Image

മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രേയസ്: കോണ്‍ഫറന്‍സിന് എല്ലാ ഭാവുകങ്ങളും (പകല്‍ക്കിനാവ് 169: ജോര്‍ജ് തുമ്പയില്‍)

Published on 08 October, 2019
മാധ്യമപ്രവര്‍ത്തനത്തിന്റെ ശ്രേയസ്: കോണ്‍ഫറന്‍സിന് എല്ലാ ഭാവുകങ്ങളും (പകല്‍ക്കിനാവ് 169: ജോര്‍ജ് തുമ്പയില്‍)
ശ്രേയസ്സാര്‍ന്ന പത്രപ്രവര്‍ത്തനം അഥവാ മാധ്യമപ്രവര്‍ത്തനം എന്നത് എഴുത്തിനെ പ്രണയിക്കുന്നവരുടെ സ്വപ്‌നമാണെന്നു പറയാം. എഴുത്ത് രണ്ടു തരത്തിലുണ്ട്. ഒന്ന് സര്‍ഗാത്മകമായ എഴുത്ത്, അഥവാ സാഹിത്യപ്രവര്‍ത്തനം. രണ്ട്, പ്രൊഫഷണല്‍ എഴുത്ത്. പ്രൊഫഷണല്‍ എഴുത്തിനെ ജേര്‍ണലിസം, എഡിറ്റിങ്, സബ്ബിങ് എന്നിവയുമായി ബന്ധിപ്പിക്കാം. ഇതില്‍ പ്രൊഫഷണല്‍ റൈറ്റിങ് വിഭാഗത്തിലാണ് പത്രപ്രവര്‍ത്തനം ഉള്‍പ്പെടുന്നത്. ഇതിനെയാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നും വിളിക്കുന്നത്. വാസ്തവത്തില്‍ ഈ ലോകത്തെ നിലനിര്‍ത്തുന്നത് തന്നെ ഇതാണെന്നു പറയാം. സാംസ്ക്കാരികമായ മൂല്യച്യുതികളെ പൊതുസമൂഹം മുന്‍പാകെ അവതരിപ്പിക്കുകയും അഴിമതിയുടെ ജീര്‍ണതകള്‍ക്കെതിരേ സന്ധിയില്ലാ സമരം നടത്തുകയും ചെയ്യുന്നവരാണിവര്‍. ലോകമെമ്പാടും അവര്‍ ജോലി ചെയ്യുന്നത് ജീവന്‍ പോലും പണയം വച്ചിട്ടാണെന്നു പറയാം. യുദ്ധമുഖത്ത്, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍, അഭയാര്‍ത്ഥികളോടൊത്ത്, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ദേശങ്ങള്‍ക്കപ്പുറത്ത് കുടുംബത്തില്‍ നിന്നും മാറി എല്ലാ സുഖസൗകര്യങ്ങളും നഷ്ടപ്പെടുത്തി അവര്‍ ജോലി ചെയ്യുന്നു. കേരളത്തില്‍ നിന്നും ഏഴുകടലിനക്കരെ എത്തിയ മലയാളികള്‍ക്കിടയിലുമുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അവരാവട്ടെ, ചുറ്റുമുള്ള സംഭവങ്ങളെ വാര്‍ത്തകളാക്കി സാമൂഹികസേവനത്തിന്റെ വക്താക്കളായി മാറി. മലയാളി സമൂഹത്തെ തമ്മില്‍ അടുപ്പിക്കാനും അവര്‍ തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്താനും ഈ മാധ്യമപ്രവര്‍ത്തകര്‍ക്കായി. അവരുടെ പ്രവര്‍ത്തനമാണ് പിന്നീട് കൂടിചേരലിലൂടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പ്രസ്ഥാനമായി മാറിയത്. അതിന്റെ എട്ടാമത് കണ്‍വന്‍ഷന്‍നാണ് ഒക്ടോബര്‍ 10 മുതല്‍ ന്യൂജേഴ്‌സിയിലെ ഈ ഹോട്ടലില്‍ നടക്കുക.

ഇത്തരത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ കൂട്ടായ്മയിലേക്കു കേരളത്തില്‍ നിന്നും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. രാഷ്ട്രീയരംഗത്ത് നിന്നൊരു മന്ത്രിയും എത്തുന്നു. അവരുടെ ഇടപെടലും ഉപദേശങ്ങളും ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആവേശത്തോടെ പ്രവര്‍ത്തിപഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് ഇവിടുത്തെ പത്രപ്രവര്‍ത്തകരെല്ലാം തന്നെ. മാധ്യമപ്രവര്‍ത്തനം എന്നാല്‍ അത്രവലിയ പ്രൊഫഷനാണോ എന്നുപലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരുടെയൊക്കെ വലിയ ഗ്ലാമര്‍ ലോകത്തെക്കുറിച്ച് അറിയാത്തവരാണ് അങ്ങനെ പറയുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും, ലോകത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചില മാധ്യമപ്രവര്‍ത്തകരെ ഞാന്‍ പരിയചപ്പെടുത്താം.

സിഎന്‍എന്‍ ചാനലിലെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട ഷോയാണ് ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ 360 ഡിഗ്രി. ജേര്‍ണലിസത്തില്‍ പ്രാഥമിക പരിചയം പോലുമില്ലാതെയിരുന്നിട്ടും ഇന്നിദ്ദേഹത്തിന്റെ വരുമാനം 11 മില്യണ്‍ ഡോള
ര്‍. ആന്‍ഡേഴ്‌സണ്‍ ലൈവ് എന്ന ടിവി ഷോയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. സിഎന്‍എന്നിലേക്ക് എത്തുന്നതിനു മുന്‍പ് റോയിട്ടേഴ്‌സിലും ജറുസലേം പോസ്റ്റിലുമായിരുന്നു വോള്‍ഫിന്റെ സേവനം. അദ്ദേഹത്തിന്റെ ഇന്നത്തെ വരുമാനം 5 മില്യണ്‍. ബാര്‍ബറാ വാള്‍ട്ടേഴ്‌സ് 12 മില്യണ്‍ സമ്പാദിക്കുന്നുണ്ട്. എബിസി ഈവനിങ് ന്യൂസ് അവതരിപ്പിക്കുന്ന ബാര്‍ബറയുടെ പിന്നാലെ ടിവി ആംഗറിങ്ങിലേക്ക് എത്തിയതു നിരവധി വനിതകളാണ്.

ബ്രിട്ടീഷ് ഇറാനിയന്‍ വനിതയായി സിഎന്‍എന്നിന്റെ ഡെസ്ക്ക് അസിസ്റ്റന്റായി ജോലിക്കു കയറിയ ക്രിസ്റ്റിയാന്‍ അമന്‍പോറിന്റെ വരുമാനം രണ്ടു മില്യണ്‍ ആണ്. ഗള്‍ഫ് യുദ്ധമാണ് ഇവരെ ശ്രദ്ധേയയാക്കിയത്. ഇന്ന് സിഎന്‍എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആംഗറാണ്.  ഒപ്പം അമന്‍പോര്‍ ആന്‍ഡ് കമ്പനി എന്ന പേരില്‍ നിരവധി വാര്‍ത്തകള്‍ അവതരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.

ജോര്‍ജ് സ്‌റ്റെഫ്‌നോപൊലിസ് എന്നയാള്‍ മാസ്‌റ്റേഴ്‌സ് ഓഫ് ആര്‍ട്‌സാണ്. ഏതു വിഷയത്തിലാണെന്നോ, തീയോളജിയില്‍. അതും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്. അദ്ദേഹത്തെ ഒരു പാതിരിയോ, വക്കീലോ ആക്കാനായിരുന്നു പിതാവിന്റെ ഉദ്ദേശം. എന്നാല്‍, ജോര്‍ജ് വന്നെത്തിയതാകട്ടെ ജേര്‍ണലിസം രംഗത്തും. 1992-ല്‍ ബില്‍ ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ കാംപെയ്‌നില്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇപ്പോള്‍ എബിസി ന്യൂസിന്റെ ചീഫ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റും ഗുഡ് മോണിങ് അമേരിക്കയുടെ കോ ആംഗറുമാണ്. അദ്ദേഹത്തിന്റെ വരുമാനം എത്രയാണെന്നോ, 10 മില്യണ്‍ ഡോളര്‍.

മുഖ്യധാര മാധ്യമപ്രവര്‍ത്തനം ഇങ്ങനെ മില്യണ്‍ കണക്കിനു ഡോളറിനു വിലസുമ്പോള്‍ പത്തു പൈസ പോലും വരുമാനമില്ലാതെയാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനം. ഒരു തരത്തിലും പണം ലഭിക്കുന്ന രീതിയിലല്ല, ഇവിടെ അമേരിക്കന്‍ മലയാളികള്‍ പത്രപ്രവര്‍ത്തനം നടത്തുന്നത് (ഒറ്റപ്പെട്ട ചില നല്ല പ്രവണതകളുണ്ടെന്നത് മറക്കുന്നില്ല). മോര്‍ട്‌ഗേജ് അടക്കേണ്ട തിരക്കാര്‍ന്ന ജോലിക്കിടയിലും വാര്‍ത്തകളെഴുതി ഉണ്ടാക്കി എല്ലാ മാധ്യമങ്ങളിലും എത്തിക്കുന്നത് ഭഗീരഥപ്രയത്‌നം തന്നെയാണെന്നു പറയേണ്ടി വരും. തികച്ചും സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിനു (അതെ, സേവനം തന്നെ) പലപ്പോഴും ഒരു നന്ദി വാക്കുപോലും കിട്ടാറില്ലെന്നതാണു സത്യം. മുന്‍പ് ഉണ്ടായിരുന്ന പ്രിന്റ് മീഡിയകളില്‍ പലതും വെബ്മീഡിയയായി മാറിയിട്ടുണ്ട്. അവരടക്കം ധാരാളംപേര്‍ ഇന്നു മലയാളപത്രപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്നെ ഇവിടെയുണ്ട്. അക്ഷരങ്ങളോടുള്ള പ്രതിപത്തിയും മലയാണ്മയെക്കുറിച്ചുള്ള മനസ്സടുപ്പവുമാണ് ഒരു പ്രയോജനവും ഇല്ലാതിരുന്നിട്ടും ഈ രംഗത്തു തന്നെ തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നത്. 

അവരടക്കമുള്ളവരുടെ കൂട്ടായ്മയാണ് ന്യൂജേഴ്‌സിയില്‍ നടക്കുന്നത്. പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാന്‍  സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഫറന്‍സിന് അഡ്വസൈറി ബോര്‍ഡിന്റെ പരിപൂര്‍ണ്ണ പിന്തുണയുമുണ്ട്. ഈ വലിയ മുന്നേറ്റത്തിന് എല്ലാവിധ ആശംസകളും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കൂടുതല്‍ ഉയരങ്ങളിലെത്തി പരിലസിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക