Image

തൃപ്‌തി ദേശായി വെള്ളിയാഴ്‌ച കേരളത്തില്‍; ശബരിമല സന്ദര്‍ശനത്തിന്‌ സുരക്ഷ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി

Published on 14 November, 2018
തൃപ്‌തി ദേശായി വെള്ളിയാഴ്‌ച കേരളത്തില്‍; ശബരിമല സന്ദര്‍ശനത്തിന്‌ സുരക്ഷ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി

ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്‌ച കേരളത്തില്‍ എത്തുമെന്ന്‌ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായി. ആറ്‌ സ്‌ത്രീകളുമായാണ്‌ താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്‌ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്‌ തൃപ്‌തി ദേശായി മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി.

യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ അവര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്‌ത തൃപ്‌തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല.

സ്‌ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെ കുറിച്ച്‌ നിയമവിദഗ്‌ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്‌.

യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക