Image

കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി യുക്മ

Published on 17 August, 2018
കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി യുക്മ

ലണ്ടന്‍: കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതകയത്തില്‍ ആക്കിയിരിക്കുന്ന അതിഭീകരമായ വാര്‍ത്തകള്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോള്‍, നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ യുകെയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മ രംഗത്തുവന്നു. 

ഒരു ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ആയിരക്കണക്കിനാളുകള്‍, ഓണത്തിനായി കരുതിയിരുന്ന കാര്‍ഷിക വിളകള്‍ നശിച്ച കൃഷിക്കാര്‍, വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാര്‍, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളില്‍ അഭയം തേടിയവര്‍, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികള്‍ മുതല്‍ രോഗകിടക്കയില്‍ കഴിയുന്ന പ്രായമായവര്‍വരെയാണ് കാലവര്‍ഷ കെടുതി മൂലം ഭീതിയോടെ കഴിയുന്നത്.

ഈ മഹാവിപത്തില്‍പെട്ടവരെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആവതു ശ്രമങ്ങള്‍ ചെയ്യുന്നു എന്ന ഒരാശ്വാസം മാത്രമാണ് ഇപ്പോള്‍ നമുക്കുള്ളത്. ഈ അവസരത്തില്‍ കരുണയുള്ള, നന്മ വറ്റാത്ത ഹൃദയത്തിന്റെ ഉടമകളായ എല്ലാവരുടെയും മുന്‍പില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കൈ നീട്ടുകയാണ് . 

നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും ഗിഫ്റ്റ് എയ്ഡ് വഴി 25 പെന്‍സ് അധികമായി ലഭിക്കും. കിട്ടുന്ന തുക മുഴുവനും ഗിഫ്റ്റ് എയ്ഡ് അടക്കം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ക്കായി ഒരു ദിവസത്തെ വരുമാനം നീക്കിവയ്ക്കാം. സംഭാവനകള്‍ നല്‍കുവാനുള്ള വിര്‍ജിന്‍ മണിയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. 

ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ സമാഹരിച്ചു നാട്ടിലെത്തിക്കുവാനും യുക്മ അടിയന്തര മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട് : വര്‍ഗീസ് ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക