴാണ് ജീവിതത്തിന്റെ അന്തഃസത്തയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുക .രാജ്യതന്ത്രത്തിന്റെ നിഗൂഢമായ ഗണിതങ്ങള്‍ എന്നും തകര്‍ക്കപ്പെട്ടു. മന്ഥര കേവലം ഒരു സ്ത്രീയല്ല. അത് ഒരാശയമാണ്. ഇന്നും രാഷ്ട്രവ്യവഹാരത്തിന്റെ കാണാമറയത്ത് നിന്നു ചരടുവലിക്കുന്ന പ്രതിഭാസമാണ് മന്ഥര. പക്ഷെ രാമായണത്തില്‍ നാം എല്ലാം വെറുക്കുന്ന ഒരു കഥാപത്രമാണ് മന്ഥര .കൈകേകിയുടെ ദാസിയാണവര്‍.ഒരു പക്ഷെ രാമായണ കഥയെ തിരിച്ചുവിട്ട കുടില ബുദ്ധിയുടെ ഉറവിടം.

ഹനുമാനെ പോലെ തന്നെ രാമായണത്തിലെ യജമാനഭക്തിയുടെ ഉദാഹരണമാണ് കൈകേയിദാസിയായ മന്ഥര. രാമാഭിഷേകം ഇല്ലാതാക്കും വിധം കൈകേയി മനസിനെ പറഞ്ഞിളക്കി കലുഷിതമാക്കിയ മന്ഥര എന്ന ദാസിയെ ശ്രീരാമഭക്തികൊണ്ട് പലരും ഒരു ഏഷണിക്കാരിയായി അധിക്ഷേപിക്കാറുണ്ട്. അവര്‍ കുടില ബുദ്ധിക്കാരി ആയിരുന്നോ.അവര്‍ അവരുടെ യജമാനത്തിയോട് അലപം സ്‌നേഹവും കുറും കാണിച്ചു ,അത്രതന്നെ

''രാവണനെക്കൊല്‍വതിനുവനത്തിനു
ദേവകാര്യാര്‍ത്ഥം പുറപ്പെട്ടു രാഘവന്‍
മന്ഥരാവാക്യവും കൈകേയിചിത്ത നിര്‍-
ബന്ധവും ദേവകൃതമെന്നറിക നീ''
ആരേയും ചാടിക്കേറി അധിക്ഷേപിക്കരുത് എന്ന വലിയൊരു സന്ദേശം അയോധ്യാ രാജാക്കന്മാരുടെ കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ഈ മന്ഥരാ നിരൂപണ വാക്യത്തിലുണ്ട്.

നിസ്തുലയായ ദാസിയായി, ഒരു തോഴിയായി, സര്‍വോപരി വളര്‍ത്തമ്മയായി മന്ഥര കൈകേയിക്കു മുമ്പില്‍ എപ്പോഴുമുണ്ടായിരുന്നു. കൈകേയിയുടെ ഏതു ചോദ്യത്തിനും യുക്തിയുക്തമായി മന്ഥര മറുപടികൊടുത്തു. യഥാവസരം ശാസിക്കാനും മന്ഥര മറന്നില്ല. കൈകേയിയുടെ സന്തോഷം മാത്രമേ മന്ഥരയുടെ മനസ്സ് പ്രാര്‍ത്ഥിച്ചുള്ളൂ. മന്ഥരയുടെ പ്രവൃത്തികളെല്ലാംതന്നെ ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. പക്ഷേ ഫലമോ? ആര്‍ക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ, ആ ഭരതന്‍ തന്നെയാണ് മന്ഥരയെ നിഷ്‌കരുണമായി ആട്ടിപുറത്താക്കിയത്. ലോകം മന്ഥരയെ പഴിച്ചു. പുലഭ്യം പറഞ്ഞു. മന്ഥരയുടെ ജീവിതം ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടതും അന്ധമായ സ്നേഹത്തിന്റെ കൈകള്‍ കൊണ്ടണ്.

മന്ഥര ആഭിചാര്യത്തിന്റെ പര്യായമായി. ഏഷണിയും ഗൂഢതന്ത്രവും കൊണ്ടു നടക്കുന്ന ദുഷ്ടയായി. എല്ലാത്തിനും കാരണമായി ഭവിച്ചത് മതിമറന്ന ധാത്രീഭാവമായിരുന്നില്ലേ? അന്ന് സാകേതരാജാവായിരുന്ന ദശരഥന്‍ കേകയത്തിലെ രാജകുമാരിയെക്കണ്ട് മയങ്ങിവീഴുന്നതിനു മുമ്പുതന്നെ മന്ഥര കൈകേയിയുടെ ധാത്രിയായിരുന്നു; സഖിയായിരുന്നു, തോഴിയും ഉപദേശകയുമായിരുന്നു. രാജകുടുംബത്തില്‍ മന്ഥരയുടെ സ്ഥാനം അനുപമമായിരുന്നു. അതുകൊണ്ടാണ് തന്റെ പുത്രിയോടൊപ്പം മന്ഥരയും പോകണമെന്ന് കേകയരാജാവ് നിര്‍ബന്ധിച്ചതും. രാജാവ് നിര്‍ബന്ധിച്ചില്ലെങ്കില്‍ പോലും മന്ഥര കൈകേയിയുടെ കൂടെ പോകുമായിരുന്നു.തന്റെ യജമാനത്തിയോട് നേരും കൂറും ഉള്ളവളും യജമാനത്തിയുടെ അഭ്യുദയം മാത്രം ലക്ഷ്യമാക്കിയവളുമാണ് മന്ഥര എന്ന ദാസി.

സൗന്ദര്യാധിക്യം കൊണ്ടുമാത്രമാണ് ദശരഥരാജന്റെ പ്രിയഭാജനമാകാന്‍ മൂന്നാം ഭാര്യയായ കൈകേയിക്ക് കഴിഞ്ഞത്. ദശരഥന്റെ ആദ്യ ഭാര്യയായ കൗസല്യയുടെ പുത്രന്‍ രാമന്‍ രാജാധികാരം ഏല്‍ക്കുന്നതോടെ ദശരഥന്റെ അധികാര പ്രഭാവങ്ങള്‍ അപ്രസക്തമാവും. അതോടെ രാജാവിന്റെ പ്രേമഭാജനം എന്ന നിലയില്‍ കൈകേയിക്കുണ്ടായിരുന്ന പ്രാധാന്യവും പ്രാമാണ്യവും പോയ്‌പോകും. എന്നാല്‍ കൗസല്യയ്ക്ക് പുത്രനായ രാമന്‍ രാജ്യഭരണാധികാരിയാകുന്നതോടെ അധികാര പ്രഭാവങ്ങള്‍ രാജമാതാവെന്ന നിലയില്‍ കൂടുകയും ചെയ്യും. ഇതിന്റെ ഫലം കൈകേയി കൗസല്യയുടെ ദാസിയെപ്പോലെ കഴിയേണ്ടിവരും എന്നതാണ്. ഇങ്ങനെ കൈകേയിയുടെ പ്രഭാവം മങ്ങുന്നതില്‍ കൈകേയിദാസിയായ മന്ഥരയ്ക്ക് വല്ലാത്ത ഉത്കണ്ഠ തോന്നി. സ്വന്തം യജമാനത്തി ആരുമല്ലാതായി തീരുന്ന ഒരു അയോധ്യാപുരി സങ്കല്‍പിക്കാന്‍ പോലും കഴിയാത്തവിധം യജമാനഭക്തിയുള്ളവളായതിനാലാണ് മന്ഥര കൈകേയിയോട് രാമാഭിഷേകം തടയുവാന്‍ ഉപദേശിച്ചത്.

ഇത്രയും യജമാനഭക്തിയുള്ള വിശ്വസ്ത ദാസിമാരെ വളരെ ദുര്‍ലഭമായേ കാണാനാകൂ. രാവണനെ വധിക്കുക എന്നത് രാമന്റെ ലക്ഷ്യമാണ് .ശ്രീരാമന്‍ സീതാലക്ഷ്മണ സമേതം കാട്ടിലേയ്ക്ക് പോകാതിരുന്നെങ്കില്‍, സീതയെ രാവണന്‍ കട്ടുകൊണ്ടുപോകുകയോ, സീതയെ വീണ്ടെടുക്കുവാന്‍ രാമ-രാവണയുദ്ധമുണ്ടാവുകയോ, രാവണന്‍ വധിക്കപ്പെടുകയോ സംഭവിക്കില്ലായിരുന്നല്ലോ. അതിനാല്‍ രാവണവധം എന്ന രാമാവതാര ദൗത്യത്തിന് വഴിയൊരുക്കുന്ന അനേകം സംഭവങ്ങളില്‍ മന്ഥരയും അവരുടേതായ പങ്കു വഹിച്ചു എന്ന് വേണം കരുതാന്‍.അങ്ങനെ കരുതാന് വേണ്ടിയാണല്ലോ ആദികവി മന്ഥരയെ സൃഷ്ടിച്ചതും .
മന്ഥരയില്ലെങ്കില്‍ രാമായണം ഇല്ല  (രാമായണ ചിന്തകള്‍ -7-അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക