14 വയസ്സ് പോലും പ്രായം ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഒരു കുഞ്ഞിന് ജന്മം നല്കിയ ശേഷം ആ പെണ്‍കുട്ടിയുടെ അപ്പനാണ് അതിനു കാരണക്കാരന്‍ എന്ന് കോടതിയില്‍ പറയിപ്പിച്ച മഹാനുഭാവന്. ഒരു ജീവിതം മുഴുവന്‍ ദൈവവേലക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട, സാധാരണ മനുഷ്യരെ പാപപങ്കിലമായ ജീവിതത്തില്‍ നിന്നും തിരികെ കൊണ്ടുവന്നു ക്രിസ്തുവില്‍ ആ ക്കുവാനുള്ള ദൗത്യം ജീവിതത്തില്‍ ഏറ്റെടുത്ത ഒരു മനുഷ്യന്, ബൈബിളിനെ വിശദമായി പഠിച്ചും മറ്റു മതങ്ങളെയും കാര്യമായിത്തന്നെ പഠിച്ച ഒരു വൈദികനായി വേഷം കെട്ടിയ ഒരു നരാധമന്റെ വാക്കുകളാണ് മുകളില്‍ കുറിച്ചിട്ടത്. അതെ അദ്ദേഹം കോടതിയില്‍ താന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പ്രസവിച്ച ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു ജീവിച്ചുകൊള്ളാം എന്ന് അപേക്ഷിച്ചിരിക്കുന്നു. പോലീസിന്റെ സമയോചിതമായ ഇടപാട് ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് സഭയുടെ ചിലവില്‍ കാനഡയില്‍ സുഖവാസം അനുഷ്ഠിക്കേണ്ടിയിരുന്ന മനുഷ്യന്. നല്ല നിലയില്‍ നടത്തിക്കൊണ്ടു പോയിരുന്നു സഭയുടെ പത്രം മറ്റൊരാള്‍ക്ക് വിറ്റ്, വലിയ സാമ്പത്തിക തിരിമറികള്‍ നടത്തിയ ഒരു വ്യക്തി. മറ്റു പല സ്ത്രീവിഷയങ്ങള്‍ പരാതി ഉണ്ടായിട്ടും സഭ പൊതിഞ്ഞു സൂക്ഷിച്ച ഒരു വ്യക്തി. അങ്ങനെയുള്ള ഒരാളാണ് റോബിന്. ഇരയെ വേട്ടക്കാരന് സംരക്ഷിച്ചു കൊള്ളാം എന്നു പറയുന്നത് ഒരു തമാശയ്ക്ക് വേണ്ടി ചിന്തിക്കാം എങ്കിലും, പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് പറയുന്നതിന്റെ ലോജിക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അനേകം വിവാഹ കൂദാശകള്‍ നടത്തിക്കൊടുത്ത റോബിന് ഉള്‍പ്പെടെയുള്ള സഭാ മേലാളന്മാരോടു ഒരു ചോദ്യം ; അപ്പോള്‍ ഭാര്യാഭര്‍തൃബന്ധം എന്നതുകൊണ്ടു നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്..?
ഇത് ഒരു റോബിനെപ്പറ്റിയുള്ള ചിന്ത അല്ല. ഇയാളെ പോലെയുള്ള അനേകം ആഭാസന്മാരെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു ആത്മീയ ശൃംഖലയോടാണ്. ഒരു അപരിഷ്കൃത സമൂഹത്തിലുള്ള മാനുഷിക മൂല്യങ്ങള്‍ക്ക് പോലും മനസ്സിലാകാത്ത ആവശ്യവുമായി സഭയുടെ പിന്‍ബലത്തോടെ ഇതൊക്കെ ആവശ്യപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും അംഗബലമുള്ള ഒരു ക്രൈസ്തവ സമൂഹം അതിന്റെ അന്തസത്തയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന സത്യം പറയാതെ വയ്യ.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫ്രാങ്കോ മുതല്‍ അനേകം പുരോഹിതര്‍ അത് എല്ലാ സഭാ വിഭാഗത്തിലും ഉള്ളവര്‍. അതുമാത്രമല്ല മേമ്പൊടിക്ക് കുറെ പാസ്റ്റര്‍മാരും....!
സ്ത്രീപീഡനം മാത്രമല്ല വിവാഹേതരബന്ധങ്ങളും വലിയ സാമ്പത്തിക ക്രമക്കേടുകളും സഭയെയും വിശ്വാസത്തെയും വെറും കച്ചവടച്ചരക്കായി മാറ്റിയെടുത്തു കള്ള പ്രവചനവും കരിസ്മാറ്റിക്ക് മുതല്‍ വിസ കച്ചവടവും,വസ്തു കച്ചവടവും വരെ നടത്തുന്ന ആത്മീയ നേതൃത്വം. ആത്മീയത എന്നത് അവര്‍ക്ക് ഇരകളെ വലയില്‍ വീഴ്ത്തുവാന്‍ വേണ്ടിയുള്ള ഒരു ചൂണ്ട മാത്രം ആണ്. അനേകം നിഷ്കളങ്ക ജീവിതങ്ങള്‍ . ഈ ചൂണ്ടയില്‍ കൊത്തി പിടഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍....!
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന പ്രശസ്തമായ കഥയില്‍, വിശന്നുവലഞ്ഞ തന്റെ സഹോദരിയുടെ മക്കള്‍ക്ക് വേണ്ടി ഒരു കഷണം റൊട്ടി മോഷ്ടിച്ച കുറ്റത്തിനും പിന്നീട് ജയില്‍ചാടാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനും ശിക്ഷയായി 19 വര്‍ഷക്കാലം ജയില്‍ശിക്ഷ കഴിഞ്ഞ് ക്ഷീണിച്ചു വലഞ്ഞ് ആരും സഹായിക്കാനില്ലാതെ തളര്‍ന്ന് ഒരു ബെഞ്ചില്‍ ഇരിക്കവേ, വഴിയേ പോയ ഒരു സ്ത്രീ അവിടെയുള്ള ബിഷപ്പ് നിങ്ങളെ സ്വീകരിക്കുമായിരിക്കുമെന്ന ഒറ്റ വാക്കിന്റെ വിശ്വാസത്തില്‍ ജീന്‍വാല്‍ജിന്‍ എന്ന കഥാപാത്രം ബിഷപ്പിനെ കാണുവാന്‍ പോകുന്നു. താനൊരു ജയില്‍പുള്ളി ആണ് എന്നൊക്കെ പറയുവാന്‍ ശ്രമിക്കുന്ന ജീന്‍വാല്‍ജീനിന്റെ ആ കഥകളൊന്നും കേള്‍ക്കുവാന്‍ വലിയ താല്പര്യം ഒന്നുമില്ലാതെ ഒരു അതിഥിയെപ്പോലെ ആനയിച്ച് അകത്തിരുത്തി വേണ്ട പരിചരണം എല്ലാം കൊടുത്തു. തന്റെ സഹോദരിയോട് നല്ല ഭക്ഷണം പാചകം ചെയ്യുവാന്‍ ഏല്‍പ്പിച്ചു. നല്ല അത്താഴം വിളമ്പി കൊടുത്തു , മെത്തയില്‍ കിടത്തി ശുശ്രൂഷിച്ചു ഉറക്കി. രാത്രിയുടെ ഏതോ യാമത്തില്‍ ഉണര്‍ന്ന ജീന്‍വാല്‍ അപരിചിതനും ജയില്പ്പുള്ളിയും ആയിരുന്ന തന്നെ ഒരു ദൈവദൂതനെപ്പോലെ കൈകൊണ്ട് ശുശ്രൂഷിച്ച നന്മ ഒന്നും ഓര്‍ക്കാതെ ഒരു കുറ്റവാളിയുടെ പ്രാകൃത ചിന്തയില്‍ ബിഷപ്പിന്റെ മുറിയില്‍ നിന്നും വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചു കൊണ്ട് മതില് ചാടി ഓടിപ്പോയി. ഇതൊന്നും അറിയാതെ രാവിലെ ഉണര്‍ന്ന്, തന്നോടു പറയാതെ ജിന്‍വാല്‍ പോയല്ലോ എന്നോര്‍ത്ത് കുണ്ഠിതപ്പെട്ടു. പിന്നീട് സഹോദരി വെള്ളിപ്പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കുട്ട മതിലിന് അരികില്‍ നിന്നും കണ്ടെടുക്കുകയും സഹോദരനായ ബിഷപ്പിനോട് പറയുകയും ചെയ്യുന്നു. അപ്പോള്‍ ബിഷപ്പ് പറയുന്നു അത് അവന് കൊണ്ടുപോയി കൊള്ളട്ടെ.... എന്തായാലും അത് പാവങ്ങള്‍ ഉള്ളതാണല്ലോ.
നമ്മള് അത് ഇവിടെ വെറുതെ സൂക്ഷിച്ചു എന്നേയുള്ളൂ എന്ന് പ്രതിവചിക്കുന്നു. ബിഷപ്പും സഹോദരിയും അന്ന് വൈകിട്ട് അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടു കേള്‍ക്കുന്നു. വാതില്‍ തുറന്ന് ബിഷപ്പിന്റെ മുന്നിലേക്ക് മൂന്ന് പോലീസുകാര്‍ ജീന്‍വാല്‍ജിനെ കഴുത്തിനു പിടിച്ച് കൊണ്ടുവന്നിരിക്കുന്നു. നിങ്ങളുടെ വെള്ളിപ്പാത്രം മോഷ്ടിച്ച ജീന്‍വാല്‍ജിന്‍ ഇതാ എന്നു പറയുമ്പോള്‍, കള്ളനെയും തൊണ്ടിമുതലും ആയി വന്ന പൊലീസുകാരെയും ജീന്വാല്ജീന്നേയും സഹോദരിയേയും ഞെട്ടിച്ചുകൊണ്ട്,' അയ്യോ അത് ഞാന്‍ അദ്ദേഹത്തിന് കൊടുത്തതാണല്ലോ, ഈ മെഴുകുതിരി വെക്കുന്ന രണ്ട് വെള്ളി കാലുകള്‍ കൂടി എന്തേ താങ്കള്‍ കൊണ്ടുപോകാന്‍ മറന്നുപോയി ' എന്ന് ചോദിക്കുന്ന ബിഷപ്പ്. ചോദ്യം കേട്ട് അമ്പരപ്പോടെ മിഴിച്ചു നില്ക്കുന്ന ജീന്‍വാല്‍ജീനിന്റെ മുന്നില്‍ അബദ്ധം പറ്റിയ പോലീസുകാര്‍ മടങ്ങിപ്പോകുന്നു.
ക്രൈസ്തവ ദര്‍ശനം ഇത്ര മനോഹരമായി വരച്ചുകാട്ടിയ മറ്റൊരു കലാസൃഷ്ടി ഉണ്ടോ എന്ന് സംശയമാണ്. ദീര്‍ഘനാള്‍ ജയിലില്‍ കിടന്ന അപരിചിതനെ ഒരു ഉറ്റ മിത്രത്തെപ്പോലെ തന്റെ ഭവനത്തില്‍ കൈക്കൊള്ളുകയും അതിഥി സേവ ചെയ്തത് അന്തിയുറങ്ങാന്‍ ഇടം കൊടുക്കുകയും ചെയ്തു. അങ്ങനെ സല്‍ക്കരിച്ചിട്ടും തന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്ന ഒരു കള്ളനെ നോക്കി ഞാന്‍ ഈ വെള്ളിക്കാലുകള്‍ ഇവിടെ എടുത്തു വച്ചിട്ടും നിങ്ങള്‍ എന്തേ മറന്നു പോയത്. ? എന്ന് ചോദിച്ച ബിഷപ്പ് ഒരു കാലഘട്ടത്തിന്റെ ആത്മീകതയുടെ പ്രതീകമാണ്. വെറുപ്പിന്റെ കണിക ലവലേശം പോലും ഇല്ലാതെ സ്നേഹിക്കുവാന്‍ മാത്രം പഠിപ്പിക്കുന്ന ബിഷപ്പ് ഒരു കുറ്റവാളിയുടെ ഹൃദയത്തില്‍ യഥാര്‍ത്ഥമായും ജീവന്റെ വിത്തുകള്‍ വിതറുന്ന ഒരു ബിഷപ്പ്. അതായിരിക്കണം അന്ന് വിക്ടര്‍ ഹ്യൂഗോ തന്റെ കഥാപാത്രങ്ങളിലൂടെ നമ്മളോട് പറയുവാന്‍ ശ്രമിച്ചത്. എന്നാല്‍ അതില്‍ മറഞ്ഞിരിക്കുന്ന ഒരു മര്‍മ്മം ആ വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനു പുറമേ ആ വെള്ളി മെഴുകുതിരി കാലുകള്‍ കൂടി ആ കള്ളനെ ഏല്‍പ്പിക്കുമ്പോള്‍, തന്റെ ഹൃദയത്തിലുള്ള ദയയും ക്രിസ്തുവിലുള്ള വിശ്വാസവും ക്രൈസ്തവ ഭക്തിയുടെ നിര്‍മ്മലതയും ക്രിസ്തു പഠിപ്പിച്ച സ്നേഹവും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം സഹിക്കുവാനും നഷ്ടപ്പെടുവാന്‍ ഉള്ള മനസ്ഥിതിയും എല്ലാം ആ ബിഷപ്പ് എടുത്തു കൊടുക്കുകയായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്നത്തെ ആത്മീക നേതൃത്വങ്ങളെയും നേതാക്കന്മാരെയും നോക്കിയാല്‍ തനിക്കുള്ള എല്ലാ ക്രൈസ്തവ മനോഭാവങ്ങളും കള്ളനെ ഏല്പ്പിച്ചതോടുകൂടി ഇന്ന് അവരുടെ മനസ്സില്‍ ഇരുട്ടും കാപട്യവും ധനത്തോടുള്ള തന്റെ ഇച്ഛയും തന്റെ കാമ പൂര്‍ത്തിക്കായി കുഞ്ഞുങ്ങളെ മുതല്‍ വിശ്വാസികളുടെ ഭാര്യമാരെവരെ ഭോഗിക്കുവാനും ക്രിസ്തുവിന്റെ മണവാട്ടി എന്ന, ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീകളെ ഭോഗിക്കുകയും കൊന്നു കിണറ്റില്‍ തള്ളുകയും, അന്യരുടെ മുതല്‍ അപഹരിക്കുകയും സഭയുടെ സ്വത്തുക്കള്‍ വിറ്റ് ധനം സമാഹരിക്കുകയും ലോകപരമായ മറ്റെല്ലാ കുല്സിത കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും അടിമ മനോഭാവത്തോടെ കുഞ്ഞാടുകളെ കാണുകയും ചെയ്യുന്ന ഒരു ആത്മീയ നേതൃത്വം. നിങ്ങളിലുള്ള ക്രിസ്തുവിന്റെ ഭാവം എന്നേ പോയിരിക്കുന്നു. ഒരു സാധാരണ വിശ്വാസികളെ ക്കാളും ആത്മീയമായി തരംതാണവരണോ വിശ്വാസികളെ പ്രബോധിപ്പിച്ചു രക്ഷയിലേക്ക് നയിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍.
തിന്ന് തൃപ്തനായി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു വേട്ട ഇറച്ചി കൊണ്ടുവന്ന് പാചകം ചെയ്ത് എനിക്ക് തരിക എന്ന് ഏശാവിനോട് പറഞ്ഞപ്പോള്‍, അത് കേട്ട് മാതാവ് കൗശലപൂര്‍വ്വം തന്റെ ഇളയ മകനെ വിട്ട് അനുഗ്രഹം എല്ലാം കൈക്കലാക്കുന്നു. പിതാവിന്റെ വാക്ക് വിശ്വസ്തതയോടെ കേട്ടു, വേട്ട ഇറച്ചി പാചകം ചെയ്ത് കൊണ്ടുവന്ന യേശാവിനോട്, അയ്യോ മകനെ എന്റെ അനുഗ്രഹം എല്ലാം നിന്റെ അനുജനു ഞാന്‍ കൊടുത്തുപോയല്ലോ എന്ന് പറയുമ്പോള്‍, വിശ്വസ്തനും നീതിമാനും ആയ ഏശാവ് വാവിട്ട് നിലവിളിക്കുന്നു. അവന് ചോദിക്കുന്നു അപ്പാ എന്നെയും കൂടി അനുഗ്രഹിക്കണമേ.... എനിക്കു വേണ്ടി നീ ഒന്നും വച്ചിട്ടില്ലയോ....? നിന്റെ പക്കല്‍ ഇനി അനുഗ്രഹങ്ങള്‍ ഒന്നും ഇല്ലയോ....? എന്ന് ചോദിക്കുന്നത് പോലെ. ഇന്ന് വിശ്വാസ സമൂഹം നേതാക്കന്മാരെ നോക്കി ചോദിക്കുന്നു അയ്യോ നിങ്ങളിലുള്ള നന്മ എല്ലാം കൊടുത്തു പോയോ....
ഇനി ഒന്നും നിങ്ങളില്‍ അവശേഷിക്കുന്നില്ലയോ.... പ്രസംഗം അല്ല ഞങ്ങള്‍ക്ക് വേണ്ടത് പ്രവര്‍ത്തിയാണ്. അതുകൊണ്ട് ക്രിസ്തുവിലുള്ള മനോഭാവം എല്ലാം കൊടുത്തു തീര്‍ത്തുവോ...? എന്ന് നെടുവീര്‍പ്പിടുന്നു.
അതുകൊണ്ട് പ്രിയ ആത്മിക നേതാക്കന്മാരെ, നിങ്ങള്‍ കൊടുത്തുവിട്ട ആ വെള്ളി വിളക്കു കാലുകള്‍ നിങ്ങള്‍ തിരികെ വാങ്ങണം....! അങ്ങനെ ക്രിസ്തുവിലുള്ള മനോഭാവം വീണ്ടെടുക്കണം....!
അത് ഈ സമൂഹത്തിന് നന്മയായി ഭവിക്കേണം.... അങ്ങനെ ഒരു നല്ല മാതൃകയുള്ള ക്രൈസ്തവ സമൂഹം ഉയര്ത്തപ്പെട്ടേ....