Image

ഉപ്പൂറ്റി വേദനയും പരിഹാരമാര്‍ഗ്ഗങ്ങളും (ഡോ: പ്രീത ഗോപാല്‍)

Published on 30 September, 2018
ഉപ്പൂറ്റി വേദനയും പരിഹാരമാര്‍ഗ്ഗങ്ങളും (ഡോ: പ്രീത ഗോപാല്‍)
'ഡോക്ടറെ.. രാവിലെ എണീറ്റാല്‍ പത്തു മിനിറ്റ് കുച്ചിപ്പുടി കളിച്ചാലേ, ഇവള്‍ക്ക് മര്യാദയ്ക്ക് നടന്ന് അടുക്കളയില്‍ എത്താന്‍ പറ്റുന്നുള്ളൂ. ' കഴിഞ്ഞ ദിവസം OP യില്‍ വന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ കമന്റ്.

രാവിലെ എണീറ്റാല്‍ കുറച്ചു നേരത്തേക്ക് ഇതുപോലെ 'ഡാന്‍സ് പ്രാക്ടീസ് ' കഴിഞ്ഞാലേ ഉപ്പൂറ്റി നിലത്ത് കുത്തി ശരിയായി നടക്കാന്‍ പറ്റുന്നുള്ളൂ എന്ന പരാതിയുമായി OP യില്‍ വരുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

'താങ്ങാന്‍ ആളുണ്ടേലേ തളര്‍ച്ചയുള്ളൂ എന്നാണ് ചൊല്ല് ' എന്നാല്‍ താങ്ങേണ്ട ആള്‍ തളര്‍ന്നാലോ ??

കുഞ്ഞി കാലടികള്‍ നിലത്തുറപ്പിക്കുന്നതു മുതല്‍ നമ്മെ താങ്ങി നിര്‍ത്തുന്ന കാല്‍ പാദങ്ങള്‍. ഈ താണ്ടുന്ന ദൂരമെല്ലാം അതിന് സ്വന്തം.
ഇടറാതെ നിലത്തുറച്ചു നില്ക്കാന്‍ ഏവരും ആഗ്രഹിക്കും.

കാലുകളെ തളര്‍ത്തുന്ന കാര്യത്തില്‍ മുട്ടുവേദന പോലെ മറ്റൊരു വില്ലനാണ് ഉപ്പൂറ്റി വേദന,
കാല് നിലത്ത് കുത്താന്‍ വയ്യ എന്ന അവസ്ഥ എത്ര ഭീകരമാണ്.
മുള്ളു കൊള്ളുന്നതു പോലെ വേദന കൊണ്ട് നടക്കേണ്ടി വരുന്നതു കൊണ്ടാവാം വാതകണ്ടകം എന്ന് ഉപ്പൂറ്റി വേദനയെ ആയുര്‍വേദം വിവക്ഷിക്കുന്നത്.
ചെറിയ മുള്ളുകള്‍ Spurs ഉണ്ടാകുന്നുമുണ്ട് കേട്ടോ
കൗമാരപ്രായക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഉപ്പൂറ്റി വേദനയുടെ പിടിയിലാകാം.ഏതൊരു രോഗകാരണവും പോലെ തന്നെ തെറ്റായ ഭക്ഷണ രീതിയും, ജീവിതരീതിയും തന്നെയാണ് ഉപ്പൂറ്റി വേദനയ്ക്കും കാരണമാകുന്നത്.

*ഭക്ഷണവും ഉപ്പൂറ്റിയും തമ്മില്‍ എന്ത് ബന്ധം ? ?*

ബന്ധമുണ്ട്. ഉപ്പൂറ്റി വേദന പ്രധാനമായും ഉണ്ടാകുന്ന ഒരു കാരണം plantar fascitis ആണ്. ഉപ്പുറ്റിയില്‍ നിന്ന് വിരലുകള്‍ വരെ പാദത്തെ സംരക്ഷിക്കുന്ന കുഷ്യന്‍ പോലത്തെ fasica, അത് ഡ്രൈ (രൂക്ഷമാവുക ) ആവുക ,പൊട്ടുക എന്നതില്‍ നിന്നാണ് അവിടെ നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
അധികം എരിവ്,പുളി,അധികം തണുത്ത സാധനങ്ങള്‍, ഉപ്പിന്റെ അമിത ഉപയോഗം ഭക്ഷണത്തില്‍ എണ്ണയുടെ അംശം തീരെ ഇല്ലാതാകുക, രൂക്ഷമായ ഇലക്കറികളുടെ നിരന്തര ഉപയോഗം, അച്ചാറുകള്‍ അമിതമാവുക, ശരീരത്തിലെ ജലാംശം നഷ്ടമാവുക ഇത്യാദികളിലൂടെ ഈ ഭാഗത്തെ രൂക്ഷത കൂടാനും, പൊട്ടലുകള്‍ ഉണ്ടാകാനും കാരണമാകുന്നു.


കുടുതല്‍ ഓട്ടം, പ്രത്യേകിച്ചും ഉപ്പൂറ്റിയില്‍ ഭാരം വരുന്ന രീതിയില്‍ നടത്തം, കട്ടിയായ പ്രതലത്തിലൂടെയുള്ള സ്ഥിരം നടത്തം, അമിതാധ്വാനം ഇവയൊക്കെ കൂടുതല്‍ ഘര്‍ഷണം കാലിന് നല്കുന്ന മൂലം ഈ നീര്‍ക്കെട്ട് ഉണ്ടാകുന്നു. നൃത്തമഭ്യസിക്കുന്നവരിലും കായിക താരങ്ങളിലും വേദനയുടെ പ്രധാന കാരണമിതാണ്.

ഉപ്പൂറ്റി വേദന പലവിധം

?? 1. പ്ലാന്ടാര്‍ ഫേഷൈ്യറ്റിസ് (Plantar fasciitis)

നമ്മുടെ കാല്പാദത്തിനടിയിലായി, ഉപ്പൂറ്റിയിലെ അസ്ഥി മുതല്‍ കാല്‍ വിരലുകളിലെ അസ്ഥികള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഒരു കട്ടിയുള്ള 'സ്‌നായു' ആണ് പ്ലാന്റാര്‍ ഫേഷ്യ. ഇത് പാദത്തിന്റെ സ്വാഭാവികമായ വളവിനെ നിലനിര്‍ത്തുന്നതോടൊപ്പം, ഉപ്പൂറ്റിയിലെ എല്ലുകളെ തറയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ഫേഷ്യയ്ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍ ക്രമേണ ഫേഷ്യയില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ഇതു സാധാരണ കാണപ്പെടുന്നത് ദീര്‍ഘ നേരം നില്‍ക്കുന്നവരിലും ശരീരഭാരം കൂടിയവരിലുമാണ്.പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. കായിക താരങ്ങള്‍, സൈനികര്‍, അധ്യാപകര്‍ എന്നിവരിലും കൂടുതല്‍ കാണപ്പെടുന്നു.

2.ഈ facia യില്‍ നീര്‍ക്കെട്ടില്ലാതെയും വേദന വരാം .. plantar faciosis എന്ന് പറയുന്നത് ഇങ്ങനെ inflammation ഇല്ലാത്ത അവസ്ഥയാണ്. ..

കാരണങ്ങള്‍

കാല്‍ വണ്ണയിലെ പേശിയോ, Plantar facia യോ ചുരുങ്ങുന്നതിന്റെ ഭാഗമായി faciosis വരാം.
സെഡന്ററി life style, (അധ്വാനമില്ലാത്ത ജീവിതരീതി) കൂടുതല്‍ സമയം ഇരുന്ന് കൊണ്ടുള്ള ജോലി, പരന്ന പാദങ്ങള്‍, അധികം വളഞ്ഞ പാദങ്ങള്‍, നൃത്തം, ഓട്ടം എന്നിങ്ങനെ കട്ടിയുള്ള പ്രതലത്തില്‍ കൂടുതല്‍ സമയം പാദങ്ങള്‍ പ്രവര്‍ത്തിക്കുക, ഇവയൊക്കെ രോഗത്തെ കൂട്ടാം.

3. കാല്‍ക്കേനിയല്‍ സ്പര്‍.
പാദത്തിന്റെ അടിയില്‍ (ഉപ്പൂറ്റിയില്‍) ഉള്ള 'കാല്‍കേനിയം' എന്ന അസ്ഥിയില്‍ മുള്ള് പോലെ താഴേക്ക് വളര്‍ച്ച ( calcaneal spur) ഉണ്ടാകാം. ഇത് മൂലവും പാദത്തിനടിയിലെ ഫേഷ്യയില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഇതും വേദനയ്ക്ക് കാരണമാകുന്നു.(5 % പേരില്‍ മാത്രമേ സ്പര്‍ വേദനയുണ്ടാക്കുകയുള്ളൂ ). സ്പര്‍ ഉള്ള എല്ലാരിലും വേദന കാണണമെന്നുമില്ല .

4.. Heel bumbs...
ഇത് Pumb bump എന്നും അറിയപ്പെടുന്നു. കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലും കാണുന്നത്. ഉപ്പൂറ്റിയിലെ എല്ല് പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പ് ഉപ്പൂറ്റി ഭാഗത്ത് പൊക്കമുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് ഒരു കാരണമാണ്.

5..Achilles tendonitis & Retro calcaneal bursitis
ഉപ്പൂറ്റിയുടെ പുറകിലായി ചെറിയ മുഴ പോലെ നീര് കാണാറില്ലേ?അതാണിത് .

നീരില്ലാതെയും വേദന ഉണ്ടാകാം

അമിതമായി നടക്കുക, ഓടുക, ചാടുക തുടങ്ങിയവയാല്‍, കാല്‍ വണ്ണയിലെ പേശികളെ ഉപ്പൂറ്റിയിലെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന Achilles tendon ലും അതിനു സമീപത്ത്, ഉപ്പൂറ്റിയുടെ പുറകിലെ retro calcaneal bursa യിലും നീര്‍ക്കെട്ട് ഉണ്ടാകുകയും, ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

6..Flat foot ഉള്ളവര്‍ക്കും, plantar arch ( പാദത്തിന്റെ സ്വാഭാവികമായ വളവ് ) കൂടുതല്‍ ഉള്ളവര്‍ക്കും ഉപ്പൂറ്റി വേദനയ്ക്ക് സാധ്യത കൂടുതല്‍ ആണ്.

7. ഹീല്‍ പാഡ് ഡിസോര്‍ഡര്‍ :
അമിതവണ്ണം മുതലായവയാല്‍ പാദത്തിനടിയിലെ 'ഷോക്ക് അബ്‌സോര്‍ബര്‍' ആയി പ്രവര്‍ത്തിക്കുന്ന കട്ടിയുള്ള കൊഴുപ്പ് പാളിയുടെ മൃദുത്വം നഷ്ടപ്പെടുകയും ക്രമേണ ഉപ്പൂറ്റി വേദനക്ക് കാരണമാവുകയും ചെയ്യുന്നു. ചെരുപ്പില്ലാതെ കട്ടിയുള്ള പ്രതലത്തില്‍ നടക്കുന്നത് വേദന കൂട്ടുന്നു.

8..ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം (Tarsal tunnel Syndrome): കാല്‍ക്കുഴയുടെ അകവശത്തു കൂടി കാല്‍പാദത്തിലേക്ക് പോകുന്ന ഞരമ്പിനുണ്ടാകുന്ന (Nerve ) ഞെരുക്കം മൂലം കണങ്കാലിനോ പാദത്തിനോ വേദനയും തരിപ്പും അനുഭവപ്പെടാം.

9. Diabetic neuropathy : പ്രമേഹം മൂലം കാലിലേക്കുള്ള ചെറു നാഡികള്‍ക്കു ക്ഷതം സംഭവിക്കുന്നതിനാല്‍ ഉപ്പൂറ്റി വേദന ഉണ്ടാകാം..

10. ചേര്‍ച്ചയില്ലാത്തതും പാദം വല്ലാതെ വലിയുന്നതുമായ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതും ഉപ്പൂറ്റി വേദനയുടെ കാരണം ആവാം.

11..ചെരുപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് ഇല്ലാതെ നടന്നാലും വേദന തുടങ്ങാം.

12.IVDP (നട്ടെല്ലിലെ disc bulge ) രോഗികളിലും പലപ്പോഴും ഉപ്പൂറ്റി വേദന പ്രധാന ലക്ഷണം ആയി കാണാറുണ്ട്.

13.ഉപ്പൂറ്റി വേദനയുടെ മറ്റൊരു പ്രധാന കാരണം രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതാണ്.

14. ആര്‍ത്രൈറ്റിസ് പോലുള്ള മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലവും ഉപ്പൂറ്റി വേദന ഉണ്ടാകാം.

ഉപ്പൂറ്റി വേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും , അമിതശരീരഭാരവും, അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമ രാഹിത്യവും തന്നെയാണ് പ്രധാന വില്ലന്‍.

??ലക്ഷണങ്ങള്‍

തുടക്കത്തില്‍ രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഉപ്പൂറ്റി നിലത്ത് ഊന്നാന്‍ സാധിക്കാത്ത തരത്തില്‍ വേദന അനുഭവപ്പെടുകയും കുറച്ച് നടന്ന് കഴിയുമ്പോള്‍ വേദന മാറുകയും ചെയ്യുന്നു. .

പിന്നീട് എവിടെയെങ്കിലും കുറച്ച് സമയം ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ വേദന അറിയുകയും കുറച്ചു നടന്നു കഴിയുമ്പോള്‍ വേദന മാറുകയും ചെയ്യും
എന്നാല്‍ രോഗം വര്‍ദ്ധിക്കുമ്പോള്‍ അധികനേരം നില്‍ക്കുമ്പോഴും,നടക്കുമ്പോഴും, ഓടുമ്പോഴുമെല്ലാം വേദന കൂടുകയും അവസാനം
കാല്‍ തറയില്‍ തൊടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.

?? എങ്ങനെ മാറ്റാം ഈ വേദന

ഉപ്പൂറ്റി വേദന പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. ഫലപ്രദമായ നിരവധി ആയൂര്‍വേദ ചികിത്സകള്‍ നിലവിലുണ്ട്. ചികിത്സയുടെ പൂര്‍ണ വിജയത്തിന് ഭക്ഷണ ക്രമീകരണവും ചിട്ടയായ വ്യായാമവും കൂടി ആവശ്യമാണ്.

??ആദ്യ ഘട്ടത്തില്‍

ഉപ്പൂറ്റിയിലെ നീര്‍ക്കെട്ട് കുറക്കുന്നതിനുള്ള മരുന്നുകളോടൊപ്പം, ലേപനൗഷധങ്ങള്‍ ഉപ്പൂറ്റിയില്‍ വച്ച് കെട്ടുന്നതും, മുതിര, ഉപ്പ് തുടങ്ങിയവയുടെ കിഴി ഉപയോഗിച്ച് ചൂട് പിടിക്കുന്നതും, വിവിധ തരം ഔഷധങ്ങള്‍ കൊണ്ട് ഉപ്പൂറ്റിയില്‍ ധാര ചെയ്യുന്നതും വളരെയധികം ഗുണം ചെയ്യുന്നു. ചെറു ചൂടുള്ള ഉപ്പ് വെള്ളത്തില്‍ പാദം മുക്കിവയ്ക്കുന്നതും രോഗിക്ക് ആശ്വാസം നല്‍കുന്നു.

??പിന്നീടുള്ള ഘട്ടത്തില്‍, ഔഷധങ്ങള്‍ കൂടാതെ പാരാ സര്‍ജിക്കല്‍ ചികിത്സകളായ അഗ്‌നികര്‍മം, രക്തമോക്ഷം, എന്നിവയും വളരെ ഫലപ്രദമാണ്.
ഉപ്പൂറ്റി വേദനയില്‍ യുക്തിപൂര്‍വ്വം ചെയ്യുന്ന അഗ്‌നികര്‍മ്മം ഒരു 'മാജിക്കല്‍ റെമഡി ' തന്നെയെന്ന് പറയാം.

??അമിത വണ്ണം, തെറ്റായ ഭക്ഷണക്രമം,സുഖപ്രദമല്ലാത്ത പാദരക്ഷകള്‍, ദീര്‍ഘ നേരമുള്ള നില്‍പ്പ്, വ്യായാമക്കുറവ് ഇവയൊക്കെയാണ് മിക്കവാറും രോഗകാരണം.ചികിത്സയോടൊപ്പം ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ പൂര്‍ണ ഫലപ്രാപ്തി ഉണ്ടാവുകയുള്ളൂ.

ഇന്ന് പൊതുവെ മലയാളികള്‍ അത്താഴമാണ് ആഘോഷം ആക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരം എന്നത് കൊണ്ടും, സ്ത്രീകള്‍ ഉള്‍പ്പെടെ ജോലിക്കാരായത് കൊണ്ടും, രാത്രിയുള്ള പാചകവും, ഒരുപാട് വൈകിയുള്ള heavy ഡിന്നറും ഇന്ന് മലയാളി ജീവിതത്തിന്റെ മുഖമുദ്രയാണ്. കഴിയുന്നതും വൈകിട്ട് 7 മണിക്ക് മുന്‍പ് വളരെ ലഘുവായുള്ള അത്താഴം ശീലിക്കുകയും പകല്‍ സമയം ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുമ്പോള്‍ തന്നെ രോഗത്തിന് പ്രകടമായ മാറ്റം കാണുന്നു.

അമിതമായ ഓട്ടത്താലോ നടത്തത്തിനാലോ ഉണ്ടായ നീര്‍ക്കെട്ടും വേദനയുമാണെങ്കില്‍
കാലിലേക്ക് ഭാരം കൊടുക്കാതെ, കാലുകള്‍ക്ക് പൂര്‍ണ വിശ്രമം കൊടുക്കുകയും, കാല്‍ ഉയര്‍ത്തി വയ്ക്കുകയും ചെയ്യുന്നതോടൊപ്പം, നീര്‍ക്കെട്ട് കുറക്കുന്നതിനുള്ള ചികിത്സയും ചെയ്യണം.

?വേണം പാദ സംരക്ഷണം

'??രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എം.സി.ആര്‍ പാദരക്ഷകള്‍' അഥവാ സിലിക്കണ്‍ സോള്‍ ഉപയോഗിക്കാവുന്നതാണ്. പട്ടാളക്കാര്‍, കായിക താരങ്ങള്‍ തുടങ്ങി, ഷൂ അല്ലെങ്ങില്‍ ബൂട്ട് ഉപയോഗിക്കുന്നവര്‍ക്ക് അതിനുള്ളില്‍ സിലിക്കണ്‍ സോള്‍ (ഒരു തരം റബ്ബര്‍ കുഷന്‍) വയ്ക്കാം. ഇത് ഉപ്പൂറ്റിക്ക് മൃദുലത നല്‍കുന്നു.

??കാല്‍പാദത്തിനുള്ള സ്‌ട്രെച്ചിംഗ് വ്യായാമങ്ങളും വളരെ ഫലപ്രദമാണ്.

ഔഷധ ചികിത്സ കൊണ്ട് മാത്രം രോഗം കുറയാത്ത സാഹചര്യത്തില്‍ സ്‌ട്രെച്ചിങ് വ്യായാമം കൂടി ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായി കാണുന്നു.

?കാല്പാദത്തിനു വലിവ് കിട്ടത്തക്ക രീതിയില്‍
വിരലിന്മേല്‍ നടക്കുക
(ഉപ്പൂറ്റി നിലത്തൂന്നാതെ )

??ഉരുണ്ട ബോളിനു പുറത്തു കാലു വച്ച് ഉരുട്ടുക.
ബോള്‍ ഉരുളണം

?ഉരുണ്ട ലോഹ ദണ്ഡിനു മുകളില്‍ കൂടിയും കാല് നിരക്കുക. പഴയ നാഴി, പൗഡര്‍ ടിന്‍ മുതലായവ ഉപയോഗിക്കാം


?കാല്‍പാദത്തിനടിയില്‍ ഒരു തൂവാല ഇട്ടതിനു ശേഷം കാല്‍വിരലുകള്‍ കൊണ്ട് തൂവാല ചുരുട്ടാന്‍ ശ്രമിക്കുന്നതും നല്ലൊരു വ്യായാമരീതിയാണ്.

?കൂടുതല്‍ നേരം എവിടെയെങ്കിലും ഇരിക്കേണ്ടി വരുമ്പോള്‍ കാല്‍ വിരലുകള്‍ കൊണ്ട് കളം വരയ്ക്കാവുന്നതുമാണ് ( ഉപ്പൂറ്റി നിലത്ത് കുത്തി, വിരലുകള്‍ കൊണ്ട് അക്ഷരങ്ങളോ അക്കങ്ങളോ എഴുതുക ).അപ്പോള്‍ പിന്നീട് എഴുന്നേറ്റു നടക്കുമ്പോള്‍ മുടന്ത് ഇല്ലാതെ നടക്കാന്‍ കഴിയും.

?കാല്‍ വണ്ണയിലെ പേശികളെ (Calf muscles ) ബലപ്പെടുത്തുന്ന വ്യായാമങ്ങളും അനിവാര്യമാണ്.
കൈപ്പത്തി ചുമരില്‍ അമര്‍ത്തി ചുമര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുന്ന പോലെ കാലുകള്‍ ബലപ്പിക്കുക (വാഹനം തള്ളാന്‍ നില്ക്കുന്ന Posture ) രണ്ട് കാലിനും മാറി മാറി 10 മിനിട്ട് അഭ്യസിക്കുക.ഇത് Calf muscle നെ ബലപ്പെടുത്തും.

? തോര്‍ത്ത് കൊണ്ട് കാല്പാദത്തില്‍ മധ്യഭാഗത്തായി വച്ച് രണ്ട് അറ്റവും ചേര്‍ത്ത് പിടിച്ച് കാലിനെ മുകളിലേക്ക് വലിക്കുക.15 മുതല്‍ 30 Sec അങ്ങനെ പിടിക്കുക.3 തവണ ആവര്‍ത്തിക്കുക (ഇരുന്ന് ചെയ്യാവുന്നതാണ് ചിത്രം നോക്കുക )
? ഒരുകാലിന്‍മേല്‍ മറ്റേ കാല്‍ കയറ്റി വച്ചതിന് ശേഷം മുകളില്‍ ഉള്ള കാല്‍ പാദത്തിലെ തള്ളവിരലിനെ പുറത്തേക്ക് വളയ്ക്കുക 15 മുതല്‍ .30 Sec അങ്ങനെ പിടിക്കുക .3 തവണ ആവര്‍ത്തിക്കുക (ചിത്രം നോക്കുക )

*ഉപ്പൂറ്റി വേദന ഒഴിവാക്കാനുള്ള മുന്‍കരുതല്‍*

പ്രതിരോധം തന്നെയാണ് ചികിത്സ യേക്കാള്‍ അഭികാമ്യം.
അതിനാല്‍ ശ്രദ്ധിക്കൂ

?അമിത വണ്ണവും തെറ്റായ ഭക്ഷണ രീതിയും തന്നെയാണ് പ്രധാന വില്ലന്‍.

? അതുകൊണ്ട് തന്നെ ശരിയായ ഭക്ഷണ ക്രമവും വ്യായാമവും ശീലിക്കുക എന്നതിന് തന്നെയാണ് മുന്‍ഗണന.

?അത്താഴം ലഘുവാക്കുകയും കഴിയുന്നതും നേരത്തെ കഴിക്കുകയും ചെയ്യുക.

? രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ലഘു ഭക്ഷണം മാത്രം ( കഴിയുന്നതും പഴവര്‍ഗങ്ങള്‍ ) കഴിക്കുക.

എന്നിങ്ങനെയുള്ള ശീലങ്ങളാല്‍ ദഹന ശോധന വ്യവസ്ഥകളെ സംരക്ഷിക്കുന്നതിലൂടെ ശരീരത്തിലെ ഒട്ടുമിക്ക നീര്‍ക്കെട്ടുകളും ഒഴിവാക്കാന്‍ കഴിയും.

?കായിക താരങ്ങളും പട്ടാളക്കാരും പോലീസുകാരും മറ്റും മേന്മയേറിയ ഷൂ ഉപയോഗിക്കണം.

? വണ്ണം കൂടിയ സ്ത്രീപുരുഷന്മാര്‍ കഴിവതും ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത്.

?കൂടുതല്‍ നടക്കുകയും ഓടുകയും ചെയ്യുന്നവര്‍ ഉപ്പൂറ്റിയ്ക്ക് ക്ഷതം പറ്റാതെ നോക്കുക..

? കൂടുതല്‍ ആയാസപ്പെടുന്നവര്‍ക്ക് വ്യായാമത്തോടൊപ്പം പാദാഭ്യംഗം (കാലില്‍ ഉചിതമായ തൈലം പുരട്ടുന്നത് ) ശീലിക്കുന്നത് നന്നാകും. (ശ്രദ്ധിക്കുക രോഗമുള്ളപ്പോള്‍ ഇത് ശീലിക്കരുത്. വേദന ആരംഭിച്ചാല്‍ വൈദ്യ നിര്‍ദ്ദേശം പാലിക്കുക )

? രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലാണെങ്കില്‍ ഔഷധങ്ങളോടൊപ്പം ആഹാര നിയന്ത്രണവും പ്രാധാന്യം അര്‍ഹിക്കുന്നു.

??ആവശ്യത്തിന് വെള്ളം കുടിക്കുക. കാരണം 70% യൂറിക് ആസിഡും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തില്‍ കൂടിയാണ്.

??നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഭക്ഷണക്രമത്തിലൂടെ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം.

??നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഓട്സ്, ബാര്‍ലി, തവിടുള്ള ധാന്യങ്ങള്‍ തുടങ്ങിയവ, ചീര, മുരിങ്ങയില, ബ്രോക്കോളി തുടങ്ങിയ ഇലക്കറികള്‍, കൂടാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്പന്നങ്ങള്‍, മുട്ട എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

?? ഉയര്‍ന്ന യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ സഹായിക്കുന്നു. കൃത്യമായ ഇടവേളകളിലായി ദിവസം 10 മുതല്‍ 40 വരെ ചെറികള്‍ കഴിക്കുന്നത് നല്ലതാണ്.

??ഭക്ഷണക്രമത്തില്‍ 'വിറ്റാമിന്‍ സി' ഉള്ളവ കൂടുതല്‍ ഉള്‍പ്പെടുത്തുക.

??ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവര്‍ ഒഴിവാക്കേണ്ടവ :

Organ meat ( liver, brain etc) , red meat (ബീഫ്, പോര്‍ക്ക് etc ) , sea food (ചെമ്മീന്‍, ഞണ്ട്, ട്യൂണ etc ), alcohol, beer തുടങ്ങിയ purine ധാരാളം അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.

കൂടാതെ sugary beverages ( ടിന്‍ ജ്യൂസ്, മധുരമുള്ള സോഡ etc), യീസ്റ്റ് എന്നിവയും ഒഴിവാക്കുക.

മധുരപലഹാരങ്ങള്‍ ഒഴിവാക്കുക, പ്രത്യേകിച്ച് കേക്കും പേസ്ട്രിയും മറ്റും..

ഉപ്പൂറ്റി വേദന വെറും വേദനയല്ല എന്ന് മനസ്സിലായല്ലോ ?? കാരണങ്ങള്‍ പലതാകാം. കൃത്യമായി ചികിത്സ ചെയ്തില്ലെങ്കില്‍ ഈ അസുഖം സങ്കീര്‍ണമായി മാറി, ഒടുവില്‍ നടക്കുന്നതിനോ നില്ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. അതിനാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്. ഒപ്പം ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തി, ചിട്ടയായ വ്യായാമങ്ങളിലൂടെ ഭാവിയിലേക്കുള്ള ചുവടുകള്‍ ഭദ്രമാക്കൂ..

ഉപ്പൂറ്റി വേദനയും പരിഹാരമാര്‍ഗ്ഗങ്ങളും (ഡോ: പ്രീത ഗോപാല്‍)
Join WhatsApp News
സുനി 2019-07-17 11:20:09
ഉപ്പൂറ്റി വേദന ഉണ്ട് ,യൂറിക്ക് ആസിഡ് കൂടുതൽ ആണ് ...plantar dorsal and calcicaneal spur ഉണ്ട് .. ചീര വർഗ്ഗങ്ങൾ തീരെ കഴിക്കരുത് എന്നാണ് ഡോക്ടറുടെ നിർദ്ധേശം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക