Image

ഇത്രയും ചെയ്യുന്ന എന്റെ ഗവണ്മെന്റ്‌നെ എങ്ങനെ വെറുക്കും

ശ്രീജിത്ത് ശ്രീകുമാര്‍ Published on 18 September, 2018
ഇത്രയും ചെയ്യുന്ന എന്റെ ഗവണ്മെന്റ്‌നെ എങ്ങനെ വെറുക്കും
സത്യത്തില്‍ രാഷ്ട്രീയത്തിനോടൊക്കെ ഒരു പാഷന്‍ തോന്നുന്നത് ഇപ്പോഴാണ്. രാഷ്ട്രീയത്തെക്കുറിച്ചൊന്നും എഴുതില്ല എന്ന് കരുതിയതാണ് പക്ഷെ ആവേശം കാരണം തടഞ്ഞു നിര്‍ത്താന്‍ പറ്റുന്നില്ല.

ഹാരിസണ്‍ ഭൂമി കേസില്‍ 38000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ അവകാശം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തോറ്റുകൊടുത്തുത്രെ. അതും എങ്ങനെ? ഹൈക്കോടതിയില്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ ഫലപ്രദമായി വാദിക്കുകയും നിരവധി തവണ അനുകൂല വിധി സമ്പാദിക്കുകയും ചെയ്ത സുശീല ആര്‍ ഭട്ടിനെ മാറ്റി, മുന്‍പ് ഹാരിസണിന്റെ അഭിഭാഷകനുമായിരുന്നയാളെ വിട്ട് തോറ്റു എന്ന് . വെറും അസൂയ. ഇതിന്റെ പേരില്‍ എന്റെ ഗവണ്മെന്റ്‌നെ സംശയിക്കാന്‍ മാത്രം ചീപ്പല്ല ഞാന്‍.

ചില സംഭവങ്ങള്‍ കൂടി നോക്കാം

പണ്ട് നിസ്സാരമായ 7000 ഏക്കര്‍ വനഭൂമി യായിരുന്ന പൊന്തന്‍പുഴ വനത്തിന്റെ കേസും തോറ്റുത്രെ . അവിടെയും അസൂയക്കാര്‍ പറയുന്നു 2006ല്‍ വനം വകുപ്പിന് അനുകൂലമായ ഒരു സാഹചര്യം വരും എന്ന് കണ്ടപ്പോള്‍ സുശീല ആര്‍ ഭട്ടിനെ മാറ്റി എന്നൊക്കെ. മാത്രവുമല്ല ഫയലുകള്‍ അതിനു മുന്‍പേ കാണാതായി പോലും. കടലാസല്ലേ ചിതലരിച്ചുപോകില്ലേ.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ അധികമുള്ളത് തിരിച്ചുപിടിക്കണമെന്ന റവന്യൂമന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിപോലും. സഖാവ് നാരായണന്‍ നായര്‍ പാര്‍ട്ടിയുടെ ആളാണെന്നാണ് അസൂയക്കാര്‍ ഇതിനു പറഞ്ഞ കാരണം. മന്ത്രിമാരും സര്‍ക്കാര്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സൊസൈറ്റിക്കായിരുന്നു ഭൂമി പതിച്ചുനല്‍കിയത്. പിന്നീട് വ്യവസ്ഥകളില്‍ മാറ്റംവരുത്തി ഡയറക്ടറായ എന്‍. നാരായണന്‍ നായര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള സാഹചര്യമുണ്ടാക്കി എന്നൊക്കെയും ചില മാധ്യമ പാണന്മാര്‍ പാടി നടക്കുന്നു. നാണം കേട്ടവര്‍ക്ക് എന്തും പറയാമല്ലോ.

ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെ 20 എക്കര്‍ പട്ടയവും റദ്ദാക്കി കയ്യേറ്റ ഭൂമിക്കെതിരെ പോയപ്പോള്‍ ആണത്രേ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ഇത്രയും എഫിഷ്യന്റ് ആയ ഒരാളെ ഇത്രയും നിസ്സാര കാര്യത്തിന്...ഏയ് ഞാന്‍ വിശ്വസിച്ചിട്ടില്ല.

പി.വി അന്‍വറിന്റെ പാര്‍ക്ക്, അതിന്റെ സമീപത്ത് ഉരുള്‍പൊട്ടല്‍. ഇതൊക്കെ ഒരു കാരണം ആണോ ആരോപണമുന്നയിക്കാന്‍...അയ്യയ്യേ അയ്യയ്യേ.

തോമസ് ചാണ്ടി ഭൂമി കയ്യേറി ന്നൊക്കെപ്പറഞെന്തൊരു ബഹളമായിരുന്നു. അസൂയക്കാര്‍.

സൃഹൃത്തേ 1936ല്‍ ആണ് അന്നത്തെ ദിവാനായിരുന്ന സി പി രാമസ്വാമിയുടെ തീരുമാനപ്രകാരം കേരളത്തിലെ ആദ്യത്തെ ദളിത് കോളനിയായ സചിവോത്തമപുരം കോളനി തുടങ്ങുന്നത്. 75 സെന്റ് സ്ഥലം വീതം 80 കുടുംബങ്ങള്‍ക്ക് നല്‍കി, 50 സെന്റ് കൃഷിക്കും 25 സെന്റ് താമസിക്കുന്നതിനും എന്ന കണക്കില്‍. പിന്നീട് പല ജനകീയ സര്‍ക്കാരുകളും വന്നു വന്ന് മൂന്നു സെന്റ്, നാലു സെന്റു കോളനികള്‍ ലക്ഷം വീടുകള്‍ എന്നീ രീതില്‍ പുരോഗമിപ്പിച്ച് ഇവരെയൊക്കെ ഇന്ന് ഫഌറ്റുകളി കൊണ്ടിരുത്തുന്ന രീതിയില്‍ നമ്മള്‍ മുന്നോട്ടു പോയി. കാടിന്റെ അവകാശികള്‍ ആയി നടന്ന ആദിവാസികളെ വരെ നമ്മള്‍ മാറ്റി കോളനികളില്‍ എത്തിച്ചു.

ഇതെല്ലാം എന്തിന് ?അവരുടെ സൗകര്യം. അവരുടെ സുഖം. അതുമാത്രമായിരുന്നു ലക്ഷ്യം. മനസ്സിലാക്കണം ഹേ !

ഓലക്കുടക്കാരന്‍ തമ്പ്രാനില്‍നിന്നു ശീലക്കുടക്കാരന്‍ മുതലാളിയിലേക്ക് എന്ന് കേട്ടിട്ടിലെ? ഭൂപരിഷ്ക്കരണ നിയമത്തെക്കുറിച്ച് കേട്ടിട്ടില്ലേ, അതിലൂടെ വന്ന പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള വികാസത്തെക്കുറിച്ചു പഠിച്ചിട്ടില്ലേ ?മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ പല സ്ഥലങ്ങളിലും ഭൂമി മൂലം ഉണ്ടായ അനവധി പ്രശ്‌നങ്ങള്‍ കണ്ടിട്ടില്ലേ? അങ്ങനെയെത്ര സംഭവങ്ങള്‍?

ഇതില്‍നിന്നെല്ലാം ഭൂമി സാധാരണക്കാരന് ഒരു തലവേദനയാണ് എന്ന് മനസ്സിലാക്കുക.

അപ്പൊ ഈ ബാക്കിവന്ന ഭൂമിയൊക്കെ ഗവണ്മെന്റ് എന്ത് ചെയ്യും? എന്ത് ചെയ്യണം?

അത് നോക്കാന്‍ പാങ്ങുള്ള, പൈസയുള്ള, സ്വാധീനമുള്ള ആളുകളെ ഏല്‍പ്പിക്കണം. സിമ്പിള്‍. കളമശ്ശേരിയിലും, കടകംപള്ളിയിലും, കോട്ടമാലയിലും, മുരുകന്‍മലയിലും അഞ്ചരക്കണ്ടിയിലും, പാറ്റൂരും, പീരുമേട്ടിലും, മെത്രാന്‍ കായലിലും, കുട്ടനാട്ടിലെ ആര്‍ ബ്ലോക്കിലും, നെല്ലിയാമ്പതിയിലും, കണ്ണന്‍ ദേവനിലും, ഹാരിസണിലുമൊക്കെയായിഅതാണ് നമ്മള്‍ ഇത്രയും കാലം ശ്രമിച്ചത്.

അല്ലാതെ കേസുതോറ്റു എന്നൊക്കെ പറഞ്ഞുകൊണ്ട് കാര്യമറിയാതെ വിമര്‍ശനവും കൊണ്ട് വരരുത്.

ഇനി പറയു. ഇത്രയും ചെയ്യുന്ന എന്റെ ഗവണ്മെന്റ്‌നെ എങ്ങനെ വെറുക്കും. പ്രേത്യേകിച്ചും ജീവിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത മധ്യവര്‍ഗ്ഗ പ്രതിനിധിയായ ഞാന്‍.

‘അംബാനിക്കു കൊടുക്കാന്‍,അദാനിക്കു കൊടുക്കാന്‍,എസ്സാറിനു കൊടുക്കാന്‍ ഭൂമിയുണ്ടെങ്കില്‍...ദലിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും കൊടുക്കാന്‍ ഇവിടെ ഭൂമിയില്ലാത്തത് എന്തുകൊണ്ടാണ്?' എന്ന് ചോദിക്കുന്ന ജിഗ്‌നേഷ് മേവാനിയെപ്പോലെയുള്ള ആളുകളെയാണ് ഞാന്‍ എതിര്‍ക്കേണ്ടത് അല്ലാതെ മൂലധനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എന്റെ ഗവണ്മെന്റ്‌നെയല്ല, അവരുടെ നല്ല ഉദ്ദേശം വെച്ചുള്ള പ്രവര്‍ത്തികളെയല്ല. പ്രത്യകിച്ചും ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പടുത്തി നവ കേരളം നിര്‍മ്മിക്കുന്ന ഈ അവസരത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക