Image

കദനകഥ പറയുന്ന ഇസ്മിർ (യാത്രാവിവരണം 17: സാംജീവ്)

Published on 04 December, 2020
 കദനകഥ പറയുന്ന ഇസ്മിർ (യാത്രാവിവരണം 17: സാംജീവ്)
ചരിത്രവും ഭൂമിശാസ്ത്രവും

പശ്ചിമ അനറ്റോളിയായിലെ ഒരു പ്രധാന പട്ടണമാണു ഇസ്മിർ. ഈസ്റ്റാൻബുളും അങ്കാറയും കഴിഞ്ഞാൽ തുർക്കിയിലെ ഏറ്റവും വലിയ നഗരമാണു ഇസ്മിർ.ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ സ്മിർണാ എന്നായിരുന്നു ആ നഗരം അറിയപ്പെട്ടിരുന്നത്. എഫെസൊസിൽ നിന്നും  മുപ്പത്തഞ്ചു മൈൽ ദൂരത്താണു സ്മിർണാ.റോമൻ അധിനിവേശ കാലത്തുതന്നെ നിരവധി മനോഹരസൌധങ്ങൾ സ്മിർണായിൽ ഉയർന്നു കഴിഞ്ഞിരുന്നു. അതിലൊന്നായിരുന്നു റോമൻ ചക്രവർത്തി ആയിരുന്ന തിബര്യാസ് കൈസറുടെ നാമധേയത്തിൽ സ്മിർണയിൽ പണികഴിപ്പിച്ച ക്ഷേത്രം. റോമൻ ചക്രവർത്തിമാർ ദേവന്മാരായി ആരാധിക്കപ്പെട്ടിരുന്നു എന്നോർക്കുക. അതിമനോഹരമായ റോമൻ കമാനങ്ങളോടുകൂടിയ സൌധങ്ങളുടെ ഒരു ശൃംഖല തന്നെ പുരാവസ്തുഗവേഷകർ ഇസ്മിറിൽ ഖനനം ചെയ്തെടുത്തിട്ടുണ്ട്. പട്ടുപാത എന്നറിയപ്പെടുന്ന പുരാതന വാണിജ്യപാതയുടെ ഒരു അനുബന്ധപാത ഈ നഗരത്തിലൂടെയാണു കടന്നു പോയിരുന്നത്. പൂർവ പശ്ചിമ ദേശങ്ങളെ ബന്ധിപ്പിക്കുന്ന വ്യാപാര ശൃംഖല ആയിരുന്നല്ലോ പട്ടുപാത. ബിസി 3000 മുതൽ ഈ പ്രദേശം ജനവാസ നിബിഢമായിരുന്നുവെന്നു ചരിത്രകാരന്മാർ പറയുന്നു. ചരിത്രം ഉറങ്ങുന്ന മെലിനിസ് നദീതടവും പ്രകൃതിദത്തമായ തുറമുഖവും വാണിജ്യപാതയുമെല്ലാം ഇസ്മിറിന്റെ നാഗരികതയ്ക്ക് ആഴം കൂട്ടി.ഇന്നു നാലര ദശലക്ഷം ജനങ്ങൾ ഇസ്മിർ എന്ന മഹാനഗരത്തിൽ താമസിക്കുന്നു.സുപ്രസിദ്ധങ്ങളായ നിരവധി സർവ്വകലാശാലകൾ ഇന്ന് ഈ നഗരത്തിലുണ്ട്. ഒന്നാം നൂറ്റാണ്ടിൽ സ്മിർണായിലെ ജനസംഖ്യ രണ്ടു ലക്ഷമായിരുന്നു.

ക്രൈസ്തവസഭ ഇസ്മിറിൽ

ബൈബിളിലെ വെളിപ്പാടു പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴു സഭകളിൽ ഒന്നാണു സ്മിർണാ. ഒന്നാം നൂറ്റാണ്ടിൽ തന്നെ പീഡനത്തിന്റെ പര്യായപദമായി തീർന്നിരുന്നു സ്മിർണായിലെ ക്രൈസ്തവസഭ. വെളിപ്പാടു പുസ്തകത്തിൽ സ്മിർണയിലെ സഭയോടുള്ള സന്ദേശം ശ്രദ്ധിക്കുക.
“ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും ---------- സാത്താന്റെ പള്ളിക്കാരാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ. നിങ്ങളെ പരീക്ഷിക്കേണ്ടുന്നതിനു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു. പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാവും; മരണപര്യന്തം വിശ്വസ്തൻ ആയിരിക്ക.”

രക്തസാക്ഷിയായ പോളിക്കാർപ്പ്

എഡി 155ൽ രക്തസാക്ഷിയായിത്തീർന്ന ഒരു വിശുദ്ധനായിരുന്നു പോളിക്കാർപ്പ്. അദ്ദേഹം സ്മിർണായിലെ ബിഷപ്പായിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന മാർക്കസ് ഔറേലിയസിന്റെ കാലത്താണത്. ക്രിസ്ത്യാനികൾ റോമാ സാമ്രാജ്യത്തിന്റെ ശത്രുക്കളായി മുദ്രയടിക്കപ്പെട്ടു. ജീവനോടെ അഗ്നിയിൽ ദഹിപ്പിച്ചാണു പോളിക്കാർപ്പിനെ വധിച്ചത്. അവസാന നിമിഷത്തിലും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു രക്ഷപ്പെടാനുള്ള അവസരം അധികാരികൾ അദ്ദേഹത്തിനു നല്കി. എന്നാൽ പോളിക്കാർപ്പ് ആ പ്രലോഭനങ്ങളെയെല്ലാം നിരസിക്കുകയാണു ചെയ്തത്. പോളിക്കാർപ്പിന്റെ നാമധേയത്തിലുള്ള ഒരു പള്ളി ഇന്നു ഇസ്മിർ നഗരത്തിലുണ്ട്. എഡി 1625 ൽ സ്ഥാപിക്കപ്പെട്ട ഒരു റോമൻ കത്തോലിക്കാ പള്ളിയാണത്. തുർക്കി രാജ്യത്ത് ഇന്നും ആരാധന നടക്കുന്ന ഒരു ക്രൈസ്തവ ദേവാലയമാണത്. പുറമേ ലളിതമായ ഈ പള്ളിയുടെ ഉൾഭാഗം അതിമനോഹരമായ പെയിന്റിംഗുകളാൽ നിബിഡമാണ്. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള ഒരു ചരിത്രസ്മാരക സംരക്ഷിതസ്ഥലമാണ് ഇസ്മിറിലെ പോളിക്കാർപ്പ് പള്ളി.

സ്മിർണാ ഉപരോധം

സ്മിർണാ ഉപരോധം എന്നൊരു സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 1402ൽ ആണു പ്രസ്തുത സംഭവം. ക്രൂസേഡുകളുടെ ഫലമായി സ്മിർണാ തുറമുഖം ക്രൈസ്തവ അധീനത്തിലായിരുന്നു. അപ്പോഴാണു ടൈമൂറിന്റെ ആഗമനം. മംഗോളിയൻ ആക്രമണകാരി ആയിരുന്നല്ലോ ടൈമൂർ. ടൈമൂർ സ്മിർണാ തുറമുഖം ഉപരോധിച്ചു. ക്രൈസ്തവ നിയന്ത്രണത്തിലായിരുന്ന കോട്ട കൊത്തളങ്ങൾ തകർന്നു വീണു.

അപ്രത്യക്ഷമാകുന്ന ക്രൈസ്തവ സമൂഹം

എഡി 1914 ൽ തുർക്കിയിലെ ക്രൈസ്തവർ ജനസംഖ്യയുടെ 25 ശതമാനം ആയിരുന്നു. എന്നാൽ ഇന്നതു 0.2 ശതമാനം മാത്രമായിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ കുർഡിഷ് ആക്രമണം മൂലം 3 ദശലക്ഷം ക്രിസ്ത്യാനികൾ വധിക്കപ്പെട്ടു. ലൂസാൻ ഉടമ്പടി മൂലം 13 ലക്ഷം ക്രിസ്ത്യാനികൾ ജന്മനാടായ തുർക്കിയിൽ നിന്നും ഗ്രീസിലേയ്ക്കു പറിച്ചു നടപ്പെട്ടു.

ഇസ്മിറിലെ ജിപ്സികൾ

ഇസ്മിർ നഗരത്തിൽ പല ചരിത്രസ്മാരകങ്ങളും സന്ദർശിക്കുന്നതിനെതിരെ ഞങ്ങളുടെ ഗൈഡ് മുന്നറിയിപ്പു നല്കി. ആ സ്ഥലങ്ങളെല്ലാം ജിപ്സികളുടെ സങ്കേതങ്ങളാണെന്നും അതുകൊണ്ടു തന്നെ യാത്ര സുരക്ഷിതമല്ലെന്നും ആയിരുന്നു അയാളുടെ പക്ഷം. തുർക്കിയിൽ ഇന്ന് അഞ്ചു ദശലക്ഷം ജിപ്സികൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.ആരാണു ജിപ്സികൾ?സ്ഥിരമായ നാടോ വീടോ ഇല്ലാത്ത ദേശാടന സഞ്ചാരികളാണു ജിപ്സികൾ. ഇവരുടെ ഉത്ഭവസ്ഥലം ഇൻഡ്യാ ആണെന്നാണു നരവംശ ശാസ്ത്രജ്ഞന്മാർ പറയുന്നത്.ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിൽ മതപരവും സാമൂഹ്യവും ആയ പല കാരണങ്ങളാൽ ജന്മനാട് ഉപേക്ഷിച്ചു പോയ കുടുംബങ്ങളാണു ഇന്നത്തെ ജിപ്സികളുടെ പൂർവികർ.ഒരു സഹസ്രാബ്ദം കൊണ്ടു അവർ ഏഷ്യയും യൂറോപ്പും കടന്ന് അമേരിക്കൻ ഭൂഖണ്ഡങ്ങൾ വരെഎത്തിയിരിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ ജിപ്സികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു; റോമാ, ഡോമാ, ലോമാ എന്ന വിഭാഗങ്ങൾ. ഇസ്മിറിലെ ജിപ്സികൾ റോമാ വിഭാഗത്തിൽ പെടുന്നു. റോമാനി ആണു അവരുടെ ഭാഷ. ഇറ്റലിയിലെ റോമാനഗരവുമായി ഇവർക്കു ബന്ധമൊന്നുമില്ല.

ഇസ്മിറും മീറയും

പുരാതനകാലം മുതൽ പ്രശസ്തമായ ഒരു സുഗന്ധവ്യഞ്ജനമാണല്ലോ മീറാ. മലയാളം ബൈബിളിൽ ഈ വസ്തുവിനെ മൂര് എന്നാണു പരാമർശിച്ചിരിക്കുന്നത്. പുൽക്കൂട്ടിൽ പിറന്ന യേശുവിനു വിദ്വാന്മാർ കാഴ്ച വച്ച വസ്തുക്കളിൽ ഒന്ന് മൂര് ആയിരുന്നല്ലോ. ആഫ്രിക്കയിലെ ഒരിനം മുൾച്ചെടിയിൽ നിന്നെടുക്കുന്ന ഔഷധഗുണമുള്ള അരക്ക് ആണു മൂര് അഥവാ മീറാ. മീറായിൽ നിന്നും ഉണ്ടാക്കുന്ന സുഗന്ധലേപനങ്ങൾ വിശ്വോത്തരമാണ്.മീറാ എന്ന വാക്കിൽ നിന്നാണു സ്മിർണാ (അചിരേണ ഇസ്മിർ) എന്ന സ്ഥലനാമം രൂപപ്പെട്ടത്. വാക്കിന്റെ അർത്ഥം മീറാ വ്യാപാരം ചെയ്യുന്ന സ്ഥലമെന്നാണ്. രുചിച്ചാൽ അത്യന്തം കയ്പാണു മീറാ. വിശുദ്ധിയുടെ പരിമളവും പീഡനത്തിന്റെ കയ്പും നിറഞ്ഞ സ്മിർണായിലെ ക്രൈസ്തവ സഭയ്ക്കു അനുയോജ്യമായ ഉപമാനമായിരുന്നു മീറാ.

2018 സെപ്തംബർ മാസം 22 പ്രഭാതത്തിൽ ഞങ്ങളുടെ യാത്രാസംഘം ഇസ്മിറിനോടും തുർക്കിയോടും യാത്ര പറഞ്ഞ് ഇസ്മിർവിമാനത്താവളത്തിലേയ്ക്കു തിരിച്ചു.കദനകഥ പറയുന്ന സ്മിർണയിലെ പീഡിത സഭയുടെ ചിത്രം ഉണങ്ങാത്ത മുറിവു പോലെ മനസ്സിൽ തങ്ങിനിന്നു.

ലേഖകന്റെ കുറിപ്പ്
ഈ ലേഖനപരമ്പര ഇവിടെ അവസാനിക്കുന്നു.

 കദനകഥ പറയുന്ന ഇസ്മിർ (യാത്രാവിവരണം 17: സാംജീവ്)
 കദനകഥ പറയുന്ന ഇസ്മിർ (യാത്രാവിവരണം 17: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക